National (Page 789)

ഭാരത് ബയോടെക്ക് നിർമ്മിക്കുന്ന കോവാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച 10,000 പേരിൽ നാലുപേർക്കും ഓക്‌സ്‌ഫോർഡ്-അസ്ട്രാസെനെക്കയുടെ കോവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകളുമെടുത്ത 10,000 പേരിൽ മൂന്നുപേർക്കും മാത്രമാണ് വാക്സിനേഷന് ശേഷം വീണ്ടും കോവിഡ് പോസിറ്റീവായത്.ഇതോടെ വാക്സിൻ എടുത്തവർക്ക് വീണ്ടും കോവിഡ് പോസിറ്റീവാകുന്നതിനുള്ള സാധ്യത വളരെ കുറവെന്ന് സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.അതുകൊണ്ട് തന്നെ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ഏക മാ‍ർഗം വാക്സിനേഷനാണെന്ന് വിദഗ്ധരും ശാസ്ത്രജ്ഞരും അടിവരയിടുന്നു.

ബുധനാഴ്ച സ‍ർക്കാ‍ർ വൃത്തങ്ങൾ പുറത്തുവിട്ട ഈ ഡാറ്റ കൂടുതൽ സംശയങ്ങളെ അകറ്റാനും കോവിഡ് -19 നെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഉത്തേജനം നൽകാനും സഹായിക്കും.നിലവിൽ ഇന്ത്യയിൽ ഉപയോഗത്തിലുള്ള രണ്ട് വാക്സിനുകളും കഠിനമായ രോഗത്തിനെതിരെ പൂർണ്ണ പരിരക്ഷ നൽകുന്നതായാണ് റിപ്പോ‍‍ർട്ടുകൾ.

വൈറസിന്റെ നിലവിലെ രണ്ടാം തരംഗത്തിൽ വാക്സിൻ വിതരണം വർദ്ധിപ്പിക്കുന്നത് വഴി ഇന്ത്യയിലെ ആശുപത്രികളും ആരോഗ്യസംരക്ഷണ മേഖലകളും നേരിടുന്ന ഭാരം വേഗത്തിൽ കുറയ്ക്കാനാകുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ.ഒരു വാക്സിനും രോഗത്തിനെതിരെ 100 ശതമാനം വിജയശതമാനം ഉണ്ടെന്ന് അവകാശപ്പെടാൻ കഴിയില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. എന്നാൽ ഗുരുതരമായ രോഗം ‌തടയാൻ വാക്സിനുകൾക്ക് കഴിയുമെന്ന് വിദഗ്ധ‍‍ർ ചൂണ്ടിക്കാട്ടുന്നു

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, ഭാരത് ബയോടെക് എന്നിവ വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ശേഷം മറ്റൊരു ഇടക്കാല കണ്ടെത്തൽ പുറത്തുവിട്ടിരുന്നു. ഇത് കോവാക്സിൻ കഠിനമായ കോവിഡിനെതിരെ 100 ശതമാനം ഫലപ്രദമാണെന്നാണ് വ്യക്തമാക്കുന്നത്. അതായത് വാക്സിൻ സ്വീകരിക്കുന്നവർക്ക് ഗുരുതരമായ തരത്തിൽ രോഗം പിടിപെടില്ല. ഗുരുതരമായ രോഗം, ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന ഘട്ടം, മരണം എന്നിവ തടയുന്നതിന് കോവിഷീൽഡ് വാക്സിൻ 100 ശതമാനം ഫലപ്രദമാണെന്ന് ഫെബ്രുവരിയിൽ അസ്ട്രസെനെക്കയും വ്യക്തമാക്കിയിരുന്നു.

