Kerala (Page 2)

തിരുവനന്തപുരം: സൈബർ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഇ-മെയിൽ മുഖാന്തിരവും സോഷ്യൽ മീഡിയ വഴിയും മറ്റു മാർഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ഡൗൺലോഡ് ചെയ്യുകയോ ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്താൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ, ബാങ്കിങ് വിവരങ്ങൾ, മറ്റു ഡേറ്റ എന്നിവ തട്ടിപ്പുകാർക്ക് ലഭിക്കാനിടയുണ്ട്.

ഇത്തരത്തിലുള്ള ലിങ്കുകളോടു പ്രതികരിച്ചു വഞ്ചിതരാകാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് പോലീസ് അറിയിച്ചു. യൂണിയൻ ബാങ്കിന്റെ പേരിൽ ഉൾപ്പെടെ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.

നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി. ദീർഘ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഗുരുവായൂരിൽ വെച്ച് നടന്ന താലിക്കെട്ട് ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കുചേർന്നത്. ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ദീപക് സിനിമ രംഗത്തെത്തിയത് 2010ൽ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഇറങ്ങിയ മലർവാടി ആർട്‌സ് ക്ലബ്ബിലൂടെയാണ്. തട്ടത്തിൻ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതമായ പയ്യന്മാർ, ക്യാപ്റ്റൻ, കണ്ണൂർ സ്‌ക്വാഡ്, മനോഹരം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ദീപക്ക് വേഷമിട്ടിട്ടുണ്ട്.

മഞ്ഞുമേൽ ബോയ്‌സിലും ദീപക് ശ്രദ്ധേയമായ വേഷമാണ് അവതരിപ്പിച്ചത്. വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിലും താരം വേഷമിട്ടു. 2018ൽ റിലീസ് ആയ ഞാൻ പ്രകാശൻ എന്ന ചിത്രമാണ് അപർണ ദാസിന്റെ ആദ്യ ചിത്രം. ഡാഡാ, മനോഹരം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലും അപർണ അഭിനയിച്ചു.

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് എന്ന മലയാള ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരേ കേസെടുത്ത് പോലീസ്. നിർമാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. എറണാകുളം മരട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

സിനിമയ്ക്കായി മുടക്കിയ പണമോ ലാഭവിഹിതമോ തിരിച്ചു നൽകിയില്ലെന്നാണ് പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അരൂർ സ്വദേശി സിറാജാണ് പരാതി നൽകിയിരിക്കുന്നത്.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുസ്ലീം മതവിഭാഗത്തിനെതിരായി വർഗീയ കലാപം സംഘടിപ്പിക്കാനുള്ള വർഗീയ ഭ്രാന്താണ് ഇന്ത്യൻ പ്രധാനമന്ത്രി മുന്നോട്ട് വച്ചതെന്ന് അദ്ദേഹം പറഞ്ഞു. സമനില തെറ്റിയുള്ള പ്രസംഗമാണ് മോദി നടത്തിയത്. അത് തുടർന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാഹുൽ ഗാന്ധിയെക്കുറിച്ച് പി വി അൻവർ പറഞ്ഞത് രാഷ്ട്രീയ ഡിഎൻഎയെപ്പറ്റിയാണെന്നും ജൈവികമായ ഡിഎൻഎയെക്കുറിച്ചല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഈ തിരഞ്ഞെടുപ്പിൽ ബിജെപി പിന്നോട്ട് പോകും. 200 സീറ്റ് തികച്ച് കിട്ടില്ല. കൈ ക ശൈലജക്കെതിരെ നടന്ന അശ്ലീല പ്രചാരണത്തിന് ജനം വിധിയെഴുതും. കെ കെ ശൈലജയ്ക്കെതിരായ അശ്ലീല പ്രചാരണം യുഡിഎഫ് പ്ലാൻ ചെയ്ത് ചെയ്തതാണ്. മോർഫ് ചെയ്ത ചിത്രങ്ങളും എഡിറ്റ് ചെയ്ത വീഡിയോകളും ഉൾപ്പെടെ കുടുംബ ഗ്രൂപ്പുകളിലേക്ക് അയച്ച യുഡിഎഫിന്റെ അശ്ലീല സംഘത്തെ വാനോളം പുകഴ്ത്താനാണ് വിഡി സതീശനും വടകര സ്ഥനാർത്ഥി ഷാഫി പറമ്പിലും തയ്യാറായതെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി.

