International (Page 182)

ലണ്ടന്‍: അമേരിക്കയിലേയും ചൈനയിലേയും സിംഗപ്പൂരിലേയും ശാസ്ത്രജ്ഞന്മാര്‍ ചേര്‍ന്ന് ഒരു പുതിയ വൈറസിനെ നിര്‍മ്മിക്കുവാനുള്ള പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര തലത്തില്‍ ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് സമാനമായ വകഭേദങ്ങളുടെ ജനിതകഘടന മിശ്രണം ചെയ്ത് ഒരു പുതിയ വൈറസിന് രൂപം കൊടുക്കാനായിരുന്നു പദ്ധതി. യു എസ് ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രൊജക്ട്‌സ് ഏജന്‍സിയിലായിരുന്നു ഈ പദ്ധതി സമര്‍പ്പിച്ചത്. 2018-ല്‍ ഇതിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ച അപേക്ഷയാണ് ഇപ്പോള്‍ ചോര്‍ന്നിരിക്കുന്നത്.

സമാനമായതും പരസ്പരം ഏറെ ബന്ധപ്പെട്ടിരിക്കുന്നതുമായ വകഭേദങ്ങളുടെ ആര്‍ എന്‍ എ ഡാറ്റ സ്വരൂപിക്കുകയും പൂര്‍ണ്ണ ദൈര്‍ഘ്യത്തില്‍ ജിനോമുകളെ താരതമ്യംചെയ്യുകയും അതുപോലെ അനന്യ സാധാരണമായ സിംഗിള്‍ ന്യുക്ലിയോടൈഡ് പോളിമോര്‍ഫിസത്തിനായി അന്വേഷണം നടത്തുകയുമായിരുന്നു പദ്ധതിയുടെ ഉള്ളടക്കം. പിന്നീട് അനുയോജ്യമായ ജിനോമുകള്‍ കൃത്രിമ മാര്‍ഗ്ഗം വഴി വികസിപ്പിച്ചെടുക്കും. ഇങ്ങനെ നിര്‍മ്മിച്ചാല്‍ ലോകത്തില്‍ പൂര്‍വ്വികരില്ലാത്ത ഒരു പുതിയ വൈറസ് ജന്മം എടുക്കും എന്നാണ് ലോകാരോഗ്യ സംഘടനയിലെ ഒരു വിദഗ്ദന്‍ പറഞ്ഞത്.

സാര്‍സ് കോവ്-2 വൈറസിനോട് സമാനതകള്‍ പുലര്‍ത്തുന്ന മറ്റൊരു വൈറസിനേയും ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നത് തന്നെ ഈ പരീക്ഷണം നടന്നു എന്ന സംശയത്തിന് ബലം നല്‍കുന്നതായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വിദഗ്ദന്‍ പറയുന്നു. കോവിഡ് വൈറസുമായി ഏതെങ്കിലും വിധത്തില്‍ സമാനതകള്‍ പുലര്‍ത്തുന്നത് കഴിഞ്ഞ മാസം ലാവോസില്‍ കണ്ടെത്തിയ ബനാല്‍-52 എന്ന വകഭേദമാണ്. ഇതിനു തന്നെ കോവിഡ്-19 വൈറസിന്റെ ജിനോമുമായി 96.8 ശതമാനം സമാനതകള്‍ മാത്രമാണുള്ളത്.

കോവിഡിനു കാരണമായ സാര്‍സ് കോവ്-2 വൈറസിന് അത്തരത്തിലൊരു പൂര്‍വ്വികനെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. നേരത്തേ പ്രസ്താവിച്ച പദ്ധതിയുടെ ഉദ്ദേശം തന്നെ ഇത്തരത്തില്‍ നൂറു ശതമാനം ഒരു പുതിയ വൈറസിനെ നിര്‍മ്മിക്കലായിരുന്നു എന്ന് ലോകാരോഗ്യ സംഘടനയിലെ വിദഗ്ദന്‍ ചൂണ്ടിക്കാണിക്കുന്നു. കമ്പ്യുട്ടര്‍ സ്വീകെന്‍സിംഗില്‍ നിന്നും വൈറല്‍ ജ്‌നിനോം കൃത്രിമമായി സൃഷ്ടിച്ചെടുക്കും. അതോടെ പ്രകൃതിയില്‍ ഇതുവരെ നിലനിന്നിട്ടില്ലാത്ത ഒരു വൈറസ് ജിനോം ജന്മമെടുക്കും. എന്നാല്‍ ഇത് തീര്‍ത്തും ഒരു സ്വാഭാവിക വൈറസായി മാത്രമേ തോന്നുകയുമുള്ളു.

