ന്യൂഡല്‍ഹി: യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇമ്രാന്‍ ഖാനെ പൊളിച്ചടുക്കി ഇന്ത്യയുടെ ശബ്ദമായി മാറിയ സ്നേഹ ദുബെയ്ക്ക് അഭിനന്ദന പ്രവാഹം. നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ സ്‌നേഹയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.
2012 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐഎഫ്എസ്) ഓഫീസറാണ് സ്നേഹ ദുബെ. ഗോവയിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. ഉന്നത പഠനം പൂനെ ഫെര്‍ഗൂസണ്‍ കോളേജിലായിരുന്നു. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ (ജെഎന്‍യു) എംഫിലും പൂര്‍ത്തിയാക്കി.
ഐ എഫ് എസ് ഉദ്യോഗസ്ഥയാകുക എന്നത് 12 വയസുമുതലുള്ള സ്നേഹയുടെ സ്വപ്നമായിരുന്നു. ഐ എഫ് എസ് ഉദ്യോഗസ്ഥയായാല്‍ തന്റെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ മികച്ച അവസരം ലഭിക്കുമെന്നും അവള്‍ വിശ്വസിച്ചിരുന്നു. 2011 ല്‍ ആദ്യ ശ്രമത്തില്‍ തന്നെ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ വിജയിച്ചു.
ഐ എഫ് എസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം സ്നേഹയുടെ ആദ്യ നിയമനം വിദേശകാര്യ മന്ത്രാലയത്തിലായിരുന്നു. 2014ല്‍ അവര്‍ മഡ്രിഡിലെ ഇന്ത്യന്‍ എംബസിയിലെത്തി. സ്നേഹയുടെ പിതാവ് ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്യുന്നു, അമ്മ ഒരു സ്‌കൂള്‍ അദ്ധ്യാപികയാണ്.
നേരത്തെ, യുഎന്‍ ജനറല്‍ അസംബ്ലിയില്‍ കാശ്മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടി വിമര്‍ശിച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഇന്ത്യയെ പ്രതിനിധീകരിച്ച് ചുട്ട മറുപടിയാണ് സ്‌നേഹ ദുബെ നല്‍കിയത്. പാകിസ്ഥാന്‍ ഭീകരവാദത്തെ മഹത്വവല്‍ക്കരിക്കുന്ന രാജ്യമാണെന്ന് ചൂണ്ടിക്കാട്ടി സ്‌നേഹ രൂക്ഷമായിട്ടാണ് വിമര്‍ശിച്ചത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള ഇന്ത്യയുടെ 2019 ലെ തീരുമാനത്തെയൊക്കെ വീഡിയോ വഴി നടത്തിയ ഒരു പ്രസംഗത്തില്‍ ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. പാകിസ്ഥാന്‍ തീവ്രവാദികളെ പരിപോഷിക്കുകയാണെന്നും, അവരുടെ നയങ്ങള്‍ കാരണം ലോകം മുഴുവന്‍ കഷ്ടപ്പെട്ടുവെന്ന് സ്നേഹ ദുബെ തിരിച്ചടിച്ചു.
ജമ്മു കാശ്മീരിലെയും ലഡാക്കിലെയും മുഴുവന്‍ കേന്ദ്രഭരണ പ്രദേശങ്ങളും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും, പാകിസ്ഥാന്‍ കൈയടക്കിവച്ചിരിക്കുന്ന മേഖലകളില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്നും സ്‌നേഹ ആവര്‍ത്തിച്ചു. പാകിസ്ഥാന് ചുട്ടമറുപടി നല്‍കിയതോടെ ആഗോളതലത്തില്‍ പ്രശംസ നേടിയിരിക്കുകയാണ് ഈ യുവ നയതന്ത്രജ്ഞ.

