International (Page 184)

ലഡാക്ക്: അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനവുമായി മുന്നേറ്റ മേഖലകളില്‍ എട്ടിടങ്ങളിലായി ട്രൂപ്പ് ഷെല്‍ട്ടറുകള്‍ സ്ഥാപിക്കാന്‍ ചൈന. എട്ടോളം മുന്നേറ്റ മേഖലകളിലെങ്കിലും നിര്‍മ്മാണം ഇതിനകം നടന്നതായി രഹസ്യാന്വേഷണ എജന്‍സികള്‍ വ്യക്തമാക്കുന്നു. അതിര്‍ത്തിയിലെ വിവിധ മേഖലകളില്‍ എയര്‍ സ്ട്രിപ്പുകളുടെ നിര്‍മ്മാണവും ധ്രുതഗതിയിലാണെന്ന് രഹസ്യാന്വേഷണ എജന്‍സികള്‍ അറിയിച്ചു.

ഒരു വര്‍ഷത്തിലേറെയായി സംഘര്‍ഷം തുടരുന്ന കിഴക്കന്‍ ലഡാക്കിലെ ഗോഗ്ര പോസ്റ്റില്‍ നിന്നും ഇന്ത്യയും ചൈനയും സൈന്യങ്ങളെ ഓഗസ്റ്റില്‍ പൂര്‍ണ്ണമായും പിന്‍വലിച്ചിരുന്നു. പ്രധാന സംഘര്‍ഷ മേഖലകളില്‍ ഒന്നായ പട്രോളിംഗ് പോയിന്റ് 17, അഥവാ ഗോഗ്ര പോസ്റ്റില്‍ നിന്നും ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിച്ചു. താല്‍ക്കാലിക നിര്‍മ്മിതികളും ടെന്‍ഡുകളും ഇരു സൈന്യങ്ങളും പൊളിച്ചുനീക്കിയെന്നു പരസ്പരം ഉറപ്പുവരുത്തിയിരുന്നു.

എന്നാല്‍, 2020 മെയ് മുതല്‍ മുഖാമുഖം നിന്നിരുന്ന സേനകള്‍, സ്ഥിരം തവളങ്ങളിലേക്ക് പിന്മാറി. ഓഗസ്റ്റ് 04, 05 എന്നീ ദിവസങ്ങളിലായാണ് സേനാ പിന്‍മാറ്റം പൂര്‍ത്തിയാക്കിയത്. ജൂലൈ 31ന് കിഴക്കന്‍ ലഡാക്കിലെ ചുഷുല്‍ മോള്‍ഡോ മീറ്റിംഗ് പോയിന്റില്‍ ഇരുരാജ്യങ്ങളുടെയും കോര്‍ കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലെ ധാരണ അനുസരിച്ചായിരുന്നു സേനാ പിന്‍മാറ്റം. പ്രധാന സംഘര്‍ഷ പ്രദേശമായ ഗാല്‍വന്‍ താഴ്വരയില്‍ നിന്നും ഇരു സൈന്യങ്ങളും നേരത്തെ പിന്‍മാറിയിരുന്നു. സേനാ മുന്നേറ്റം ഇനി ഉണ്ടാകില്ലെന്നും, ബാക്കിയുള്ള മേഖലകളിലെ തര്‍ക്കം തുടര്‍ ചര്‍ച്ചകളില്‍ ഘട്ടംഘട്ടമായി പരിഹരിക്കാനും ഇരു സൈന്യങ്ങളും തമ്മില്‍ ധാരണയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ആശങ്കകള്‍ സൃഷ്ടിക്കുന്നതാണ്.

