Kerala (Page 3)

താരദമ്പതികളായ ജയറാമിന്റെയും പാർവ്വതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. പാലക്കാട് സ്വദേശിയായ നവ് ഗിരീഷ് ആണ് മാളവികയുടെ വരൻ. യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് നവ്‌നീത് ഗിരീഷ്.

നവ്‌നീത് ഗിരീഷിന്റെയും മാളവികയുടെയും കുടുംബാംഗങ്ങളും നടൻ സുരേഷ് ഗോപിയും ഭാര്യ രാധികയും ഗുരുവായൂരിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. ചക്കി എന്ന് വിളിപ്പേരുള്ള മാളവികയുടെ സഹോദരൻ കാളിദാസിന്റെ ഭാവിവധു തരിണി കലിംഗരായരും ചടങ്ങിൽ പങ്കാളിയായി.

തമിഴ്‌നാടാൻ സ്‌റ്റൈലിൽ ചുവന്ന പട്ടുസാരി അണിഞ്ഞ് അതീവ സുന്ദരിയായാണ് മാളവിക വിവാഹത്തിനെത്തിയത്. കസവ് മുണ്ടും മേൽമുണ്ടുമായിരുന്നു നവനീത് ധരിച്ചിരുന്നത്. തൃശൂർ ഹയാത്ത് ഹോട്ടലിൽ വിവാഹ വിരുന്ന് നടന്നു. വിവാഹ ചടങ്ങുളുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹ നിശ്ചയ ചടങ്ങ് നടന്നത് ഈ വർഷം ജനുവരിയിലായിരുന്നു. കൂർഗ് ജില്ലയിലെ മടിക്കേരിയിലെ ഒരു റിസോർട്ടിൽ വച്ചായിരുന്നു മാളവികയുടെ വിവാഹനിശ്ചയം നടന്നത്.

തിരുവനന്തപുരം: സിപിഎമ്മിനും എൽഡിഎഫ് ഘടക കക്ഷികൾക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇ പി ജയരാജനും ബിജെപിയും തമ്മിലുള്ള ബന്ധം തെളിവുകൾ സഹിതം പുറത്തു വന്നിട്ടും അദ്ദേഹത്തെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം മുന്നണിയിലെ ഒരു ഘടകകക്ഷികൾക്കുമില്ലെന്നത് അദ്ഭുതകരമാണെന്ന് അദ്ദേഹം പറഞ്ഞു.

സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ നേതാക്കൾ അധികാരത്തിന്റെ അപ്പക്കക്ഷണത്തിന് വേണ്ടി പിണറായി വിജയന് മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്നത് രാഷ്ട്രീയത്തിലെ അപമാനകരമായ കാഴ്ചയാണ്. കോൺഗ്രസ് പിന്തുണയിൽ മറ്റു സംസ്ഥാനങ്ങളിൽ മത്സരിക്കുമ്പോഴും രാഹുൽ ഗാന്ധിയെ പോലും വിമർശിക്കാൻ മടി കാട്ടാത്ത സിപിഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള ഒരു നേതാക്കൾക്കും കൺവീനറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടാൻ ധൈര്യമില്ല. പിണറായി വിജയന് മുന്നിൽ ഇവരൊക്കെ മുട്ടിലിഴയുകയാണ്. അടിമകളെ പോലെ പിണറായി വിജയനും സിപിഎമ്മിനും മുന്നിൽ തലകുനിച്ചു നിൽക്കുകയാണ് ഘടകകക്ഷികളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പിണറായി വിജയനും സിപിഎമ്മും എന്തു പറയുന്നുവോ അത് കേട്ട് പഞ്ചപുച്ഛമടക്കി നിൽക്കുകയെന്നതാണ് എൽഡിഎഫ് ഘടകകക്ഷികളുടെ വിധി. അഭിപ്രായ സ്വാതന്ത്ര്യമോ ജനാധിപത്യ സംവിധാനമോ എൽഡിഎഫിൽ ഇല്ലെന്ന് ഇതോടെ വ്യക്തമായി. കർണാടകത്തിൽ ലൈംഗിക ആരോപണത്തിൽപ്പെട്ട് വഷളായ ജെഡിഎസിനെ കേരളത്തിൽ ചുമക്കേണ്ട ഗതികേടിലാണ് എൽഡിഎഫ്. എൻഡിഎ ഘടകകക്ഷിയായ അതേ ജെഡിഎസിനെയും ഒക്കത്തിരുത്തിയാണ് പിണറായി വിജയൻ മോദി വിരുദ്ധത പ്രസംഗിക്കുന്നതെന്ന് യുഡിഎഫ് ആരോപണം ഉന്നയിച്ചപ്പോൾ മറുപടി നൽകാതെ മഹാമൗനത്തിന്റെ മാളത്തിൽ ഒളിച്ചയാളാണ് മുഖ്യമന്ത്രി. മോദി പ്രശംസിച്ച എൻഡിഎ ഘടകകക്ഷിയായ ജെഡിഎസിനെ തള്ളിപ്പറയാൻ എൽഡിഎഫ് നേതൃത്വവും ഇതുവരെ തയാറാകാത്തത് എന്തുകൊണ്ടാണെന്ന് വി ഡി സതീശൻ ചോദിക്കുന്നു.

