International (Page 208)

കാഠ്മണ്ഡു : പുതിയ പ്രധാനമന്ത്രിക്ക് ആശംസ അര്‍പ്പിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദേശത്തിനുള്ള മറുപടിയുമായി നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രി ഷേര്‍ ബഹാദുര്‍ ദൂബെ. നരേന്ദ്ര മോദിയുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനെ ഉറ്റുനോക്കുന്നുവെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നതിന് താന്‍ പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഷേര്‍ ബഹാദുര്‍ ദൂബെയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നാണ് മോദി ആശംസാ സന്ദേശത്തില്‍ പറഞ്ഞിരുന്നത്. പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരിയുടെ നടപടി ഭരണാഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഉത്തരവ് ഇറക്കിയതോടെയാണ് കെ പി ശര്‍മ ഒലിയുടെ ഭരണത്തിന് നേപ്പാളില്‍ അന്ത്യമായത്.

ലണ്ടന്‍: പ്രതിദിന കോവിഡ് കേസുകള്‍ അമ്പതിനായിരത്തിന് മുകളില്‍ നില്‍ക്കേയാണ് യു കെയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു. തിങ്കളാഴ്ച മുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ല, എല്ലാ സ്ഥാപനങ്ങള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം. നിയന്ത്രണങ്ങളില്ലാതെ പൊതുപരിപാടികളെല്ലാം നടത്താനും സര്‍ക്കാര്‍ അനുമതി നല്‍കി. സര്‍ക്കാരിന്റെ ഈ തീരുമാനത്തെ എതിര്‍ത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഈ നടപടി രോഗവ്യാപനം വര്‍ദ്ധിപ്പിച്ചേക്കാമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്. വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയും സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ ഇളവുകള്‍ വരുത്തുന്നതിന്റെ ഭാഗമായി ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിശാ ക്ലബുകള്‍ തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്.ഇന്‍ഡോര്‍ കായിക സ്റ്റേഡിയങ്ങള്‍ ഉള്‍പ്പെടെയുള്ള വേദികളില്‍ മുഴുവന്‍ സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിക്കാം. സിനിമ തിയറ്ററുകള്‍ തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്. രാജ്യത്തെ മുതിര്‍ന്ന പൗരന്‍മാരില്‍ മൂന്നില്‍ രണ്ടു പേരും വാക്‌സിന്‍ സ്വീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇനിയും വാക്‌സിന്‍ എടുക്കാത്തവര്‍ എത്രയും വേഗത്തില്‍ കുത്തിവെപ്പ് എടുക്കണമെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടു.

ആംസ്റ്റർഡാം: 3 ഡി പ്രിന്റിൽ തയ്യാറാക്കിയ ലോകത്തെ ആദ്യ ഉരുക്ക് പാലം തുറന്നു നൽകി. നെതർലാൻഡിലെ ആംസ്റ്റർഡാമിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. വെൽഡിംഗ് ടോർച്ചുകൾ ഉപയോഗിച്ച് റോബോട്ടിക് ഉപകരണങ്ങൾ കൊണ്ടാണ് പാലം സൃഷ്ടിച്ചരിക്കുന്നത്. ആറു മാസം സമയമെടുത്താണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 12 മീറ്റർ നീളമുള്ള പാലം 4500 കിലോഗ്രാം സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും വേണ്ടിയാണ് പാലം തുറന്ന് നൽകിയത്.

