Kerala (Page 1,175)

പാലക്കാട്: സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കാറിൽ കൊണ്ടു പോയത് വിജിലൻസെന്ന് റിപ്പോർട്ട്. പാലക്കാട് വിജിലൻസ് യൂണിറ്റാണ് സ്വപ്നയുടെ ഫ്‌ളാറ്റിലെത്തി സരിത്തിനെ കസ്റ്റഡിയിലെടുത്തതെന്നാണ് പുറത്തുവരുന്ന വിവരം. ലൈഫ് മിഷൻ കേസിൽ മൊഴിയെടുക്കാൻ# വേണ്ടിയാണ് സരിത്തിനെ കൊണ്ടുപോയതെന്നാണ് സൂചന.

അതേസമയം, വിജിലൻസ് ആണെങ്കിൽ കൂടിയും എന്തുകൊണ്ട് നോട്ടീസ് നൽകിയില്ലയെന്നാണ് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ചോദിക്കുന്നത്. ഇതുവരെ ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും ലൈഫ് മിഷൻ കേസാണെങ്കിൽ വിജിലൻസ് ആദ്യം കൊണ്ടു പോകേണ്ടത് എം ശിവശങ്കറിനെയാണെന്നും സ്വപ്ന അറിയിച്ചു.

തന്റെ ഫ്‌ളാറ്റിൽ നിന്നും സരിത്തിനെ ഒരു സംഘമാളുകൾ തട്ടിക്കൊണ്ടുപോയതെന്ന് ബുധനാഴ്ച്ച രാവിലെയാണ് സ്വപ്ന വെളിപ്പെടുത്തിയത്. പൊലീസാണെന്ന് പറഞ്ഞാണ് അവരെത്തിയതെങ്കിലും യൂണിഫോമോ ഐ ഡി കാർഡോ ഉണ്ടായിരുന്നില്ലെന്നും സ്വപ്‌ന പറഞ്ഞു. രാവിലെ മാദ്ധ്യമങ്ങളെ കണ്ടതിന് പിന്നാലെയാണ് സംഘമെത്തി സരിത്തിനെ തട്ടികൊണ്ടുപോയതെന്നും സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. അതേസമയം, സംഭവത്തിന് പിന്നാലെ പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഫ്‌ലാറ്റിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടുണ്ട്.

കൊച്ചി: 2016 മുതൽ 2022 ജനുവരി വരെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചത് ഒൻപത് വിദേശരാജ്യങ്ങൾ. വിവരാവകാശ രേഖയിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഫ്രാൻസ്, യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ, സ്വിറ്റ്സർലാൻഡ്, യുഎഇ, ബഹ്റൈൻ, അമേരിക്ക, നെതർലാൻഡ്സ് തുടങ്ങിയ രാജ്യങ്ങളിലാണ് മുഖ്യമന്ത്രി സന്ദർശനം നടത്തിയത് എന്ന് വിവരാവകാശ രേഖയിൽ പറയുന്നു. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ ഗോവിന്ദൻ നമ്പൂതിരിക്ക് ഭരണ വകുപ്പ് നൽകിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.

അതേസമയം, മുഖ്യമന്ത്രിയുടെ വിദേശ പര്യടനത്തിനുശേഷം കേരളത്തിൽ നിക്ഷേപം നടത്തിയ വിദേശ കമ്പനികളുടെ എണ്ണത്തെക്കുറിച്ചും വിവരങ്ങളെ കുറിച്ചും ചോദിച്ചുകൊണ്ടുള്ള ഗോവിന്ദൻ നമ്പൂതിരിയുടെ വിവരാവകാശ രേഖയ്ക്ക് പൊതുഭരണ വകുപ്പ് മറുപടി നൽകിയിട്ടില്ല.

