ന്യൂഡൽഹി: സർക്കാർ ജീവനക്കാർക്ക് ദീപാവലി ബോണസ് പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. 7000 രൂപയാണ് ബോണസ് പ്രഖ്യാപിച്ചത്. ദീപാവലി പ്രമാണിച്ച് ഗ്രൂപ്പ് സി, ഗ്രൂപ്പ് ബി ജീവനക്കാർക്കാണ് ബോണസ് വിതരണം ചെയ്യുന്നത്.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ബോണസ് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 56 കോടി രൂപ ചെലവഴിച്ചാണ് എൺപതിനായിരത്തിലധികം വരുന്ന ജീവനക്കാർക്ക് ബോണസ് വിതരണം ചെയ്യുക. 80000ത്തോളം ജീവനക്കാർക്കാണ് ബോണസ് ലഭിക്കുക. സർക്കാർ ജീവനക്കാരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുമെന്നും ഇത്തരം പ്രഖ്യാപനങ്ങൾ ഭാവിയിലുണ്ടാവുമെന്നും അരവിന്ദ് കെജ്രിവാൾ അറിയിച്ചു.
ഡൽഹി സർക്കാരിലെ ജീവനക്കാർ എല്ലാ മേഖലയിലും മികച്ച പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നതെന്ന് കെജ്രിവാൾ പറഞ്ഞു. ബോണസ് നൽകുന്നതോടെ ഡൽഹി സർക്കാർ ജീവനക്കാരുടെ വീടുകളിലെ സന്തോഷം ഇരട്ടിയാവുമെന്നും എല്ലാവർക്കും ആഘോഷനാളുകളുടെ ആശംസകൾ നേരുന്നുവെന്നും കേജ്രിവാൾ കൂട്ടിച്ചേർത്തു.