ഒരു ഡസനിലധികം സെൻസറുകൾ പാലത്തിൽ ഘടിപ്പിച്ചിട്ടുണ്ട്. പാലത്തിലൂടെ ആളുകൾ കടന്നുപോകുമ്പോൾ ഈ സെൻസറുകൾ കാലാവസ്ഥയിലുണ്ടാകുന്ന ആഘാതം, ചലനം, വൈബ്രേഷൻ, താപനില എന്നിവ നിരീക്ഷിക്കുകയും പിന്നീട് ഈ ഡാറ്റ ബ്രിഡ്ജിന്റെ ഡിജിറ്റൽ മോഡലിലേക്ക് നൽകുകയും ചെയ്യും. മെറ്റീരിയലിന്റെ സവിശേഷതകൾ പഠിക്കാൻ എഞ്ചിനീയർമാർ ഈ മോഡൽ ഉപയോഗിക്കുകയും അറ്റകുറ്റപ്പണി അല്ലെങ്കിൽ പരിഷ്‌ക്കരണം ആവശ്യമാണെന്ന് സൂചിപ്പിക്കുന്ന ഡാറ്റയിലെ ഏതെങ്കിലും ട്രെൻഡുകൾ കണ്ടെത്തുന്നതിന് മെഷീൻ ലേണിംഗ് ഉപയോഗിക്കുകയും ചെയ്യും. വലുതും സങ്കീർണ്ണവുമായ കെട്ടിട നിർമ്മാണ പ്രോജക്റ്റുകൾക്കായി 3 ഡി പ്രിന്റഡ് സ്റ്റീൽ എങ്ങനെ ഉപയോഗിക്കാമെന്ന് മനസ്സിലാക്കാൻ ഡിസൈനർമാരെ ഇത് സഹായിക്കുമെന്നാണ് ഗവേഷകരുടെ നിഗമനം.

ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ ഇന്ത്യൻ അടയാളങ്ങളെല്ലാം ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് പാക് താലിബാൻ. അഫ്ഗാനിസ്താനിലെ ഇന്ത്യൻ നിർമിത വസ്തുവകകൾ തകർക്കാനാണ് പാക് താലിബാൻ പദ്ധതിയിടുന്നത്. താലിബാനിൽ ചേർന്ന പാകിസ്താനി പോരാളികളോട് പാക് ചാരസംഘടനയായ ഐ.എസ്.ഐ ഇക്കാര്യം നിർദ്ദേശിച്ചതായാണ് വിവരം. അഫ്ഗാനിസ്താനെതിരെയുള്ള താലിബാൻ ആക്രമണത്തെ പിന്തുണയ്ക്കാനായി പതിനായിരത്തിലധികം പാക് പൗരന്മാർ അഫ്ഗാനിസ്താനിലേക്ക് പ്രവേശിച്ചുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

ഇന്ത്യൻ നിർമ്മിത വസ്തുവകകൾ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ അഫ്ഗാനിസ്താനിലേക്ക് എത്തിയത്. അഫ്ഗാനിസ്താനിലെ ഇന്ത്യൻ അടയാളങ്ങൾ തകർക്കണം എന്ന നിർദ്ദേശമാണ് ഇവർക്ക് ലഭിച്ചിരിക്കുന്നതെന്നാണ് അഫ്ഗാൻ സർക്കാരിന്റെ നിരീക്ഷക വൃത്തങ്ങൾ വ്യക്തമാക്കിയത്. അഫ്ഗാനിസ്താന്റെ പുനർനിർമാണത്തിൽ ഇന്ത്യ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മൂന്ന് ബില്യൻ ഡോളറാണ് രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യൻ സർക്കാർ അഫ്ഗാന്റെ പുനർ നിർമ്മാണത്തിനായി നിക്ഷേപിച്ചിരിക്കുന്നത്. ഡെലാറാമിനും സരഞ്ച് സൽമ ഡാമിനുമിടയിലെ 218 കിലോമീറ്റർ റോഡിലും ഇന്ത്യ നിക്ഷേപം നടത്തിയിട്ടുണ്ട്. 2015-ൽ ഉദ്ഘാടനം ചെയ്ത പാർലമെന്റ് കെട്ടിടം അഫ്ഗാൻ ജനതയ്ക്കുള്ള ഇന്ത്യൻ സംഭാവനയുടെ ഏറ്റവും വലിയ പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. അഫ്ഗാന്റെ വിദ്യാഭ്യാസ മേഖലയ്ക്കും ഇന്ത്യ നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്.

covid

ജനീവ: ചൈനയ്ക്ക് വീണ്ടും തിരിച്ചടി. കോവിഡ് വൈറസിന്റെ ചൈനയിലെ ഉത്ഭവത്തെ കുറിച്ച് രണ്ടാം ഘട്ട അന്വേഷണത്തിന് ലോകാരോഗ്യ സംഘടന ഉത്തരവിട്ടു. ലബോറട്ടറികളെയും വുഹാൻ മാർക്കറ്റിനെയും ഉൾപ്പെടുത്തിയുള്ള അന്വേഷണം നടത്താനാണ് ലോകാരോഗ്യ സംഘടന ഉത്തരവിട്ടിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസാണ് ഇതുസംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്.