2016 മെയ്‌ മുതൽ 2022 ജനുവരി 31 വരെയുള്ള ഈ കാലയളവിൽ നിക്ഷേപം നടത്തിയ കമ്പനികളുടെ പേര്, ഇക്കാലയളവിൽ സൃഷ്ടിച്ച നിക്ഷേപം എത്ര, ലഭിച്ച തൊഴിലവസരങ്ങൾ എത്ര തുടങ്ങിയ ചോദ്യങ്ങൾക്കും മറുപടി ലഭിച്ചിട്ടില്ല.

ഇതിനുപുറമേ, മുഖ്യമന്ത്രിയുടെ ഉപദേശകർ എത്ര തവണ വിദേശരാജ്യങ്ങൾ സന്ദർശിച്ചു എന്ന ചോദ്യത്തിനും മറുപടി കിട്ടിയിട്ടില്ല.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരണവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും ഇക്കാര്യത്തിൽ സിപിഐഎം പോളിറ്റ് ബ്യൂറോ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ആത്മാഭിമാനമുണ്ടെങ്കിൽ സ്വപ്ന സുരേഷിന്റെ ആരോപണത്തെ അതിജീവിക്കാൻ പിണറായിക്ക് കഴിയണം. അതുവരെ പൊതുരംഗത്തുനിന്ന് മാറിനിക്കാനുള്ള സാമാന്യ ജനാധിപത്യ വിവേകമെങ്കിലും മുഖ്യമന്ത്രി കാണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെടുന്ന ഒരാളിന്റെ ബോധത്തിനും ബോധ്യങ്ങൾക്കുമനുസരിച്ചുള്ള തീരുമാനങ്ങൾക്ക് കേരളം കാത്തിരിക്കേണ്ട കാര്യമില്ല. കൊലപാതകങ്ങളും കള്ളക്കടത്തും ഭരണത്തിന്റെ മറപിടിച്ചു തുടർന്ന് പോകുന്നത് ഇനിയും വകവെച്ചു തരാൻ ഈ നാടിന് മനസ്സില്ല. ബിജെപി സംസ്ഥാന പ്രസിഡന്റുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ ഇതുവരെയും പിടിക്കപ്പെടാതെ പോകാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞു. പക്ഷെ സത്യം എക്കാലവും മൂടിവെക്കാൻ ആർക്കും കഴിയില്ലല്ലോ. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ജീവന് തുല്യം സ്‌നേഹിക്കുന്ന കുടുംബങ്ങൾ പിണറായി വിജയന്റെ കാപട്യത്തെ ഇനിയെങ്കിലും മനസ്സിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സ്വന്തം വീടുകളിൽ നിന്ന് നിങ്ങളെയടക്കം വലിച്ചിഴച്ചു പുറത്തിട്ട നരാധമനായ ഭരണാധികാരി, സ്വന്തം കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താൻ ചെയ്യുന്ന മാഫിയ പ്രവർത്തനങ്ങൾ നിങ്ങൾ തന്നെ വിലയിരുത്തണം. ലോകത്തിന് മുന്നിൽ മലയാളി സമൂഹത്തെ ഒന്നാകെ തലകുനിപ്പിച്ച പിണറായി വിജയൻ സർക്കാരിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പോരാട്ടത്തിനിറങ്ങുകയാണെന്നും അദ്ദേഹം അറിയിച്ചു.

