അഭിഭാഷകരുടെ ലൈംഗിക ആഭിമുഖ്യം, സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ എന്നിവ ചൂണ്ടിക്കാട്ടി ജഡ്ജി ആക്കുന്നതിൽ നിന്ന് തടയാൻ കഴിയില്ല; സുപ്രീം കോടതി കൊളീജിയം

ന്യൂഡൽഹി: അഭിഭാഷകരുടെ ലൈംഗിക ആഭിമുഖ്യം, സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ എന്നിവ ചൂണ്ടിക്കാട്ടി ജഡ്ജി ആക്കുന്നതിൽ നിന്ന് തടയാൻ കഴിയില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി കൊളീജിയം. സൗരഭ് കൃപാൽ ഉൾപ്പടെ നാല് അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരാക്കണമെന്ന ശുപാർശ വീണ്ടും കേന്ദ്ര സർക്കാരിന് അയച്ചാണ് സുപ്രീം കോടതി കൊളീജിയം ഇത്തരമൊരു നിലപാട് അറിയിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരടങ്ങിയ കൊളീജിയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം ചേർന്ന സുപ്രീം കോടതി കൊളീജിയം ആണ് സ്വവർഗാനുരാഗിയും അഭിഭാഷകനുമായ സൗരഭ് കൃപാലിനെ ഡൽഹി ഹൈക്കോടതി ജഡ്ജി ആയി നിയമിക്കണമെന്ന ശുപാർശ വീണ്ടും കേന്ദ്ര സർക്കാരിന് അയക്കാൻ തീരുമാനിച്ചത്. സൗരഭ് കൃപാലിനെ ജഡ്ജിയാക്കാനുള്ള ശുപാർശ നേരത്തെ കേന്ദ്രം മടക്കിയിരുന്നു. സൗരഭ് കൃപാലിന്റെ പങ്കാളി സ്വിറ്റ്‌സർലൻഡ് എംബസിയിൽ ജോലിചെയ്യുന്ന വിദേശ പൗരൻ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ഈ ശുപാർശ തള്ളിയത്.

ഭരണഘടനാപദവി വഹിക്കുന്ന പലരുടെയും പങ്കാളികൾ വിദേശികളാണെന്ന് കൊളീജിയം വ്യക്തമാക്കി. സ്വിസ്റ്റർലൻഡ് ഇന്ത്യയുടെ സൗഹൃദ രാജ്യമാണെന്നും കൊളീജിയം അറിയിച്ചിരുന്നു. സ്വവർഗാനുരാഗി ആണെന്ന് ചൂണ്ടിക്കാട്ടി സൗരഭ് കൃപാലിന് ജഡ്ജിസ്ഥാനം നിഷേധിക്കുന്നത് തെറ്റാണ്. ലൈംഗികാഭിമുഖ്യത്തിനനുസരിച്ച് അഭിമാനത്തോടെയും അന്തസോടെയും ജീവിക്കാൻ പൗരന് അവകാശമുണ്ടെന്ന് ഭരണഘടനാ ബെഞ്ച് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലൈംഗികാഭിമുഖ്യം കൃപാൽ മറച്ചുവെച്ചിട്ടില്ലെന്നും കൊളീജിയം ചൂണ്ടിക്കാട്ടി.