ഹവാന : ഭക്ഷണത്തിനും മരുന്നിനും മറ്റ് അവശ്യവസ്തുക്കള്‍ക്കും മേല്‍ ക്യൂബന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്ന ഇറക്കുമതിച്ചുങ്കം സര്‍ക്കാര്‍ തല്‍ക്കാലത്തേക്ക് ഒഴിവാക്കി. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണിത്. ഇറക്കുമതിച്ചുങ്കം ഒഴിവാക്കിയ കാര്യം പ്രധാനമന്ത്രി മാനുവല്‍ മറേറോ ക്രൂസ് തന്നെയാണ് അറിയിച്ചത്. അടുത്ത തിങ്കളാഴ്ച മുതല്‍ ഈ വര്‍ഷം അവസാനം വരെ ഈ വസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് യാത്രികര്‍ക്കു മേല്‍ നിയന്ത്രണമുണ്ടാവില്ല. ഡിസംബര്‍ 31-നു ശേഷം സര്‍ക്കാര്‍ വീണ്ടും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തും.ആറു പതിറ്റാണ്ടിലേറെയായി കമ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴിലുള്ള ക്യൂബ, അടുത്തിടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. അരി ഉള്‍പ്പെടെ അവശ്യസാധനങ്ങളുടെ ലഭ്യത കുറഞ്ഞു.രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്.
2021-07-16