ഒരു മുഖ്യമന്ത്രിയും ഇതുവരെ സ്വർണക്കള്ളക്കടത്ത് കേസിൽ പ്രതിയായിട്ടില്ല. കോടികൾ അടിച്ചുമാറ്റിപോയിട്ടുണ്ട്, ദുർവിനിയോഗം കാട്ടിയിട്ടുണ്ട്, അഴിമതി കാണിച്ചിട്ടുണ്ട്. പക്ഷേ സ്വർണക്കള്ളക്കടത്ത് കേസിൽ ഒരു മുഖ്യമന്ത്രി പങ്കാളിയാകുന്നത് ഇതാദ്യത്തെ സംഭവമാണ്. ബിരിയാണി പാത്രത്തിൽ ഭാരമുള്ള സാധനം കൊണ്ടുവന്നു എന്നാണ് സ്വപ്ന പറഞ്ഞത്. ഒരു മുഖ്യമന്ത്രി ബിരിയാണി പാത്രത്തിൽ സ്വർണം കടത്തിയെന്ന് ആദ്യമായി കേൾക്കുകയാണ്. ഇതിനേക്കാൾ അപമാനകരമായ സംഭവം ഉണ്ടാകുമോ എന്ന് ഈ നാട് ആലോചിക്കേണ്ടതാണെന്നും കെ സുധാകരൻ ചൂണ്ടിക്കാട്ടി.

സ്വപ്നയുടെ വെളിപ്പെടുത്തൽ വരുമ്പോൾ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ഈ അഴിമതിക്കേസിൽ പങ്കുണ്ടാകുമെന്ന് കേരളത്തിലെ ജനങ്ങളാരും വിശ്വസിച്ചിരുന്നില്ല. എന്നാൽ സ്വപ്ന സുരേഷിന്റെ 164 മൊഴിയും മാദ്ധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലും സത്യാവസ്ഥ തുറന്നുപറച്ചിലും കേരളത്തിലെ ജനങ്ങളെ മാത്രമല്ല, ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തെ മുഴുവൻ ഭയപ്പെടുത്തിയിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ സാധിക്കുമോ എന്ന് കമ്യൂണിസ്റ്റ് പാർട്ടി തീരുമാനിക്കണം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇന്നേവരെ ഒരു മുഖ്യമന്ത്രിയും ഇതുപോലെ ഭീകരമായ അഴിമതിക്കേസിൽ പ്രതിയായി ജനങ്ങൾക്ക് മുന്നിൽ തലകുനിച്ച് നിന്നിട്ടില്ല. അതുകൊണ്ട് തന്നെ ആത്മാഭിമാനം ഉണ്ടെങ്കിൽ സ്വപ്ന സുരേഷിന്റെ ആരോപണം അതിജീവിക്കും വരെ പൊതുരംഗത്ത് നിന്ന് മാറിനിൽക്കാനുള്ള സാമാന്യ ജനാധിപത്യവിവേകം അദ്ദേഹം കാണിക്കണം. മുഖ്യമന്ത്രി ആ സ്ഥാനത്ത് തുടരുന്നത് ആ കസേരക്കും ജനാധിപത്യസംവിധാനത്തിനും അപമാനമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

കോട്ടയം: സരിതയെ തനിക്ക് എട്ടുകൊല്ലമായി അറിയാമെന്ന് പി സി ജോർജ്. തന്നെ നശിപ്പിച്ച രാഷ്ട്രീയ നരാധമൻമാർക്കെതിരേ പോരാടുന്ന പെൺകുട്ടിയാണ് സരിതയെന്ന് അദ്ദേഹം പറഞ്ഞു. സരിതാ നായരും പി സി ജോർജുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്. സരിതയെ കൊച്ചുമകളെന്ന നിലയിൽ ‘ചക്കരക്കൊച്ചേ’യെന്നാണ് വിളിക്കുന്നതെന്നും താനുമായി നല്ല ബന്ധമാണെന്നും പി സി ജോർജ് അറിയിച്ചു. വാർത്താ സമ്മേളനം നടത്തിയാണ് പി സി ജോർജ് ഇക്കാര്യം വ്യക്തമാക്കിയത്.