ഹെറാത്ത്: അഫ്ഗാന്‍ കീഴടക്കി അധികാരം പിടിച്ചടക്കിയ താലിബാന്‍ രാജ്യത്ത് കാടന്‍ രീതികള്‍ നടപ്പാക്കുകയാണ്. വെടിവയ്പില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം ക്രെയിനില്‍ നിന്നും താഴേക്ക് കെട്ടിത്തൂക്കി ജനങ്ങള്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിച്ച് താലിബാന്റെ ക്രൂരത. അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് നഗരത്തിലെ മെയിന്‍ സ്‌ക്വയറില്‍ ഇന്നലൊണ് താലിബാന്‍ പ്രഖ്യാപനങ്ങളെ കാറ്റില്‍ പറത്തി കിരാത നടപടി കാണിച്ചതെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട്.

നാലുമൃതദേഹങ്ങളാണ് മെയിന്‍ സ്‌ക്വയറിലേക്ക് കൊണ്ടുവന്നത് ഇതില്‍ ഒരു മൃതദേഹമാണ് ഇത്തരത്തില്‍ പ്രദര്‍ശിപ്പിച്ചത്. മറ്റ് മൂന്ന് മൃതദേഹങ്ങള്‍ മറ്റ് നഗരങ്ങളിലേക്കും പൊതുപ്രദര്‍ശനത്തിന് കൊണ്ടുപോയി. അഫ്ഗാനിസ്ഥാന്റെ അധികാരം പിടിച്ചെടുക്കുന്ന സമയത്ത് മനുഷ്യാവകാശം മാനിക്കുമെന്ന താലിബാന്റെ ഉറപ്പ് പാഴ് വാക്കായിരിക്കുകയാണ്. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടയാള്‍ എന്ന പ്രഖ്യാപനത്തോടെയാണ് മൃതദേഹം പ്രദര്‍ശിപ്പിച്ചതെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഫ്ഗാനിസ്ഥാനില്‍ വധശിക്ഷ തിരികെ കൊണ്ടുവരുമെന്ന് താലിബാന്‍ ദീകരരുടെ വക്താവും ജയിലുകളുടെ ചുമതലയുള്ള നീതിന്യായവകുപ്പ് മന്ത്രിയുമായ നൂറുദ്ദീന്‍ തുറബി പറഞ്ഞിരുന്നു. കുറ്റക്കാരാണെന്ന് തെളിയിക്കപ്പെടുന്നവരുടെ കൈ വെട്ടുന്നതും വധശിക്ഷ നടപ്പാക്കുന്നതും പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നാലു പേരുടെയും വധശിക്ഷ താലിബാന്‍ ഭീകരര്‍ നടപ്പാക്കിയത്.

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ച് കാനഡ. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് കാനഡ വിലക്കേർപ്പെടുത്തിയിരുന്നത്.

സെപ്റ്റംബർ 27 മുതൽ വിമാന സർവീസുകൾ പുനരാരംഭിക്കും. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഇനി കാനഡയിലേക്ക് പോകാം. അംഗീകൃത ലബോറട്ടറിയിൽ നടത്തിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റായിരിക്കണം.

ഇന്ത്യയിൽ നിന്നുള്ള എയർ കാനഡ വിമാന സർവീസുകൾ സെപ്റ്റംബർ 27 ന് പുനരാരംഭിക്കും. എന്നാൽ കാനഡയിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസുകൾ സെപ്റ്റംബർ 30 ന് മാത്രമെ പുനരാരംഭിക്കൂ.വെന്നും അധികൃതർ വ്യക്തമാക്കി.

നേരിട്ടുള്ള വിമാനങ്ങളിൽ സഞ്ചരിക്കുന്നവർ ഡൽഹിയിലെ ജെനസ്ട്രിങ്‌സ് ലബോറട്ടറിയിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദ്ദേശം. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവള മെട്രോ സ്റ്റേഷന് മുകളിലുള്ള എയർപോർട് കണക്ട് ബിൽഡിങ്ങി (എബിസി) ലാണ് ജനസ്ട്രിങ്‌സ് ലബോറട്ടറി. 18 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ ഫലമാണ് ഹാജരാക്കേണ്ടത്. വിമാനത്തിൽ കയറുന്നതിന് മുൻ കോവിഡ് നെഗറ്റീവ് പരിശോധനാഫലം വിമാന കമ്പനി അധികൃതരെ കാണിക്കണമെന്നാണ് നിർദ്ദേശം. അതേസമയം നേരത്തെ കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവർക്ക് രാജ്യത്തെ ഏത് സർട്ടിഫൈഡ് ലബോറട്ടറിയിൽ നിന്നുള്ള പരിശോധനാ ഫലവും കാണിക്കാമെന്നും അധികൃതർ അറിയിച്ചു.

