International (Page 183)

ഇസ്ലാമാബാദ്: പാകിസ്താനിൽ ചൈന തങ്ങളുടെ സ്വാധീനം വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് അമേരിക്കയുമായും അറബ് രാജ്യങ്ങളുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന പാകിസ്താന് ഇപ്പോൾ ചൈനയാണ് എല്ലാം. ചൈനയുടെ അയൺ ബ്രദർ എന്ന സ്ഥാനമാണ് പൊതുവേദികളിൽ പാകിസ്താനുള്ളത്. എന്നാൽ പാകിസ്താനെ ചൈന സാമ്പത്തികമായി സഹായിക്കുന്നത് വിദേശ വാണിജ്യ ബാങ്കുകൾ ഈടാക്കുന്ന പലിശവാങ്ങിച്ചിട്ടാണെന്നാണ് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ചൈന പാകിസ്താൻ സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച ശേഷമാണ് ചൈന പാകിസ്താനിലേക്ക് പണം ഒഴുക്ക് ആരംഭിച്ചത്. പണം നൽകി സഹായിച്ച് തിരിച്ചടയ്ക്കാൻ കഴിയാതെ വരുമ്പോൾ പദ്ധതി പൂർണമായും സ്വന്തമാക്കുക എന്നതാണ് ചൈനയുടെ ശീലം. ശ്രീലങ്കയടക്കമുള്ള രാജ്യങ്ങൾ ഇത്തരത്തിൽ ചൈനയുടെ കെണിയിൽ അകപ്പെട്ടിട്ടുണ്ട്. ഇതേലക്ഷ്യത്തോടെയാണ് പാകിസ്താനെയും ചൈന സഹായിക്കുന്നത്. ചൈന പാകിസ്ഥാന് കൊടുത്ത സാമ്പത്തിക സഹായം കൂടുതലായും ഊർജ്ജ, ഗതാഗത മേഖലകളിലാണ്. ഈ നിക്ഷേപങ്ങൾ നാളെ തങ്ങൾക്ക് ഉപകാരപ്രദമാവും എന്ന കണക്ക് കൂട്ടലിലാണ് ചൈനയുടെ നീക്കങ്ങൾ.

2000 മുതൽ 2017 വരെയുള്ള കാലയളവിൽ ചൈന പാകിസ്താന് 34.4 ബില്യൺ ഡോളറാണ് കടമായി നൽകിയിട്ടുള്ളത്. നിലവിൽ 27.3 ബില്യൺ ഡോളറിന്റെ 71 പദ്ധതികളാണ് പാകിസ്താനിൽ പുരോഗമിക്കുന്നത്. ചൈന പദ്ധതികൾക്കായി പണം കടം നൽകുമ്പോൾ പദ്ധതിക്കാവശ്യമായ സാധനങ്ങൾ, അതിന്റെ നിർമ്മാണം എന്നിവ തങ്ങളുടെ രാജ്യത്ത് നിന്നുള്ള കമ്പനികൾക്ക് നൽകണമെന്ന ഉപാധി മുന്നോട്ട് വെയ്ക്കുന്നുണ്ട്.

ഇത് ചെയ്യുന്നതിനാൽ പദ്ധതിക്കായി ചിലവഴിക്കുന്ന തുകയുടെ നല്ലൊരു പങ്കും ചൈന തിരികെ കൊണ്ടുപോകും. വായ്പ എടുക്കുന്ന രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ വിപണിയിലടക്കം യാതൊരു പുരോഗതിയും ഉണ്ടാകില്ല. ചൈന പാകിസ്താന് നൽകിയ വായ്പയിൽ ഭൂരിഭാഗവും 3.7 ശതമാനം പലിശ ഈടാക്കുന്നുവയാണ്. 13.2 വർഷത്തേയ്ക്കാണ് ചൈന ലോൺ അനുവദിക്കുന്നത്. കൂടുതലായും സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ, സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾ, സംയുക്ത സംരംഭങ്ങൾ, സ്വകാര്യ മേഖല സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് ചൈന വായ്പ അനുവദിക്കുക. പ്രത്യേക പദ്ധതികളായി വിഭാവനം ചെയ്യുന്നതിനാൽ സർക്കാരിന്റെ രേഖകളിൽ ഈ ഇടപാടുകളുടെ വിവരങ്ങൾ ലഭിക്കുക ഇല്ല. എന്നാൽ തിരിച്ചടവ് മുടങ്ങിയാൽ സർക്കാർ ഗ്യാരണ്ടി നിൽക്കുകയും വേണം. അമേരിക്കയിൽ നിന്നും ലഭിക്കുന്നതിനേക്കാൾ കൂടുതൽ തുകയാണ് ചൈനയിൽ നിന്നും പാകിസ്താന് ലഭിക്കുന്നത്.

