ഇടഞ്ഞു നിൽക്കുന്നവരെ അനുനയിപ്പിക്കാനൊരുങ്ങി കോൺഗ്രസ്; ഗുലാം നബി ആസാദിന് രാജ്യസഭാ സീറ്റ് നൽകാൻ സാധ്യത

ന്യൂഡൽഹി: ജിതിൻ പ്രസാദ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെ ഇടഞ്ഞു നിൽക്കുന്നവരെ അനുനയിപ്പിക്കാനുള്ള നീക്കം ആരംഭിച്ച് കോൺഗ്രസ്. പാർട്ടിയിൽ സമഗ്ര മാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിയ്ക്ക് കത്തെഴുതിയ ഗ്രൂപ്പ് 22 നെ അനുനയിപ്പിക്കാനാണ് ഹൈക്കമാൻഡിന്റെ ശ്രമം. ഗുലാം നബി ആസാദിന് രാജ്യസഭാ സീറ്റ് നൽകുന്ന കാര്യവും കോൺഗ്രസ് ആലോചിക്കുന്നുണ്ട്.

ഗുലാം നബി ആസാദിനെ തമിഴ്‌നാട്ടിൽ നിന്നും രാജ്യസഭയിലെത്തിക്കാനാണ് കോൺഗ്രസ് പദ്ധതിയിടുന്നതെന്നാണ് വിവരം. കഴിഞ്ഞ വർഷമാണ് ഇരുപത്തിമൂന്നോളം നേതാക്കൾ പാർട്ടിയുടെ സമഗ്രമാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിയ്ക്ക് കത്തെഴുതിയത്. ജിതിൻ പ്രസാദയും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഗുലാംനബി ആസാദിന്റെ നേതൃത്വത്തിലായിരുന്നു നേതാക്കൾ എ.ഐ.സി.സിയിൽ സമഗ്ര അഴിച്ചുപണി ആവശ്യപ്പെട്ട് കത്തയച്ചത്.

രാജ്യസഭയിൽ തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലുമായി രണ്ടു സീറ്റാണ് കോൺഗ്രസിന് ഒഴിവു വരുന്നത്. ഇതിൽ തമിഴ്‌നാട്ടിൽ നിന്നുള്ള സീറ്റിലേക്ക് ഗുലാംനബി ആസാദായിരിക്കും പരിഗണിക്കപ്പെടുകയെന്നാണ് വിവരം. ഗുലാം നബി ആസാദിനെ രാജ്യസഭയിൽ എത്തിക്കുന്നതോടെ ഗ്രൂപ്പ് 22 നേതാക്കളെ പാർട്ടിക്കൊപ്പം നിർത്താനാവുമെന്നാണ് ഹൈക്കമാൻഡിന്റെ പ്രതീക്ഷ.

മഹാരാഷ്ട്രയിലെ സീറ്റിലേക്ക് ആരെയാണ് പരിഗണിക്കുകയെന്ന കാര്യം വ്യക്തമല്ല. പല നേതാക്കളുടെയും പേര് ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും ആരെയാകും തെരഞ്ഞെടുക്കുക എന്നത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടില്ല.