വുഹാനിലെ എല്ലാ മാംസ മാർക്കറ്റുകളും രണ്ടാം ഘട്ട പഠനത്തിന്റെ ഭാഗമാകണമെന്നാണ് നിർദ്ദേശം. ‘മനുഷ്യർ, വന്യജീവികൾ, കോവിഡ് വൈറസ് വ്യാപിച്ചെന്ന് കരുതുന്ന മത്സ്യമാർക്കറ്റ് ഉൾപ്പടെയുള്ളവയെല്ലാം അന്വേഷണത്തിൽ ഉൾപ്പെടുത്തണം. 2019 ൽ മനുഷ്യരിൽ ആദ്യമായി കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത സ്ഥലത്തോട് ചേർന്ന് പ്രവർത്തിക്കുന്ന ലബോറട്ടറികളും റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളും അന്വേഷണത്തിൽ പരിധിയിൽ ഉണ്ടാകണമെന്നും ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നു.

കോവിഡ് വൈറസിന്റെ ഉത്ഭവത്തെ കുറിച്ചുള്ള പഠനത്തിനായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘം ചൈനീസ് ഗവേഷകരോടൊപ്പം വുഹാനിൽ താമസിച്ച് നേരത്തെ റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. വവ്വാലിൽ നിന്ന് മറ്റൊരു മൃഗത്തിലൂടെയാകാം മനുഷ്യരിൽ കോവിഡ് വൈറസ് പ്രവേശിച്ചത് എന്നായിരുന്നു സംഘത്തിന്റെ നിഗമനം. എന്നാൽ അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ കോവിഡ് വൈറസിന്റെ ഉറവിടം സബന്ധിച്ച് കൂടുതൽ പരിശോധനകൾ വേണമെന്ന ആവശ്യം ശക്തമാക്കി. വവ്വാലുകളിൽ പഠനം നടത്തിയിരുന്ന വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പഠനത്തിന്റെ ഭാഗമാക്കണം എന്നതായിരുന്നു ഇവർ ഉന്നയിച്ചിരുന്ന പ്രധാന ആവശ്യം. തുടർന്നാണ് രണ്ടാംഘട്ട അന്വേഷണത്തിന് ലോകാരോഗ്യ സംഘടന ഉത്തരവിട്ടത്.

അകേസമയം വൈറസിന്റെ ഉത്ഭവം കണ്ടെത്തുക എന്നത് ശാസ്ത്രീയമായ പ്രവർത്തനമാണെന്നും ഇതിൽ രാഷ്ട്രീയം കലർത്തരുത് എന്നും ഗെബ്രിയേസസ് ആവശ്യപ്പെട്ടു. അടുത്ത ഘട്ടത്തിലെ പഠനത്തിനായി സുതാര്യത മുൻ നിർത്തി എല്ലാ വിവരങ്ങളും കൈമാറി ചൈന സഹകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

മസ്‌കത്ത്: ബലി പെരുന്നാളിനോടനുബന്ധിച്ച് കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി ഒമാന്‍ സര്‍ക്കാര്‍. ബലി പെരുന്നാള്‍ ദിവസമായ ജൂലൈ 20 മുതല്‍ 22 വരെയാണ് നേരത്തെ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരുന്നത്. സുപ്രിംകോടതി നിര്‍ദ്ദേശം കൂടി അനുസരിച്ച് 24 ശനിയാഴ്ച പുലര്‍ച്ചെ വരെ ലോക്ഡൗണ്‍ നീട്ടി. വാണിജ്യസ്ഥാപനങ്ങള്‍ തുടര്‍ച്ചയായ അഞ്ച് ദിവസങ്ങള്‍ അടഞ്ഞ് കിടക്കും.

യാത്രകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍, വൈകീട്ട് അഞ്ചു മുതല്‍ രാവിലെ നാലു വരെയുള്ള രാത്രികാല പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജൂലൈ 31 വരെയാണ് സായാഹ്ന ലോക്ഡൗണ്‍ പ്രാബല്യത്തിലുണ്ടാവുക.പെരുന്നാള്‍ ദിവസമായ 20 നും, 21,22 നും സമ്പൂര്‍ണ അടച്ചിടലേര്‍പ്പെടുത്തും.