ന്യൂയോർക്ക്: അഫ്ഗാനിൽ ഐഎസ് ശക്തിപ്രാപിക്കുമെന്ന് യുഎസ് സംയുക്ത സൈനിക മേധാവി മാർക് മില്ലി. യു എസ് സെനറ്റിലെ സേനാ സമിതിക്കു മുന്നിലാണ് മില്ലി ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കൻ സൈനിക സാന്നിധ്യത്തെയും സാങ്കേതിക മികവിനെയും അമിതമായി ആശ്രയിക്കാൻ അഫ്ഗാൻ സൈന്യത്തെ പ്രേരിപ്പിച്ചതാണ് യുഎസ് സൈന്യത്തിന്റെ വലിയ പരാജയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശത്രുവിന്റെ നിയന്ത്രണത്തിലാണ് ഇപ്പോൾ കാബൂൾ. താലിബാനു കീഴിൽ അൽ ഖായിദയോ അഫ്ഗാനിസ്താനിലെ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല വിഭാഗമോ അഫ്ഗാനിൽ പുനസംഘടിക്കാൻ സാധ്യതയേറെയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

12 മുതൽ 36 മാസത്തിനുള്ളിൽ അമേരിക്കയ്ക്ക് മേൽ ഒരു ഭീകരാക്രമണ ഭീഷണിയും അത് ഉയർത്തുന്നുണ്ട്. അൽ ഖായിദയുമായി ബന്ധം നിലനിർത്തുന്നവരാണ് താലിബാൻ എന്നതും താലിബാൻ ഇപ്പോഴും ഒരു തീവ്രവാദ സംഘടനയാണെന്നതും മറക്കരുതെന്നും മറക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഫ്ഗാൻ യുദ്ധം തന്ത്രപരമായി പരാജയമായിരുന്നു. അഫ്ഗാൻ സർക്കാരിനു പിന്തുണയേകി 2,500 യുഎസ് സൈനികരെയെങ്കിലും അവിടെ നിലനിർത്തണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സെൻട്രൽ കമാൻഡ് ജനറലായിരുന്ന ഫ്രാങ്ക് മകെൻസി അഫ്ഗാൻ വിഷയത്തിൽ പ്രകടിപ്പിച്ച അഭിപ്രായത്തോടും മില്ലി യോജിക്കുകയും ചെയ്തു. അവസാന മാസങ്ങളിൽ അഫ്ഗാനിലെ യുദ്ധത്തിന് നേതൃത്വം നൽകിയത് ഫ്രാങ്ക് മകെൻസിയാണ്. അഫ്ഗാനിൽ നിന്നുള്ള സേനാ പിൻമാറ്റത്തിൽ യുഎസ് സൈന്യത്തിന്റെയും പ്രസിഡന്റ് ജോ ബൈഡന്റെയും നിലപാടുകൾ വ്യത്യസ്തമായിരുന്നെന്നു സൂചിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് മില്ലി നടത്തിയത്.

