‘ഓപ്പറേഷന്‍ മിറക്കിള്‍’ ; അഫ്ഗാന്‍ ജനതയെ പുരധിവസിപ്പിക്കാന്‍ ദൗത്യവുമായി ദക്ഷിണ കൊറിയ, കയ്യടിച്ച് സോഷ്യല്‍ മീഡിയ !

കാബൂള്‍: താലിബാന്‍ ഭരണത്തില്‍ നിന്നും രക്ഷനേടാന്‍ ആഗ്രഹിക്കുന്ന അഫ്ഗാന്‍ ജനതയെ പുരധിവസിപ്പിക്കാന്‍ ദൗത്യവുമായി ദക്ഷിണ കൊറിയ. ഇതിനെ തുടര്‍ന്ന്, കാബൂളില്‍ നിന്ന് സിയോളിലേക്ക് 391 അഫ്ഗാന്‍ സ്വദേശികളുമായി ദക്ഷിണ കൊറിയന്‍ സൈനിക വിമാനം പുറപ്പെട്ടു.

അഫ്ഗാന്‍ ജനതയ്ക്ക് സുസ്ഥിരമായ ഒരു ജീവിതം നല്‍കാന്‍ സഹായിക്കുന്ന ദൗത്യത്തിന്റെ ഭാഗമായിട്ടാണ് ഈ നീക്കം. ‘ഓപ്പറേഷന്‍ മിറക്കിള്‍’ എന്ന പേരിലാണ് ദൗത്യം നടപ്പിലാക്കിയത്.
അഫ്ഗാന്‍ പൗരന്മാരെ അഭയാര്‍ത്ഥികളായിട്ടല്ല പകരം യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

മെഡിക്കല്‍ പ്രൊഫഷണലുകള്‍, വൊക്കേഷണല്‍ ട്രെയിനര്‍മാര്‍, ഐടി വിദഗ്ധര്‍, ദക്ഷിണ കൊറിയന്‍ എംബസിയിലുണ്ടായിരുന്ന പരിഭാഷകര്‍, ഒരു കൊറിയന്‍ തൊഴില്‍ പരിശീലന കേന്ദ്രത്തിലും ആശുപത്രികളിലുമായി പ്രവര്‍ത്തിച്ച 76 കുടുംബങ്ങള്‍ (ഇതില്‍ 150ല്‍ അധികം കുട്ടികളാണ്) തുടങ്ങിയവരാണ് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ സഹായിച്ച അഫ്ഗാന്‍ സ്വദേശികള്‍.

അഫ്ഗാന്‍ പൗരന്മാരെ സിയോളിലേക്ക് കൊണ്ടുവരുന്നതിന് രണ്ട് സി -130 വിമാനങ്ങള്‍ ഉള്‍പ്പെടെ 3 സൈനിക വിമാനങ്ങള്‍ അയയ്ക്കുമെന്ന് ദക്ഷിണ കൊറിയ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. അഫ്ഗാന്‍ പൗരന്മാര്‍ക്ക് സഹായവും സുരക്ഷയും നല്‍കി രാജ്യത്ത് എത്തിക്കുന്നത് ദക്ഷിണ കൊറിയയുടെ ധാര്‍മ്മികമായ ബാധ്യതയായി കണക്കാക്കിയാണെന്നും ഫോറിന്‍ മിനിസ്ട്രി വ്യക്തമാക്കി.

‘യോഗ്യതയുള്ള ആളുകള്‍’ എന്ന നിലയില്‍, ഈ അഫ്ഗാന്‍ പൗരന്മാര്‍ക്ക് ആദ്യം ‘ഹ്രസ്വകാല വിസകള്‍’ നല്‍കുമെന്നും, പിന്നീട് അത് ദീര്‍ഘകാലത്തേക്ക് പരിവര്‍ത്തനം ചെയ്യുമെന്നും ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ വക്താക്കള്‍ പറഞ്ഞു.

ഈ ദൗത്യത്തെ സംബന്ധിച്ച് നിരവധി ട്വീറ്റുകള്‍ വന്നതോടെ സോഷ്യല്‍ മീഡിയയില്‍ നിരവധി ആളുകളാണ് കൊറിയന്‍ സര്‍ക്കാരിന്റെ ഈ നടപടിയില്‍ അഭിനന്ദനങ്ങള്‍ അറിയിച്ചത്.