ഡല്‍ഹിയിലെ റോഡുകളുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അക്ബര്‍ റോഡ്, ഹുമയൂണ്‍ റോഡ്, തുഗ്ലക് റോഡ്, ഔറംഗസേബ് ലെയിന്‍, ഷാജഹാന്‍ റോഡ് എന്നീ റോഡുകളുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ അദേശ് ഗുപ്ത. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. തുഗ്ലക് റോഡിന്റെ പേര് ഗുരു ഗോബിന്ദ് സിങ് മാര്‍ഗ് എന്നും അക്ബര്‍ റോഡിന്റെ പേര് മഹാറാണ പ്രതാപ് റോഡ് എന്നും ഔറംഗസേബ് ലെയിന്റെ പേര് അബ്ദുല്‍ കലാം റോഡ് എന്നും ഹുമയൂണ്‍ റോഡിന്റെ പേര് മഹര്‍ഷി വാക്മീകി റോഡ് എന്നും ഷാജഹാന്‍ റോഡിന്റെ പേര് അന്തരിച്ച മുന്‍ സംയുക്ത സേനാ മേധാവി ബിബിന്‍ റാവത്തിന്റെ പേരിലേക്കും മാറ്റണമെന്നാണ് ആവശ്യം.

അതേസമയം, ബാബര്‍ ലെയ്ന്‍ റോഡിന്റെ പേര് സ്വാതന്ത്ര്യസമര സേനാനിയായ ഖുദിറാം ബോസിന്റെ പേരിലാണ് അറിയപ്പെടേണ്ടതെന്നും അദേശ് ഗുപ്ത ചൂണ്ടിക്കാട്ടി. 2014-ല്‍ രാജ്യത്ത് ബി.ജെ.പി അധികാരത്തില്‍ വന്നതിന് ശേഷം ഇത്തരം പേര് മാറ്റങ്ങള്‍ നടക്കുന്നുണ്ട്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിരവധി ജില്ലകളുടേയും റെയില്‍വേ സ്റ്റേഷനുകളുടേയും പ്രധാന റോഡുകളുടേയും പേരുകള്‍ മാറ്റിയിരുന്നു.

കോണ്‍ഗ്രസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന അക്ബര്‍ റോഡ് ഉള്‍പ്പെടെയുള്ളവയുടെ പേര് മാറ്റണം എന്ന ആവശ്യം പരിഗണിക്കുന്നത് എന്‍.ഡി.എം.സിയിലെ 13 അംഗ പാനലാണ്.