modi

ന്യൂഡല്‍ഹി : ഒറ്റരാജ്യമായി പ്രവര്‍ത്തിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും നരേന്ദ്രമോദി. കെജ്രിവാളുമായി കോവിഡ് അവലോകനയോഗത്തില്‍ വച്ചുണ്ടായ വാഗ്വാദത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ആളുകള്‍ പരിഭ്രാന്തരായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഓക്‌സിജന്‍ എത്തിക്കാന്‍ റെയില്‍വെയും വ്യോമസേനയും രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലേക്ക് ഓക്‌സിജന്‍ വിതരണം ഉറപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ ആരോടാണ് താന്‍ സംസാരിക്കേണ്ടതെന്ന് ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രിയോട് ചോദിച്ചിരുന്നു. ഇതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ പ്രധാനമന്ത്രി വിമര്‍ശിക്കുകയും അരവിന്ദ് കെജ്രിവാള്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ന്യൂഡല്‍ഹി: ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 25 കോവിഡ് മരണങ്ങള്‍. ഓക്‌സിജന്‍ പ്രതിസന്ധിയെ തുടര്‍ന്നാണ് രോഗികളുടെ മരണം. അറുപത് പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും എത്രയും വേഗം ഓക്‌സിജന്‍ ലഭിച്ചില്ലെങ്കില്‍ രോഗികളുടെ ജീവന്‍ അപകടത്തിലാകുമെന്നും മെഡിക്കല്‍ ഡയറക്ടര്‍ അറിയിച്ചു. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതോടെ അടിയന്തര സഹായത്തിനായി നിരവധി ആശുപത്രികള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോവിഡ് ലക്ഷണങ്ങളുള്ള ആരോഗ്യപ്രവര്‍ത്തകരിലേക്ക് മാത്രമായി ടെസ്റ്റ് ചുരുക്കാനും രോഗം സ്ഥിരീകരിച്ചവര്‍ മാത്രം ക്വാറന്റൈനില്‍ കഴിയാനും നിര്‍ദ്ദേശിച്ചു.

ന്യൂഡൽഹി: അന്തർ സംസ്ഥാന ഓക്സിജൻ നീക്കത്തിന് തടസമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്.തങ്ങളുടെ സംസ്ഥാനത്തേക്കുള്ള ഓക്സിജൻ വിതരണം അയൽ സംസ്ഥാനങ്ങൾ തടയുന്നുവെന്ന് ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തുടനീളം ഓക്സിജൻ വിതരണം തടസപ്പെടാതിരിക്കാൻ കേന്ദ്രം ഉത്തരവിറക്കിയത്.

അതാത് സംസ്ഥാനങ്ങളിലെ ആശുപത്രികൾക്ക് മാത്രം ഓക്സിജൻ വിതരണം പരിമിതപ്പെടുത്തിയാൽ മതിയെന്ന നിയന്ത്രണങ്ങൾ ഓക്സിജൻ നിർമാതാക്കൾക്കും വിതരണക്കാർക്കും നൽകിയിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു. തങ്ങളുടെ ജില്ലയിലൂടെയോ പ്രദേശങ്ങളിലൂടെയോ മറ്റിടങ്ങളിലേക്ക് ഓക്സിജനുമായി കടന്നുപോകുന്ന വാഹനങ്ങളെ പിടിച്ചെടുക്കാൻ ബന്ധപ്പെട്ട കേന്ദ്രങ്ങൾ ശ്രമിക്കരുതെന്നും ഉത്തരവിൽ നിർദേശിച്ചു.

രാജ്യത്തെ വിവിധ ഭാഗങ്ങളിൽ മെഡിക്കൻ ഓക്സിജന് ക്ഷാമം നേരിടുന്നതിനിടെ ഓക്സിജൻ വിതരണം സുഗമമാക്കാനാണ് കേന്ദ്രം പുതിയ ഉത്തരവ് പുറത്തിറക്കിയത്.ഓക്സിജനുമായി എത്തുന്ന വാഹനങ്ങളെ തടസമില്ലാതെ കടത്തി വിടണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. അന്തർ സംസ്ഥാന മെഡിക്കൽ ഓക്സിജൻ വിതരണത്തിന് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. വ്യവസായിക ആവശ്യങ്ങൾക്കുള്ള ഓക്സിജൻ വിതരണം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായും ഉത്തരവിൽ പറയുന്നു.