ടെക് ഭീമന്‍മാരായ ഗൂഗിളിനെയും ആപ്പിളിനെയും രൂക്ഷമായി വിമര്‍ശിച്ച് റഷ്യന്‍ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്ളാദമിര്‍ പുടിന്റെ രാഷ്ട്രീയ എതിരാളിയുമായ അലക്‌സി നവാല്‍നി.

നവാല്‍നി രൂപം നല്‍കിയ വോട്ടിങ് ആപ്പ് റഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പായി ഇരുകമ്പനികളും നീക്കം ചെയ്തതിനെതിരെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

പുടിനെ പിന്തുണക്കുന്ന സ്ഥാനാര്‍ഥികളെ തോല്‍പിക്കാന്‍ കഴിയുന്നവരെ കണ്ടെത്തി വോട്ടര്‍മാരെ അറിയിക്കാനാണ് സ്മാര്‍ട് ആപ്പ് നിര്‍മിച്ചത്. നവാല്‍നിയുടെ അനുകൂലികളായ അഞ്ചുപേരാണ് ആപ്പിനു പിന്നില്‍. ഇവര്‍ റഷ്യക്കു പുറത്തുനിന്നാണ് ഇതു നിയന്ത്രിക്കുന്നത്. ആപ് നീക്കണമെന്ന് റഷ്യന്‍ സര്‍ക്കാര്‍ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.

ആപ്പ് നീക്കിയ സംഭവത്തോടെ ഗൂഗിളിന്റെയും ആപ്പിളിന്റെയും ഭീരുത്വമാണ് പുറത്തായതെന്നും, പുടിന്റെ ദുഷ്‌കര്‍മ്മങ്ങളില്‍ പങ്കാളികളായാണ് ടെക് ഭീമന്മാരും പ്രവര്‍ത്തിക്കുന്നതെന്നും നവാല്‍നി തുറന്നടിച്ചു. മേലധികാരികളുടെ ഭീരുത്വം അനുവദിച്ചുകൊടുക്കരുതെന്ന് ഇരു സ്ഥാപനങ്ങളിലെയും ജീവനക്കാരോടായും അദ്ദേഹം പറഞ്ഞു.

ടെലിഗ്രാം യൂട്യൂബ് തുടങ്ങിയ ആപ്പുകള്‍ ഏര്‍പ്പെടുത്തിയ സെന്‍സര്‍ഷിപ്പിനെയും നവാല്‍നി ചോദ്യം ചെയ്തു.

കാബൂൾ: അഫ്ഗാനിസ്താനിൽ മാദ്ധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമർത്താനൊരുങ്ങി താലിബാൻ. ഇതിന്റെ ഭാഗമായി വാർത്താ സ്ഥാപനങ്ങൾക്കെതിരെ ’11 നിയമങ്ങൾ’ അവതരിപ്പിച്ചിരിക്കുകയാണ് താലിബാൻ സർക്കാർ. ഇസ്ലാമിനെക്കുറിച്ച് പരാമർശമുള്ളതോ ദേശീയ വ്യക്തിത്വങ്ങളെ അപമാനിക്കുന്നതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിനു വിലക്ക് ഏർപ്പെടുത്താനാണ് താലിബാന്റെ തീരുമാനം. സർക്കാരിന്റെ മാദ്ധ്യമ ഓഫിസുമായി ഏകോപിപ്പിച്ചു വാർത്തകൾ എഴുതാൻ താലിബാൻ മാദ്ധ്യമപ്രവർത്തകർക്ക് നിർദ്ദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.

