ആരോപണങ്ങൾ ഗൗരവതരം; പ്രതിഷേധം നടത്തുന്ന ഗുസ്തി താരങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി കേന്ദ്ര കായികമന്ത്രി

ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റും പരിശീലകരും ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിൽ പ്രതിഷേധം നടത്തുന്ന ഗുസ്തി താരങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂർ. അനുരാഗ് ഠാക്കൂറിന്റെ ഡൽഹിയിലെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്രംഗ് പുനിയ, സാക്ഷി മാലിക് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങും ചില പരിശീലകരും വനിതാ ഗുസ്തി താരങ്ങളെ പീഡിപ്പിക്കുന്നവെന്നാരോപിച്ചാണ് താരങ്ങൾ പ്രതിഷേധം നടത്തുന്നത്. ഡബ്ല്യുഎഫ്‌ഐ പുനഃസംഘടിപ്പിക്കണമെന്നും ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ രാജിയിൽ കുറഞ്ഞതൊന്നും സ്വീകരിക്കില്ലെന്നുമാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്ന ആവശ്യം.

ഗുസ്തി താരങ്ങൾ ഉന്നയിക്കുന്ന ആരോപണങ്ങൾ ഗൗരവതരമാണെന്നും ആരോപണങ്ങൾക്ക് 72 മണിക്കൂറിനുള്ളിൽ മറുപടി നൽകാൻ ദേശീയ ഗുസ്തി ഫെഡറേഷനോട് (ഡബ്ല്യുഎഫ്ഐ) ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഗുസ്തി താരങ്ങൾക്കൊപ്പമാണ് സർക്കാരെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഗുസ്തി താരങ്ങളുടെ നിലവിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നുവെന്നും കായികതാരങ്ങളുടെ ക്ഷേമത്തിനാണ് മുൻഗണന നൽകുന്നതെന്നും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ അറിയിച്ചു. താരങ്ങൾക്ക് നീതി ഉറപ്പാക്കാൻ അന്വേഷണം ഉറപ്പാക്കുമെന്നും ഭാവിയിൽ ഉണ്ടാകാനിടയുള്ള ഇത്തരം സാഹചര്യങ്ങൾ നേരിടാൻ പ്രത്യേക സമിതി രൂപീകരിക്കാൻ തീരുമാനിച്ചതായും പി ടി ഉഷ കൂട്ടിച്ചേർത്തു.