എന്നാൽ വിഷയത്തിൽ ജോ ബൈഡന്റെ നിലപാടിന് പിന്തുണ അറിയിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി. എന്നാൽ കൃത്യതയാർന്ന നിലപാടിനാണ് പ്രസിഡന്റ് പരിഗണന നൽകിയതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇക്കാര്യത്തിൽ വിദഗ്ധ സമിതിയുടേയും ദേശീയ സുരക്ഷാ സംഘത്തിന്റേയും അഭിപ്രായങ്ങൾ പരിഗണിച്ചിരുന്നു. സൈനിക സാന്നിധ്യം ഉറപ്പാക്കി താലിബാനുമായി യുദ്ധത്തിനല്ല, കൂടുതൽ മരണം ഒഴിവാക്കാനാണ് തീരുമാനമെടുത്തതെന്നും അമേരിക്കൻ ജനതയുടെയും സൈന്യത്തിന്റെയും താൽപര്യം അതായിരുന്നതായി അദ്ദേഹം കരുതുന്നുവെന്നും വൈറ്റ് ഹൗസ് അറിയിച്ചു. അഭിപ്രായങ്ങൾ എന്താണെങ്കിലും സർവ സൈന്യാധിപനാണ് അതിൽ തീരുമാനം കൈകൊള്ളേണ്ടത്. 20 വർഷം നീണ്ട യുദ്ധം അവസാനിപ്പിക്കാനാണ് അദ്ദേഹം തീരുമാനിച്ചതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി വിശദീകരിച്ചു.

മനില: ഫിലിപ്പീന്‍സ് ബോക്സിങ് ഇതിഹാസം മാനി പാക്വിയാവോ ബോക്സിങ്ങില്‍നിന്നു വിരമിച്ചു. 2022 മേയില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു മാനി പാക്വിയാവോ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിരമിക്കുന്നത്.

2016 മുതല്‍ സെനറ്ററാണ് അദ്ദേഹം. 42 വയസുകാരനായ മാനി ജനപ്രതിനിധി സഭയില്‍ രണ്ടുവട്ടം അംഗമായി. ട്വിറ്ററിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം പുറത്തുവിട്ടത്.

നാലു വ്യത്യസ്ത വിഭാഗങ്ങളില്‍ ലോക ചാമ്പ്യനായ ഏകതാരമാണ് പാക്വിയാവോ. യു.എസിലെ ലാസ് വേഗാസില്‍ ക്യൂബയുടെ യോര്‍ഡെനിസ് ഉഗാസിനെതിരേ കഴിഞ്ഞ മാസം നടന്ന മത്സരത്തില്‍ തോറ്റിരുന്നു. പാക്വിയാവോയെ തോല്‍പ്പിച്ച് ഉഗാസ് ഡബ്ല്യു.ടി.എ. വെല്‍ട്ടര്‍വെയ്റ്റ് കിരീടം നിലനിര്‍ത്തിയിരുന്നു.

സിയോള്‍: ഉത്തര കൊറിയയുടെ ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷണം വിജയകരം. ചൊവ്വാഴ്ചയാണ് വാങ്‌സോങ്8 എന്ന മിസൈല്‍ ഉത്തര കൊറിയ പരീക്ഷിച്ചത്.

സൈനിക വികസന പദ്ധതിയുടെ ഭാഗമായി അഞ്ച് വര്‍ഷം കൊണ്ടാണ് മിസൈല്‍ വികസിപ്പിച്ചതെന്ന് ഉത്തര കൊറിയന്‍ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ആണവായുധശേഷിയുള്ള മിസൈല്‍ തന്ത്രപ്രധാനമായതാണെന്നും, രാജ്യത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനാണ് മിസൈലുകള്‍ വികസിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉത്തര കൊറിയ ഈ മാസം നടത്തുന്ന മൂന്നാമത്തെ മിസൈല്‍ പരീക്ഷണമാണിത്. ട്രെയിനില്‍നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലും ക്രൂയിസ് മിസൈലുമാണ് പരീക്ഷിച്ചത്.

