ഷാങ്ഹായ്: ക്രിപ്റ്റോ കറൻസി നിരോധിച്ച് ചൈന. ചൈനയിലെ റെഗുലേറ്ററി ബോർഡാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ ക്രിപ്റ്റോ കറൻസി ഇടപാടുകളും ഇവയുടെ വാങ്ങലും നിയമ വിരുദ്ധമാണെന്നാണ് റെഗുലേറ്ററി ബോർഡിന്റെ പ്രഖ്യാപനം. ക്രിപ്റ്റോ കറൻസി നിരോധിക്കാനായി ചൈനയിലെ കേന്ദ്ര ബാങ്ക് അടക്കം പത്ത് ഏജൻസികൾ ക്രിപ്റ്റോ കറൻസി നിരോധിക്കാൻ വേണ്ടി ഒത്തൊരുമിച്ച് നിലപാടെടുത്തിരിക്കുകയാണ്. രാജ്യത്തെ ഏജൻസികൾ ഒത്തൊരുമിച്ച് ഇത്തരത്തിലൊരുതീരുമാനം എടുക്കുന്നത് ചരിത്രത്തിലാദ്യമായാണ്.
ചൈനയിൽ വൻകിട കമ്പനികൾക്കും അവയുടെ മൂലധന ഒഴുക്കിനുമെല്ലാം അതീതമാണ് ഭരണകൂടത്തിന്റെ നിയന്ത്രണം. ക്രിപ്റ്റോ കറൻസിയുടെ വരവ് ഭരണകൂട നിയന്ത്രണത്തിന് തടസമായേക്കുമെന്ന വിലയിരുത്തലുകളാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. പരമ്പരാഗത കറൻസികൾ പോലെ ക്രിപ്റ്റോ കറൻസികൾ വിതരണം ചെയ്യാൻ പാടില്ലെന്നും അവയുടെ അന്താരാഷ്ട്ര വിപണനമടക്കം വിലക്കുന്നതായുമാണ് പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ നിലപാട്. ദേശീയ തലത്തിൽ ക്രിപ്റ്റോ കറൻസി സേവനങ്ങൾ നൽകുന്ന സാമ്പത്തിക സ്ഥാപനങ്ങൾ, പേമെന്റ് കമ്പനികൾ, ഇന്റർനെറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് എല്ലാം വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
അതേസമയം സാമ്പത്തിക രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്ന് മെയ് മാസത്തിൽ ചൈനയിലെ സ്റ്റേറ്റ് കൗൺസിൽ വിലയിരുത്തിയിരുന്നു. എന്നാൽ ഇതിന്റെ വിശദാംശങ്ങളൊന്നും കൗൺസിൽ വിശദമാക്കിയിരുന്നില്ല. ആ സമയം മുതൽ തന്നെ ചൈനയിലെ നിക്ഷേപകർ ക്രിപ്റ്റോ കറൻസികൾ വിറ്റഴിക്കാൻ ആരംഭിച്ചിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. തുടർന്ന് പ്രാദേശിക ഭരണകൂടങ്ങളടക്കം ക്രിപ്റ്റോ കറൻസിക്ക് എതിരെ ചട്ടങ്ങൾ ആവിഷ്ക്കരിക്കുകയും ചെയ്തിരുന്നു.