എന്നാല്‍, ഈ പദ്ധതിക്കുള്ള അപേക്ഷ നിരസിക്കപ്പെട്ടു. 18 മാസങ്ങള്‍ക്ക് ശേഷം വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റിയുട്ടില്‍ സൂക്ഷിച്ചിരുന്ന വൈറല്‍ സ്‌ട്രെയിന്‍സ് ഡാറ്റാബേസ് അവിടെനിന്നും നീക്കം ചെയ്തു. ശാസ്ത്രജ്ഞര്‍ ഏത് പ്രൊജക്ടിലാണ് പ്രവര്‍ത്തിച്ചിരുന്നത് എന്ന് ആരും മനസ്സിലാക്കാതെ ഇരിക്കാനായിരുന്നു ഈ മുന്‍ കരുതല്‍. ഡസാക്ക് എക്കോ ഹെല്‍ത്ത് അലയന്‍സ്, വുഹാന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് വൈറോളജി, യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് കരോലിന, സിംഗപ്പൂരിലെ ഡ്യുക്ക് എന്‍ യു എസ് എന്നിവര്‍ക്ക് വേണ്ടി ബ്രിട്ടീഷ് സുവോളജിസ്റ്റായ പീറ്റര്‍ ഡസാക്കായിരുന്നു ഈ പദ്ധതിക്കായി അപേക്ഷ സമര്‍പ്പിച്ചതെന്ന് ടെലെഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാത്തരം കൊറോണ വൈറസുകള്‍ക്കും എതിരായ വാക്‌സിന്‍ നിര്‍മ്മിക്കുക എന്നതായിരുന്നു ഈ പരീക്ഷണത്തിന്റെ പ്രധാന ഉദ്ദേശ്യം.

സമാനമായ ഒരു പദ്ധതിക്ക് അമേരിക്കയും ധനസഹായം നല്‍കിയിരുന്നതായി കഴിഞ്ഞമാസം വെളിപ്പെട്ടിരുന്നു. ഈ പരീക്ഷണത്തിനിടയില്‍, അതില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വൈറസ് ബാധ ഉണ്ടാകാനും അവരില്‍ നിന്ന് അത് പുറത്തേക്ക് വ്യാപിക്കുവാനുമുള്ള സാധ്യത എക്കോ ഹെല്‍ത്ത് അലയന്‍സ് അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പരീക്ഷണത്തിനായി വുഹാന്‍ ലാബില്‍ ശേഖരിച്ചിരുന്ന ഒരു കൊറോണ വൈറസില്‍ നിന്നുള്ള ഒരു സ്‌പൈക്ക് ജീന്‍ ഉപയോഗിച്ച് മറ്റൊരു വൈറസിന്റെ ജനിതക ഘടകങ്ങള്‍ ചേര്‍ത്ത് നിര്‍മ്മിച്ചതാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

സ്റ്റോക്കോം: രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. നിരവധി പേർക്ക് പുരസ്‌കാരത്തിന് അർഹത നേടാനുള്ള സാധ്യത കൽപ്പിക്കപ്പെടുന്നത്. അക്കൂട്ടത്തിൽ ഒരു ഇന്ത്യൻ വംശജനുമുണ്ട്. കേംബ്രിജ് സർവകലാശാലയിലെ ഗവേഷകനും നിരവധി അവാർഡുകളുടെ സ്വീകർത്താവുമായ സർ ശങ്കർ ബാലസുബ്രഹ്മണ്യനാണ് രസതന്ത്ര നൊബേൽ സമ്മാനം നേടാൻ സാധ്യതയുള്ള പട്ടികയിൽ ഇടംനേടിയ ഇന്ത്യൻ വംശജൻ.

ജനിതക രസതന്ത്രത്തെ കുറിച്ചാണ് സർ ശങ്കർ ഗവേഷണം നടത്തുന്നത്. അടുത്തിടെ ജീൻ എഡിറ്റിങ്ങിൽ അദ്ദേഹവും സംഘവും നടത്തിയ പുതിയ കണ്ടെത്തലിൽ ശാസ്ത്രലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ജീനോം സ്വീകൻസിങ്ങിലെ ഈ പുതിയ മുന്നേറ്റം ശൈശവ അവസ്ഥയിൽ തന്നെ ഒരാളുടെ ജനിതകത്തകരാറുകളും ബുദ്ധിപരവും ആരോഗ്യപരവുമായ കുഴപ്പങ്ങളും വളരെ കൃത്യതയോടെ ഡോക്ടർമാർക്കു മനസ്സിലാക്കാൻ അവസരം നൽകുന്നു. ഇതനുസരിച്ച് പരിഹാരമാർഗങ്ങൾ നേരത്തെ തന്നെ അവലംബിച്ചാൽ 120 വയസ്സ് വരെ മനുഷ്യർക്ക് ആരോഗ്യത്തോടെ ജീവിക്കാനാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഓരോ വ്യക്തിയുടെയും ജനിതകഘടനയ്ക്ക് അനുസൃതമായ ‘പേഴ്സണലൈസ്ഡ് മെഡിസിൻ’ വികസിപ്പിക്കാനും ശങ്കർ നേതൃത്വം നൽകുന്ന കേംബ്രിജ് എപിജെനിറ്റിക്സ് എന്ന കമ്പനിക്ക് ഉദ്ദേശമുണ്ട്.

