‘അസാനി’ ഇന്ന് തീരം തൊടും; സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴ തുടരും

തിരുവനന്തപുരം: അസാനി തീവ്ര ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാപ്രദേശിലെ കാക്കിനഡ കരയ്ക്ക് സമീപം തീരം തൊടുമെന്നും ശേഷം ദിശ മാറി വിശാഖപട്ടണം തീരത്തേക്ക് പോകുമെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആന്ധ്രാ തീരത്ത് രാവിലെ മുതല്‍ ശക്തമായ മഴ തുടരുകയാണ്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കോട്ടയത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ ഇന്നലെ രാത്രി കനത്ത മഴ പെയ്തിരുന്നു. പലയിടങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടു.

ആന്ധ്രയിലെ തീരദേശ ജില്ലകളിലും, തെലങ്കാനയിലും ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒഡീഷയിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത 48മണിക്കൂര്‍ ഹൈദരാബാദ് നഗരത്തില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.