മാദ്ധ്യമ പ്രവർത്തകർ പോലും താലിബാനെ ഭയപ്പെടുന്നുണ്ടെന്നാണ് വിവരം. അഫ്ഗാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിന് പിന്നാലെ പുതിയ സർക്കാരിനെതിരെ റിപ്പോർട്ട് ചെയ്യുന്ന മാദ്ധ്യമപ്രവർത്തകർക്കുനേരെ താലിബാൻ ആക്രമണം നടത്തിയിരുന്നു. കാബൂളിലെ അഫ്ഗാൻ ഗവൺമെന്റ് ഇൻഫർമേഷൻ മീഡിയ സെന്റർ ഡയറക്ടർ ദാവ ഖാൻ മേനാപാലിനെ ഇത്തരത്തിൽ ഓഗസ്റ്റ് ആദ്യവാരം താലിബാൻ കൊലപ്പെടുത്തിയിരുന്നു. രണ്ട് ദിവസങ്ങൾക്കു ശേഷം പക്തിയ ഘാഗ് റേഡിയോയിലെ മാദ്ധ്യമപ്രവർത്തകൻ തൂഫാൻ ഒമറിനെയും താലിബാൻ ക്രൂരമായി വധിച്ചിരുന്നു.

അതേസമയം താലിബാൻ അഫ്ഗാൻ പിടിച്ചടക്കിയതിന് പിന്നാലെ സ്വകാര്യ ടിവി ചാനലുകളിലെ ഉള്ളടക്കങ്ങളിലും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. വാർത്താ ബുള്ളറ്റിനുകൾ, രാഷ്ട്രീയ സംവാദങ്ങൾ, വിനോദം, സംഗീത പരിപാടികൾ എന്നിവയ്ക്കു പകരം താലിബാൻ സർക്കാരിന് അനുകൂലമായ പരിപാടികളാണ് സ്വകാര്യ ചാനലുകൾ ഇപ്പോൾ അവതരിപ്പിക്കുന്നത്. രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ചില പ്രമുഖ പത്രങ്ങൾ അച്ചടി നിർത്തി ഓൺലൈനിലേക്കു മാറേണ്ടി വരുന്ന അവസ്ഥയും ഉണ്ടാകുന്നുണ്ട്.

മാദ്ധ്യമപ്രവർത്തകർ താലിബാനെ ഭയപ്പെടുന്നുവെന്ന് യുഎസ് ആസ്ഥാനമായുള്ള മാദ്ധ്യമസ്വാതന്ത്ര്യ സംഘടനയിലെ മുതിർന്ന അംഗം അറിയിച്ചു. അഫ്ഗാൻ മാദ്ധ്യമ പ്രവർത്തകരിൽനിന്ന് സഹായം അഭ്യർഥിച്ചു നൂറുകണക്കിന് ഇ-മെയിലുകളാണ് സംഘടനയ്ക്കു ലഭിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ന്യൂയോർക്ക്: അഫ്ഗാൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനെ ഭീകരവാദത്തിന്റെ മണ്ണാക്കി മാറ്റാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. യു.എൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ചില രാജ്യങ്ങൾ ഭീകരവാദത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്താനെ പരോക്ഷമായി സൂചിപ്പിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

ലോകമെങ്ങും മൗലികവാദവും തീവ്രവാദ ചിന്തയും വർധിക്കുകയാണ്. ഭീകരതയെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നവർക്കു തന്നെ അതു വിനയാകും. അഫ്ഗാനിസ്താനെ സ്വാർത്ഥലാഭത്തിനു വേണ്ടി ഉപയോഗിക്കരുതെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