ജനിതക സീക്വൻസിങ് ആദ്യമായി നടത്തിയത് 2000 ൽ ആണ്. ഒരു ബില്യൺ യുഎസ് ഡോളർ ചെലവിലായിരുന്നു അത് നിർവഹിച്ചത്. ശാസ്ത്ര മേഖല കൈവരിച്ച പുരോഗതികൾ മൂലം ഇന്ന് 1000 ഡോളർ ചെലവിൽ ഈ പ്രക്രിയ നിർവഹിക്കാം. 48 മണിക്കൂറുകൾ കൊണ്ട് 48 ജീനോമുകൾ സീക്വൻസ് ചെയ്യാനും ഇന്ന് സാധിക്കും. 1966 ൽ ചെന്നൈയിൽ ജനിച്ച ശങ്കർ ഒരു വയസ്സുള്ളപ്പോഴാണ് മാതാപിതാക്കൾക്കൊപ്പം ബ്രിട്ടനിലെത്തുന്നത്. പിന്നീട് സ്‌കൂൾ പഠനം പൂർത്തിയാക്കിയ അദ്ദേഹം കേംബ്രിജ് സർവകലാശാലയുടെ കീഴിലുള്ള ഫിറ്റ്സ്വില്യം കോളജിൽ നിന്നു ശാസ്ത്രബിരുദം നേടി. കേംബ്രിജ് സർവകലാശാലയിൽ നിന്നു തന്നെ പിഎച്ച്ഡിയും അദ്ദേഹം കരസ്ഥമാക്കി. തന്റെ ഗവേഷണ ജീവിതത്തിൽ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. കോർഡേ മോർഗൻ പ്രൈസ്, ടെട്രാഹീഡ്രൻ പ്രൈസ്, റോയൽ മെഡൽ തുടങ്ങിയ പുരസ്‌കാരങ്ങളാണ് അദ്ദേഹം കരസ്ഥമാക്കിയിട്ടുള്ളത്.

റിയാദ്: സൗദി അറേബ്യയിൽ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കി. ഭക്ഷ്യമേഖലകളിലും സൂപ്പർ മാർക്കറ്റുകളിലുമാണ് സൗദി സ്വദേശിവത്കരണം നടപ്പാക്കിയത്. റസ്റ്റോറന്റ്, കാറ്ററിങ്, സൂപ്പർ മാർക്കറ്റ് മേഖലകളിലാണ് സ്വദേശിവത്കരണം നടപ്പിലാക്കിയത്. ഇതോടെ കഫേകൾ, സെൻട്രൽ മാർക്കറ്റുകൾ, ഫുഡ് ട്രക്കുകൾ എന്നിങ്ങനെയുള്ള വിവിധ സ്ഥാപനങ്ങൾ സ്വദേശിവത്കരണത്തിന്റെ പരിധിയിൽ വന്നു. ഓരോ വിഭാഗത്തിലുമുള്ള സ്ഥാപനങ്ങളിൽ നിശ്ചിത ശതമാനമാണ് സ്വദേശികളെ നിയമിക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. ഫുഡ് ട്രക്കുകളിലെ ജോലികൾ പൂർണമായും സ്വദേശിവത്കരിച്ചു.

റസ്റ്റോറന്റുകൾ, മത്ബഖുകൾ, ഫാസ്റ്റ് ഫുഡ് കടകൾ, ജ്യൂസ് സെന്ററുകൾ എന്നിവിടങ്ങളിൽ 20 ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്. ഈ സ്ഥാപനങ്ങൾ ഷോപ്പിങ് മാളുകളിലോ മറ്റ് വാണിജ്യ കേന്ദ്രങ്ങളുടെ അകത്തോ ആണെങ്കിൽ സ്വദേശിവത്കരണ തോത് 40 ശതമാനമായിരിക്കും. ഒരു ഷിഫ്റ്റിൽ നാലിൽ കൂടുതൽ തൊഴിലാളികളുണ്ടെങ്കിൽ നിശ്ചിത ശതമാനം സ്വദേശികളുണ്ടായിരിക്കണമെന്നും നിയമത്തിൽ നിർദ്ദേശിക്കുന്നു.

പാനീയങ്ങൾ, ശീതീകരിച്ച ഭക്ഷ്യ വസ്തുക്കൾ, ഐസ്‌ക്രീം എന്നിവ വിൽക്കുന്ന കഫേകളിൽ 30 ശതമാനമാണ് സ്വദേശിവത്കരണം. ഇവ മാളുകളിലോ മറ്റ് വാണിജ്യ സ്ഥാപനങ്ങളുടെ അകത്തോ ആണെങ്കിൽ 50 ശതമാനം സ്വദേശികൾ വേണം. ഇവിടെ ഒരു ഷിഫ്റ്റിൽ രണ്ട് പേരുണ്ടെങ്കിൽ തന്നെ സ്വദേശിവത്കരണം ബാധകമാവുകയും ചെയ്യും. ഒക്ടോബർ രണ്ട് മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നത്. മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് പ്രവാസികളാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്. ഇവർക്കെല്ലാം ഈ നിയമം വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