ഡല്‍ഹി: ഡിജിറ്റല്‍ പേയ്മെന്റുകള്‍ സുഗമമാക്കുന്നതിന് വേണ്ടി എല്‍ഐസി പേടിഎമ്മുമായി കൈകോര്‍ത്തു. പേയ്മെന്റുകളില്‍ ഭൂരിഭാഗവും ഡിജിറ്റല്‍ മോഡിലേക്ക് മാറിയതോടെയാണ് എല്‍ഐസിയുടെ പുതിയ നീക്കം.എളുപ്പത്തിലുള്ള പേയ്മെന്റ് പ്രോസസ്സ്, വിശാലമായ പേയ്മെന്റ് ഓപ്ഷനുകള്‍, വാലറ്റ്, ബാങ്ക് തുടങ്ങിയ പേയ്മെന്റ് ചാനലുകള്‍ എന്നിവയാണ് പുതിയ കരാറിലുടെ എല്‍ഐസി ലക്ഷ്യമിടുന്നത്. പതിനേഴ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകള്‍ എല്‍ഐസിയുടെ കരാറിനായി ലേലം വിളിച്ചിരുന്നു. യുപിഐ അല്ലെങ്കില്‍ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഒന്നിലധികം പേയ്മെന്റ് സേവനങ്ങളാണ് പേടിഎം വാഗ്ദാനം ചെയ്യുന്നത്. ഇതാണ് എല്‍ഐസി തങ്ങളുടെ ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ പേടിഎമ്മിനെ തിരഞ്ഞെടുത്തത്.

ന്യൂഡല്‍ഹി: രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ വരേണ്ടതുണ്ടെന്നും മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടക്കുകയാണ് വേണ്ടതെന്നും നടി കങ്കണ റണൗട്ട്. രാജ്യത്തെ കോവിഡ് വ്യാപനം തീവ്രമായത് ജനസംഖ്യ കൂടിയതിനാലാണെന്നും കങ്കണ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് എന്നും വിവാദ ട്വീറ്റുകളിലൂടെ ശ്രദ്ധേയായ ദേശീയ അവാര്‍ഡ് ജേതാവായ നടിയുടെ അഭിപ്രായ പ്രകടനം.

ജനസംഖ്യാ നിയന്ത്രണത്തില്‍ കര്‍ശന നിയന്ത്രണം കൊണ്ടു വരണമെന്നും കങ്കണ പറഞ്ഞു. ‘അമേരിക്കയില്‍ 32 കോടി ജനങ്ങളുണ്ട്. എന്നാല്‍ ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഭൂമിയും വിഭവങ്ങളും അവര്‍ക്ക് മൂന്നിരട്ടിയാണ്. ചൈനക്ക് ഇന്ത്യയേക്കാള്‍ ജനസംഖ്യയുണ്ടാകാം. എന്നാല്‍ അവിടെയും ഭൂമിയും വിഭവങ്ങളും ഏകദേശം മൂന്നിരട്ടിയാണ്. ജനസംഖ്യ പ്രശ്‌നം വളരെ രൂക്ഷമാണ്. ഇന്ദിരാ ഗാന്ധി ദശലക്ഷക്കണക്കിന് ആളുകളെ വന്ധ്യംകരിച്ചെങ്കിലും അവര്‍ കൊല്ലപ്പെട്ടു. രാജ്യത്തെ എങ്ങനെ കൈകാര്യം ചെയ്യാനാവുമെന്ന് എനിക്ക് പറഞ്ഞു തരൂ’ -എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