ഹൈപ്പര്‍ സോണിക് മിസൈലുകള്‍ നിര്‍മിക്കുന്നതിനാവശ്യമായ പഠനങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് ജനുവരിയില്‍ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ പറഞ്ഞിരുന്നു. രാജ്യത്തിന്റെ സുരക്ഷയും സമാധാനവും മുന്‍നിര്‍ത്തിയാണ് പരീക്ഷണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു. മിസൈലിന്റെ ആദ്യ പരീക്ഷണമാണ് ചൊവ്വാഴ്ച നടത്തിയത്.

മിസൈല്‍ പ്രതിരോധനങ്ങളെ മറികടക്കുന്നതിനും അതിവേഗം സഞ്ചരിക്കുന്നതിനും ഹൈപ്പര്‍ സോണിക് മിസൈലുകള്‍ക്ക് സാധിക്കും. വളരെ കൃത്യതോടെ നിയന്ത്രിക്കാനും ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനും സാധിക്കും. മുന്‍ മിസൈല്‍ സംവിധാനങ്ങളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് പുതിയ മിസൈല്‍.

എന്നാല്‍, ദക്ഷിണ കൊറിയയ്ക്കും യുഎസിനും ഉത്തര കൊറിയന്‍ മിെസെലുകള്‍ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് ദക്ഷിണ കൊറിയന്‍ സൈനിക മേധാവി അവകാശപ്പെട്ടു.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും അഫ്ഗാനിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കണമെന്ന് അഭ്യര്‍ഥിച്ച് താലിബാന്‍. താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് വാണിജ്യ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയുടെ ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് കത്തെഴുതിയിരിക്കുന്നത്. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന ലെറ്റര്‍ഹെഡിലാണ് താലിബാന്റെ കത്ത്.

സെപ്തംബര്‍ ഏഴ് തിയ്യതി രേഖപ്പെടുത്തിയിരിക്കുന്ന കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത് അഫ്ഗാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രിയായ അല്‍ഹാജ് ഹമീദുള്ള അഖുന്‍സാദയാണ്. നിലവില്‍ അഫ്ഗാനിസ്താന് പുറത്തേക്ക് വിമാന സര്‍വീസുള്ള രണ്ട് രാജ്യങ്ങള്‍ ഇറാനും പാകിസ്താനുമാണ്. ഇതിന് പുറമെ യു.എ.ഇ, ഖത്തര്‍, തുര്‍ക്കി, ഉക്രൈന്‍ എന്നിവിടങ്ങളിലേക്ക് പ്രത്യേക വിമാനങ്ങളും ഉണ്ട്.

താലിബാന്‍ അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം ഇന്ത്യന്‍ ഭരണകൂടവുമായി നടത്തുന്ന ആദ്യത്തെ ഔദ്യോഗിക ആശയവിനിമയമാണ് ഇത്. അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടത്തെ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അഫ്ഗാന്‍ സൈന്യം കാബൂളില്‍ പ്രവേശിക്കുകയും നിലവിലെ പ്രസിഡന്റ് പലായനം ചെയ്യുകയുംചെയ്തതു മുതല്‍ ഇന്ത്യ അഫ്ഗാനിസ്താനിലേക്കുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു.

ബെയ്ജിംഗ്: ചൈനയിൽ കനത്ത വൈദ്യുതി ക്ഷാമം. വടക്കൻ പ്രവിശ്യയിൽ കൽക്കരിയുടെ വിലവർദ്ധനവും തെക്കൻ പ്രവിശ്യയിൽ ജലവൈദ്യുതി ഉത്പാദനത്തിന്റെ കുറവും ബെയ്ജിങ്ങിലെ വൈദ്യുത പ്രതിസന്ധി രൂക്ഷമാക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ ഉയർന്ന വിലയും വൈദ്യുത ക്ഷാമം രൂക്ഷമാക്കുന്നു.