കാബൂൾ: ചാവേർ സൈനിക ബറ്റാലിയന് രൂപം നൽകി താലിബാൻ. ചൈനയും താജിക്കിസ്താനും അതിർത്തി പങ്കിടുന്ന ബഡാക്ഷനിലാണ് ‘ലഷ്‌കർ-ഇ-മൻസൂരി’ എന്ന പേരിൽ ചാവേറുകളുടെ പ്രത്യേക ബറ്റാലിയന് താലിബാൻ രൂപം നൽകിയത്. ബഡാക്ഷൻ ഡെപ്യൂട്ടി ഗവർണർ മുല്ല നിസാർ അഹ്മദ് അഹമ്മദിൽ അഫ്ഗാൻ അതിർത്തിയിൽ പ്രത്യേക ബറ്റാലിയൻ വിന്യസിക്കുമെന്ന് അറിയിച്ചു. ശരീരം മുഴുവൻ സ്ഫോടക വസ്തുക്കൾ നിറച്ച വസ്ത്രങ്ങൾ ധരിച്ചവരായിരിക്കും ഇ്ത്തരത്തിലുള്ള ബാറ്റാലിയനിൽ ഉണ്ടാകുക.

അക്ഷരാർത്ഥത്തിൽ ഇവർ ചാവേറുകളാണെന്നും അല്ലാഹുവിനായി സ്വയം സമർപ്പിക്കുന്നവരാണെന്നും ഡെപ്യൂട്ടി ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. യുഎസ് സൈന്യത്തെ തോൽപ്പിച്ചതിൽ ഈ ബറ്റാലിയൻ നിർമായക പങ്കുവഹിച്ചിട്ടുണ്ടെന്നും അവർ സ്ഫോടനാത്മക വസ്തുക്കളുമായി ആക്രമിച്ചു കയറി അഫ്ഗാനിസ്ഥാനിലെ യുഎസ് താവളങ്ങൾ പൊട്ടിത്തെറിക്കുകയായിരുന്നു പതിവെന്നും ഡെപ്യൂട്ടി ഗവർണർ വിശദമാക്കുന്നു.

രാജ്യത്തിന്റെ അതിർത്തികളിലാണ് ഇത്തരത്തിലുള്ള പ്രത്യേക ബറ്റാലിയനെ വിന്യസിക്കുക. മുൻ അഫ്ഗാൻ സർക്കാരിന്റെ സുരക്ഷാ സേനയെ ലക്ഷ്യമിട്ട് നിരവധി ചാവേർ ആക്രമണങ്ങൾ ഇവർ നടത്തിയിട്ടുണ്ട്.

സ്റ്റോക്കോം: 2021 ലെ വൈദ്യശാസ്ത്ര നൊബേല്‍ രണ്ടുപേര്‍ക്ക്. ചൂടും സ്പര്‍ശവും തിരിച്ചറിയാന്‍ സഹായിക്കുന്ന സ്വീകരണികള്‍ കണ്ടെത്തിയതിനാണ് അമേരിക്കന്‍ ഗവേഷകരായ ഡേവിഡ് ജൂലിയസ്, ആര്‍ഡെം പാറ്റപ്യുടിയാന്‍ എന്നിവര്‍ക്ക് നൊബേല്‍ പുരസ്‌കാരം ലഭിച്ചത്.

‘ചുടും സ്പര്‍ശവും തിരിച്ചറിയാനുള്ള കഴിവ് നമ്മുടെ അതിജീവനത്തിന് അത്യന്താപേഷിതമാണ്. എന്നാല്‍ നാം ആ കഴിവിനെ നിസാരമായാണ് കാണുന്നത്. ചൂടും സ്പര്‍ശവും നമ്മുടെ നാഡീ വ്യൂഹത്തിന് എങ്ങനെ തിരിച്ചറിയാന്‍ കഴിയുന്നു എന്നുള്ള കണ്ടുപിടുത്തത്തിനാണ് പുരസ്‌കാരം.’ നൊബേല്‍ പുരസ്‌കാര സമിതി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

1955 നവംബര്‍ നാലിനാണ് ഡേവിഡ് ജൂലിയസിന്റെ ജനനം. ബെര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നിന്നാണ് പിഎച്ച്ഡി നേടിയത്. സാന്‍ഫ്രാന്‍സിസ്‌കോ സര്‍വ്വകലാശാലയില്‍ പ്രഫസറായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്.

ലബനനിലെ ബെയ്‌റൂട്ടില്‍ 1967 ലാണ് ആര്‍ഡെം പാറ്റപ്യുടിയാന്റെ ജനനം. യുഎസിലെ പസദേനയില്‍ കാലിഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നാണ് പിഎച്ച്ഡി നേടിയത്. കാലിഫോര്‍ണിയയിലെ ലാ ഹോലയിലെ സ്‌ക്രിപ്പ്‌സ് റിസര്‍ച്ചില്‍ പ്രൊഫസറാണ് അദ്ദേഹം.

കാബൂൾ: അഫ്ഗാനിൽ സ്‌ഫോടനം. അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ പള്ളിയുടെ പ്രവേശന കവാടത്തിലാണ് സ്‌ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായാണ് താലിബാൻ വ്യക്തമാക്കുന്നത്.

കാബൂളിലെ ഈദ്ഗാ പള്ളിയിലായിരുന്നു ബോംബാക്രമണം ഉണ്ടായത്. താലിബാൻ വക്താവ് സബീബുള്ള മുജാഹിദിന്റെ അമ്മയുടെ ഓർമ്മയ്ക്കായി ചില ചടങ്ങുകൾ പള്ളിയിൽ നടക്കുന്നതിനിടെയാണ് ബോംബ് സ്ഫോടനം നടന്നത്.

