കാടന്‍ നിയമങ്ങളുമായി താലിബാന്‍, നഗരമധ്യത്തില്‍ കെട്ടിത്തൂക്കിയത് നാലു മൃതദേഹങ്ങള്‍ !

ഹെറാത്ത്: അഫ്ഗാന്‍ കീഴടക്കി അധികാരം പിടിച്ചടക്കിയ താലിബാന്‍ രാജ്യത്ത് കാടന്‍ രീതികള്‍ നടപ്പാക്കുകയാണ്. വെടിവയ്പില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം ക്രെയിനില്‍ നിന്നും താഴേക്ക് കെട്ടിത്തൂക്കി ജനങ്ങള്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിച്ച് താലിബാന്റെ ക്രൂരത. അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് നഗരത്തിലെ മെയിന്‍ സ്‌ക്വയറില്‍ ഇന്നലൊണ് താലിബാന്‍ പ്രഖ്യാപനങ്ങളെ കാറ്റില്‍ പറത്തി കിരാത നടപടി കാണിച്ചതെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട്.

നാലുമൃതദേഹങ്ങളാണ് മെയിന്‍ സ്‌ക്വയറിലേക്ക് കൊണ്ടുവന്നത് ഇതില്‍ ഒരു മൃതദേഹമാണ് ഇത്തരത്തില്‍ പ്രദര്‍ശിപ്പിച്ചത്. മറ്റ് മൂന്ന് മൃതദേഹങ്ങള്‍ മറ്റ് നഗരങ്ങളിലേക്കും പൊതുപ്രദര്‍ശനത്തിന് കൊണ്ടുപോയി. അഫ്ഗാനിസ്ഥാന്റെ അധികാരം പിടിച്ചെടുക്കുന്ന സമയത്ത് മനുഷ്യാവകാശം മാനിക്കുമെന്ന താലിബാന്റെ ഉറപ്പ് പാഴ് വാക്കായിരിക്കുകയാണ്. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടയാള്‍ എന്ന പ്രഖ്യാപനത്തോടെയാണ് മൃതദേഹം പ്രദര്‍ശിപ്പിച്ചതെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഫ്ഗാനിസ്ഥാനില്‍ വധശിക്ഷ തിരികെ കൊണ്ടുവരുമെന്ന് താലിബാന്‍ ദീകരരുടെ വക്താവും ജയിലുകളുടെ ചുമതലയുള്ള നീതിന്യായവകുപ്പ് മന്ത്രിയുമായ നൂറുദ്ദീന്‍ തുറബി പറഞ്ഞിരുന്നു. കുറ്റക്കാരാണെന്ന് തെളിയിക്കപ്പെടുന്നവരുടെ കൈ വെട്ടുന്നതും വധശിക്ഷ നടപ്പാക്കുന്നതും പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നാലു പേരുടെയും വധശിക്ഷ താലിബാന്‍ ഭീകരര്‍ നടപ്പാക്കിയത്.