ഈ പച്ചക്കറികളിലെല്ലാംഉഗ്രവിഷ സാന്നിദ്ധ്യം; കാർഷിക സർവകലാശാല സാമ്പിൾ പരിശോധനാ ഫലം പുറത്ത്

തൃശൂർ: പൊതുവിപണിയിലെ പച്ചക്കറി ഇനങ്ങളിൽ കുമിൾ-കീടനാശിനി സാന്നിദ്ധ്യം ഇരട്ടിയായെന്ന് കാർഷിക സർവകലാശാല സാമ്പിൾ പരിശോധനാ ഫലം. 2021 ഏപ്രിൽ-സെപ്റ്റംബറിൽ 25.74 ശതമാനം സാമ്പിളുകളിൽ കണ്ടെത്തിയ കീടനാശിനി സാന്നിദ്ധ്യം ഒക്ടോബർ-മാർച്ചിൽ 47.62 ശതമാനം ഇനങ്ങളിലുമെത്തിയെന്നാണ് പരിശോധനാ ഫലത്തിൽ വ്യക്തമായിട്ടുള്ളത്. വെണ്ടയ്ക്ക, മുരിങ്ങയ്ക്ക, ഉള്ളി, കാരറ്റ്, തക്കാളി, കറിവേപ്പില, മല്ലിയില, പച്ചമുളക് എന്നിവയിലെ 40-70ശതമാനം സാമ്പിളിലും അനുവദനീയ പരിധിയിൽ കൂടുതൽ കുമിൾ-കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയുണ്ട്.

പച്ചമുളകിൽ എത്തയോൺ, തക്കാളിയിൽ മെറ്റാലാക്സിൽ, മുരിങ്ങക്കയിൽ അസറ്റാമിപ്രിഡ്, കാരറ്റിൽ ക്ളോർപൈറിഫോസ് തുടങ്ങിയ ഉഗ്രവിഷങ്ങളാണ് കണ്ടെത്തിയത്. ഇതിന് പുറമെ, ഏലക്കയിലും ചതച്ച മുളക്, ജീരകം, കസൂരിമേത്തി, കാശ്മീരി മുളക് എന്നിവയിലുമൊക്കെ 44.93 ശതമാനത്തോളം കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തി. ജൈവമെന്ന പേരിലുള്ള സ്ഥാപനങ്ങളിലെ ബീൻസ്, ഉലുവയില, പാഴ്സലി, സാമ്പാർ മുളക്, കാരറ്റ്, സലാഡ് വെള്ളരി, പാവയ്ക്ക എന്നിവയിൽ 30-50 ശതമാനത്തിലും വിഷാംശമുണ്ട്. പഴങ്ങളിൽ ഏറ്റവും അധികം കീടനാശിനി സാന്നിദ്ധ്യമുള്ളത് ആപ്പിളിലും മുന്തിരിയിലുമാണ്.

അതേസമയം കായ, നേന്ത്രപ്പഴം, സവാള, മത്തൻ, കുമ്പളം, കാബേജ്, ചേമ്പ്, ചേന, ഇഞ്ചി, വെളുത്തുള്ളി, നെല്ലിക്ക, പച്ചമാങ്ങ, മുസംബി, പപ്പായ, കൈതച്ചക്ക, മാതളം, തണ്ണിമത്തൻ (മഞ്ഞ), തക്കോലം, അയമോദകം, കുരുമുളക്, കറുവപ്പട്ട എന്നിവയിൽ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ല.