ഈ അക്രമത്തെ ജനങ്ങൾ ശക്തിയായി എതിർക്കും. അശ്ലീലംകൊണ്ട് ഏതെങ്കിലും മണ്ഡലം ജയിക്കാമെന്നുള്ള പ്രതീക്ഷ വേണ്ട. വോട്ടെടുപ്പിന് മുമ്പ് കേരളത്തിൽ ജയിക്കുന്ന ആദ്യത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന്റെ സമയപരിധി ഇന്ന് വൈകിട്ട് ആറിന് അവസാനിക്കുമെന്നും എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.

നിശ്ശബ്ദ പ്രചാരണം മാത്രം അനുവദനീയമായ അവസാന 48 മണിക്കൂറിൽ നിയമവിരുദ്ധമായി ആളുകൾ കൂട്ടം ചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്താൽ ക്രിമിനൽ പ്രൊസീജ്യർ കോഡ് ചട്ടം 144 പ്രകാരം നടപടി സ്വീകരിക്കും. ഉച്ചഭാഷിണികൾ ഉപയോഗിക്കാനോ ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കാനോ പാടില്ല.

തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനിടയുള്ള ഒരു തരത്തിലുള്ള പ്രദർശനവും (സിനിമ, ടെലിവിഷൻ പരിപാടികൾ, പരസ്യങ്ങൾ, സംഗീത പരിപാടികൾ, നാടകങ്ങൾ, മറ്റ് സമാന പ്രദർശനങ്ങൾ, ഒപ്പീനിയൻ പോൾ, പോൾ സർവേ, എക്‌സിറ്റ് പോൾ മുതലായവ) അനുവദിക്കില്ല. ചട്ടം ലംഘിക്കുന്നവർക്ക് തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങിയ സമയം മുതൽ അവസാനഘട്ട വോട്ടെടുപ്പ് പൂർത്തിയായി അരമണിക്കൂർ കഴിയും വരെയാണ് എക്‌സിറ്റ് പോളുകൾക്ക് നിരോധനമുള്ളത്.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള പൊലീസിന്റെയും എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുടെയും കർശന പരിശോധ തുടരും. വോട്ടർമാരെ സ്വാധീനിക്കുന്നതിന് നിയമവിരുദ്ധമായ പണം കൈമാറ്റം, സൗജന്യങ്ങളും സമ്മാനങ്ങളും നൽകൽ, മദ്യവിതരണം എന്നിവ ചെയ്യുന്നതായി കണ്ടെത്തിയാൽ കർശന നടപടിയെടുക്കും. ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടം 135 സി പ്രകാരം വോട്ടെടുപ്പ് പൂർത്തിയാകുന്നത് വരെയുള്ള 48 മണിക്കൂർ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യവിതരണത്തിനും വിൽപനക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

മണ്ഡലത്തിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രകൾ പൊലീസിന്റെയും സുരക്ഷാവിഭാഗങ്ങളുടെയും കർശന നിരീക്ഷണത്തിലായിരിക്കും. എല്ലാതരം വാഹനങ്ങളും പരിശോധിക്കപ്പെടും. മണ്ഡലത്തിന് പുറത്ത് നിന്നുള്ള പാർട്ടി പ്രവർത്തകർ മണ്ഡലത്തിൽ തുടരാൻ അനുവദിക്കില്ല. ലൈസൻസ് ഉള്ള ആയുധങ്ങൾ പ്രദർശിപ്പിക്കുന്നതിനും കൊണ്ടുനടക്കുന്നതിനുള്ള നിരോധനം തിരഞ്ഞെടുപ്പ് ഫലം പ്രഖ്യപിക്കുന്നത് വരെ തുടരും.

സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 26 രാവിലെ 7 മുതൽ വൈകിട്ട് 6 വരെ നടക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ. സ്വതന്ത്രവും സുതാര്യവും നീതിപൂർവകവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും എല്ലാ വോട്ടർമാരും സമ്മതിദാന അവകാശം വിനിയോഗിക്കണെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർത്ഥിച്ചു.

തിരുവനന്തപുരം: എല്ലാ മാസവും ഒന്നിന് തുടർന്നുപോരുന്ന മദ്യനിരോധനമായ ഡ്രൈ ഡേ പിൻവലിക്കാൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. സർക്കാരിന്റെ വരുമാനം വർദ്ധിപ്പിക്കുക എന്നതാണ് പുതിയ ആലോചനയ്ക്ക് പിന്നിലുള്ളതെന്നാണ് വിവരം. ബിവറേജ് വിൽപനശാലകൾ ലേലം ചെയ്യുക, മൈക്രോവൈനറികൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും സർക്കാരിന്റെ പരിഗണനയിലുണ്ട്. ഇക്കാര്യം ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ ചർച്ച ചെയ്തിട്ടുണ്ടെന്നാണ് സൂചന.