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ നൽകിയ പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ. ബസ് ഡ്രൈവറുടെ പരാതിയിൽ അന്വേഷണം നടത്താൻ കമ്മിഷൻ ഉത്തരവിട്ടു. യാത്രക്കാരുമായി പോകുകയായിരുന്ന ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്കെതിരെയും ഇത് സംബന്ധിച്ച പരാതിയിൽ കേസെടുക്കാത്ത കന്റോൺമെന്റ് എസ്.എച്ച്.ഒയ്‌ക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ പറയുന്നത്.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറും കെഎസ്ആർടിസി മാനേജിങ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഷ്യാവകാശ കമ്മിഷൻ ആക്റ്റിങ് ചെയർ പേഴ്‌സണും ജൂഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് ഉത്തരവിട്ടു.

അതേസമയം, മെയ് ഒമ്പതിന് തിരുവനന്തപുരത്തെ കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. നേമം സ്വദേശി എൽ എച്ച് യദു സമർപ്പിച്ച പരാതിയിലാണ് നടപടി. ആര്യ രാജേന്ദ്രൻ, കെ എം സച്ചിൻദേവ്, അരവിന്ദ് കണ്ടാലറിയാവുന്ന രണ്ടു പേർ, എന്നിവർക്കെതിരെയാണ് പരാതി.

ഇവർ ഏപ്രിൽ 27-ന് യദു ഓടിച്ചിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ യാത്ര തടസപ്പെടുത്തിയെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തന്നെ അസഭ്യം പറയുകയും യാത്രക്കാരെ ബസിൽ നിന്നും ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്തുവെന്നും യദു ആരോപിക്കുന്നു.

വയനാട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാടിന് പുറമേ യുപിയിലെ റായ്ബറേലിയിലും മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തിനെതിരേ വിമർശനവുമായി വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥിയും സിപിഐ നേതാവുമായ ആനി രാജ. മറ്റൊരു മണ്ഡലത്തിൽ കൂടി മത്സരിക്കുന്നുണ്ടെന്ന് വയനാട്ടിലെ ജനങ്ങളെ അറിയിച്ചുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടാമായിരുന്നുവെന്ന് ആനി രാജ വ്യക്തമാക്കി.