അതേസമയം ആരും ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിസ്താൻ താലിബാൻ ഏറ്റെടുത്ത ശേഷം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ താലിബാനെതിരായ ആക്രമണം വർധിച്ചു വരികയാണ്. ഭാവിയിൽ താലിബാനും ഇസ്ലാമിക് സ്റ്റേറ്റും തമ്മിൽ ആധിപത്യത്തിനായുള്ള പോരാട്ടം നടക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

ന്‍സ്റ്റഗ്രാം ടീനേജ് കുട്ടികളുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കുന്നുവെന്ന് കാണിച്ച് ഫെയ്സ്ബുക്കിനെ വിമര്‍ശിച്ച് യുഎസ് സെനറ്റ്. ഫെയ്സ്ബുക്ക് സുരക്ഷാ മേധാവി ആന്റിഗോണ്‍ ഡേവിസ് ആണ് യുഎസ് സെനറ്റിന് മുന്നില്‍ ഹാജരായത്.

കുട്ടികളുടെ ആരോഗ്യത്തെ പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ മാനസികാരോഗ്യത്തെ പ്ലാറ്റ്ഫോം സാരമായി ബാധിക്കുന്നുവെന്ന ഇന്‍സ്റ്റഗ്രാമിന്റെ തന്നെ റിസര്‍ച്ച് റിപ്പോര്‍ട്ട് ചോര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ആന്റിഗണ്‍ ഡേവിസിന് സെനറ്റിന് മുന്നില്‍ ഹാജരാകേണ്ടി വന്നത്. വാള്‍സ്ട്രീറ്റ് ജേണലാണ് ഇന്‍സ്റ്റാഗ്രാമിന്റെ ഗവേഷണ റിപ്പോര്‍ട്ട് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

അതേസമയം യുവാക്കളെ സഹായിക്കുകയാണ് ഇന്‍സ്റ്റാഗ്രാം ചെയ്യുന്നത് എന്ന് ചൂണ്ടിക്കാട്ടി ഫെയ്സ്ബുക്ക് ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിച്ചു.

എന്നാല്‍, കുട്ടികള്‍ക്ക് അവരുടെ ശരീരത്തോടുള്ള കാഴ്ചപ്പാടിലും അവരുടെ ആത്മവിശ്വാസത്തിലും ഇന്‍സ്റ്റാഗ്രാം വിപരീതമായി ബാധിക്കുന്നുവെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. കുട്ടികളുടെ ക്ഷേമത്തേക്കാള്‍ ഉല്‍പ്പന്നങ്ങളുടെ വളര്‍ച്ചയ്ക്കാണ് ഫെയ്സ്ബുക്ക് പ്രാധാന്യം നല്‍കുന്നതെന്നും ഇന്‍സ്റ്റാഗ്രാമിന്റെ ദോഷങ്ങള്‍ മറച്ചുവെക്കാനുള്ള ഫെയ്സ്ബുക്കിന്റെ ശ്രമങ്ങള്‍ പുകയിലയുടെ ദോഷങ്ങള്‍ മറച്ചുവെക്കാനുള്ള സിഗരറ്റ് കമ്പനികളുടെ ശ്രമം പോലെയാണെന്നും സെനറ്റ് കുറ്റപ്പെടുത്തി.

ബെയ്ജിംഗ്: ലോകം തങ്ങളുടെ പരിധിയിലാക്കാനാണ് ചൈനയുടെ ശ്രമം. ഇത് തെളിയിക്കുന്നതിനായുള്ള നിർണായക തെളിവുകളും പലപ്പോഴും ലോകരാജ്യങ്ങൾ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. അത്തരത്തിലൊരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ലോകം മുഴുവൻ ചൈന നിരീക്ഷിക്കുന്നതായാണ് റിപ്പോർട്ട്. ചൈനീസ് മാദ്ധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തു വിട്ടത്.

ചൈനീസ് ഔദ്യോഗിക മാദ്ധ്യമമായ ദി ഗ്ലോബൽ ടൈംസാണ് അത്തരം ഒരു റിപ്പോർട്ട് കഴിഞ്ഞ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ചത്. ചൈന ഒരു സർവകലാശാലയിലെ കുട്ടികളുടെ ചിത്രം ഒപ്പിയെടുത്തത് ബഹിരാകാശത്തുളള ഉപഗ്രഹം വഴിയായിരുന്നുവെന്നാണ് ഗ്ലോബൽ ടൈംസ് പുറത്തുവിട്ട വാർത്ത. ജിലിൻ-1 ഉപഗ്രഹം ഉപയോഗിച്ചായിരുന്നു സർവ്വകലാശാലയിലെ കുട്ടികളുടെ ചിത്രം പകർത്തിയത്. ഉപഗ്രഹത്തിലെ ഏഴാം നമ്പർ ക്യാമറയിൽ കുട്ടികളുടെ ചിത്രം ഭംഗിയായി പതിഞ്ഞുവെന്നാണ് റിപ്പോർട്ട്.