വർഷത്തിൽ 12 ദിവസം ഡ്രൈ ഡേ ആചരിക്കുന്നത് ടൂറിസം മേഖലയെ ബാധിക്കുമെന്നും ദേശീയ- അന്തർദേശീയ കോൺഫറൻസുകളിൽ നിന്ന് കേരളത്തെ ഒഴിവാക്കുന്നതിന് കാരണമാകുമെന്നും യോഗത്തിൽ വിലയിരുത്തി. ബന്ധപ്പെട്ടവരുമായി ടൂറിസം വകുപ്പ് ഇക്കാര്യം ചർച്ച ചെയ്ത് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

ഇതിനായി ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. യോഗത്തിൽ ചർച്ചയായ മറ്റ് കാര്യങ്ങൾ മൈക്രോവൈനറികൾ പ്രോത്സാഹിപ്പിക്കുക. മസാല ചേർത്ത വൈനുകൾ ഉത്പാദിപ്പിക്കാനുള്ള സാദ്ധ്യതകൾ പരിശോധിക്കനായി കൃഷിവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ജാതിയുടെ പേരിൽ ജനങ്ങളെ വേർതിരിക്കുകയാണ് മോദി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിങ്ങൾ കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നു എന്ന മോദിയുടെ വിവാദ പരാമർശത്തെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ പ്രസംഗം തെറ്റായിപ്പോയി. പ്രധാനമന്ത്രി ഇന്ത്യയുടെ ചരിത്രം വായിക്കണം. രാജ്യത്തെ ഒറ്റക്കെട്ടായി നിർത്താൻ പഠിക്കണം. രാജ്യത്ത് ഒരു മതവിഭാഗത്തിൽ മാത്രമല്ല കൂടുതൽ കുട്ടികൾ ഉണ്ടാകുന്നത്. തനിക്ക് അഞ്ച് കുട്ടികളുണ്ടെന്നും അവരെ അധ്വാനിച്ചാണ് വളർത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

നരേന്ദ്ര മോദി ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ തരുമെന്നും വിദേശത്ത് കോൺഗ്രസ് നിക്ഷേപിച്ച കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നും പറഞ്ഞു. എന്നിട്ട് എവിടെ ആ പണം. അടുത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹം പറഞ്ഞത് കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ്. എവിടെ കർഷകരുടെ ഇരട്ടിയായ വരുമാനമെന്ന് ഖാർഗെ ചോദിച്ചു.

ഇപ്പോൾ അദ്ദേഹം വീണ്ടും പറയുന്നു മോദിയുടെ ഗ്യാരണ്ടിയെന്ന്. എന്താണ് മോദിയുടെ ഗ്യാരണ്ടി. അദ്ദേഹം നടപ്പിൽവരുത്തുമെന്ന് പറഞ്ഞ വാഗ്ദാനങ്ങൾ നടപ്പിലാക്കാതിരിക്കുക എന്നതാണ് മോദിയുടെ ഗ്യാരണ്ടി. വോട്ടർമാരിൽ നിന്ന് കോൺഗ്രസിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഇതിനെ മോദി ഭയക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം നിരന്തരം കോൺഗ്രസിനെ വിമർശിച്ചുകൊണ്ടിരിക്കുന്നത്. കോൺഗ്രസ് ഒന്നുമല്ലെങ്കിൽ പിന്നെ എന്തിനാണ് മോദി നിരന്തരം കോൺഗ്രസിനെ വിമർശിക്കുന്നത്. അഴിമതിയോട് സന്ധി ചെയ്യില്ലെന്നു പറയുകയും മറുവശത്ത് അഴിമതിക്കാരായവരെ പാർട്ടിയിലേക്ക് ചേർക്കുകയും ചെയ്യുന്നു. ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. അഴിമതിയോട് സന്ധി ചെയ്യില്ലെന്ന് പറയുന്നവർ മറുവശത്ത് അഴിമതിക്കാരായവരെ പാർട്ടിയിലേക്ക് ചേർക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊല്ലം: ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് കേരളത്തിൽ ചരിത്ര വിജയം നേടുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. യുഡിഎഫ് ഇരുപതിൽ ഇരുപത് സീറ്റും നേടുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ എല്ലാ നിയന്ത്രണവും വിട്ടുകൊണ്ടുള്ള പ്രചരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നേതൃത്വത്തിൽ നടക്കുന്നത്. രാഹുൽ ഗാന്ധിക്കെതിരെ പി.വി. അൻവർ നടത്തിയ അത്യന്തംഹീനമായ പ്രസ്താവന മുഖ്യമന്ത്രി ന്യായീകരിച്ചു. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് ഹീനവും ക്രൂരവും നിലവാരവും ഇല്ലാത്ത പ്രസ്താവന രാഹുൽ ഗാന്ധിക്കെതിരെ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

