കൊൽക്കത്ത: വിഖ്യാത ബംഗാളി ചലച്ചിത്ര സംവിധായകൻ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു. 77 വയസായിരുന്നു. വാർദ്ധക്യസംബന്ധമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ഏറെ നാളായി വൃക്കസംബന്ധമായ അസുഖങ്ങൾക്ക് അദ്ദേഹം ചികിത്സയിൽ കഴിയുകയായിരുന്നു.
ബംഗാളിലെ മുൻ നിര സംവിധായകരിൽ ഒരാളാണ് ബുദ്ധദേബ് ദാസ് ഗുപ്ത. ദേശീയ ചലച്ചിത്ര പുരസ്‌കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. നിരവധി കവിതാസമാഹാരങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. ബാഗ് ബഹദൂർ (1989), ചരാച്ചാർ (1993), ലാൽ ദർജ (1997), മോണ്ടോ മെയർ ഉപാഖ്യാൻ (2002), കാൽപുരുഷ് (2008) തുടങ്ങി നിരവധി ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഈ സിനിമകൾക്കെല്ലാം മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ദൂരത്വ (1978), തഹാദർ കഥ (1993) എന്നീ സിനിമകൾ മികച്ച ബംഗാളി ചലച്ചിത്രത്തിനുളള ദേശീയ പുരസ്‌കാരവും നേടിയിട്ടുണ്ട്.
ചലച്ചിത്ര മേഖലയ്ക്ക് തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി പേർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.