ഇക്കാര്യം മറച്ചുവെച്ചത് വയനാട്ടിലെ വോട്ടർമാരോട് ചെയ്ത നീതികേടാണെന്നും രാഷ്ട്രീയ ധാർമികതയ്ക്ക് ചേരാത്തതാണെന്നുമാണ് ആനി രാജ അഭിപ്രായപ്പെട്ടത്. പാർലമെന്ററി ജനാധിപത്യത്തിൽ ഒരാൾക്ക് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കാം. അത് എല്ലാ സ്ഥാനാർഥികളുടേയും അവകാശമാണ്. ആ അവകാശം അദ്ദേഹം വിനിയോഗിക്കുന്നു. എന്നാൽ, രണ്ട് മണ്ഡലങ്ങളിൽ വിജയിച്ചാൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്ന് രാജിവെക്കേണ്ടി വരും. ഏത് മണ്ഡലത്തിൽ നിന്ന് രാജിവെച്ചാലും ആ മണ്ഡലത്തിൽ അദ്ദേഹത്തെ വിജയിപ്പിച്ച വോട്ടർമാരോടുള്ള അനീതിയാകുമതെന്ന് ആനി രാജ ചൂണ്ടിക്കാട്ടി.

ഇത് പെട്ടെന്ന് ഒരു ദിവസമെടുത്ത തീരുമാനമായിരിക്കില്ലല്ലോ. ഇത്തരം ചർച്ചകൾ ആ പാർട്ടിക്കുള്ളിൽ ഇതിന് മുന്നേതന്നെ തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാകും. അതുകൊണ്ടുതന്നെ തീരുമാനമെടുത്തില്ലെങ്കിൽ പോലും ഇത്തരമൊന്ന് ചർച്ചയിലുണ്ട്, പാർട്ടിയുടെ പരിഗണനയിൽ ഈ വിഷയമുണ്ട് എന്ന് പറയാനുള്ള ധാർമികമായ ബാധ്യത രാഹുൽ ഗാന്ധിക്കുണ്ട്. അദ്ദേഹം അത് നിർവഹിച്ചില്ലെന്നും ആനി രാജ കുറ്റപ്പെടുത്തി.

രാഹുൽ ഗാന്ധി എപ്പോഴും പറയുന്നത് വയനാട്ടിനോട് വൈകാരിക ബന്ധമുണ്ടെന്നാണ്. മണ്ഡലത്തിന് വേണ്ടി ഒന്നുംചെയ്തില്ലെങ്കിൽ പോലും വൈകാരികബന്ധമുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം രണ്ടാമതും വയനാട്ടിൽ മത്സരിക്കുന്നത്. അദ്ദേഹത്തിന്റെ വൈകാരികതയെ വെച്ചുകൊണ്ട് പത്ത് വോട്ടിനോ രണ്ട് സീറ്റിനോ വേണ്ടി ഉപയോഗിക്കുന്ന തന്ത്രമാണോ, അതല്ല രാഹുൽ ഗാന്ധിക്ക് അദ്ദേഹത്തിന്റേതായ വൈകാരികതയുണ്ടോ. വേണുഗോപാൽ പറയുന്നതുപോലെ സന്ദർഭത്തിനനുസരിച്ച് മാറിക്കൊണ്ടേയിരിക്കുന്ന വൈകാരികതയാണോ അതെന്ന് കോൺഗ്രസ് പറയണമെന്നും ആനി രാജ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് വേനൽച്ചൂട് കനക്കുകയാണ്. ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാവരും സുരക്ഷിതമായിരിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന നിർദ്ദേശം. അന്തരീക്ഷ താപനില തുടർച്ചയായി സാധാരണയിൽ കൂടുതൽ ഉയർന്ന് നിൽക്കുന്ന അവസ്ഥയാണ് ഉഷ്ണതരംഗം.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

സൂര്യാഘാതമേറ്റാൽ ആദ്യം ചെയ്യേണ്ടത്

  1. സൂര്യാഘാതമേറ്റാൽ ഉടൻ തന്നെ തണലുള്ള സ്ഥലത്തേക്ക് മാറ്റുക.
  2. തണുത്ത വെള്ളം തുണിയിൽ മുക്കി ശരീരം നന്നായി തുടയ്ക്കുക.
  3. കുടിക്കാൻ തണുത്ത വെള്ളം നൽകുക.
  4. ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സ തേടുക

