വിപണി വിലയേക്കാളും എണ്ണക്കമ്പനികൾക്കെതിരെ കൂടുതൽ തുക ഈടാക്കുന്നു; സുപ്രീം കോടതിയെ സമീപിച്ച് കെഎസ്ആർടിസി

ന്യൂഡൽഹി: എണ്ണക്കമ്പനികൾക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കെഎസ്ആർടിസി. വിപണി വിലയേക്കാളും കൂടുതൽ തുക ഡീസലിന് ഈടാക്കുന്ന എണ്ണക്കമ്പനികളുടെ നടപടിക്കെതിരെയാണ് കെഎസ്ആർടിസി സുപ്രീം കോടതിയെ സമീപിച്ചത്. ഈ നില തുടർന്നാൽ കെഎസ്ആർടിസി അടച്ചുപൂട്ടേണ്ടി വരുമെന്ന് കേരളം കോടതിയെ അറിയിച്ചു. കൂടിയ നിരക്ക് ശരിവെച്ച ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും കെഎസ്ആർടിസി ആവശ്യപ്പെട്ടു.

കേരളത്തിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഉടമകൾക്ക് വിപണി വിലയ്ക്കാണ് ഡീസൽ ലഭിക്കുന്നത്. എന്നാൽ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസി ലിറ്ററിന് ഇരുപതിലധികം രൂപ അധികമായി നൽകിയാണ് ഡീസൽ വാങ്ങുന്നത്. ഇതിലൂടെ പ്രതിദിനം ഇരുപത് ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് കെഎസ്ആർടിസി ചൂണ്ടിക്കാട്ടുന്നു. ഈ നില തുടർന്നാൽ കെഎസ്ആർടിസി അടച്ചുപൂട്ടേണ്ടി വരുമെന്നും സുപ്രീം കോടതിയിൽ ഫയർ ചെയത ഹർജിയിൽ വിശദമാക്കുന്നു.

അഭിഭാഷകൻ ദീപക് പ്രകാശാണ് കെഎസ്ആർടിസിയ്ക്കായി ഹർജി സമർപ്പിച്ചത്. ലാഭകരമല്ലാത്ത റൂട്ടിൽ പോലും പൊതുജനങ്ങൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി സേവനം നടത്തുന്ന കെഎസ്ആർടിസിക്ക് സ്വകാര്യ വാഹനങ്ങൾക്ക് നൽകുന്നതിനേക്കാൾ കൂടുതൽ തുകയ്ക്ക് ഡീസൽ നൽകുന്നത് നീതികേടാണെന്നും ഭരണഘടനയുടെ പതിനാലാം അനുച്ഛേദനത്തിന്റെ ലംഘനം കൂടിയാണ് എണ്ണക്കമ്പനികളുടെ നടപടിയെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്.