ഹൂസ്റ്റൻ: ജർമ്മനിയിൽ വെള്ളപ്പൊക്കം. 165 പേരാണ് വെള്ളപ്പൊക്കത്തെ തുടർന്ന് ജർമ്മനിയിൽ മരണപ്പെട്ടത്. നിരവധി പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. റൈനിന്റെ പോഷകനദിയായ റോയർ നദിയിലെ അണക്കെട്ട് തകർന്നതാണ് വെള്ളപ്പൊക്കത്തിന് കാരണം. ഹരിതഗൃഹ വാതക ഉദ്വമനം മൂലം ആഗോളതാപനത്തിന്റെ ഫലമായി കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്നതിന്റെ ഏറ്റവും വ്യക്തമായ സൂചനയാണ് ജർമ്മനിയെ ബാധിച്ച കനത്ത മഴയെന്നാണ് യുഎസ് കാലാവസ്ഥാ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്.

500 അല്ലെങ്കിൽ 1,000 വർഷങ്ങൾക്കുള്ളിൽ ഇത്ര ഭീകരമായ വെള്ളപ്പൊക്കം കണ്ടില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധരും ജർമ്മൻ ഉദ്യോഗസ്ഥരും പറയുന്നത്. ഇനിയും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. ജർമ്മനിയിലെ പല സ്ഥലങ്ങളിലും വൈദ്യുതിയും ടെലഫോൺ സേവനങ്ങളും ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്.

പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം കുറയുമ്പോൾ, നാശനഷ്ടത്തിന്റെ തോത് കൂടുതൽ വ്യക്തമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അഗ്നിശമന സേനാംഗങ്ങളും സൈനികരും റോഡുകളിൽ നിന്നും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നുണ്ട്. വ്യാപക നാശനഷ്ടങ്ങളാണ് വെള്ളപ്പൊക്കത്തെ തുടർന്ന് ജർമ്മനിയിൽ ഉണ്ടായത്. നിലവധി വീടുകളും വാഹനങ്ങളും പാലങ്ങളും ഒലിച്ചു പോയി.

തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും സഹായിക്കുന്നതിനായി 15,000 ത്തോളം പൊലീസ് ഉദ്യോഗസ്ഥരെയും സൈനികരെയുമാണ് അടിയന്തര സേവന പ്രവർത്തകരെയുമാണ് ജർമ്മനിയിൽ വിന്യസിച്ചിരിക്കുന്നത്.

ന്യൂയോർക്ക്: സാമൂഹ്യ മാദ്ധ്യമങ്ങൾക്കെതിരെ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ജനങ്ങൾ കോവിഡ് വാക്‌സിൻ കുത്തിവെയ്‌പ്പെടുക്കാൻ വിമുഖത കാണിക്കുന്നതിന്റെ ഒരു കാരണം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വരുന്ന വ്യാജ വാർത്തകളാണെന്ന് അദ്ദേഹം ആരോപിച്ചു.