രാവിലെ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. നിർജലീകരണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാർഗം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാൽ ചികിത്സ തേടേണ്ടതാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കുതിച്ചുയരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ചേർന്ന് വിവിധ ജില്ലകളിലെ നിലവിലെ സ്ഥിതിഗതികൾ വിശകലനം ചെയ്തു. ജനങ്ങൾ പകൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്. ആൽബിനിസം ബാധിച്ചവർ, നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മത്സ്യതൊഴിലാളികൾ, മറ്റ് കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ മുതലായവർ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം നൽകും. സ്‌കൂൾ വിദ്യാർത്ഥികൾക്ക് അവധിക്കാല ക്ലാസുകൾ 11 മണിമുതൽ 3 മണിവരെ ഒഴിവാക്കണം. പോലീസ്, അഗ്‌നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

ആസ്‌ബെസ്റ്റോസ്, ടിൻ ഷീറ്റുകൾ മേൽക്കൂരയായിട്ടുള്ള തൊഴിലിടങ്ങൾ പകൽ സമയം അടച്ചിടണം. ഇവ മേൽക്കൂരയായുള്ള വീടുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റണം. മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ – നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ തീപിടിത്ത സാധ്യതയുള്ള ഇടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യും. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം. കലാ-കായിക മത്സരങ്ങൾ/പരിപാടികൾ പകൽ 11 മുതൽ വൈകിട്ട് 3 വരെ നിർബന്ധമായും നടത്തരുത്. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. ലയങ്ങൾ, ആദിവാസി, ആവാസകേന്ദ്രങ്ങൾ മുതലായ ഇടങ്ങളിൽ കുടിവെള്ളം ഉറപ്പാക്കണം.

സംസ്ഥാനത്ത് ചൂട് ഉയരുകയാണ്. കനത്ത ചൂടിൽ മനുഷ്യരും മൃഗങ്ങളുമെല്ലാം ഉരുകിയൊലിക്കുകയാണ്. വേനൽക്കാലത്ത് വളർത്തു മൃഗങ്ങളെ പരിപാലിക്കേണ്ടത് എങ്ങനെയാണെന്ന സംശയം പലർക്കുമുണ്ടാകാം. വേനൽക്കാലത്ത് അരുമ മൃഗങ്ങളെ പരിപാലിക്കേണ്ടത് എങ്ങനെയാണെന്ന് നോക്കാം.

·വളർത്തു മൃഗങ്ങൾക്ക് എല്ലായ്പ്പോഴും ശുദ്ധമായ തണുത്ത ജലം കുടിയ്ക്കാൻ പാകത്തിന് എല്ലാസമയത്തും ലഭ്യമാണെന്ന് ഉറപ്പാക്കുക.

·പകൽ സമയത്തു അടച്ചിട്ടതും വായു സഞ്ചാരമില്ലാത്തതുമായ മുറികളിൽ അരുമമൃഗങ്ങളെ പാർപ്പിക്കരുത്.

·ഫാനുകളോ എയർ കൂളറുകളോ ഉള്ള മുറികളിൽ പകൽ സമയങ്ങളിൽ അരുമ മൃഗങ്ങളെ പാർപ്പിക്കുന്നതു അഭികാമ്യം ആയിരിക്കും.

·രോമം കൂടിയ ഇനത്തിൽ പെട്ട അരുമ മൃഗങ്ങളെ വേനൽക്കാലത്തു ഗ്രൂമിംഗിന് വിധേയമാക്കി അവയുടെ രോമക്കെട്ടുകളുടെ അളവു കുറയ്ക്കുന്നത് ചൂട് കുറക്കുന്നതിന് സഹായകരമാകും.

·കോൺക്രീറ്റ്/ ടിൻ ഷീറ്റുകൊണ്ടുള്ള കൂടുകളുടെ മേൽക്കൂരകളിൽ നനഞ്ഞ ചണം ചാക്ക് വിരിക്കുന്നതും ഇടയ്ക്കിടയ്ക്ക് ചാക്കിൽ വെള്ളം തളിക്കുന്നതും കൂടുകളിൽ ചൂട് കുറക്കുന്നതിന് സഹായകരമായിരിക്കും.

