ഒരു മുഖ്യമന്ത്രി ബിരിയാണി പാത്രത്തിൽ സ്വർണം കടത്തിയെന്ന് ആദ്യമായി കേൾക്കുകയാണ്; രൂക്ഷ വിമർശനവുമായി കെ സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരണവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും ഇക്കാര്യത്തിൽ സിപിഐഎം പോളിറ്റ് ബ്യൂറോ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ആത്മാഭിമാനമുണ്ടെങ്കിൽ സ്വപ്ന സുരേഷിന്റെ ആരോപണത്തെ അതിജീവിക്കാൻ പിണറായിക്ക് കഴിയണം. അതുവരെ പൊതുരംഗത്തുനിന്ന് മാറിനിക്കാനുള്ള സാമാന്യ ജനാധിപത്യ വിവേകമെങ്കിലും മുഖ്യമന്ത്രി കാണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെടുന്ന ഒരാളിന്റെ ബോധത്തിനും ബോധ്യങ്ങൾക്കുമനുസരിച്ചുള്ള തീരുമാനങ്ങൾക്ക് കേരളം കാത്തിരിക്കേണ്ട കാര്യമില്ല. കൊലപാതകങ്ങളും കള്ളക്കടത്തും ഭരണത്തിന്റെ മറപിടിച്ചു തുടർന്ന് പോകുന്നത് ഇനിയും വകവെച്ചു തരാൻ ഈ നാടിന് മനസ്സില്ല. ബിജെപി സംസ്ഥാന പ്രസിഡന്റുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ ഇതുവരെയും പിടിക്കപ്പെടാതെ പോകാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞു. പക്ഷെ സത്യം എക്കാലവും മൂടിവെക്കാൻ ആർക്കും കഴിയില്ലല്ലോ. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ജീവന് തുല്യം സ്‌നേഹിക്കുന്ന കുടുംബങ്ങൾ പിണറായി വിജയന്റെ കാപട്യത്തെ ഇനിയെങ്കിലും മനസ്സിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സ്വന്തം വീടുകളിൽ നിന്ന് നിങ്ങളെയടക്കം വലിച്ചിഴച്ചു പുറത്തിട്ട നരാധമനായ ഭരണാധികാരി, സ്വന്തം കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താൻ ചെയ്യുന്ന മാഫിയ പ്രവർത്തനങ്ങൾ നിങ്ങൾ തന്നെ വിലയിരുത്തണം. ലോകത്തിന് മുന്നിൽ മലയാളി സമൂഹത്തെ ഒന്നാകെ തലകുനിപ്പിച്ച പിണറായി വിജയൻ സർക്കാരിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പോരാട്ടത്തിനിറങ്ങുകയാണെന്നും അദ്ദേഹം അറിയിച്ചു.

ഒരു മുഖ്യമന്ത്രിയും ഇതുവരെ സ്വർണക്കള്ളക്കടത്ത് കേസിൽ പ്രതിയായിട്ടില്ല. കോടികൾ അടിച്ചുമാറ്റിപോയിട്ടുണ്ട്, ദുർവിനിയോഗം കാട്ടിയിട്ടുണ്ട്, അഴിമതി കാണിച്ചിട്ടുണ്ട്. പക്ഷേ സ്വർണക്കള്ളക്കടത്ത് കേസിൽ ഒരു മുഖ്യമന്ത്രി പങ്കാളിയാകുന്നത് ഇതാദ്യത്തെ സംഭവമാണ്. ബിരിയാണി പാത്രത്തിൽ ഭാരമുള്ള സാധനം കൊണ്ടുവന്നു എന്നാണ് സ്വപ്ന പറഞ്ഞത്. ഒരു മുഖ്യമന്ത്രി ബിരിയാണി പാത്രത്തിൽ സ്വർണം കടത്തിയെന്ന് ആദ്യമായി കേൾക്കുകയാണ്. ഇതിനേക്കാൾ അപമാനകരമായ സംഭവം ഉണ്ടാകുമോ എന്ന് ഈ നാട് ആലോചിക്കേണ്ടതാണെന്നും കെ സുധാകരൻ ചൂണ്ടിക്കാട്ടി.

സ്വപ്നയുടെ വെളിപ്പെടുത്തൽ വരുമ്പോൾ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ഈ അഴിമതിക്കേസിൽ പങ്കുണ്ടാകുമെന്ന് കേരളത്തിലെ ജനങ്ങളാരും വിശ്വസിച്ചിരുന്നില്ല. എന്നാൽ സ്വപ്ന സുരേഷിന്റെ 164 മൊഴിയും മാദ്ധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലും സത്യാവസ്ഥ തുറന്നുപറച്ചിലും കേരളത്തിലെ ജനങ്ങളെ മാത്രമല്ല, ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തെ മുഴുവൻ ഭയപ്പെടുത്തിയിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ സാധിക്കുമോ എന്ന് കമ്യൂണിസ്റ്റ് പാർട്ടി തീരുമാനിക്കണം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇന്നേവരെ ഒരു മുഖ്യമന്ത്രിയും ഇതുപോലെ ഭീകരമായ അഴിമതിക്കേസിൽ പ്രതിയായി ജനങ്ങൾക്ക് മുന്നിൽ തലകുനിച്ച് നിന്നിട്ടില്ല. അതുകൊണ്ട് തന്നെ ആത്മാഭിമാനം ഉണ്ടെങ്കിൽ സ്വപ്ന സുരേഷിന്റെ ആരോപണം അതിജീവിക്കും വരെ പൊതുരംഗത്ത് നിന്ന് മാറിനിൽക്കാനുള്ള സാമാന്യ ജനാധിപത്യവിവേകം അദ്ദേഹം കാണിക്കണം. മുഖ്യമന്ത്രി ആ സ്ഥാനത്ത് തുടരുന്നത് ആ കസേരക്കും ജനാധിപത്യസംവിധാനത്തിനും അപമാനമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.