ആഗോള വിതരണ ശൃംഖലയെ ഞെട്ടിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതിക്കാരായ ചൈന തങ്ങളുടെ ഫാക്ടറികളുടെ പോലും ഉത്പാദനം തടഞ്ഞ് ഊർജ്ജം സംരക്ഷിക്കാൻ നിർബന്ധിതരായിരിക്കുന്ന് അവസ്ഥയിലാണ്. വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ മൂന്നിലൊന്ന് വരുന്ന ജിയാങ്‌സു, സെജിയാങ്, ഗ്വാങ്‌ഡോങ് പ്രവിശ്യകളിലെ ഉൽപാദനത്തിൽ കുറവുണ്ടാക്കുമെന്നാണ് ചൈനീസ് നിർമ്മാതാക്കൾ വ്യക്തമാക്കുന്നത്. അതിനാൽ തന്നെ സാധനങ്ങളുടെ വില ഉയർത്തേണ്ട സാഹചര്യം വന്നേക്കാമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.

കർശനമായ കോവിഡ് നിയന്ത്രണ നടപടികൾ, പ്രോപ്പർട്ടി മാർക്കറ്റിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള നിയന്ത്രണങ്ങൾ എന്നിവമൂലമുണ്ടായ പ്രശ്‌നങ്ങൾക്ക് പുറമേ ഊർജ്ജ പ്രതിസന്ധികൂടി ഉണ്ടാകുന്നത് ചൈനയുടെ സമ്പദ് വ്യാവസ്ഥയെ സാരമായി രീതിയിൽ ബാധിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ചൈനയിലെ തെക്കൻ പ്രവിശ്യകളിൽ ജൂൺ മുതൽ തന്നെ വൈദ്യുതി ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. നിർമ്മാതാക്കൾക്കുള്ള വൈദ്യുതി വിതരണം നിയന്ത്രിക്കാൻ പ്രാദേശിക ഉദ്യോഗസ്ഥർ ഉത്തരവിട്ടതോടെ ഫാക്ടറികൾ ഉത്പാദനം കുറയ്ക്കാൻ നിർബന്ധിതരായി. ഗ്വാങ്ഡോങ് പ്രവിശ്യ അവരുടെ ഊർജ്ജാവശ്യത്തിൻറെ 30 ശതമാനത്തിനും ജലവൈദ്യുതിയെയാണ് ആശ്രയിക്കുന്നത്. പക്ഷേ, ഇത്തവണത്തെ കടുത്ത വേനൽ ജലസംഭരണികളെ വറ്റിക്കുകയും പ്രവിശ്യയിലെ ഊർജ്ജ വിതരണത്തെ താറുമാറാക്കുകയും ചെയ്തുവെന്നാണ് വിവരം.

അധികമായി വൈദ്യുതി ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ചില വൈദ്യുതി കമ്പനികൾ നോട്ടീസ് അയച്ചിരിക്കുകയാണ്. രാവിലെ ഏഴ് മുതൽ രാത്രി 11 വരെയുള്ള സമയത്ത് പ്രവർത്തിക്കാതിരിക്കുകയോ, ആഴ്ചയിൽ രണ്ട് മൂന്ന് ദിവസം പ്രവർത്തനം പൂർണ്ണമായും നിർത്തുകയോ ചെയ്യാനാണ് ഇത്തരം കമ്പനികൽക്ക് ലഭിച്ചിരിക്കുന്ന നിർദേശം. ഇതനുസരിച്ച് ആപ്പിളും ടെസ്ലയും ഉൾപ്പടെയുള്ള നിരവധി അന്താരാഷ്ട്ര കമ്പനികൾ അനിശ്ചിതകാലത്തേക്ക് ഫാക്ടറി അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം വലിയയൊരു പ്രതിസന്ധിയാണ് യുകെയിലും ഉണ്ടായിരിക്കുന്നത്. ചൈനയിൽ വൈദ്യുത ക്ഷാമമാണെങ്കിൽ യുകെയിൽ പെട്രോൾ ക്ഷാമമാണ് അനുഭവപ്പെടുന്നത്. പെട്രോളിനുവേണ്ടി തെരുവിൽ പരസ്പരം തമ്മിൽതല്ലുന്നവരെയും പെട്രോൾ സ്റ്റേഷനുകൾക്ക് മുന്നിൽ നീണ്ട ക്യൂവിൽ പെട്ട് ഭക്ഷണവും ഉറക്കവും കാറുകളിൽ തന്നെയാക്കിയവരെയും യുകെയിൽ കാണാൻ കഴിയുന്നുണ്ട്. എന്നാൽ ഷെൽ, എക്‌സോൺ മൊബീൽ, ഗ്രീൻജെർജി എന്നിവയുൾപ്പെടെയുള്ള എണ്ണക്കമ്പനികൾ യുകെയിൽ പെട്രോൾ ക്ഷാമമില്ലെന്നാണ് പറയുന്നത്. ഉപയോക്താക്കളുടെ പെട്ടെന്നുള്ള തള്ളിക്കയറ്റമാണ് വിതരണത്തിൽ സമ്മർദ്ദങ്ങൾ ഉണ്ടാക്കുന്നതെന്നാണ് കമ്പനികൾ വിശദമാക്കുന്നത്. തെറ്റായ പ്രചാരണങ്ങളെത്തുടർന്ന് ആളുകൾ കൂട്ടത്തോടെ എത്തിയതാണ് താൽക്കാലികമായ ഈ ക്ഷാമത്തിന് ഇടയാക്കിയതെന്നും ഇവർ അറിയിക്കുന്നു.