·രാവിലെ ഒൻപതു മണി മുതൽ വൈകീട്ട് നാല് മണി വരെയുള്ള സൂര്യപ്രകാശത്തിനു ചൂട് വളരെ കൂടുതലായതിനാൽ അവയെ പാർപ്പിച്ചിരിക്കുന്ന കൂടുകളിൽ നേരിട്ട് സൂര്യപ്രകാശം പതിയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക.

·ശുദ്ധമായ കുടിവെള്ളത്തോടൊപ്പം വിറ്റാമിൻ തുള്ളിമരുന്നുകൾ നൽകുന്നത് ചൂടുകാലത്തു ഓമന മൃഗങ്ങൾക്കുണ്ടാകുന്ന അസുഖങ്ങൾക്ക് പ്രതിരോധം തീർക്കാൻ സഹായകരമായിരിക്കും

·ചൂടുകാലത്തു ബാഹ്യ പരാദങ്ങൾ പെറ്റുപെരുകുന്ന സമയമായതിനാൽ ബാഹ്യപരാദങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മുൻകരുതൽ കൂടി അരുമ മൃഗങ്ങളുടെ ഉടമസ്ഥർ സ്വീകരിക്കേണ്ടതാണ്.

·ചൂട് കൂടിയ ഉച്ച സമയങ്ങളിൽ ആഹാരം നൽകാതെ ചൂട്കുറവുള്ള സമയങ്ങളിൽ പ്രത്യേകിച്ച് രാവിലെയും വൈകീട്ടും പല നേരങ്ങളിലായി എളുപ്പം ദഹിക്കുന്ന ആഹാരം നൽകുന്നതാണ് നല്ലത്.

·അടച്ചിട്ട കാറുകളിൽ അരുമ മൃഗങ്ങളെ ഒറ്റക്കാക്കി ഉടമസ്ഥർ പുറത്തുപോകരുത് .

·വളർത്തു മൃഗങ്ങളുമായുള്ള വാഹനത്തിലെ യാത്രകൾ കഴിവതും രാവിലെയും വൈകിട്ടുമായി ക്രമീകരിക്കേണ്ടതാണ്.

·യാത്രകളുടെ ഇടവേളകളിൽ ശുദ്ധമായ കുടിവെള്ളം നൽകേണ്ടതാണ്.

·ചൂട് കൂടിയ പകൽ സമയങ്ങളിൽ റോഡിലോ കോൺക്രീറ്റ് നടപ്പാതയിലോ അരുമ മൃഗങ്ങളെ നടത്തരുത്.

·ചൂട് കുറഞ്ഞ രാവിലെയും വൈകീട്ടും മാത്രം അരുമ മൃഗങ്ങളെ നടത്താനും വ്യായാമത്തിനും കൊണ്ട് പോകാൻ ശ്രദ്ധിക്കേണ്ടതാണ്.

തിരുവനന്തപുരം: വേനൽ കടുക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് ക്ഷീര കർഷകർക്കായി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. സൂര്യഘാതം ഏറ്റവും കൂടുതൽ സംഭവിക്കാൻ സാധ്യതയുള്ള രാവിലെ 11 മുതൽ വൈകിട്ട് നാലു വരെ പൊള്ളുന്ന വെയിലിൽ തുറസായ സ്ഥലത്തു മേയാൻ വിടുന്നത് ഒഴിവാക്കണം. 11നു മുൻപും നാലിനു ശേഷവും മാത്രം പശുക്കളെ മേയാൻ വിടണം.

തൊഴുത്തിൽ വായുസഞ്ചാരം ഉറപ്പാക്കണം. ഫാൻ സജ്ജീകരിക്കുന്നതു തൊഴുത്തിലെ ചൂട് കുറയ്ക്കാൻ സഹകരമാവും. മേൽക്കൂരയ്ക്ക് മുകളിൽ പച്ചക്കറി പന്തൽ / തുള്ളി നന/ സ്പ്രിങ്ക്ളർ / നനച്ച ചാക്കിടുന്നത് ഉത്തമമാണ്. ശുദ്ധമായ തണുത്ത കുടിവെള്ളം ദിവസത്തിൽ എല്ലാ സമയവും ലഭ്യമായിരിക്കണം (കറവപശുക്കൾക്ക് 80- 100 ലിറ്റർ വെള്ളം / ദിവസം) ധാരാളം പച്ചപ്പുല്ല് തീറ്റയായി ലഭ്യമാക്കണം.മികച്ച ഖരാഹാരം അഥവാ കാലിത്തീറ്റ രാവിലെയും വൈകിട്ടുമായും വൈക്കോൽ രാത്രിയിലുമായി പരിമിതപ്പെടുത്തണം.