മര്യാദയ്ക്ക് ജീവിക്കുന്ന ആളുകളുടെ വീടിന് മുന്നിലേക്ക് കള്ള് വാങ്ങിക്കൊടുത്ത് ചട്ടമ്പികളെ അയച്ച് അസഭ്യവർഷം നടത്തുന്നതിന്റെ ആധുനിക കാലത്ത് പുനരവതരണമാണ് പി.വി അൻവറിലൂടെ പിണറായി വിജയൻ നിർവഹിച്ചിരിക്കുന്നതെന്നും സതീശൻ പറഞ്ഞു. വാക്കത്തിയോടും കോടാലിയോടുമല്ല, അത് ഉപയോഗിച്ച് വെട്ടുന്നവരോടാണ് പോരാടോണ്ടത്. അതുകൊണ്ട് പിണറായി വിജയനോടാണ് പോരാടേണ്ടത്. ചിലർക്ക് നെഗറ്റീവ് വാർത്ത ആയാലും മാധ്യമങ്ങളിൽ നിറഞ്ഞു നിന്നാൽ മതിയെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

രാഹുൽ ഗാന്ധിയെ മാത്രമല്ല ആ കുടുംബത്തെ ഒന്നാകെയാണ് സിപിഎം അപമാനിച്ചത്. രാജീവ് ഗാന്ധിയോടും സോണിയ ഗാന്ധിയോടുമുള്ള ക്രൂരമായ അപമാനമാണിത്. ഇതേ അൻവറിനെ ഉപയോഗിച്ച് പിണറായി വിജയൻ തനിക്കെതിരെയും 150 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസ് കോടതി കൊട്ടയിലിട്ടു. ആർക്കെതിരെയും എന്തും പറയിപ്പിക്കാവുന്ന ആയുധമാണ് അൻവർ. അയാളെ ഞാൻ ഒന്നും പറയുന്നില്ല. കാരണം മുഖ്യമന്ത്രിയാണ് ഇതിനൊക്കെ പിന്നിൽ പ്രവർത്തിച്ചതെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

പ്ലാസ്മോഡിയം വിഭാഗത്തിൽപ്പെട്ട ഒരു ഏകകോശ പരാദമാണ് മലമ്പനിക്ക് കാരണം. ഫാൽസിപാറം മൂലമുള്ള രോഗബാധ തലച്ചോറിനെ ബാധിക്കുന്ന സെറിബ്രൽ മലേറിയ പോലെയുള്ള ഗുരുതര മലമ്പനിക്കും അതുമൂലമുള്ള മരണത്തിനും കാരണമാകാൻ സാധ്യതയുള്ളതാണ്. മലമ്പനി പ്രധാനമായും പെൺ വിഭാഗത്തിൽപ്പെട്ട അനോഫിലിസ് കൊതുകുകളാണ് പകർത്തുന്നത്.

പനിയോടൊപ്പം ശക്തമായ കുളിരും, തലവേദനയും പേശി വേദനയുമാണ് പ്രാരംഭ ലക്ഷണം. വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ, ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നുദിവസം കൂടുമ്പോഴോ ആവർത്തിക്കുന്നത് മലമ്പനിയുടെ മാത്രം പ്രത്യേക ലക്ഷണമായി കരുതാം. ഇതോടൊപ്പം മനംപുരട്ടൽ, ഛർദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം എന്നിവയും ഉണ്ടാകാം. പനി, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങൾ മാത്രമായും മലമ്പനി കാണാറുണ്ട്.

കൊതുകുകടി ഏൽക്കാതിരിക്കുവാനായി വ്യക്തിഗത സുരക്ഷാമാർഗങ്ങൾ സ്വീകരിക്കുകയാണ് പ്രധാനം. മലമ്പനിയ്ക്ക് കാരണമാകുന്ന കൊതുകുകൾ ശുദ്ധ ജലത്തിൽ മുട്ടയിട്ട് വളരുന്നതിനാൽ വീടിനുള്ളിലും പരിസരങ്ങളിലും വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കുക.

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രഫ. കെ.ആലിക്കുട്ടി മുസല്യാർ, ട്രഷറർ പി.പി.ഉമ്മർ മുസല്യാർ കൊയ്യോട്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം ടി.അബ്ദുല്ല മുസല്യാർ എന്നിവർ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

സമസ്തയും മുസ്ലിം ലീഗും തമ്മിലും അണികൾ തമ്മിലുമുള്ള പ്രത്യേക ബന്ധത്തിനു തകരാറുണ്ടാക്കുകയും തെറ്റിദ്ധാരണകൾ പരത്തുകയും ചെയ്യുന്ന അനാവശ്യ പ്രചാരണങ്ങൾ എല്ലാവരും ഒഴിവാക്കണമെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.