ചൈനയിലെ ആദ്യ വാണിജ്യ സാറ്റലൈറ്റ് ഉപയോഗിച്ചാണ് ചിത്രങ്ങൾ പകർത്തിയത്. ഭൂമിയുടെ വളരെ അടുത്താണ് ഇതിന്റെ ഭ്രമണപഥം. ചൈനീസ് സർക്കാർ അധീനതയിലുളള ചാങ്ചുൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒപ്റ്റിക്ക്‌സ്, ഫൈൻ മെക്കാനിക്സ് ആന്റ് ഫിസിക്സിന് കീഴിലെ ദി ചാങ് ഗുവാങ് സാറ്റലൈറ്റ് കമ്പനി 2030 ഓടെ ഭൂമിയെ ഇത്തരത്തിൽ നിരീക്ഷിക്കുന്ന ഉപഗ്രഹങ്ങളുടെ നക്ഷത്ര സമൂഹം ഉണ്ടാക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

ജിലിൻ-1 നക്ഷത്രസമൂഹം എന്നാണ് ഇതിന് പേര്. 138 ഓളം ഹൈ പെർഫോമൻസ് ഒപ്റ്റിക്കൽ റിമോട്ട് സെൻസിംഗ് ഭൂനിരീക്ഷണ സാറ്റ്‌ലൈറ്റുകൾ വഴി പരമാവധി 10 മിനുട്ടിനിടയിലെ ഭൂമിയിലെ എല്ലാ കാര്യങ്ങളും ഒപ്പിയെടുക്കുമാറ് മൂടിനിൽക്കും. ഇതിലൂടെ കൃഷി, വനവൽക്കരണം, ഭൂമിശാസ്ത്രപരമായ നിരീക്ഷണം, പരിസ്ഥിതി നിരീക്ഷണം, സ്മാർട്ട് സിറ്റി, ഭൂമിയുടെ ആസൂത്രണം ഇവ സാദ്ധ്യമാകുമെന്നാണ് ചൈനയുടെ അവകാശവാദമെങ്കിലും മറ്റ് രാജ്യങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുക എന്ന ലക്ഷ്യം കൂടി ചൈനയ്ക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിവരം.

ഇക്കാര്യം വ്യക്തമാക്കുന്ന ഒരു റിപ്പോർട്ട് നേരത്തെ സൗത്ത് ഏഷ്യ മിറർ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. പാകിസ്താൻ ചൈനയിൽ നിന്നും ഇത്തരം സാറ്റ്‌ലൈറ്റുകൾ വാങ്ങി. നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈന്യത്തിന്റെ ക്യാമ്പുകളുടെ കൃത്യമായ സ്ഥലം അറിയാനായിരുന്നു അതെന്നാണ് സൗത്ത് ഏഷ്യ മിറർ പറയുന്നത്.

2020 സെപ്തംബറിൽ ഒൻപത് ജിലിയൻ-1 സാറ്റലൈറ്റുകൾ ചൈന കടലിൽ നിന്നും വിക്ഷേപിച്ചിരുന്നു. ഭാരം കുറഞ്ഞ എന്നാൽ മികച്ച ക്യാമറയുളള കൃത്രിമ ഉപഗ്രഹങ്ങളായിരുന്നു ഇവ. 2020 ഡിസംബറിൽ ചാങ് ഗുവാങ് സാറ്റ്‌ലൈറ്റ് കമ്പനി ചെനയുടെ ജിലിയൻ-1 നക്ഷത്രസമൂഹത്തിന് നിക്ഷേപമായി 375 മില്യൺ അമേരിക്കൻ ഡോളറാണ് ശേഖരിച്ചത്. ഈ വർഷം അവസാനത്തോടെ 60 ഉപഗ്രഹങ്ങൾ ഈ നക്ഷത്ര സമൂഹത്തിലെത്തിക്കാനും പിന്നീട് വരുന്ന എട്ട് വർഷങ്ങൾ കൊണ്ട് 78 ഉപഗ്രഹങ്ങൾ അയക്കാനുമാണ് ചൈനയുടെ പദ്ധതി. ഇത് വിജയിച്ചാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അത് ഭീഷണി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

നൂറ്റാണ്ടുകളായി ജനങ്ങളുടെ പേടി സ്വപ്നമായ ബര്‍ഹൗത്തിലെ കിണര്‍ (നരകക്കിണര്‍) കീഴടക്കി ഒമാനി ഗുഹാ പര്യവേക്ഷണ സംഘം. വലിയ മരുഭൂമിക്കു നടുവിലെ ഒരഗാധ ഗര്‍ത്തമാണ് നരകക്കിണര്‍. പേരുപോലെ തന്നെ നാട്ടുകാര്‍ക്ക് ഭയമാണ് ഈ നരകക്കിണര്‍. അതിനടുത്തുകൂടി പോയാല്‍ ഭൂതപ്രേതഗണങ്ങള്‍ താഴേക്ക് വലിച്ചിടുമെന്നാണ് ആളുകള്‍ വിശ്വസിക്കുന്നത്. ഇതിനുള്ളില്‍ ജിന്നുകളെയും പ്രേതങ്ങളെയും തടവിലിട്ടിട്ടുണ്ട് എന്നാണ് മറ്റൊരു വിശ്വാസം. ലോകാവസാനത്തില്‍, തിന്‍മ ചെയ്യുന്നവരെ അടക്കുന്ന സ്ഥലമാണ് അതെന്നും വിശ്വാസമുണ്ട്. അതിനകത്തെ പൊത്തുകളില്‍ അപകടകാരികളായ ചീങ്കണ്ണികളും വിഷസര്‍പ്പങ്ങളും പാര്‍ക്കുന്നുവെന്നും പറയപ്പെടുന്നു. ഒരാളും ഒരിക്കല്‍ പോലും ചെന്നെത്തിയിട്ടില്ലാത്ത ഈ ഗര്‍ത്തത്തിനുള്ളിലേക്ക് ചെന്നിറങ്ങിയ ഒമാനി സംഘം ഈ വിശ്വാസങ്ങളെല്ലാം പൊളിച്ചെഴുതി.