സരിതയുമായുള്ള ഫോൺ സംഭാഷണത്തിനിടെ സ്വപ്ന സുരേഷിനെ കുറിച്ച് നടത്തിയ പരാമർശത്തെ കുറിച്ചും പി സി ജോർജ് വിശദീകരിച്ചു. സ്വപ്ന തന്നെ തൈക്കാട് ഗസ്റ്റ് ഹൗസിൽ ഫെബ്രുവരി മാസം കാണാൻ വന്നിരുന്നു. നടന്ന സംഭവങ്ങളെല്ലാം എഴുതി നൽകിയെന്നും എഴുത്ത് വായിച്ചപ്പോൾ ഏറെ വിഷമം തോന്നിയെന്നും സ്വപ്നയുടെ കത്ത് പുറത്തുവിട്ടുകൊണ്ട് പി സി ജോർജ് അറിയിച്ചു.

സ്വർണക്കടത്ത് കേസിൽ ഒന്നാംപ്രതിയാകേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് കറൻസി കടത്തിയതും അതേ ബാഗിൽ തിരിച്ചുവരുമ്പോൾ സ്വർണം കടത്തിയതും. 30 കിലോ സ്വർണമാണ് പിടിച്ചത്. എന്നിട്ട് പ്രതിയായത് ശിവശങ്കറും സരിത്തുമെല്ലാമാണ്. മുഖ്യന്ത്രിയാണ് പ്രതിയാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരണവുമായി അഡ്വക്കേറ്റ് എ ജയശങ്കർ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കുടുംബത്തിനും ഓഫീസിനുമെതിരെ ഉയർന്നതിലും വഷളായ ആരോപണങ്ങളാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ഉയരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കൊടുത്താൽ പുതുപ്പളളിയിൽ മാത്രമല്ല ധർമ്മടത്തും കിട്ടുമെന്നും ജയശങ്കർ പരിഹസിച്ചു. സ്വർണക്കടത്തിനെക്കുറിച്ച് മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും മറ്റ് ഉന്നതർക്കുമെതിരെ സ്വപ്ന സുരേഷ് ഗുരുതര വെളിപ്പെടുത്തലുകളാണ് നടത്തിയത്. പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ വിജയൻ, മുൻമന്ത്രി കെ.ടി ജലീൽ, എം.ശിവശങ്കർ, സി.എം രവീന്ദ്രൻ, നളിനി നെറ്റോ എന്നിവർക്കെതിരെ മൊഴി നൽകിയെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ.

മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ വിദേശസന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന് സ്വപ്ന വ്യക്തമാക്കി. ഈ സമയത്ത് കറൻസിയടങ്ങിയ ഒരു ബാഗ് മറന്നതുമായി ബന്ധപ്പെട്ടാണ് ആദ്യമായി ശിവശങ്കറുമായി ബന്ധമുണ്ടാകുന്നതെന്നുും സ്വപ്ന പറഞ്ഞു. കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമാണ് സ്വപ്ന മാദ്ധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.

അഡ്വക്കേറ്റ് എ ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

സ്വർണ്ണ ചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കിൽ ഞാൻ…
ഉമ്മൻചാണ്ടിയുടെ ഓഫീസിനും കുടുംബത്തിനുമെതിരെ ഉയർന്നതിലും വഷളായ ആരോപണങ്ങൾ പിണറായി വിജയന്റെ ഓഫീസിനും കുടുംബത്തിനുമെതിരെ.
കൊടുത്താൽ പുതുപ്പള്ളിയിൽ മാത്രമല്ല ധർമ്മടത്തും കിട്ടും

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന ആയുർവേദ തെറാപ്പിസ്റ്റ് ട്രെയിനി (വനിത) തസ്തികയിൽ ഒഴിവ്. രണ്ട് ഒഴിവുകളാണുള്ളത്. ദിവസവേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് നിയമനം നടത്തും.

താത്പര്യമുള്ളവർ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മേൽവിലാസം എക്സ്പീരിയൻസ്, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ ഒറിജിനൽ പകർപ്പ് എന്നിവ സഹിതം ജൂൺ 14 ന് രാവിലെ 11 ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ എത്തണം. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തുന്ന ആയുർവേദ തെറാപ്പി കോഴ്സ് വിജയിച്ചിരിക്കണം. രജിസ്ട്രേഷൻ രാവിലെ 10 മണിയ്ക്ക് ആരംഭിക്കും.

