വാഷിംഗ്ടൺ: മരിച്ചെന്ന് കരുതിയ അൽ ഖ്വയ്ദ തീവ്രവാദി നേതാവിന്റെ വീഡിയോ സന്ദേശം പുറത്ത്. അയ്മാൻ അൽ സവാഹിരിയുടെ എന്ന ഭീകര നേതാവിന്റെ വീഡിയോ സന്ദേശമാണ് പുറത്തു വന്നിരിക്കുന്നത്. സെപ്തംബർ 11 ആക്രമണത്തിന്റെ ഇരുപതാം വാർഷികത്തിലാണ് വീഡിയോ സന്ദേശം പുറത്തുവിട്ടിരിക്കുന്നത്.
ഒസാമ ബിൻ ലാദന്റെ മരണത്തെ തുടർന്നാണ് സവാഹിരി അൽ ഖ്വയ്ദയുടെ നേതൃത്വം ഏറ്റെടുത്തത്. പിന്നീട് ഒളിവിൽ പോയ ഇയാൾ മരണപ്പെട്ടതായുള്ള വാർത്തകൽ പുറത്തു വന്നിരുന്നു. 2020 നവംബറിൽ രോഗബാധയെതുടർന്ന് സവാഹിരി മരണപ്പെട്ടുവെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിൽ പൂർണ്ണ ആരോഗ്യവാനായ സവാഹിരിയെയാണ് കാണാൻ കഴിയുന്നത്.
2020 ൽ കൊല്ലപ്പെട്ട നിരവധി തീവ്രവാദികൾക്ക് വീഡിയോയിൽ സവാഹിരി വീര പരിവേശം നൽകുന്നുണ്ട്. 20 വർഷത്തെ യുദ്ധത്തിനു ശേഷം അമേരിക്ക അഫ്ഗാനിൽ നിന്നും തോറ്റ് മടങ്ങിയെന്നും സെപ്തംബർ പതിനൊന്നിന് അൽ ഖ്വയ്ദ വേൾഡ് ട്രേഡ് സെന്ററിൽ നടത്തിയ ആക്രമണം അമേരിക്കയുടെ നെഞ്ചത്ത് ഏറ്റ വലിയൊരു മുറിവായിരുന്നെന്നും വീഡിയോയിൽ പറയുന്നു. അതേസമയം അഫ്ഗാനിസ്താനിൽ പുതുതായി അധികാരമേറ്റെടുത്ത താലിബാൻ നേതൃത്വത്തെ കുറിച്ച് യാതൊരു പരാമർശവും വീഡിയോയിൽ ഇല്ല.