അഫ്ഗാൻ ജനതയെ സംരക്ഷിക്കാൻ ലോകരാജ്യങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. സമുദ്രമേഖലകൾ കൈവശപ്പെടുത്താനുള്ള നീക്കം തടയണം. ഇന്ത്യയുടെ പുരോഗതി ലോകത്തിന്റെ പുരോഗതിയുടെ വേഗത വർധിപ്പിക്കും. ഇന്ത്യ പരിഷ്‌കാരങ്ങൾ നടപ്പാക്കുമ്പോൾ ലോകത്തിന്റെ മുഖച്ഛായ തന്നെ മാറും. വികസനമെന്നത് എല്ലാവരെയും ഉൾക്കൊള്ളുന്നതാകണം. ജനാധിപത്യം സഫലവും സാർഥകവും ആണെന്ന് ഇന്ത്യ തെളിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഞങ്ങളുടെ നാനാത്വമാണു ശക്തമായ ജനാധിപത്യ രാജ്യത്തിന്റെ സ്വത്വം. കഴിഞ്ഞ ഒന്നര വർഷക്കാലമായ ലോകം 100 വർഷത്തിനിടയിലെ ഏറ്റവും തീവ്രമായ മഹാമാരിയെ നേരിടുകയാണ്. ഇന്ത്യയിൽ വാക്സിൻ നിർമ്മിക്കുന്നതിനായി എല്ലാ വാക്സീൻ കമ്പനികളെയും ക്ഷണിക്കുകയാണ്. ലോകത്തെ ആദ്യ ഡിഎൻഎ വാക്സിൻ ഇന്ത്യ വികസിപ്പിച്ച കാര്യം യുഎന്നിനെ അറിയിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

india

ന്യൂഡല്‍ഹി: യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇമ്രാന്‍ ഖാനെ പൊളിച്ചടുക്കി ഇന്ത്യയുടെ ശബ്ദമായി മാറിയ സ്നേഹ ദുബെയ്ക്ക് അഭിനന്ദന പ്രവാഹം. നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ സ്‌നേഹയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.

2012 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐഎഫ്എസ്) ഓഫീസറാണ് സ്നേഹ ദുബെ. ഗോവയിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. ഉന്നത പഠനം പൂനെ ഫെര്‍ഗൂസണ്‍ കോളേജിലായിരുന്നു. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ (ജെഎന്‍യു) എംഫിലും പൂര്‍ത്തിയാക്കി.

ഐ എഫ് എസ് ഉദ്യോഗസ്ഥയാകുക എന്നത് 12 വയസുമുതലുള്ള സ്നേഹയുടെ സ്വപ്നമായിരുന്നു. ഐ എഫ് എസ് ഉദ്യോഗസ്ഥയായാല്‍ തന്റെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ മികച്ച അവസരം ലഭിക്കുമെന്നും അവള്‍ വിശ്വസിച്ചിരുന്നു. 2011 ല്‍ ആദ്യ ശ്രമത്തില്‍ തന്നെ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ വിജയിച്ചു.

ഐ എഫ് എസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം സ്നേഹയുടെ ആദ്യ നിയമനം വിദേശകാര്യ മന്ത്രാലയത്തിലായിരുന്നു. 2014ല്‍ അവര്‍ മഡ്രിഡിലെ ഇന്ത്യന്‍ എംബസിയിലെത്തി. സ്നേഹയുടെ പിതാവ് ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്യുന്നു, അമ്മ ഒരു സ്‌കൂള്‍ അദ്ധ്യാപികയാണ്.