ചൂടും ഈർപ്പവും (ഹ്യൂമിഡിറ്റി) കൂടിയ പകൽ സമയങ്ങളിൽ നനയ്ക്കുന്നത് മൂലം കന്നുകാലികളുടെ ശരീരം പെട്ടെന്ന് തണുക്കുകയും തുടർന്ന് ശരീരോഷമാവ് സ്വയം നിയന്ത്രിക്കുന്നതിലേക്കായി കുറച്ചു സമയത്തിന് ശേഷം ശരീരോഷ്മാവ് സ്വയം വർദ്ധിക്കുന്നതിനും മറ്റു അസ്വസ്ഥതകൾക്കും കാരണമാകും. താരതമ്യേന ചൂട് കുറഞ്ഞ രാവിലെയും വൈകീട്ടും മാത്രം കന്നുകാലികളെ നനയ്ക്കാൻ ശ്രദ്ധിക്കണം.

കനത്ത ചൂട് മൂലം കന്നുകാലികളിൽ കൂടുതൽ ഉമിനീർ നഷ്ടപ്പെടുന്നത് മൂലം ദഹനക്കേടും വയറിളക്കവും ഉണ്ടാകാൻ സാധ്യതയുണ്ട്. ധാതുലവണ മിശ്രിതം, അപ്പക്കാരം, വിറ്റാമിൻ എ, ഉപ്പ്, പ്രോബയോട്ടിക്സ് എന്നിവ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം കറവപ്പശുക്കളുടെ തീറ്റയിൽ ഉൾപ്പെടുത്തണം. വേനൽ ചൂട് മൃഗങ്ങളുടെ ശരീര സമ്മർദ്ദം കൂട്ടുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യുന്നു. ചൂടുകാലത്തു ബാഹ്യ പരാദങ്ങളായ പട്ടുണ്ണി, ചെള്ള്, പേൻ , ഈച്ച തുടങ്ങിയവ പെറ്റുപെരുകുന്ന സമയമായതിനാൽ അവ പരത്തുന്ന മാരകരോഗങ്ങളായ തൈലേറിയാസിസ്, അനാപ്ലാസ്മോസിസ്, ബബീസിയോസിസ് എന്നിവ കൂടുതലായി കണ്ടു വരുന്നു. ചൂട് കാലത്തു ഇത്തരം ബാഹ്യപരാദങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മുൻകരുതൽ കൂടി കർഷകർ സ്വീകരിക്കണം.

ബാക്ടീരിയ പരത്തുന്ന അകിടുവീക്കം വേനൽക്കാലത്തു സാധാരണ കണ്ടുവരുന്ന അസുഖമാണ്. ഇതു നിയന്ത്രിക്കുന്നതിനു കറവയുള്ള മൃഗങ്ങളുടെ അകിടിൽ നിന്നും പാൽ പൂർണമായി കറന്ന് ഒഴിവാക്കേണ്ടതും ചൂട് കുറഞ്ഞ രാവിലെയും വൈകിട്ടുമായി കറവ ക്രമീകരിക്കണം. കൃഷിപ്പണിക്കുപയോഗിക്കുന്ന കന്നുകാലികളെ രാവിലെ 11 മുതൽ വൈകിട്ടു നാലു വരെയുള്ള സമയങ്ങളിൽ കൃഷിപ്പണിക്കായി നിയോഗിക്കരുത്. പ്രാദേശികമായി പുറപ്പെടുവിക്കുന്ന കാലാവസ്ഥ മുന്നറിയിപ്പുകൾ പാലിക്കുകയും മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണം.

