ജയ്പൂർ: കോവിഡ് വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയെ ലോകരാജ്യങ്ങൾ മാതൃകയാക്കുന്നുവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. 100 രാജ്യങ്ങളിലായി 18.5 കോടി ഡോസ് കൊവിഡ് വാക്സിൻ ഇന്ത്യ വിതരണം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിൽ ദ്വിദിന സന്ദർശനത്തിനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
നേരത്തെ, കൊവിഡിനെതിരെ പോരാടാൻ ഇന്ത്യ മറ്റ് രാജ്യങ്ങളുടെ സഹായം തേടിയിരുന്നുവെങ്കിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യയാണ് ലോകരാജ്യങ്ങളെ സഹായിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻകാലങ്ങളിൽ ജാതിയും മതവും നോക്കിയാണ് പ്രതിപക്ഷം വോട്ടു ചോദിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വന്നതോടെ രാജ്യത്തിന്റെ സംസ്‌കാരം തന്നെ മാറി. മോദി കാരണം പ്രതിപക്ഷവും വികസനത്തിന്റെ അടിസ്ഥാനത്തിൽ വോട്ട് തേടാൻ നിർബന്ധിതരായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. ബിജെപി സാധാരണക്കാരുടെ താത്പര്യത്തിനായി പ്രവർത്തിക്കുമ്പോൾ രാജസ്ഥാനിലെ കോൺഗ്രസ് സ്വന്തം താത്പര്യത്തിനായാണ് പ്രവർത്തിക്കുന്നത്. ശക്തമായ പാർട്ടിയായി തന്നെ തെരഞ്ഞെടുപ്പിനെ നേരിടാൻ ഞങ്ങൾ തയ്യാറായി നിൽക്കുകയാണ്. അശോക് ഗെഹ്‌ലോട്ട് സർക്കാരിനെ തങ്ങൾ അട്ടിമറിക്കുമെന്നും ജെ പി നദ്ദ അഭിപ്രായപ്പെട്ടു.

