മാധ്യമപ്രവർത്തകരുടെ ഉപകരണങ്ങൾ തോന്നും പോലെ പിടിച്ചെടുക്കാനാവില്ല; സുപ്രീം കോടതി

ന്യൂഡൽഹി: മാധ്യമപ്രവർത്തകരുടെ ഉപകരണങ്ങൾ തോന്നും പോലെ പിടിച്ചെടുക്കാനാവില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. വിഷയത്തിൽ വ്യക്തമായ മാർഗനിർദ്ദേശം തയ്യാറാക്കണമെന്നാണ് സുപ്രീംകോടതി കേന്ദ്രസർക്കാരിന് നൽകിയിരിക്കുന്ന നിർദ്ദേശം.

ഭരണകൂടം എന്നാൽ അന്വേഷണ ഏജൻസികൾ ആയി മാറുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ഫോണും ക്യംപൂട്ടറടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുക്കുന്ന പ്രവണത കൂടുന്നതിനെതിരെ മിഡിയ പ്രൊഫഷണൽസ് ഫൗണ്ടേഷൻ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതി ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

മാധ്യമപ്രവർത്തകർക്ക് വാർത്താസ്രോതസ് സംരക്ഷിക്കാനുള്ള അവകാശമുണ്ട്. സ്വകാര്യത മൗലിക അവകാശമാണത്. മാധ്യമപ്രവർത്തകർക്കെതിരെ എങ്ങനെ റെയിഡ് നടത്താം. എന്തൊക്കെ പിടിച്ചെടുക്കാം, എപ്പോൾ പിടിച്ചെടുക്കാം എന്നിവയിലൊക്കെ മാർഗ്ഗരേഖ ആവശ്യമാണ്. തന്നിഷ്ട പ്രകാരം നടപടി എടുക്കാനാവില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

പിടിച്ചെടുക്കുന്ന ഉപകരണങ്ങളിലുള്ളത് ചോർന്നാൽ അത് മാധ്യമപ്രവർത്തകരുടെ അവകാശങ്ങളുടെ ലംഘനമാകും. ഒരു സർക്കാരിന്റെ നയത്തെ ഇക്കാര്യത്തിൽ മറ്റു സർക്കാരുകൾ പകർത്തുന്ന പ്രവണതയുമുണ്ട്. അന്വേഷണ ഏജൻസികൾക്ക് പരിശോധന നടത്തേണ്ടി വരുമെന്നും ഇക്കാര്യത്തിൽ മാധ്യമങ്ങൾക്ക് വിശേഷ അവകാശമില്ലെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം.