പുടിന്റെ വാലാട്ടികള്‍ ! ഗൂഗിളിനെയും ആപ്പിളിനെയും രൂക്ഷമായി വിമര്‍ശിച്ച് നവാല്‍നി

ടെക് ഭീമന്‍മാരായ ഗൂഗിളിനെയും ആപ്പിളിനെയും രൂക്ഷമായി വിമര്‍ശിച്ച് റഷ്യന്‍ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്ളാദമിര്‍ പുടിന്റെ രാഷ്ട്രീയ എതിരാളിയുമായ അലക്‌സി നവാല്‍നി.

നവാല്‍നി രൂപം നല്‍കിയ വോട്ടിങ് ആപ്പ് റഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പായി ഇരുകമ്പനികളും നീക്കം ചെയ്തതിനെതിരെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

പുടിനെ പിന്തുണക്കുന്ന സ്ഥാനാര്‍ഥികളെ തോല്‍പിക്കാന്‍ കഴിയുന്നവരെ കണ്ടെത്തി വോട്ടര്‍മാരെ അറിയിക്കാനാണ് സ്മാര്‍ട് ആപ്പ് നിര്‍മിച്ചത്. നവാല്‍നിയുടെ അനുകൂലികളായ അഞ്ചുപേരാണ് ആപ്പിനു പിന്നില്‍. ഇവര്‍ റഷ്യക്കു പുറത്തുനിന്നാണ് ഇതു നിയന്ത്രിക്കുന്നത്. ആപ് നീക്കണമെന്ന് റഷ്യന്‍ സര്‍ക്കാര്‍ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.

ആപ്പ് നീക്കിയ സംഭവത്തോടെ ഗൂഗിളിന്റെയും ആപ്പിളിന്റെയും ഭീരുത്വമാണ് പുറത്തായതെന്നും, പുടിന്റെ ദുഷ്‌കര്‍മ്മങ്ങളില്‍ പങ്കാളികളായാണ് ടെക് ഭീമന്മാരും പ്രവര്‍ത്തിക്കുന്നതെന്നും നവാല്‍നി തുറന്നടിച്ചു. മേലധികാരികളുടെ ഭീരുത്വം അനുവദിച്ചുകൊടുക്കരുതെന്ന് ഇരു സ്ഥാപനങ്ങളിലെയും ജീവനക്കാരോടായും അദ്ദേഹം പറഞ്ഞു.

ടെലിഗ്രാം യൂട്യൂബ് തുടങ്ങിയ ആപ്പുകള്‍ ഏര്‍പ്പെടുത്തിയ സെന്‍സര്‍ഷിപ്പിനെയും നവാല്‍നി ചോദ്യം ചെയ്തു.