ന്യൂഡൽഹി: ഐടി നിയമത്തിലെ ഭേദഗതിയിൽ ആശങ്ക പ്രകടിപ്പിച്ച് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ. കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഐടി മന്ത്രാലയം പുറത്തിറക്കിയ കരടു രേഖയിലാണ് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചത്. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്കിങ് വിഭാഗം വ്യാജമാണെന്ന് കണ്ടെത്തിയ വാർത്ത ഓൺലൈൻ മാധ്യമങ്ങളിലോ, സമൂഹ മാധ്യമങ്ങളിലോ ഉണ്ടാകാൻ പാടില്ലെന്ന കരടു രേഖക്കെതിരെയാണ് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
സെൻസർഷിപ്പിന് സമാനമാണ് കേന്ദ്ര നിർദേശമെന്ന് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി. 2021 ലെ ഇൻഫർമേഷൻ ടെക്നോളജി നിയമത്തിൽ ഭേദഗതി വരുത്തിയാണ് പുതിയ നിയമം കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. വ്യാജ വാർത്തകളുടെ നിർണയം സർക്കാരിന്റെ മാത്രം കൈകളിൽ ആകാൻ കഴിയില്ലെന്നും എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ അറിയിച്ചു.
മാധ്യമങ്ങളുടെ സെൻസർഷിപ്പിന് പുതിയ നിയമം കാരണമാകും. വസ്തുതാപരമായി തെറ്റാണെന്ന് കണ്ടെത്തിയ ഉള്ളടക്കം കൈകാര്യം ചെയ്യാൻ ഇതിനകം തന്നെ ഒന്നിലധികം നിയമങ്ങൾ നിലവിലുണ്ട്. പുതിയ നിയമം സ്വതന്ത്ര മാധ്യമങ്ങളുടെ വായ മൂടാൻ എളുപ്പമാക്കും. 2021 മാർച്ചിൽ ആദ്യമായി ഐടി നിയമങ്ങൾ അവതരിപ്പിച്ചപ്പോൾ ഗിൽഡ് ആശങ്ക അറിയിച്ചിരുന്നു.
ഈ നിയമങ്ങളിലെ വിവിധ വ്യവസ്ഥകൾ ഡിജിറ്റൽ വാർത്താ മാധ്യമങ്ങളിൽ അകാരണമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ട്. പുതിയ ഭേദഗതി പൂർണമായും റദ്ദാക്കണമെന്നും മാധ്യമ സ്വാതന്ത്ര്യത്തിന് തുരങ്കം വെക്കാതിരിക്കാൻ മാധ്യമ സംഘടനകളോടക്കം സർക്കാർ കൂടിയാലോചനകൾ നടത്തണമെന്നും എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ കൂട്ടിച്ചേർത്തു.

