അഫ്ഗാൻ ജനതയെ സംരക്ഷിക്കാൻ ലോകരാജ്യങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് പ്രധാനമന്ത്രി

ന്യൂയോർക്ക്: അഫ്ഗാൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനെ ഭീകരവാദത്തിന്റെ മണ്ണാക്കി മാറ്റാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. യു.എൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ചില രാജ്യങ്ങൾ ഭീകരവാദത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്താനെ പരോക്ഷമായി സൂചിപ്പിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

ലോകമെങ്ങും മൗലികവാദവും തീവ്രവാദ ചിന്തയും വർധിക്കുകയാണ്. ഭീകരതയെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നവർക്കു തന്നെ അതു വിനയാകും. അഫ്ഗാനിസ്താനെ സ്വാർത്ഥലാഭത്തിനു വേണ്ടി ഉപയോഗിക്കരുതെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

അഫ്ഗാൻ ജനതയെ സംരക്ഷിക്കാൻ ലോകരാജ്യങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. സമുദ്രമേഖലകൾ കൈവശപ്പെടുത്താനുള്ള നീക്കം തടയണം. ഇന്ത്യയുടെ പുരോഗതി ലോകത്തിന്റെ പുരോഗതിയുടെ വേഗത വർധിപ്പിക്കും. ഇന്ത്യ പരിഷ്‌കാരങ്ങൾ നടപ്പാക്കുമ്പോൾ ലോകത്തിന്റെ മുഖച്ഛായ തന്നെ മാറും. വികസനമെന്നത് എല്ലാവരെയും ഉൾക്കൊള്ളുന്നതാകണം. ജനാധിപത്യം സഫലവും സാർഥകവും ആണെന്ന് ഇന്ത്യ തെളിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഞങ്ങളുടെ നാനാത്വമാണു ശക്തമായ ജനാധിപത്യ രാജ്യത്തിന്റെ സ്വത്വം. കഴിഞ്ഞ ഒന്നര വർഷക്കാലമായ ലോകം 100 വർഷത്തിനിടയിലെ ഏറ്റവും തീവ്രമായ മഹാമാരിയെ നേരിടുകയാണ്. ഇന്ത്യയിൽ വാക്സിൻ നിർമ്മിക്കുന്നതിനായി എല്ലാ വാക്സീൻ കമ്പനികളെയും ക്ഷണിക്കുകയാണ്. ലോകത്തെ ആദ്യ ഡിഎൻഎ വാക്സിൻ ഇന്ത്യ വികസിപ്പിച്ച കാര്യം യുഎന്നിനെ അറിയിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.