ന്യൂഡല്‍ഹി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയായ എം15. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ ബ്രിട്ടനെ ആക്രമിക്കാന്‍ തീവ്രവാദികള്‍ പദ്ധതിയിട്ടത് 31 തവണയെന്നാണ് രഹസ്യാന്വേഷണ ഏജന്‍സി നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍. ഇതില്‍, ആറ് പദ്ധതികളും നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്നത് കൊവിഡ് പ്രതിസന്ധി ഘട്ടത്തിലായിരുന്നു.
എന്നാല്‍, ഭീകരരുടെ എല്ലാ പദ്ധതികളും തകര്‍ത്തു കളഞ്ഞെന്നും എം15 വക്താക്കള്‍ പറഞ്ഞു. ശാശ്വതമായി തീവ്രവാദി ഗ്രൂപ്പുകളെ ഇല്ലാതെയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അവര്‍ വീണ്ടും ഒത്തുചേരാന്‍ ഇടയുണ്ടെന്നും എം 15 മേധാവി കെന്‍ മെക്കലം മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.
ഏതു നിമിഷവും ബ്രിട്ടന് നേരെ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് സമാനമായ ആക്രമണം പ്രതീക്ഷിക്കാമെന്നും, കൂടുതല്‍ ആധുനികമായ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കാനായിരിക്കും ഇനിയുള്ള അവരുടെ ശ്രമമെന്നും അദ്ദേഹം അറിയിച്ചു.
മാത്രമല്ല, അഫ്ഗാനില്‍ താലിബാന്റെ തിരിച്ചു വരവ് തീവ്രവാദികള്‍ക്ക് പുതിയൊരു ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ടെന്നും, പൊലീസ് തകര്‍ത്ത ഭീകരാക്രമണ പദ്ധതികളില്‍ രണ്ടെണ്ണം നടന്നത് കഴിഞ്ഞ രണ്ട് ആഴ്ച്ചകളിലായിട്ടായിരുന്നു എന്നത് ഇതിന്റെ തെളിവാണെന്നും മെക്കലം ചൂണ്ടിക്കാട്ടി.