ഒമാനിലെ എര്‍ത്ത് സയന്‍സസ് കണ്‍സല്‍ട്ടന്‍സി സെന്റര്‍ മേധാവിയായ ഡോ. മുഹമ്മദ് അല്‍ കിന്ദിയുടെ നേതൃത്വത്തിലുള്ള 10 അംഗ പര്യവേക്ഷണ സംഘമാണ് നരകക്കിണര്‍ കീഴടക്കിയത്. യമന്‍ ജിയോളജിക്കല്‍ സര്‍വേയുമായി ചേര്‍ന്നാണ് ഇവര്‍ നരകക്കിണര്‍ കീഴടക്കിയത്.

മക്കയിലുള്ള സംസം വെള്ളം ലോകത്തേറ്റവും പരിശുദ്ധമായ ജലം എന്നാണ് അറിയപ്പെടുന്നതെങ്കില്‍, അതിനു നേര്‍ വിപരീതമാണ് ഈ കിണര്‍ അറിയപ്പെടുന്നത്. വിഷജലമാണ് ഇതെന്നാണ് വിശ്വാസം. എന്നാല്‍, അതിലുള്ളത് നല്ല ശുദ്ധജലമാണ്. ഞങ്ങളത് കുടിക്കുക പോലും ചെയ്‌തെന്ന്, ദ് നാഷനല്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ഡോ. മുഹമ്മദ് അല്‍ കിന്ദി പറയുന്നു.

മറ്റൊരു വിശ്വാസമുള്ളത് ഇവിടെയെത്തുന്നവര്‍ ശ്വാസം മുട്ടി മരിക്കും എന്നാണ്. എന്നാല്‍, ഞങ്ങള്‍ ചെന്നെത്തിയത്, സാധാരണ ഓക്സിജന്‍ തോതുള്ള, ശുദ്ധവായു നിറഞ്ഞ ഒരിടത്താണ്. പ്രേതങ്ങളും ഭയാനക ജീവികളും ഉണ്ടെന്നു പറയപ്പെടുന്ന അവിടെ ആകെയുള്ളത് കുറച്ചു പാമ്പുകളാണ്. തിന്നാന്‍ മറ്റൊന്നും ഇല്ലാത്തതിനാല്‍ ബാക്കി ആയവയാണ് അത്. സംഘത്തിനു നേതൃത്വം നല്‍കിയ ഡോ. മുഹമ്മദ് അല്‍ കിന്ദി പറഞ്ഞു.

പുറമേനിന്ന് നോക്കുമ്പോള്‍ അതൊരു ദ്വാരമാണ്. എന്നാല്‍, അകത്തേക്ക് ചെല്ലുമ്പോള്‍ 100 അടി വിസ്തീര്‍ണ്ണമുണ്ട്. 367 അടി ആഴമാണ് ഇതിനുള്ളത്. അതായത് അനേകം കെട്ടിടങ്ങള്‍ ഒന്നിച്ചു വെച്ചാലുള്ള വലിപ്പം. ഇവിടം കീഴടക്കിയതായി യമനിലെ ചില സാഹസികര്‍ നേരത്തെ അവകാശപ്പെട്ടിട്ടുണ്ടെങ്കിലും ഒരാളും ഇന്നേ വരെ ഇവിടേക്ക് കടന്നുചെന്നിട്ടില്ല എന്ന് ഡോ. മുഹമ്മദ് സാക്ഷ്യപ്പെടുത്തുന്നു. ആരുടെയും കാലടികള്‍ അവിടെ കണ്ടിട്ടില്ല. മനുഷ്യര്‍ എന്നെങ്കിലും ചെന്നതിന്റെ ഒരു സൂചനയും അവിടെയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഗുഹയ്ക്കുള്ളില്‍ നിരവധി സര്‍പ്പപ്പുറ്റുകള്‍ സംഘം കണ്ടെത്തി. ചില പുറ്റുകള്‍ വളരെ വലുതാണ്. അപകടകാരികളായ ചീങ്കണ്ണികളെ തടവിലിട്ടിരിക്കുന്നതാണ് ഇത്തരം പുറ്റുകള്‍ എന്നാണ് വിശ്വാസം. എന്നാല്‍, പാമ്പുകളും തവളകളും പ്രാണികളുമല്ലാതെ മറ്റൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സംഘ സാക്ഷ്യപ്പെടുത്തുന്നു.