സൂര്യാഘാത ലക്ഷണങ്ങളും ശ്രദ്ധിക്കണം. തളർച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായിൽ നിന്നും നുരയും പതയും വരിക, വായ തുറന്ന ശ്വസനം, പൊള്ളിയ പാടുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സ തേടണം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഡ്രൈവിങ് ലൈസൻസ് പരീക്ഷ പരിഷ്‌കരണം നാളെ മുതൽ ആരംഭിക്കും. കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉൾപ്പെടുന്ന ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കാണ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം കൊണ്ടുവന്നത്. പുതിയ പരിഷ്‌ക്കരണം അനുസരിച്ച് റോഡ് ടെസ്റ്റിനു ശേഷമാണ് ഇനി ‘എച്ച്’ ടെസ്റ്റ് നടത്തുക. പ്രതിദിന ടെസ്റ്റുകൾ 60 ആയി കുറച്ചു. പുതുതായി 40 പേർക്കും തോറ്റവർക്കുള്ള റീ ടെസ്റ്റിൽ 20 പേർക്കുമാണ് അവസരം നൽകുക. ടാർ ചെയ്‌തോ കോൺക്രീറ്റ് ചെയ്‌തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വേണം ഡ്രൈവിങ് നടത്തേണ്ടത്. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരമാണ് പുതിയ പരിഷ്‌ക്കരണം ഏർപ്പെടുത്തിയിരിക്കുന്നത്.

മന്ത്രിയുടെ നിർദ്ദേശം പാലിക്കാൻ ഗ്രൗണ്ടുകൾ സജ്ജമാകാത്തതിനാൽ ആദ്യഘട്ടത്തിൽ ചെറിയ ഇളവുകൾ കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു. ആംഗുലർ പാർക്കിങ് (വശം ചെരിഞ്ഞുള്ള പാർക്കിങ്), പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ് (എസ് വളവു പോലെ), കയറ്റത്തു നിർത്തി പിന്നോട്ടു പോകാതെ മുൻപോട്ട് എടുക്കുക തുടങ്ങിയവയാണ് ഉറപ്പായും വിജയിക്കേണ്ട പരീക്ഷകൾ. എന്നാൽ മാത്രമേ ഇനി മുതൽ ലൈസൻസ് കിട്ടൂ.

അതേസമയം, പുതിയ പരിഷ്‌കരണവുമായി സഹകരിക്കില്ലെന്നാണ് ഡ്രൈവിങ് സ്‌കൂളുകൾ അറിയിച്ചിട്ടുള്ളത്. സിഐടിയുവും പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ‘മോട്ടോർ സൈക്കിൾ വിത്ത് ഗിയർ’ വിഭാഗത്തിൽ ഇനി ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കേണ്ടത് കാൽ കൊണ്ടു പ്രവർത്തിപ്പിക്കാവുന്ന ഗിയർ സിലക്ഷൻ സംവിധാനമുള്ളതും 95 സിസിക്കു മുകളിൽ എൻജിൻ കപ്പാസിറ്റിയുള്ളതുമായ മോട്ടോർ സൈക്കിൾ ആണ്. ടെസ്റ്റിനായി ഉപയോഗിക്കുന്ന ഡ്രൈവിങ് സ്‌കൂളിന്റെ എൽഎംവി വിഭാഗം വാഹനങ്ങളിൽ ടെസ്റ്റ് റെക്കോർഡ് ചെയ്യുന്നതിനായുള്ള ഡാഷ്‌ബോർഡ് ക്യാമറയും വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസും ഡ്രൈവിങ് സ്‌കൂൾ ഉടമ വാങ്ങി ഘടിപ്പിക്കേണ്ടതാണ്. ടെസ്റ്റ് റെക്കോർഡ് ചെയ്ത് മെമ്മറി കാർഡ് എംവിഐ കൊണ്ടുപോകണം. ഡേറ്റ ഓഫിസിലെ കംപ്യൂട്ടറിലേക്കു മാറ്റിയ ശേഷം മെമ്മറി കാർഡ് തിരികെ നൽകണം. ഡേറ്റ 3 മാസത്തേക്കു സൂക്ഷിക്കണമെന്നും പുതിയ നിർദേശത്തിൽ പറയുന്നു. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.