നേരത്തെ, യുഎന്‍ ജനറല്‍ അസംബ്ലിയില്‍ കാശ്മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടി വിമര്‍ശിച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഇന്ത്യയെ പ്രതിനിധീകരിച്ച് ചുട്ട മറുപടിയാണ് സ്‌നേഹ ദുബെ നല്‍കിയത്. പാകിസ്ഥാന്‍ ഭീകരവാദത്തെ മഹത്വവല്‍ക്കരിക്കുന്ന രാജ്യമാണെന്ന് ചൂണ്ടിക്കാട്ടി സ്‌നേഹ രൂക്ഷമായിട്ടാണ് വിമര്‍ശിച്ചത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള ഇന്ത്യയുടെ 2019 ലെ തീരുമാനത്തെയൊക്കെ വീഡിയോ വഴി നടത്തിയ ഒരു പ്രസംഗത്തില്‍ ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. പാകിസ്ഥാന്‍ തീവ്രവാദികളെ പരിപോഷിക്കുകയാണെന്നും, അവരുടെ നയങ്ങള്‍ കാരണം ലോകം മുഴുവന്‍ കഷ്ടപ്പെട്ടുവെന്ന് സ്നേഹ ദുബെ തിരിച്ചടിച്ചു.

ജമ്മു കാശ്മീരിലെയും ലഡാക്കിലെയും മുഴുവന്‍ കേന്ദ്രഭരണ പ്രദേശങ്ങളും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും, പാകിസ്ഥാന്‍ കൈയടക്കിവച്ചിരിക്കുന്ന മേഖലകളില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്നും സ്‌നേഹ ആവര്‍ത്തിച്ചു. പാകിസ്ഥാന് ചുട്ടമറുപടി നല്‍കിയതോടെ ആഗോളതലത്തില്‍ പ്രശംസ നേടിയിരിക്കുകയാണ് ഈ യുവ നയതന്ത്രജ്ഞ.

ഷാങ്ഹായ്: ക്രിപ്‌റ്റോ കറൻസി നിരോധിച്ച് ചൈന. ചൈനയിലെ റെഗുലേറ്ററി ബോർഡാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ ക്രിപ്‌റ്റോ കറൻസി ഇടപാടുകളും ഇവയുടെ വാങ്ങലും നിയമ വിരുദ്ധമാണെന്നാണ് റെഗുലേറ്ററി ബോർഡിന്റെ പ്രഖ്യാപനം. ക്രിപ്‌റ്റോ കറൻസി നിരോധിക്കാനായി ചൈനയിലെ കേന്ദ്ര ബാങ്ക് അടക്കം പത്ത് ഏജൻസികൾ ക്രിപ്‌റ്റോ കറൻസി നിരോധിക്കാൻ വേണ്ടി ഒത്തൊരുമിച്ച് നിലപാടെടുത്തിരിക്കുകയാണ്. രാജ്യത്തെ ഏജൻസികൾ ഒത്തൊരുമിച്ച് ഇത്തരത്തിലൊരുതീരുമാനം എടുക്കുന്നത് ചരിത്രത്തിലാദ്യമായാണ്.

ചൈനയിൽ വൻകിട കമ്പനികൾക്കും അവയുടെ മൂലധന ഒഴുക്കിനുമെല്ലാം അതീതമാണ് ഭരണകൂടത്തിന്റെ നിയന്ത്രണം. ക്രിപ്‌റ്റോ കറൻസിയുടെ വരവ് ഭരണകൂട നിയന്ത്രണത്തിന് തടസമായേക്കുമെന്ന വിലയിരുത്തലുകളാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. പരമ്പരാഗത കറൻസികൾ പോലെ ക്രിപ്‌റ്റോ കറൻസികൾ വിതരണം ചെയ്യാൻ പാടില്ലെന്നും അവയുടെ അന്താരാഷ്ട്ര വിപണനമടക്കം വിലക്കുന്നതായുമാണ് പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ നിലപാട്. ദേശീയ തലത്തിൽ ക്രിപ്‌റ്റോ കറൻസി സേവനങ്ങൾ നൽകുന്ന സാമ്പത്തിക സ്ഥാപനങ്ങൾ, പേമെന്റ് കമ്പനികൾ, ഇന്റർനെറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് എല്ലാം വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.