മനോഹരമായ ഗുഹാമുത്തുകളാണ് മറ്റൊരു ആകര്‍ഷണീയത. ഇളം പച്ച നിറത്തിലുള്ള ഇത്തരം മുത്തുകള്‍ അടിത്തട്ടില്‍ കണ്ടെത്തി. അനേകം നാളുകള്‍ കൊണ്ട് മുത്തുകളായി മാറിയ കാല്‍സിയം നിക്ഷേപമാണ് ഇവ. അപൂര്‍വമായി കണ്ടുവരുന്നവയാണ് ഗുഹാമുത്തുകള്‍. ഗുഹകളിലും ഗര്‍ത്തങ്ങളിലും നിരപ്പായ സ്ഥലങ്ങളില്‍ മാത്രമേ ഇവ ഉണ്ടാകൂ. അനേകം നൂറ്റാണ്ടുകള്‍ കൊണ്ടാണ് ഇവ രൂപപ്പെടുന്നത്.

ആധുനിക രീതിയിലുള്ള സംവിധാനങ്ങളുമായാണ് സംഘം നരകക്കിണറിലേക്ക് ഇറങ്ങിയത്. കപ്പിയും കയറും ഉപയോഗിച്ചാണ് അകത്തേക്ക് ആടിയിറങ്ങിയത്. ഓക്സിജന്‍ മാസ്‌കുകള്‍ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഇവര്‍ ഉപയോഗിച്ചിരുന്നു.

ന്യൂഡൽഹി: തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനുമായുള്ള കൂടിക്കാഴച്ചയ്ക്ക് വിസമ്മതിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ന്യൂയോർക്കിൽ നടന്ന 76 -ാമത് ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുത്തപ്പോഴാണ് എർദോഗനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ബെഡൻ വിസമ്മതം അറിയിച്ചതെന്നാണ് റിപ്പോർട്ട്. ബൈഡന്റെ നീക്കം എർദോഗനെ നിരാശനാക്കിയെന്നും അദ്ദേഹം ദേഷ്യപ്പെട്ടെന്നുമാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ അമേരിക്കൻ പ്രസിഡന്റുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ തനിക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും എന്നാൽ ബൈഡന്റെ വരവിനു ശേഷം കാര്യങ്ങൾ കൂടുതൽ വഷളായെന്നുമാണ് എർദോഗൻ ടർക്കിഷ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

അമേരിക്കൻ പ്രസിഡന്റുമായുള്ള സംഭാഷണം തൃപ്തികരമെന്ന് വിളിക്കാനാകില്ല. ഭീകര സംഘടനകളോട് പോരാടുന്നതിനു പകരം യു.എസ് അവരെ പിന്തുണയ്ക്കുന്നുവെന്നാണ് എർദോഗന്റെ ആരോപണം. വടക്കൻ സിറിയയിൽ അമേരിക്കയുടെ പങ്കാളിത്തം നിരോധിത സംഘടനയായ കുർദിസ്ഥാൻ വർക്കേഴ്‌സ് പാർട്ടിയുമായി ബന്ധമുള്ള പീപ്പിൾ പ്രൊട്ടക്ഷൻ യൂണിറ്റുകളുമായാണ്. അതേസമയം അമേരിക്കയോടുള്ള തുർക്കിയുടെ അസംതൃപ്തി റഷ്യയ്ക്ക് ഗുണകരമാകാൻ സാധ്യതയുണ്ടെന്നാണ് വിവരം.

റഷ്യയിൽ നിന്ന് എസ്-400 മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ രണ്ടാം ബാച്ച് വാങ്ങാൻ തുർക്കിക്ക് താത്പര്യമുണ്ടെന്നാണ് എർദോഗൻ വ്യക്തമാക്കുന്നത്. ഈ ആയുധങ്ങൾക്കായി യു.എസുമായി ശത്രുതയ്ക്ക് തയ്യാറാണെന്ന് തുർക്കി ഉദ്യോഗസ്ഥരും പറയുന്നുണ്ട്. ഇത്തരം നീക്കങ്ങൾ തുർക്കിക്കുമേൽ യു.എസ് ഉപരോധ നടപടിയിലേക്ക് നീങ്ങുന്നതിന് കാരണമായേക്കാമെന്നാണ് സൂചന. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി എർദോഗൻ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

നേരത്തെ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ബൈഡനെതിരായ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. യു.എസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ശേഷം ബൈഡൻ ഖാനെ ഫോണിൽ വിളിക്കുക പോലും ചെയ്തിരുന്നില്ല. എന്നാൽ പാക്കിസ്താനും തുർക്കിയും തമ്മിൽ നല്ല സൗഹൃദ ബന്ധം നിലനിൽക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ കാശ്മീർ പ്രശ്‌നം എർദോഗൻ ഉന്നയിച്ചിരുന്നു. ഇതിന് പാകിസ്താന്റെ മുൻ അംബാസഡർ തുർക്കിയെ പ്രശംസിക്കുകയും ചെയ്തിരുന്നു.