ന്യൂഡല്‍ഹി: രാജ്യത്തുണ്ടായിരിക്കുന്ന കോവിഡ് പ്രതിസന്ധിയില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. രാജ്യത്തെ ഓക്‌സിജന്‍ വിതരണം, മരുന്ന് വിതരണം, വാക്‌സിന്‍ നയം എന്നിവയിലാണ് സുപ്രീം കോടതി കേസെടുത്തത്. നാളെ കേസ് പരിഗണിക്കുമെന്നും അറിയിച്ചു. ഇതിനായി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. ഇക്കാര്യത്തില്‍ വിവിധ കോടതികളിലുളള കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ നിര്‍ദേശിച്ചു. വ്യത്യസ്ത കോടതികള്‍ വ്യത്യസ്ത വിധികള്‍ പുറപ്പെടുവിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലേക്ക് അവശ്യമരുന്നുകളും ഓക്‌സിജന് സിലിണ്ടറുകളും എത്തിക്കാന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് രംഗത്ത്. പല സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായത് പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് ഇത്. പ്രതിരോധ മന്ത്രാലയത്തിന് കീഴില് വരുന്ന എല്ലാ സ്ഥാപനങ്ങളോടും വിവിധ സായുധ സേനാ വിഭാഗങ്ങളോടും കൊവിഡിനെ നേരിടാന് തയ്യാറായിരിക്കണമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ച് ചേര്‍ത്ത വെര്‍ച്വല്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നു.
ഡല്‍ഹി ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങള്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിടുന്നു. 24 മണിക്കൂറിനിടെ മൂന്നുലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും മരണനിരക്ക് 2000 ത്തിന് മുകളിലെത്തിയതും ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.

കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമായി തുടരവെ, വാക്‌സിന്‍ മോഷണം പോയതായി പരാതി. ഹരിയാനയിലെ സിന്ധിലെ സിവില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന വാക്‌സിനുകളാണ് മോഷണം പോയത്. 1,710 ഡോസ് വാക്‌സിനുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇതില്‍ 1,270 കോവിഷീല്‍ഡ് ഡോസുകളും 440 കോവാക്‌സിന്‍ ഡോസുകളും ഉള്‍പ്പെടുന്നു.

വാക്‌സിനുകള്‍ക്ക് പുറമേ, സെന്ററില്‍ സൂക്ഷിച്ചിരുന്ന ഫയലുകളും കാണാതായിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റ് ചില വാക്സിനുകളും സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്നെങ്കിലും ഇതൊന്നും കള്ളന്മാര്‍ എടുത്തിട്ടില്ല. ഇതോടെ കൊവിഡ് വാക്സിന്‍ ലക്ഷ്യമാക്കി തന്നെയാണ് മോഷ്ടക്കള്‍ എത്തിയതെന്ന് വ്യക്തമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.

ഇതിനൊപ്പം തന്നെ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറുടെ ലാപ്ടോപ്പ്, 50,000 രൂപ എന്നിവ സ്റ്റോര്‍ റൂമിലുണ്ടായിരുന്നു ഇവയും കള്ളന്‍ എടുത്തില്ല.ജില്ലയ്ക്ക് മുഴുവനായി നല്‍കാന്‍ വാക്‌സിന്‍ സൂക്ഷിച്ചിരുന്ന സ്‌റ്റോറേജ് പരിശോധിച്ചെന്നും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടുണ്ടെന്നും വാക്‌സിന്‍ സെന്ററിന്റെ ചാര്‍ജുള്ള ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരി അന്തരിച്ചു. 33 വയസ്സായിരുന്നു. മാധ്യമപ്രവര്‍ത്തകനായിരുന്ന ആശിഷ് കോവിഡ് ബാധിതനായി ഗുഡ്ഗാവിലുള്ള മേദാന്ത മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സ്ഥിതി ഗുരുതരമായതും മരണം സംഭവിച്ചതും. ഇന്ദ്രാണി മജുംദാറാണ് ആശിഷിന്റെ അമ്മ. സ്വാതിയാണ് ഭാര്യ. അഖില യെച്ചൂരി സഹോദരിയാണ്.
മകന് കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് സീതാറാം യെച്ചൂരി സ്വയം ക്വാറന്റീനിലായിരുന്നു. പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യെച്ചൂരി പങ്കെടുത്തിരുന്നില്ല.