രഹസ്യമൊഴി പൊതുരേഖയല്ല; സ്വപ്നയുടെ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിതാ നായർ നൽകിയ ഹർജി തളളി ഹൈക്കോടതി

കൊച്ചി: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിതാ നായർ നൽകിയ ഹർജി തളളി ഹൈക്കോടതി. ജസ്റ്റീസ് കൗസർ എടപ്പഗമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. രഹസ്യമൊഴി പൊതുരേഖയല്ലെന്ന ചൂണ്ടിക്കാട്ടിയാണ് കോടതി സരിതയുടെ ഹർജി തള്ളിയത്.

മുഖ്യമന്ത്രിയ്ക്കും കുടുംബാഗങ്ങൾക്കുമെതിരെ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്നാവശ്യപ്പെട്ട് സരിത കോടതിയെ സമീപിച്ചത്. തനിക്കെതിരെ ഇതിൽ പരാമർശമുണ്ടെന്നായിരുന്നു സരിത പറഞ്ഞിരുന്നത്. സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ എന്തവകാശമുണ്ടെന്ന് സരിത എസ് നായരോട് ഹൈക്കോടതി ചോദിച്ചു. കേസുമായി ബന്ധമില്ലാത്ത ആൾക്കെങ്ങനെ രഹസ്യമൊഴിപ്പകർപ്പ് ആവശ്യപ്പെടാനാകുമെന്നും കോടതി ചോദിക്കുന്നു.

അതേസമയം, കോടതി അനുവദിച്ചാൽ മുദ്രവച്ച കവറിൽ രഹസ്യമൊഴി സുപ്രീംകോടതിക്ക് നൽകാമെന്ന് ഇഡി രേഖാമൂലം കോടതിയെ അറിയിച്ചിട്ടുണ്ട്.. സ്വർണ്ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഹർജിയിലാണ് ഇഡി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ എൻഫോഴ്‌സ്‌മെന്റ് ട്രാൻസ്ഫർ ഹർജി നൽകിയത്.