ലൈറ്റ് മോട്ടർ വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റിനായി ഓട്ടോമാറ്റിക് ഗിയർ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കരുതെന്നും നിർദേശത്തിൽ പറയുന്നു.

തിരുവനന്തപുരം: എത്രയും വേഗം പണമടച്ചില്ലെങ്കിൽ/ ആധാർ നമ്പർ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിൽ ചില വ്യാജ മൊബൈൽ സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുന്നറിയിപ്പ് നൽകി കെഎസ്ഇബി. സന്ദേശത്തിലെ മൊബൈൽ നമ്പരിൽ ബന്ധപ്പെട്ടാൽ കെഎസ്ഇബിയുടെ ഉദ്യോഗസ്ഥൻ എന്ന വ്യാജേന സംസാരിച്ച് ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയും തുടർന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം കവരുകയും ചെയ്യുന്ന ശൈലിയാണ് ഇത്തരം തട്ടിപ്പുകാർക്കുള്ളത്.

വൈദ്യുതി ഉപഭോക്താക്കൾ തികഞ്ഞ ജാഗ്രത പുലർത്തേണ്ടതാണ്. ഇത്തരം വ്യാജ സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുത്. കെഎസ്ഇബി അയക്കുന്ന സന്ദേശങ്ങളിൽ അടയ്‌ക്കേണ്ട ബിൽ തുക, 13 അക്ക കൺസ്യൂമർ നമ്പർ, സെക്ഷന്റെ പേര്, പണമടയ്‌ക്കേണ്ട അവസാന തീയതി, പണമടയ്ക്കാനുള്ള ഉപഭോക്തൃ സേവന വെബ്‌സൈറ്റ് ലിങ്ക് (wss.kseb.in) തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കും. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, OTP തുടങ്ങിയവയുൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ഒരു ഘട്ടത്തിലും കെ എസ് ഇ ബി ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതല്ല. മൊബൈൽ ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയവയിലേക്ക് കടന്നു കയറുവാൻ അനുവദിക്കുന്ന യാതൊരു വിവരങ്ങളും അപരിചിതരുമായി പങ്കുവയ്ക്കരുത്.

കെഎസ്ഇബിയുടെ വൈദ്യുതി ബിൽ അടയ്ക്കാൻ സുരക്ഷിതമായ നിരവധി ഓൺലൈൻ മാർഗ്ഗങ്ങളുണ്ട്. www.kseb.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഇൻസ്റ്റാൾ ചെയ്യാവുന്ന KSEB എന്ന ഔദ്യോഗിക ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷൻ വഴിയോ വിവിധ ബാങ്കുകളുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനുകളിൽ ലഭ്യമായ ഇലക്ട്രിസിറ്റി ബിൽ പെയ്‌മെന്റ് സൗകര്യം ഉപയോഗിച്ചോ, BBPS (Bharat Bill Payment System) അംഗീകൃത മൊബൈൽ പെയ്‌മെന്റ് ആപ്ലിക്കേഷനുകൾ വഴിയോ അനായാസം വൈദ്യുതി ബിൽ അടയ്ക്കാവുന്നതാണ്. ബിൽ പെയ്‌മെന്റ് സംബന്ധിച്ച് സംശയം ജനിപ്പിക്കുന്ന കോളുകളോ സന്ദേശങ്ങളോ ലഭിക്കുകയാണെങ്കിൽ എത്രയും വേഗം 1912 എന്ന ടോൾഫ്രീ കസ്റ്റമർ കെയർ നമ്പരിലോ കെ എസ് ഇ ബി സെക്ഷൻ ഓഫീസിലോ വിളിച്ച് വ്യക്തത വരുത്തേണ്ടതാണ്.