22 നിയമവിരുദ്ധ ബെറ്റിങ് ആപ്പുകളും വെബ്‌സൈറ്റുകളും നിരോധിച്ച് കേന്ദ്രം; ഉത്തരവ് പുറത്തിറക്കി

ന്യൂഡൽഹി: 22 നിയമവിരുദ്ധ ബെറ്റിങ് ആപ്പുകളും വെബ്‌സൈറ്റുകളും നിരോധിച്ച് കേന്ദ്രസർക്കാർ. മഹാദേവ് ബെറ്റിങ് ആപ് ഉൾപ്പെടെയുള്ളവയാണ് നിരോധിച്ചിട്ടുള്ളത്. ഞായറാഴ്ച ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് സർക്കാർ പുറത്തുവിട്ടു. ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയത്തിന്റേതാണ് ഉത്തരവ്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് ഈ ആപ്പുകളും വെബ്‌സൈറ്റുകളും നിരോധിക്കുന്നതെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. അനധികൃത വാതുവയ്പ് ആപ് സിൻഡിക്കറ്റുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളുടെയും ഛത്തീസ്ഗഡിലെ മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ടുള്ള റെയ്ഡുകളുടെയും പശ്ചാത്തലത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്നാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്.

ഛത്തീസ്ഗഡിൽ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തിയ, ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഓൺലൈൻ വാതുവയ്പ് ശൃംഖലയാണ് മഹാദേവ് ബെറ്റിംഗ് ആപ്പ്. ആപ്പിന്റെ പ്രമോട്ടർമാർ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് 508 കോടി രൂപ നൽകിയെന്നായിരുന്നു എൻഫോഴ്‌സ്‌മെന്റ് ആരോപിച്ചിരുന്നത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നും ഇഡി പ്രഖ്യാപനം നടത്തുകയും ചെയ്തു. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായി.