International (Page 209)

കാബൂള്‍ : പാകിസ്താന്‍ ഭീഷണിപ്പെടുത്തുന്നതായി അഫ്ഗാന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേ. അഫ്ഗാന്‍ താലിബാന്‍ സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. അഫ്ഗാനിസ്താന്റെ തെക്ക് കിഴക്കന്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്പിന്‍ ബുല്‍ദാക്ക് മേഖലയില്‍ നിന്നും താലിബാന്‍ ഭീകരരെ തുരത്താനുള്ള നീക്കത്തെ പാകിസ്താന്‍ എതിര്‍ത്തു. മാത്രമല്ല, മേഖല തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്ന അഫ്ഗാന്‍ സൈന്യത്തിന് നേരെ പാകിസ്താന്‍ ഭീഷണി മുഴക്കി.

ചില മേഖലകളില്‍ പാകിസ്താന്റെ സഹായത്തോടെയാണ് താലിബാന്‍ പ്രവര്‍ത്തിക്കുന്നതെന്നും സലേ വ്യക്തമാക്കി. കഴിഞ്ഞ ദിവസം താലിബാന്‍ കൈക്കലാക്കിയ പാക് അതിര്‍ത്തിയുടെ നിയന്ത്രണം അഫ്ഗാന്‍ സൈന്യം തിരികെ പിടിച്ചതിന് പിന്നാലെയാണ് പാകിസ്താന്‍ ഭീഷണിപ്പെടുത്തിയതായുള്ള അഫ്ഗാന്‍ വൈസ് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍.

ഹവാന : ഭക്ഷണത്തിനും മരുന്നിനും മറ്റ് അവശ്യവസ്തുക്കള്‍ക്കും മേല്‍ ക്യൂബന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്ന ഇറക്കുമതിച്ചുങ്കം സര്‍ക്കാര്‍ തല്‍ക്കാലത്തേക്ക് ഒഴിവാക്കി. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണിത്. ഇറക്കുമതിച്ചുങ്കം ഒഴിവാക്കിയ കാര്യം പ്രധാനമന്ത്രി മാനുവല്‍ മറേറോ ക്രൂസ് തന്നെയാണ് അറിയിച്ചത്. അടുത്ത തിങ്കളാഴ്ച മുതല്‍ ഈ വര്‍ഷം അവസാനം വരെ ഈ വസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് യാത്രികര്‍ക്കു മേല്‍ നിയന്ത്രണമുണ്ടാവില്ല. ഡിസംബര്‍ 31-നു ശേഷം സര്‍ക്കാര്‍ വീണ്ടും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തും.ആറു പതിറ്റാണ്ടിലേറെയായി കമ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴിലുള്ള ക്യൂബ, അടുത്തിടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. അരി ഉള്‍പ്പെടെ അവശ്യസാധനങ്ങളുടെ ലഭ്യത കുറഞ്ഞു.രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്.

ബെറ്റര്‍ വേള്‍ഡ് ഫണ്ടിന്റെ യൂണിറ്റി പുരസ്‌കാരം സംവിധായകനും വ്യവസായിയുമായ സോഹന്‍ റോയ് ഏറ്റുവാങ്ങി. പാരീസിലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ആഗോള പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിടുന്ന ഈ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലിനോടു കൈകോര്‍ത്ത്, ‘ഉത്തരവാദിത്വ ബോധത്തോടു കൂടിയുള്ള ഖനനം’ എന്ന സന്ദേശം ലോകം മുഴുവന്‍ പ്രചരിപ്പിയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ വര്‍ഷത്തെ പുരസ്‌കാര വിജയികളെ തെരഞ്ഞെടുത്തത്.

പാരിസ്ഥിതിക അവബോധം ശക്തിപ്പെടുത്തുന്നതിനു നടത്തിയ ശ്രമങ്ങളും, വ്യവസായങ്ങളും സിനിമകളുമാണ് മികച്ച പ്രതിബദ്ധതയ്ക്കുള്ള ഈ പുരസ്‌കാരത്തിന് ഡോ. സോഹന്‍ റോയിയെ അര്‍ഹനാക്കിയത്. ഹോളിവുഡ് സംവിധായകരായ ബാരി അലക്‌സാണ്ടര്‍ ബ്രൗണ്‍, സ്‌പൈക്ക് ലീ തുടങ്ങിയവരോടൊപ്പമാണ് അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിച്ചത്. മുന്‍പ് ഈ പുരസ്‌കാരം ലഭിച്ചവരില്‍ നോബല്‍, ഓസ്‌കാര്‍, ഗ്രാമി അവാര്‍ഡ് ജേതാക്കളും ഉള്‍പ്പെട്ടിരുന്നു.

ജനീവ: കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകളുമായി ലോകാരോഗ്യ സംഘടന. കോവിഡ് വൈറസിന്റെ കൂടുതൽ വകഭേദങ്ങൾ ഉണ്ടായേക്കാമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്. അവയെ നിയന്ത്രിക്കുന്നത് വലിയ വെല്ലുവിളിയാകുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ഡബ്ലു.എച്ച്.ഒ എമർജൻസി കമ്മിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്നും പുതിയതും നിലവിലുള്ളതിനേക്കാൾ അപകടകാരിയുമായ വൈറസ് വകഭേദങ്ങൾ ലോകത്ത് വ്യാപിച്ചേക്കാമെന്നും എമർജൻസി കമ്മിറ്റി പറയുന്നു.

അതേസമയം അന്താരാഷ്ട്ര യാത്രകൾക്ക് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന നിലപാടിനെ ഡബ്ല്യൂ.എച്ച്.ഒ. എതിർത്തു. അന്താരാഷ്ട്ര യാത്രയ്ക്ക് അനുമതി നൽകുന്നതിന് വാക്സിനേഷൻ മാത്രമാകരുത് മാനദണ്ഡമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. ലോകത്ത് വാക്സിൻ വിതരണം ഒരേവിധത്തിലല്ല നടക്കുന്നതെന്നും ഡബ്ല്യൂ.എച്ച്.ഒ വിശദമാക്കി.

ടിമിന്നലിനെ പ്രതിരോധിക്കാനായി പുതിയ മാർഗം ആവിഷ്‌ക്കരിച്ച് ഗവേഷകർ. ഇടിമിന്നലിനെതിരെ ലേസർ വികിരണങ്ങൾ ഉപയോഗപ്പെടുത്താനൊരുങ്ങുകയാണ് ജനീവ സർവകലാശാലയിലെ ഒരു സംഘം ഗവേഷകർ. ലേസർ ഉപയോഗപ്പെടുത്തുന്ന ഭീമൻ ദണ്ഡ് ആൽപ്സ് പർവതനിരകളിലെ ഉയരമേറിയ സാന്റിസ് കൊടുമുടിയിൽ ഇവർ സ്ഥാപിക്കുകയും ചെയ്തു. നിരന്തര പരീക്ഷണങ്ങൾക്കും ഗവേഷണങ്ങൾക്കുമൊടുവിലാണ് സംഘം ഇത്തരമൊരു രീതി പരീക്ഷിക്കാൻ തീരുമാനിച്ചത്.

ഇരുപത് വർഷത്തിലേറെയായി ലേസർ ഗവേഷണങ്ങൾ നടത്തി വരുന്ന ജിയാൻ പിയറി വൂൾഫ് എന്ന ഭൗതിക ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലാണ് ഗവേഷക സംഘം ദണ്ഡ് സ്ഥാപിച്ചത്. 8,200 അടി ഉയരമുള്ള കൊടുമുടിയിൽ ഭീമൻ ദണ്ഡിനെ എത്തിക്കുന്നത് ശ്രമകരമായ ദൗത്യമായിരുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. യൂറോപ്പിൽ രൂക്ഷമായി മിന്നൽ പതിക്കുന്ന മേഖലയാണ് ആൽപ്‌സ് പർവ്വത നിരയിലെ സാന്റിസ് കൊടുമുടി. ഓരോ വർഷവും 100 മുതൽ 400 തവണ വരെ മിന്നലിനെ തുടർന്ന് ആൽപ്സിൽ സ്ഥിതി ചെയ്യുന്ന റേഡിയോ ട്രാൻസ്മിഷൻ ടവറിന്റെ പ്രവർത്തനം തടസ്സപ്പെടാറുണ്ട്. മിന്നലിനെ പ്രതിരോധിക്കാൻ ലേസർ ഉപയോഗപ്പെടുത്താമെന്ന കണ്ടെത്തൽ ഫലപ്രദമായി പരീക്ഷിക്കാനും നിരീക്ഷിക്കാനും ഏറ്റവും അനുയോജ്യമായ മേഖലയാണിതെന്നാണ് വൂൾഫ് പറയുന്നത്.

മിന്നലിനെ ഭൂമിയിൽ പതിക്കുന്നതിന് മുമ്പ് തന്നെ നിയന്ത്രിക്കാനാണ് ഗവേഷക സംഘം പദ്ധതിയിടുന്നത്. മിന്നലിൽ അതിശക്തമായ വൈദ്യുതപ്രവാഹമാണ് സൃഷ്ടിക്കപ്പെടുന്നത്. ചലനശേഷിയുള്ള ഇലക്ട്രോണുകളുടെ പ്രവാഹമാണ് ഈ വൈദ്യുതപ്രവാഹത്തിന് കാരണം. മഴ ഉണ്ടാകുന്ന സമയത്ത് ജലകണികകളുടെ ആറ്റങ്ങളിൽ നിന്ന് പ്രവഹിക്കുന്ന ഇലക്ട്രോണുകൾ വ്യത്യസ്തവും വിപരീതവുമായ ഊർജ്ജമേഖലകൾ സൃഷ്ടിക്കും. വിപരീത ചാർജ്ജുകൾ പരസ്പരം ആകർഷിക്കുന്നത് ഇലക്ടോണുകളുടെ പ്രവാഹതീവ്രത വർധിപ്പിക്കുകയും വൈദ്യുതോർജ്ജത്തിന് കാരണമാവുകയും ചെയ്യും. മിന്നൽ ഉത്പാദനത്തെ അനുകരിച്ചു കൊണ്ടാണ് ആൽപ്സിലെ ലേസർ ദണ്ഡിന്റെ പ്രവർത്തനം.

കൃത്രിമമായി ഒരു വൈദ്യുതോർജ്ജതലം സൃഷ്ടിക്കുന്നതിലൂടെ മഴമേഘങ്ങളിൽ നിന്നുള്ള ഇലക്ട്രോൺ പ്രവാഹത്തെ നിയന്ത്രിക്കാൻ കഴിയുമെന്ന് ഗവേഷകർ പറഞ്ഞു. റേഡിയോ ട്രാൻസ്മിഷൻ ടവറിന്റെ സമീപത്ത് കൂടിയാണ് ലേസർ രശ്മികൾ കടന്നുപോകുന്നത്. ഇത് 120 മീറ്റർ(400 അടി) ഉയരത്തിലേക്ക് പ്രവഹിക്കും.

പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന മിന്നൽ രക്ഷാചാലകങ്ങൾക്ക് നിശ്ചിതവും ചുരുങ്ങിയതുമായ ഇടത്തിൽ മാത്രമേ സുരക്ഷയൊരുക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ, പുതിയ സംവിധാനത്തിന് കൂടുതൽ വിസ്തൃതമായ സുരക്ഷ ഉറപ്പു നൽകാനാവുമെന്ന് വൂൾഫ് വിശദമാക്കുന്നു.

ആന്റിനയുടെ സഹായത്തോടെയാണ് ലേസർ ദണ്ഡിന്റെ പ്രവർത്തനത്തിനാവശ്യമായ ഊർജ്ജം ലഭിക്കുന്നത്. കൂട്ടിച്ചേർക്കാവുന്ന പല ഭാഗങ്ങളായാണ് ദണ്ഡ് നിർമ്മിച്ചിരിക്കുന്നത്. കേബിൾ കാറിന്റേയും ഹെലികോപ്ടറിന്റേയും സഹായത്താലാണ് ഭാഗങ്ങൾ കൊടുമുടിയിൽ എത്തിച്ചത്. മിന്നലുണ്ടാകുന്ന സമയങ്ങളിൽ മാത്രമാണ് ലേസർ പ്രവർത്തിപ്പിക്കുന്നത്. കൂടാതെ മിന്നൽ പ്രവാഹങ്ങളെ നിരീക്ഷിക്കാൻ പ്രത്യേക ക്യാമറയും സാന്റിസിൽ സജ്ജമാണ്. സെക്കൻഡിൽ 3,00,000 വരെ ഫോട്ടോകൾ ഈ ക്യാമറയ്ക്ക് പകർത്താൻ കഴിയും.

പ്രവഹിക്കുന്ന ഊർജ്ജത്തിന്റെ തീവ്രതയനുസരിച്ച് ലേസർ കിരണങ്ങൾക്ക് നിറവ്യത്യാസമുണ്ടാകും. ചുവപ്പു മുതൽ വെള്ള നിറത്തിൽ വരെ പ്രവഹിക്കുന്ന രശ്മികൾ മനോഹരമായ കാഴ്ചയുളവാക്കുമെന്നും ഗവേഷകർ പറയുന്നു. സെപ്റ്റംബർ മാസം വരെ ലേസറിന്റെ പ്രവർത്തനം പരീക്ഷണാടിസ്ഥാനത്തിൽ നിരീക്ഷിച്ച ശേഷം മാത്രമേ പൂർണമായും പ്രവർത്തനം ആരംഭിക്കുകയുള്ളൂ. ഈ സംവിധാനം വിജയിക്കുകയാണെങ്കിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മിന്നൽ മൂലം ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാൻ കഴിയുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.

covid

ജക്കാർത്ത: ഇന്തോനേഷ്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്. പ്രതിദിന രോഗികളുടെ എണ്ണം 40,000 ത്തിന് മുകളിൽ എത്തിയതോടെ ഏഷ്യയിലെ കോവിഡ് ഹോട്ട്‌സ്‌പോട്ടായി മാറിയിരിക്കുകയാണ് ഇന്തോനേഷ്യ. അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദമാണ് ഇന്തോനേഷ്യയിൽ പുതുതായി രോഗബാധ പോസിറ്റീവാകുന്നവരിൽ കൂടുതലായും കണ്ടെത്തിയിരിക്കുന്നത്.

രോഗികളുടെ എണ്ണം വർധിച്ചതോടെ ഇന്തോനേഷ്യയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഓക്‌സിജന്റെ ആവശ്യകതയും വർധിച്ചതോടെ വിദേശരാജ്യങ്ങളിൽ നിന്ന് ലിക്വിഡ് ഓക്‌സിജനും കോൺസൺട്രേറ്ററുകളും അടിയന്തരമായി ഇറക്കുമതി ചെയ്യാനുള്ള നടപടികളും ഇൻഡൊനീഷ്യൻ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ ഇന്തോനേഷ്യയിലെ ആശുപത്രികളിലെല്ലാം രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ജൂൺ മുതലുള്ള കണക്കുകൾ അനുസരിച്ച് 453 രോഗികളാണ് ചികിത്സ ലഭിക്കാതെ വീടുകളിൽ മരണപ്പെട്ടത്.

ജക്കാർത്ത, പശ്ചിമ ജാവ ഉൾപ്പെടെയുള്ള ഒമ്പത് പ്രവിശ്യകളിലെ ആശുപത്രികളിൽ 80 ശതമാനത്തിലധികം കിടക്കകൾ രോഗികളെ കൊണ്ട് നിറഞ്ഞു. ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പ്രസിഡന്റ് ജോക്കോ വിദോദോ മന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യനില ഗുരുതരമല്ലാത്ത രോഗികൾക്ക് വീട്ടിൽതന്നെ ചികിത്സ നൽകുമെന്നും യുഎസ്, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്ന് 40,000 ടൺ ലിക്വിഡ് ഓക്‌സിജനും 40,000 കോൺസെൺട്രേറ്ററുകളും എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഓക്‌സിജന്റെ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ഓക്‌സിജൻ പൂർണമായും മെഡിക്കൽ ആവശ്യത്തിന് ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ വാക്‌സിനേഷൻ വേഗത്തിലാക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ അറിയിക്കുന്നത്. അതേസമയം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യുന്നതിലും കൂടുതൽ ആളുകൾക്ക് രാജ്യത്ത് കോവിഡ് പിടിപെട്ടിട്ടുണ്ടെന്ന പഠനങ്ങളും പുറത്തുവരുന്നുണ്ട്.

ജനീവ: ഫൈസർ, മൊഡേണ തുടങ്ങിയ എം-ആർഎൻഎ വാക്സിനുകളുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. കുത്തിവെയ്പ്പ് എടുത്തവരിൽ അപൂർവമായി ഹൃദയത്തിന് നീർക്കെട്ട് ഉണ്ടാകാറുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ലഘുവായ തോതിലുള്ള ഇത്തരം പാർശ്വഫലങ്ങൾ യുവാക്കളിലാണ് കൂടുതലും കണ്ടു വരുന്നതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. എന്നാൽ വാക്സിന്റെ ഗുണഫലങ്ങൾ ഇത്തരം അപകടസാധ്യതകളെ കവച്ച് വയ്ക്കുന്നതായും ലോകാരോഗ്യ സംഘടനയുടെ വാക്സിൻ സുരക്ഷാ ഉപദേശക സമിതി പറഞ്ഞു.

അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ എം-ആർഎൻഎ വാക്സിൻ കുത്തിവെയ്പ്പ് സ്വീകരിച്ച ചിലരിൽ ഹൃദയ പേശികൾക്ക് നീർക്കെട്ട് ഉണ്ടാകുന്ന മയോകാർഡൈറ്റിസ്, ഹൃദയഭിത്തികൾക്ക് ചുറ്റുമുള്ള പാളിക്ക് നീർക്കെട്ട് ഉണ്ടാക്കുന്ന പെരികാർഡൈറ്റിസ് എന്നീ അവസ്ഥയാണ് ഉണ്ടായത്. രണ്ടാം ഡോസ് വാക്സീൻ എടുത്ത് 14 ദിവസങ്ങൾക്കുള്ളിലാണ് ഈ പാർശ്വഫലങ്ങൾ കാണപ്പെട്ടതെന്നും ലോകാരോഗ്യ സംഘടന വിശദമാക്കി.

വിശ്രമം കൊണ്ടും സ്റ്റിറോയ്ഡ് ഇതര ആന്റി-ഇൻഫ്ളമേറ്ററി മരുന്ന് കൊണ്ടും നീർക്കെട്ട് പരിഹാരിക്കാമെന്ന് സുരക്ഷാ സമിതി വ്യക്തമാക്കുന്നു. വാക്സിൻ അനുബന്ധ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള യുഎസ് വാക്സിൻ അഡ്വേർസ് ഇവന്റ്സ് റിപ്പോർട്ടിങ്ങ് സിസ്റ്റത്തിന്റെ കണക്കുകൾ അനുസരിച്ച് പുരുഷന്മാരിൽ 10 ലക്ഷം ഡോസുകളിൽ 40.6 കേസുകളിലാണ് മയോകാർഡൈറ്റിസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. സ്ത്രീകളിൽ പത്ത് ലക്ഷം ഡോസുകളിൽ 4.2 കേസുകളും റിപ്പോർട്ട് ചെയ്തു. വാക്സിൻ സ്വീകരിച്ചവർക്ക് നെഞ്ച് വേദന, ശ്വാസംമുട്ടൽ, ഹൃദയമിടിപ്പിൽ വ്യതിയാനം പോലുള്ള ലക്ഷണങ്ങൾ ഉണ്ടായാൽ ഉടനടി ഡോക്ടറെ കാണണമെന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി മുന്നറിയിപ്പ് നൽകി. എംആർഎൻഎ പ്ലാറ്റ്ഫോം ഉപയോഗിക്കാത്ത ഓക്സ്ഫഡ്, ജാൻസൻ തുടങ്ങിയവയുടെ വാക്സിനുകളിൽ ഈ പാർശ്വഫലം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും യൂറോപ്യൻ മെഡിക്കൽ ഏജൻസി ചൂണ്ടിക്കാട്ടി.

ഹവാന: ക്യൂബയെ അസ്ഥിരപ്പെടുത്താനുള്ള അമേരിക്കയുടേയും ക്യൂബന്‍ വിപ്ലവ വിരോധികളുടേയും ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്ന് പ്രസിഡന്റ് മിഗ്വേല്‍ ഡിയസ് കനേല്‍. യുഎസ് സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് പണം വാങ്ങിയ ഗ്രൂപ്പാണ് പ്രതിഷേധം നടത്തുന്നതെന്നും വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ അനുകൂലികളോട് രംഗത്തിറങ്ങാനും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ ക്യൂബയില്‍ ഒരുവിഭാഗം പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു. പലയിടത്തും പ്രക്ഷോഭകരും പൊലീസും തമ്മില്‍ സംഘര്‍ഷവും ഉണ്ടായി.
സാമ്പത്തികരംഗത്തെ തകര്‍ച്ചയാണ് പ്രക്ഷോഭങ്ങള്‍ക്ക് കാരണം.

വാഷിംഗ്ടൺ: ഭൂമിയിൽ വൻ പ്രളയമുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകി നാസ. ചന്ദ്രന്റെ ചലനം മൂലം സമുദ്രനിരപ്പ് കുത്തനെ ഉയരുകയും ഇത് കാരണം 2030 ൽ റെക്കോർഡ് പ്രളയമുണ്ടാകുമെന്നുമാണ് നാസ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ചന്ദ്രന്റെ സഞ്ചാരപഥത്തിലുണ്ടാകുന്ന മാറ്റങ്ങൾ കാരണം ഒൻപത് വർഷങ്ങൾക്കു ശേഷം ഭൂമിയിൽ വൻ പ്രളയങ്ങൾ സംഭവിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആഗോള കാലാവസ്ഥാ വ്യതിയാനം കാരണം ഭൂമിയിൽ പ്രളയങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതിനു പിന്നാലെയാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലെ ചലനം കാരണം സമുദ്രനിരപ്പ് ഉയരുന്നതും വിനാശകരവുമായ പ്രളയത്തിലേക്ക് നയിക്കുന്നതെന്നുമാണ് നാസയുടെ പുതിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.

2030 ന്റെ പകുതിയോടെ ഭൂമിയിൽ വൻ പ്രളയങ്ങൾ സംഭവിച്ചേക്കാമെന്നും സമുദ്രത്തോട് അടുത്തു കിടക്കുന്ന താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാകുമെന്നും പഠനം നടത്തിയ ഗവേഷകർ പ്രവചിക്കുന്നു. തീരപ്രദേശങ്ങളിൽ വേലിയേറ്റം സംഭവിക്കുന്നത് സാധാരണയാണ്. എന്നാൽ, ഈ വേലിയേറ്റം ഭീകരമായിരിക്കുമെന്നും വെള്ളം ഏറെ ഉയരത്തിൽ പൊങ്ങുമെന്നും പഠനത്തിൽ പറയുന്നു. 18.6 മാസത്തോളം ഈ പ്രതിഭാസം തുടർന്നേക്കും. വേലിയേറ്റങ്ങൾ കൂടുന്നതോടെ മിക്ക ഭൂഖണ്ഡങ്ങളിലും പ്രളയങ്ങൾ പതിവാകും. ഈ പ്രളയങ്ങൾ ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കാനും സാധ്യതയുണ്ട്. ഇത്തരം ഒരു ദുരന്തത്തെ മുൻകൂട്ടി കണ്ടില്ലെങ്കിൽ ജീവിതത്തിനും ഉപജീവനത്തിനും വലിയ തടസ്സമുണ്ടാക്കും.

ചന്ദ്രൻ ഭൂമിയുടെ അടുത്തേക്ക് വരുന്ന സമയത്താണ് ഭൂമിയിൽ വൻ മാറ്റങ്ങൾ സംഭവിക്കുന്നത്. ഇത് ഇപ്പോഴും സംഭവിക്കുന്ന പ്രതിഭാസമാണ്. ജലനിരപ്പ് ഉയരുന്നതും ഭൂചലനങ്ങൾ സംഭവിക്കുന്നതെല്ലാം ചന്ദ്രൻ ഭൂമിയോട് അടുത്തുവരുമ്പോഴാണ്. എന്നാൽ, നിലവിൽ ഈ പ്രതിഭാസം കാരണം വൻ പ്രളയങ്ങളൊന്നും സംഭവിക്കാറില്ല. പക്ഷെ വരാനിരിക്കുന്ന പ്രതിഭാസം കാരണം മാസത്തിൽ 10 മുതൽ 15 തവണ വരെ ഒരു പ്രദേശത്ത് പ്രളയമുണ്ടാകാൻ സാധ്യതയുണ്ടെന്നും ഇങ്ങനെ സംഭവിച്ചാൽ എല്ലാ ആസൂത്രണങ്ങളും പരാജയപ്പെടുമെന്നും ഗവേഷകർ വിശദമാക്കുന്നു. കാലാവസ്ഥാ വ്യതിയാനം കാരണം 2019 ൽ യുഎസിൽ മാത്രം 600 ഓളം പ്രളയങ്ങളുണ്ടായിട്ടുണ്ട്.

പ്രളയം കാരണം സമുദ്രനിരപ്പിനു സമീപമുള്ള താഴ്ന്ന പ്രദേശങ്ങൾ കൂടുതൽ അപകടത്തിലേക്കും ദുരിതത്തിലേക്കും പോയേക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ഇത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും ചന്ദ്രന്റെ ഗുരുത്വാകർഷണം, സമുദ്രനിരപ്പ് ഉയരുന്നത്, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ സംയോജനമാണ് വരാൻ പോകുന്നതെന്നും ഗവേഷകർ പറഞ്ഞു.

ഹവായ് സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ ഫിൽ തോംസനും സംഘവുമാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചന്ദ്രന്റെ ഭ്രമണപഥത്തിലെ ചലനം പൂർത്തിയാക്കാൻ 18.6 വർഷം എടുക്കുമെന്നാണ് ഈ പ്രതിഭാസത്തെക്കുറിച്ച് തോംസൺ വിശദീകരിക്കുന്നത്. ചന്ദ്രന്റെ ചലനം എല്ലായ്‌പ്പോഴും ഉണ്ടാകാറുണ്ട്. എന്നാൽ ഇത് അപകടകരമാക്കുന്നത് ഗ്രഹത്തിന്റെ താപനം മൂലം ഉയരുന്ന സമുദ്രനിരപ്പുകളുമായി സംയോജിപ്പിക്കുമ്പോഴാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അബുദാബി: പൊതുസ്ഥലങ്ങളിൽ ലഭ്യമാകുന്ന സൗജന്യ വൈഫൈ കരുതലോടെ ഉപയോഗിക്കണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി അബുദാബി ഡിജിറ്റൽ അതോറിറ്റി. സൈബർ തട്ടിപ്പുകാരുടെ വലയിൽ വീഴാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് അബുദാബി ഡിജിറ്റൽ അതോറിറ്റി വ്യക്തമാക്കി.

പൊതുസ്ഥലങ്ങളിൽ സ്വന്തം ഡേറ്റ ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകൾ നടത്തുന്നതാണ് സുരക്ഷിതമെന്ന് അബുദാബി ഡിജിറ്റൽ അതോറിറ്റി അറിയിച്ചു. വിപിഎൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

എയർപോർട്ട്, ഷോപ്പിങ് മാൾ, റസ്റ്ററന്റ്, ജിംനേഷ്യം, ഹോട്ടൽ, കോഫിഷോപ്പ്, ലൈബ്രറി, പബ്ലിക് ട്രാൻസ്‌പോർട്ട് തുടങ്ങിയ പൊതുസ്ഥലങ്ങളിൽ ലഭ്യമാകുന്ന വൈഫൈ ഒരേസമയം ആയിരക്കണക്കിന് ആളുകൾ ഉപയോഗിക്കുന്നുണ്ട്. അതിനാൽ തന്നെ ഇവ ഉപയോഗിക്കുമ്പോൾ അപകട സാധ്യത കൂടുതലാണ്. യൂസർ നെയിമും പാസ് വേർഡും ഉള്ള പൊതു വൈഫൈ സേവനവും പൂർണ സുരക്ഷിതമല്ല. രഹസ്യ കോഡുകളില്ലാത്ത വൈഫൈ ശൃംഖലകളിലെത്തുന്ന ഉപഭോക്താക്കളുടെ വിവരങ്ങൾ ഉപയോഗിച്ച് അവരറിയാതെ ഇടപാട് നടത്താൻ സൈബർ കുറ്റവാളികൾക്ക് കഴിയും.

ഇത്തരത്തിൽ പൊതു ഇന്റർനെറ്റ് സേവനം ഉപയോഗിക്കുന്നവർ സ്വയം സുരക്ഷ ഉറപ്പാക്കണമെന്നാണ് നിർദ്ദേശം. പൊതു വൈഫൈ ഉപയോഗിക്കുമ്പോൾ അപരിചിത ഇമെയിലും എസ്എംഎസ് സന്ദേശങ്ങളും തുറക്കരുതെന്നും അബുദാബി ഡിജിറ്റൽ അതോറിറ്റി വ്യക്തമാക്കി. ലാപ്‌ടോപ്പിലെയും മൊബൈലിലെയും സോഫ്റ്റ്‌വെയറുകൾ യഥാസമയം അപ്‌ഡേറ്റ് ചെയ്യണമെന്നും ആന്റിവൈറസ് ഇൻസ്റ്റാൾ ചെയ്യണമെന്നും അബുദാബി ഡിജിറ്റൽ അതോറിറ്റി വിശദമാക്കുന്നു.