ഒരർത്ഥത്തിൽ സാമൂഹ്യ മാദ്ധ്യമങ്ങൾ ജനങ്ങളെ കൊല്ലുകയാണെന്നും ജോ ബൈഡൻ വ്യക്തമാക്കി. വാക്‌സിൻ കുത്തിവെയ്‌പ്പെടുക്കുന്നതിനെതിരെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് ട്വിറ്ററിനെതിരെ വിമർശനവുമായി യുഎസ് സർജൻ ജനറൽ വിവേക് മൂർത്തി രംഗത്തെത്തിയിരുന്നു. സാമൂഹ്യ മാദ്ധ്യമങ്ങളിൽ കോവിഡ് വാക്സിനെതിരായി നടക്കുന്ന ഇത്തരം വ്യാജ പ്രചാരണങ്ങളെ എല്ലാവരും ഒറ്റക്കെട്ടായി നേരിടണമെന്നാണ് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിക്കുന്നത്. ജനങ്ങളെ വഴിതെറ്റിക്കുന്ന വാർത്ത നൽകിയതിന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി ഫേസ്ബുക്കിനെയും വിമർശിച്ചു. ഏതാനും പേർ ചേർന്നാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വാക്സിനെതിരായ 65 ശതമാനം വാർത്തകളും പടച്ചുവിടുന്നത്. ഇവർ ഇപ്പോഴും ഫേസ്ബുക്കിൽ ആക്ടീവാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ടോക്കിയോ : ഒളിംപിക്‌സ് തുടങ്ങാന്‍ ദിവസങ്ങള്‍ ശേഷിക്കെ, ഗെയിംസ് വില്ലേജില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തുനിന്നെത്തിയ ഒഫിഷ്യലാണു കോവിഡ് പോസിറ്റീവയത്. ഇദ്ദേഹത്തെ 14 ദിവസത്തെ ക്വാറന്റീനിലാക്കി.ഗെയിംസ് വില്ലേജിലെ ഒരാള്‍ കോവിഡ് പോസിറ്റീവായതായും ഇത് ആദ്യത്തെ സംഭവം ആണെന്നും ടോക്കിയോ ഒളിംപിക്‌സ് സംഘാടക സമിതി വക്താവു മാസ ടകായ സ്ഥിരീകരിച്ചു.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ടെന്നീസ് ലോക റാങ്കിങ്ങില്‍ 15ാം സ്ഥാനക്കാരനായ അലക്‌സ് ഡി മിനോര്‍ ഒളിംപിക്‌സില്‍നിന്നു പിന്മാറുന്നതായി ഓസ്‌ട്രേലിയന്‍ ഒളിംപിക് കമ്മിറ്റി അറിയിച്ചിരുന്നു. ടോക്കിയോയില്‍ കുതിച്ചുയരുന്ന കോവിഡ് നിരക്കും ഒളിംപിക്‌സിന്റെ നടത്തിപ്പിനു കനത്ത തിരിച്ചടിയായിരിക്കുകയാണ്.

വാഷിംഗ്ടൺ: അമേരിക്കയിൽ അമിതമായ ലഹരി മരുന്ന് ഉപയോഗം മൂലം മരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്. 2020 ൽ ലഹരി മരുന്ന് ഉപയോഗത്തെ തുടർന്ന് അമേരിക്കയിൽ മരണപ്പെട്ടവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയത്. ലഹരി മരുന്നിന്റെ അമിത ഉപയോഗത്തെ തുടർന്ന് 93000 പേരാണ് 2020 ൽ അമേരിക്കയിൽ മരണപ്പെട്ടത്. യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ് ഇക്കാര്യം അറിയിച്ചത്. 2019 നേക്കാൾ 30 ശതമാനം വർധനവാണ് 2020 ൽ ഉണ്ടായിരിക്കുന്നതെന്ന് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കി. 72151 പേരാണ് 2019 ൽ ലഹരി ഉപയോഗത്തെ തുടർന്ന് മരിച്ചതെന്നും യുഎസ് സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ വ്യക്തമാക്കുന്നു.

സിന്തറ്റിക്ക് ഓപിയോഡ്സ് ഉപയോഗിച്ചുള്ള മരണമാണ് അമേരിക്കയിൽ കൂടുതതലായും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊക്കെയ്ൻ മരണങ്ങളുടെ എണ്ണവും 2020 ൽ വർധിച്ചിട്ടുണ്ടെന്നും വേദന സംഹാരികളും മരണങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 1999 ന് ശേഷം 12 മാസത്തിനുള്ളിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതു 2020 ലാണെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഡ്രഗ് അബ്യൂസ് ഡയറക്ടർ ഡോ. നോറ വോൾ കൗ പറഞ്ഞു.

അമേരിക്കൻ ആരോഗ്യ രംഗത്ത് വലിയ പ്രതിസന്ധിയാണ് കോവിഡ് വ്യാപനം സൃഷ്ടിച്ചിരിക്കുന്നത്. മാനസിക സംഘർഷം വർധിച്ചതായിരിക്കാം ലഹരിയുടെ അമിത ഉപയോഗത്തിന് കാരണമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. കോവിഡ് വൈറസ് ബാധ കുറയുന്നതോടെ ഓവർഡോസ് വിഷയത്തിൽ കാര്യമായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുമെന്ന് ജോൺ ഹോപ്കിൻസ് വൈസ് ഡീൻ ഓഫ് പബ്ലിക് ഹെൽത്ത് സർവീസ് ഡോ.ജോഷ്വ വ്യക്തമാക്കി.