5-ജി ക്കെതിരെ ഹർജി : നടി ജൂഹി ചൗളയ്ക്ക് 20 ലക്ഷം രൂപ പിഴ

ന്യൂഡൽഹി: നടി ജൂഹി ചൗളയ്ക്ക് 20 ലക്ഷം രൂപ പിഴ വിധിച്ച് കോടതി. രാജ്യത്ത് 5-ജി വയർലെസ് നെറ്റ്‌വർക്ക് നടപ്പാക്കുന്നതിനെതിരെ ജൂഹി ചൗള നൽകിയ ഹർജി തള്ളിയ ശേഷമാണ് ഡൽഹി ഹൈക്കോടതി പിഴ വിധിച്ചത്. ജൂഹി ചൗളയുടെ ഹർജി ന്യൂനതകളുള്ളതാണെന്നും അംഗീകരിക്കാനാവുന്നതല്ലെന്നും നിരീക്ഷിച്ച ശേഷമായിരുന്നു കോടതിയുടെ നടപടി.

വ്യക്തമായ കാരണങ്ങളില്ലാത്ത ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നതെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്. ജസ്റ്റിസ് ജി.ആർ. മെഹ്തയുടെ അദ്ധ്യക്ഷതയിലുള്ള സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സാങ്കേതികവിദ്യയ്ക്ക് എതിരല്ലെന്നും എന്നാൽ പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടത് പ്രധാനമാണെന്നും വ്യക്തമാക്കിയായിരുന്നു ജൂഹി ഡൽഹി ഹൈക്കോടതിയിൽ 5-ജി വയർലെസ് നെറ്റ്‌വർക്ക് നടപ്പാക്കുന്നതിനെതിരെ ഹർജി സമർപ്പിച്ചിരുന്നത്. 5 ജി സാങ്കേതിക വിദ്യ ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും അപകടകരമാണെന്നും വിശ്വസിക്കാൻ മതിയായ കാരണമുണ്ടെന്നായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്.

പ്രശസ്തിയ്ക്ക് വേണ്ടിയാണ് ജൂഹി ഹർജി സമർപ്പിച്ചതെന്നാണ് കോടതിയുടെ നിരീക്ഷണം. ഹർജിയിൽ വെർച്വൽ വാദം കേട്ടതിന്റെ ലിങ്ക് ജൂഹി സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് കോടതി ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിയത്. ഹർജിയിൽ വെർച്വൽ വാദം കേൾക്കുന്നതിനിടെ കടന്നുകയറുകയും ജൂഹിയുടെ സിനിമകളിലെ പാട്ടുകൾ പാടി തടസ്സം സൃഷ്ടിക്കുകയും ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കാനും ഹൈക്കോടതി നിർദ്ദേശം നൽകി. കോടതിയലക്ഷ്യത്തിന് ഇവർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് അയക്കാനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.