നിലവിലെ സാഹചര്യം വിലയിരുത്തുമ്പോൾ രാജ്യത്ത് പെട്രോളിന് ക്ഷാമമുണ്ടെന്ന് വ്യക്തമാണ്. ഏകദേശം 5,500 സ്വതന്ത്ര ഔട്ട്‌ലെറ്റുകളിൽ മൂന്നിൽ രണ്ട് സ്ഥലങ്ങളിലും ഇപ്പോൾ ഇന്ധനം തീർന്നിരിക്കുകയാണെന്നും ബാക്കിയുള്ള സ്ഥലങ്ങളിൽ ഉടൻ ഇന്ധനം തീരുമെന്നും പെട്രോൾ റീട്ടെയിലേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്. ലോറി ഡ്രൈവർമാരുടെ അഭാവമാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ പ്രധാന കാരണമെന്നാണ് വിദഗ്ധർ പറയുന്നത്.

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിലയില്‍. ഇപ്പോഴത്തെ വിനിമയ നിരക്കില്‍ ഒരു ഡോളറിന് തുല്യമാവണമെങ്കില്‍ 169.6 പാക് രൂപ വേണ്ടിവരും. 2021 മേയ് 14 ശേഷം മൂല്യത്തില്‍ ഏകദേശം 10.21 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

കറന്റ് അക്കൗണ്ട് കമ്മി മുന്‍ മാസത്തെ 0.8 ബില്യണ്‍ ഡോളറില്‍ നിന്ന് 2021 ഓഗസ്റ്റില്‍ 1.5 ബില്യണ്‍ ഡോളറായിട്ടാണ് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കറന്റ് അക്കൗണ്ട് കമ്മി 838 മില്യണ്‍ ഡോളറായിരുന്നത് ഇപ്പോള്‍ 2.29 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരിക്കുകയാണ്. രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരത്തിലുണ്ടായ ഇടിവാണ് പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കോട്ടം സംഭവിക്കാനുള്ള മറ്റൊരു കാരണം.

അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്ക പിന്മാറിയതാണ് പാകിസ്ഥാന്റെ വിദേശ നാണ്യ ശേഖരത്തില്‍ പൊടുന്നനെ ഇടിവുണ്ടാക്കിയതെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്. അമേരിക്കയും സഖ്യസേനയും പിന്‍വാങ്ങുകയും ഓഗസ്റ്റ് 15 ന് അഫ്ഗാനിലെ ഭരണം താലിബാന്‍ ഏറ്റെടുക്കുകയും ചെയ്തതോടെ അവിടത്തെ ബാങ്കിംഗ് സംവിധാനം താറുമാറായിരുന്നു. അഫ്ഗാനിലേക്കുള്ള യു എസ് ഡോളറിന്റെ ഒഴുക്ക് തടയാനും ഇത് കാരണമായി.