അതേസമയം സാമ്പത്തിക രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്ന് മെയ് മാസത്തിൽ ചൈനയിലെ സ്റ്റേറ്റ് കൗൺസിൽ വിലയിരുത്തിയിരുന്നു. എന്നാൽ ഇതിന്റെ വിശദാംശങ്ങളൊന്നും കൗൺസിൽ വിശദമാക്കിയിരുന്നില്ല. ആ സമയം മുതൽ തന്നെ ചൈനയിലെ നിക്ഷേപകർ ക്രിപ്‌റ്റോ കറൻസികൾ വിറ്റഴിക്കാൻ ആരംഭിച്ചിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. തുടർന്ന് പ്രാദേശിക ഭരണകൂടങ്ങളടക്കം ക്രിപ്‌റ്റോ കറൻസിക്ക് എതിരെ ചട്ടങ്ങൾ ആവിഷ്‌ക്കരിക്കുകയും ചെയ്തിരുന്നു.

അബൂദാബി: വേറിട്ട വിനോദങ്ങള്‍ക്ക് തുടക്കം കുറിച്ച് അബൂദാബി. വെള്ളത്തിനടിയിലെ ഹോക്കിയാണ് പുതിയ ട്രെന്‍ഡ്. ഈ മല്‍സരങ്ങളുമായി നിരവധി പേരാണ് സജീവമായിരിക്കുന്നത്.

വിദേശരാജ്യങ്ങളിലൊക്കെ ശ്രദ്ധയാകര്‍ഷിക്കുന്ന വേറിട്ട കായികവിനോദമാണ് അബൂദബിയിലും പ്രചാരത്തിലെത്തിയിരിക്കുന്നത്.

നീളംകുറഞ്ഞ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് ആറുപേരാണ് രണ്ടുടീമുകളായി മല്‍സരിക്കുന്നത്. വെള്ളത്തിനടിയിലെ സഞ്ചാരം സുഗമമാക്കുന്നതിനായി ‘തുഴച്ചില്‍ ഉപകരണം’ കാലിലണിഞ്ഞും ഓക്സിജന്‍ മാസ്‌ക് ധരിച്ചുമാണ് കളിക്കാര്‍ ഏറ്റുമുട്ടുന്നത്.

നീന്തല്‍ വൈദഗ്ധ്യവും ഹോക്കി കളിമികവും ഒത്തുചേര്‍ന്നൊരു അഭ്യാസിക്കു മാത്രമേ ഈ ഹോക്കികളി വഴങ്ങൂ എന്നതാണ് ഈ മല്‍സരത്തിന്റെ പ്രത്യേകത.

വാഷിംഗ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിന് കരുത്തേറുകയാണെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ബൈഡൻ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാരബന്ധം ശക്തിപ്പെടുത്തണമെന്ന ആവശ്യത്തിന് മോദി ഊന്നൽ നൽകിയെന്നും അദ്ദേഹം പറഞ്ഞു.

വൈറ്റ് ഹൗസിൽ വെച്ചാണ് ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്. ബൈഡനുമായുള്ള ഉഭയകക്ഷി ചർച്ച വൻവിജയമായെന്ന് മോദിയും പ്രതികരിച്ചു. വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 8.30 നായിരുന്നു ബൈഡനും മോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റിന്റെ ഓവൽ ഓഫീസിൽ പ്രധാനമന്ത്രിയ്ക്ക് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്.

കാലാവസ്ഥാ വ്യതിയാനം, കോവിഡ് വൈറസ് വ്യാപനം, ക്വാഡ് സഖ്യം എന്നീ വിഷയങ്ങളിൽ വ്യത്യസ്തമായ ചുവടുകൾ വെച്ച വ്യക്തിയാണ് ജോ ബൈഡനെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ഈ വിഷയങ്ങളിലെല്ലാം ചർച്ച നടത്തുമെന്നും പോസിറ്റീവായ പ്രവർത്തനങ്ങൾ നടത്താൻ കഴിയുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതാദ്യമായാണ് മോദി ജോ ബൈഡനുമായി കൂടിക്കാഴ്ച്ച നടത്തുന്നത്.