തിരുവനന്തപുരം: തിരുവനന്തപുരം ശാന്തിനഗറിലെ പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു റിസർച്ച് ഫെലോയുടെ താൽക്കാലിക ഒഴിവുണ്ട്. ഒരു വർഷത്തേക്കാണ് കരാർ നിയമനം. 20,000 രൂപയാണ് പ്രതിമാസ വേതനം. മാനവിക വിഷയങ്ങളിൽ 50 ശതമാനത്തിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രായം 01.01.2022ന് 35 വയസ് കവിയരുത് (എസ്.സി./എസ്.ടി, ഒ.ബി.സി വിഭാഗത്തിലുള്ളവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും).

മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഭാഷാ പരിജ്ഞാനവും, കമ്പ്യൂട്ടർ പരിജ്ഞാനവും അഭിലഷണീയ യോഗ്യതകളാണ്. പ്രോജക്ടുകളിലും, ഗവേഷണ പ്രവൃത്തികളിലുമുള്ള പരിചയം അധിക യോഗ്യതയായി പരിഗണിക്കും. താത്പര്യമുള്ളവർ ജൂൺ 23 ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് അപേക്ഷയും, വിശദമായ ബയോഡേറ്റയും, പ്രായം വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ അയയ്ക്കണം.

അപേക്ഷകൾ രജിസ്ട്രാർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ്, ബിൽഡിംഗ് നം.32, ടി.സി.81-1051, ശാന്തിനഗർ, തിരുവനന്തപുരം -695001, എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 0471-2339266, വിശദാംശങ്ങൾക്ക് www.ipaffairs.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ കൂടിയ സാഹചര്യത്തില്‍ പരിശോധനകളും നടപടികളും ശക്തമാക്കി മോട്ടോര്‍ വാഹനവകുപ്പ്. ഹെല്‍മെറ്റ് ധരിക്കാതെയുള്ള യാത്രയുള്‍പ്പെടെ ചെറിയ നിയമലംഘനങ്ങള്‍ക്കുപോലും ഡ്രൈവിങ് ലൈസന്‍സ് മരവിപ്പിക്കുന്നതടക്കം കടുത്ത നടപടികളെടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ.മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാലവര്‍ഷം കനക്കുന്നതോടെ വാഹനാപകടങ്ങള്‍ കൂടാനുള്ള സാഹചര്യംകൂടി കണക്കിലെടുത്താണ് നടപടി.

ഇരുചക്രവാഹനങ്ങളില്‍ ഒരേസമയം മൂന്നുപേര്‍ സഞ്ചരിക്കുക, ഹെല്‍മെറ്റ് ധരിക്കാതിരിക്കുക, അമിതവേഗത്തില്‍ വാഹനം ഓടിക്കുക, ചുവപ്പ് സിഗ്‌നല്‍ തെറ്റിച്ചു ഡ്രൈവ് ചെയ്യുക, ഉദ്യോഗസ്ഥര്‍ പരിശോധിക്കാനൊരുങ്ങുമ്പോള്‍ വാഹനം നിര്‍ത്താതെപോവുക, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, മദ്യപിച്ച് ഡ്രൈവ് ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കുക മാത്രമല്ല ലൈസന്‍സ് മരവിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരം: ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനല്ല മുൻഗണനയെന്ന് കെഎസ്ആർടിസി. ഹൈക്കോടതിയിലാണ് കെഎസ്ആർടിസി ഇക്കാര്യം അറിയിച്ചത്. ജീവനക്കാർ കൃത്യമായി ജോലി ചെയ്യാത്തത് ഉത്പാദന ക്ഷമത കുറയാൻ കാരണമാണെന്നും കെഎസ്ആർടിസി വ്യക്തമാക്കി. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകണമെന്ന സ്വകാര്യ ഹർജിക്കെതിരെ നൽകിയ സത്യവാങ്മൂലത്തിലാണ് കെഎസ്ആർടിസി ഇക്കാര്യം വ്യക്തമാക്കുന്നത്.