കാബൂള്‍ താലിബാന്‍ ഏറ്റെടുക്കുന്നതിന് മുമ്പ് അഫ്ഗാനിസ്ഥാനിലെ ചിലവുകള്‍ക്കായി 500 മില്യണ്‍ ഡോളര്‍ വീതം അമേരിക്ക എത്തിച്ചിരുന്നു. ഇതിന്റെ നല്ലൊരു പങ്കും പാകിസ്ഥാന്‍ വിപണിയിലേക്കാണ് വിവിധ ആവശ്യങ്ങള്‍ക്കായി ഒഴുകിയിരുന്നത്. കരിഞ്ചന്തയിലൂടെ പാകിസ്ഥാനില്‍ നിന്നും ഡോളര്‍ പുറത്തേയ്ക്ക് കടത്തുന്നതും പാകിസ്ഥാന്‍ രൂപയെ ഇത് സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ഇനിയും ഡോളര്‍ നിരക്ക് ഉയരുമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഒഫ് പാകിസ്ഥാന്‍ നല്‍കുന്ന സൂചന.

വാഷിംഗ്ടൺ: കോവിഡ് വാക്‌സിന്റെ ബൂസ്റ്റർ ഡോസ് സ്വീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ വെച്ചാണ് അദ്ദേഹം വാക്‌സിന്റെ മൂന്നാം ഡോസ് സ്വീകരിച്ചത്. വാക്‌സിൻ സ്വീകരിക്കാത്തവർ നാടിന് നാശമുണ്ടാക്കുമെന്ന് അദ്ദേഹം ബൂസ്റ്റർ ഡോസ് സ്വീകരിച്ച ശേഷം പ്രതികരിച്ചു.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അമേരിക്കയിൽ ബൂസ്റ്റർ ഡോസുകൾക്ക് അനുമതി ലഭിച്ചത്. ആദ്യഘട്ടത്തിൽ 65 വയസോ അതിന് മുകളിൽ പ്രായമുള്ളതോ ആയ ആളുകൾക്ക് മൂന്നാം ഡോസ് വാക്‌സിൻ നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. തന്നെ കണ്ടാൽ പറയില്ലെങ്കിലും തനിക്ക് 65 വയസിന് മുകളിൽ പ്രായമുണ്ടെന്നും തമാശയായി അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. നിർദ്ദേശിച്ചിരിക്കുന്ന പ്രായത്തിന് പുറമേ ഗുരുതരമായ ആരോഗ്യപ്രശ്‌നമുള്ള ആളുകൾക്കും വൈറസ് ബാധിതരുമായി അടുത്ത് ഇടപഴകുന്ന ആളുകൾക്കും വാക്‌സിന്റെ മൂന്നാം ഡോസിന് അധികൃതർ അനുമതി നൽകി.

ഡിസംബർ 21 നാണ് ബൈഡൻ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചത്. മൂന്നാഴ്ച്ചയ്ക്ക് ശേഷം ജനുവരി 11 ന് രണ്ടാമത്തെ ഡോസും അദ്ദേഹം സ്വീകരിച്ചു. ഭാര്യ ജിൽ ബൈഡനും വാക്‌സിൻ സ്വീകരിച്ചിരുന്നു. ജിൽ ബൈഡനും ബൂസ്റ്റർ ഡോസ് നൽകുമെന്നും അധികൃതർ അറിയിച്ചു.

