ദേശീയ ക്യാംപുകളില്‍ വച്ച് പരിശീലകനും ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ ശര്‍മയും ഉള്‍പ്പെടെയുള്ളവര്‍ താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്ന് ഗുസ്തി താരം വിനേഷ് ഫൊഗട്ട്. ഗുസ്തി ഫെഡറേഷന്റെ പ്രവര്‍ത്തന രീതികള്‍ക്കെതിരെ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് ശര്‍മയ്ക്കും പരിശീലകര്‍ക്കുമെതിരെ താരങ്ങള്‍ ലൈംഗികാരോപണം നടത്തിയത്.
ചില പരിശീലകര്‍ വര്‍ഷങ്ങളായി താരങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നവരാണ്. ഫെഡറേഷന്‍ അധികൃതരില്‍ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്നും വിനേഷ് ഫൊഗട്ട് ആരോപിച്ചു. വിനേഷ് ഫൊഗട്ട്, സാക്ഷി മാലിക്ക് എന്നിവര്‍ക്കു പുറമെ ബജ്റങ് പുനിയ, സംഗീത ഫൊഗട്ട്, സോനം മാലിക്ക്, അന്‍ഷു എന്നിവരുള്‍പ്പെടെ പ്രശസ്തരായ മുപ്പത്തൊന്നു ഗുസ്തി താരങ്ങള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഗുസ്തി ഫെഡറേഷന്‍ പിരിച്ചുവിട്ട് പുതിയ ആളുകളെ നിയമിക്കണമെന്ന് താരങ്ങള്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ സഹായം ഇക്കാര്യത്തില്‍ താരങ്ങള്‍ തേടിയിട്ടുണ്ട്.
അതേസമയം, താരങ്ങളുടെ ആരോപണം ബ്രിജ് ഭൂഷണ്‍ ശര്‍മ തള്ളിക്കളഞ്ഞു. ‘ഡബ്ല്യുഎഫ്‌ഐയിലെ ആളുകള്‍ പീഡിപ്പിച്ചെന്ന് വേറെ ആരെങ്കിലും ഇതുവരെ പരാതിപ്പെട്ടിട്ടുണ്ടോ? വിനേഷ് മാത്രമേ അങ്ങനെ പറഞ്ഞിട്ടുള്ളൂ. ക്യാംപില്‍ ലൈംഗിക പീഡനത്തിന് ഇരകളായെന്ന് മറ്റാരെങ്കിലും ഇതുവരെ പറഞ്ഞു കേട്ടിട്ടുണ്ടോയെന്നും’ ബ്രിജ് ഭൂഷണ്‍ ശര്‍മ ചോദിച്ചു.