ജനങ്ങൾക്ക് പൊതുഗതാഗത സൗകര്യം ഒരുക്കുന്നതിനാണ് പ്രഥമ പരിഗണന. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണെങ്കിലും നിത്യചെലവിന് പണം തികയുന്നില്ല. 600 ബസുകൾ കട്ടപ്പുറത്താണ്. ഇവ നിരത്തിലിറക്കണമെങ്കിൽ ജീവനക്കാർക്ക് 12 മണിക്കൂർ ഡ്യൂട്ടി ഏർപ്പെടുത്തേണ്ട സാഹചര്യമാണെന്ന് കെഎസ്ആർടിസി ചൂണ്ടിക്കാട്ടി.

കെഎസ്ആർടിസിയെ രക്ഷപ്പെടുത്താൻ പരിഷ്‌കാരങ്ങൾ കൊണ്ടു വരുമ്പോൾ ജീവനക്കാർ എതിർക്കുകയാണ്. സ്ഥാപനത്തിനൊപ്പം നിൽക്കുന്നതിന് പകരം മാനേജ്‌മെന്റിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. പരിഷ്‌കാരങ്ങൾ നടപ്പാക്കിയാൽ ഒക്ടോബർ മാസത്തോടെ പ്രതിമാസം 200 കോടി രൂപ ടിക്കറ്റ് വരുമാനത്തിലൂടെ കണ്ടെത്താൻ കഴിയുമെന്നും കെഎസ്ആർടിസി അറിയിച്ചു.

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കെതിരെ സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തലുകളെ പരിഹസിച്ച് മുൻമന്ത്രിയും എംഎൽഎയുമായ കെ ടി ജലീൽ. സന്തോഷ്ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒപ്പംവന്നിട്ടും മഞ്ചേരിയിലേക്ക് വാപ്പ കളികാണാൻ പോയിട്ടില്ല, എന്നിട്ടാണ് ഇപ്പോ’ എന്നാണ് ജലീലിന്റെ പരിഹാസം. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സ്വർണക്കടത്തിനെക്കുറിച്ച് മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും മറ്റ് ഉന്നതർക്കുമെതിരെ സ്വപ്‌ന സുരേഷ് ഗുരുതര വെളിപ്പെടുത്തലുകളാണ് നടത്തിയത്. പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ വിജയൻ, മുൻമന്ത്രി കെ.ടി ജലീൽ, എം.ശിവശങ്കർ, സി.എം രവീന്ദ്രൻ, നളിനി നെറ്റോ എന്നിവർക്കെതിരെ മൊഴി നൽകിയെന്നായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തൽ.

മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ വിദേശസന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന് സ്വപ്‌ന വ്യക്തമാക്കി. ഈ സമയത്ത് കറൻസിയടങ്ങിയ ഒരു ബാഗ് മറന്നതുമായി ബന്ധപ്പെട്ടാണ് ആദ്യമായി ശിവശങ്കറുമായി ബന്ധമുണ്ടാകുന്നതെന്നുും സ്വപ്‌ന പറഞ്ഞു. കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമാണ് സ്വപ്‌ന മാദ്ധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം സ്വപ്‌നയുടെ വെളിപ്പെടുത്തലിനെ പരിഹസിച്ചു കൊണ്ടുള്ള ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് മറുപടിയുമായെത്തി. ‘ബിരിയാണി ചെമ്പ്’ വരുന്ന ദിവസമായാൽ ആരായാലും പുറത്തുപോകില്ലെന്നായിരുന്നു ഫിറോസിന്റെ പരാമർശം.