അന്താരാഷ്ട്ര ക്രിക്കറ്റിൽ ടൈംഡ് ഔട്ടായി പുറത്താകുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് ശ്രീലങ്കൻ വെറ്ററൻ ആഞ്ചലോ മാത്യൂസ്. എന്നാൽ എല്ലാവർക്കും സുപരിചിതമല്ലാത്ത ഒരു ഔട്ടായിരുന്നു താരത്തിന്റേത്. ശ്രീലങ്ക – ബംഗ്ലാദേശ് മത്സരത്തിനിടെയാണ് സംഭവം.ശ്രീലങ്കൻ ഇന്നിംഗ്സിൽ ഷാക്കിബ് അൽ ഹസൻ എറിഞ്ഞ 25ആം ഓവറിലായിരുന്നു നാടകീയ സംഭവം. ഓവറിലെ രണ്ടാം പന്തിൽ മഹ്മൂദുള്ളയിലൂടെ സമരവിക്രമ പുറത്തായതോടെ മാത്യൂസ് കളത്തിലെത്തി. മത്സരത്തിൽ ആറാമനായാണ് മാത്യൂസ് ഇറങ്ങിയത്.
ഹെൽമറ്റിന്റെ സ്ട്രാപ്പ് പൊട്ടിയതുമൂലം പന്ത് നേരിടുംമുൻപ് ഹെൽമറ്റ് മാറ്റാനായി ആവശ്യപ്പെട്ടു. പുതിയ ഹെൽമറ്റുമായി സഹതാരം ഗ്രൗണ്ടിലെത്തിയപ്പോഴേക്കും ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസ്സൻ ടൈംഡ് ഔട്ടിനായി അപ്പീൽ ചെയ്തു.ഷാക്കിബിന്റെ അപ്പീൽ അംഗീകരിച്ച അംപയർ ഔട്ട് വിധിക്കുകയും ചെയ്തു. ഇതോടെയാണ് ടൈംഡ് ഔട്ട് നിയമം ക്രിക്കറ്റ് ലോകത്ത് ചർച്ചയായത്.
എം.സി.സി നിയമപുസ്തകമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്ക് ഉപയോഗിക്കുന്നത്. ഒരു വിക്കറ്റ് നഷ്ടപ്പെടുകയോ അല്ലെങ്കിൽ ബാറ്റർ റിട്ടയറാകുകയോ ചെയ്യുകയാണെങ്കിൽ അടുത്ത താരത്തിന് ക്രീസിലെത്തി പന്ത് നേരിടാൻ ഒരു നിശ്ചിത സമയം അനുവദിച്ചിട്ടുണ്ട്. മൂന്ന് മിനുറ്റാണ് സമയപരിധി. നിയമപുസ്കത്തിലെ 40.1.1 നിയമപ്രകാരത്തിലാണ് നിശ്ചിതസമയത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. എന്നാൽ 2023 ഏകദിന ലോകകപ്പിലെ സാഹചര്യങ്ങൾ അനുസരിച്ച് നിശ്ചിത സമയം രണ്ട് മിനുറ്റാക്കി കുറച്ചിരുന്നു.
നിയമാവലിയിലെ 41.10.1-ാം നിയമത്തിലാണ് ഇത് പ്രതിപാദിക്കുന്നത്. സമയം പാഴാക്കുന്ന ബാറ്ററുമായി ബന്ധപ്പെട്ടാണ് ഈ നിയമം.നിയമത്തിൽ ലംഘനം വന്നാൽ ബാറ്റർ ഔട്ടാകുമെന്ന് വ്യക്തമായി പ്രതിപാദിക്കുന്നില്ല. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ സദീര 3.49 നാണ് പുറത്താകുന്നത്. 3.54 നാണ് മാത്യൂസിനെതിരേ ടൈംഡ് ഔട്ട് വിളിച്ചത്. 25-ാം ഓവറിൽ സദീര സമരവിക്രമയുടെ വിക്കറ്റ് വീണതിന് പിന്നാലെയായിരുന്നു മാത്യൂസിന്റെ ഊഴം. നിയമപ്രകാരം മൂന്ന് മിനുറ്റാണ് അനുവദിച്ചിട്ടുള്ളതെങ്കിലും മാത്യൂസ് രണ്ട് മിനുറ്റിനുള്ളൽ തന്നെ ക്രീസിലെത്തിയിരുന്നു. എന്നാൽ ഹെൽമറ്റായിരിന്നു താരത്തിന് വിനയായത്. അതേസമയം ഷാക്കിബ് അപ്പീൽ നൽകിയതും വിക്കറ്റിന് കാരണമായി. അപ്പീൽ പിൻവലിക്കാൻ ബംഗ്ലാദേശ് തയാറായില്ല.