ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററിക്കെതിരെ വിമർശനവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. സാമ്രാജ്യത്വ മാനസികാവസ്ഥ വ്യക്തമാക്കുന്നതാണ് ഡോക്യുമെന്ററിയെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നരേന്ദ്ര മോദിയെക്കുറിച്ചുള്ള ‘ ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ ‘ എന്ന ഡോക്യുമെന്ററി സീരീസിനെതിരെയാണ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിട്ടുള്ളത്.
ഡോക്യുമെന്ററി വസ്തുതകൾക്ക് നിരക്കാത്തതും മുൻവിധിയോടെയുള്ളതുമാണ്. ഇത് പ്രത്യേക അജണ്ടയുടെ ഭാഗമാണ്. ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എന്തു പറഞ്ഞുവെന്നത് ഇന്ത്യയെ ബാധിക്കുന്ന കാര്യമല്ല. ഡോക്യുമെന്ററിക്ക് ഇന്ത്യയിൽ സംപ്രേഷണം ഇല്ലെന്നത് ബി.ബി.സിയുടെ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിട്ടീഷ് സർക്കാർ ഗുജറാത്ത് കലാപത്തെക്കുറിച്ച് നടത്തിയ അന്വേഷണ റിപ്പോർട്ടിലെ കാര്യങ്ങൾ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. റിപ്പോർട്ടിലെ വിവരങ്ങളാണ് തങ്ങൾ പുറത്തുവിടുന്നതെന്നായിരുന്നു ബി.ബി.സി ഡോക്യുമെന്ററിയിൽ അവകാശപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസമാണ് ഡോക്യുമെന്ററി സംപ്രേഷണം ചെയ്യാൻ ആരംഭിച്ചത്. ജനുവരി 24 നാണ് ഡോക്യുമെന്ററിയുടെ അടുത്ത ഭാഗ സംപ്രേക്ഷണം ചെയ്യുന്നത്.