അമേരിക്കയിലെ ജനസംഖ്യയുടെ 77 ശതമാനത്തോളം ആളുകളാണ് ഇതുവരെ വാക്‌സിൻ സ്വീകരിച്ചത്. വാക്‌സിനെടുക്കാൻ അവശേഷിക്കുന്നവരുടെ വാക്‌സിനേഷൻ ഉടൻ നടത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

ബലൂചിസ്ഥാന്‍: പാക്ക് സ്ഥാപകനായ മുഹമ്മദലി ജിന്നയുടെ പ്രതിമ തീവ്രവാദികള്‍ ബോംബ് വച്ച് തകര്‍ത്തു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ തീരദേശ നഗരമായ ഗ്വാദറില്‍ നടന്ന ബോംബാക്രമണത്തിലാണ് പ്രതിമ തകര്‍ന്നത്. സ്ഫോടനത്തില്‍ പ്രതിമ പൂര്‍ണമായും തകര്‍ന്നു.

കഴിഞ്ഞ ജൂണ്‍മാസത്തിലാണ് ഇവിടെ പ്രതിമ സ്ഥാപിച്ചത്. കനത്ത സുരക്ഷയുണ്ടെന്ന് കണക്കാക്കുന്ന സ്ഥലമാണിത്. പ്രതിമയുടെ ചുവട്ടില്‍ സ്ഥാപിച്ച സ്ഫോടക വസ്തുക്കള്‍ പൊട്ടിച്ചിതറുകയായിരുന്നു എന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ബലൂച് റിപ്പബ്ലിക്കന്‍ ആര്‍മി ഏറ്റെടുത്തിട്ടുണ്ട്. വിഘനടവാദ സംഘടനയുടെ വക്താവ് ബാബ്ഗര്‍ ബലൂച് ട്വിറ്ററിലൂടെയാണ് ഉത്തരവാദിത്തം ഏറ്റെടുത്തതായി അറിയിച്ചത്.

എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് അന്വേഷിക്കുന്നുവെന്നാണ് ഗ്വാദര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അബ്ദുല്‍ കബീര്‍ ഖാന്‍ അറിയിച്ചത്. പാകിസ്ഥാനിലെ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ആക്രമണം നടന്ന സ്ഥലം.

ജിന്ന അവസാന ദിവസങ്ങള്‍ ചിലവഴിച്ച 121 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടവും ബലൂച് തീവ്രവാദികള്‍ നേരത്തെ ആക്രമിച്ചിരുന്നു.

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചതിന് പിന്നാലെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനുമേല്‍ കാടന്‍ നിയമങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് താലിബാന്‍. ഇപ്പോഴിതാ സലൂണുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിര്‍ദ്ദേശവും വന്നുകഴിഞ്ഞു. അഫ്ഗാനിസ്ഥാനിലെ ഹെല്‍മണ്ട് പ്രവിശ്യയില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ക്ലീന്‍ ഷേവ് ചെയ്യുന്നതിനും താടി മുറിക്കുന്നതിനും താലിബാന്‍ ഭീകരര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു.

മുടിയിലും അധികം പരീക്ഷണങ്ങള്‍ വേണ്ടെന്നാണ് താലിബാന്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഹെല്‍മണ്ട് പ്രവിശ്യയുടെ തലസ്ഥാനമായ ലഷ്‌കര്‍ ഗാഹില്‍ വച്ച് താലിബാന്‍ പ്രതിനിധികള്‍ സലൂണുടമകളെ വിഴിച്ചുവരുത്തി നടത്തിയ ചര്‍ച്ചയിലാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. താലിബാന്‍ നല്‍കിയ കത്ത് ദി ഫ്രോണ്ടിയര്‍ പോസ്റ്റ് പുറത്ത് വിട്ടിട്ടുണ്ട്. സലൂണുകളില്‍ സംഗീതം കേള്‍പ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

നേരത്തെ, പടിഞ്ഞാറന്‍ നഗരമായ ഹെറാത്തില്‍ നാലു പേരുടെ വധശിക്ഷ താലിബാന്‍ നടപ്പിലാക്കിയിരുന്നു. തട്ടിക്കൊണ്ട് പോയതിനാണ് ശിക്ഷ നല്‍കിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വധശിക്ഷയ്ക്ക് വിധേയരായവരുടെ മൃതദേഹങ്ങള്‍ പരസ്യമായി കെട്ടിത്തൂത്തി പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.