International (Page 181)

ബെയ്ജിംഗ്: കഴിഞ്ഞ ഏതാനും ചില നാളുകളിലായി ചൈന ആക്രമിക്കുമോയെന്ന ഭയത്തിൽ കഴിയുകയായിരുന്നു തായ്‌വാൻ. ചൈനയുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനപരമായ ചില നീക്കങ്ങൾ ആക്രമണ സാധ്യത ഉയർത്തുന്നത് തന്നെയായിരുന്നു. ഇതിനിടെ ചൈനയുടെ ആക്രമണത്തെ നേരിടാൻ തന്റെ രാജ്യം സജ്ജമാണെന്ന തായ്വാൻ വിദേശമന്ത്രി ജോസഫ് വൂവിന്റെ പ്രസ്താവന പുറത്തു വരികയും ചെയ്തിരുന്നു.

ചൈനീസ് വൻകരയിൽ നിന്നു 180 കിലോമീറ്റർ മാത്രം അകലെയാണ് തായ്വാൻ. ചൈനയുടെ കണ്ണിൽ തായ്‌വാൻ വേർപിരിഞ്ഞുപോയ ഒരു ചൈനീസ് പ്രവിശ്യ മാത്രമാണ്. എന്നാൽ 1949 മുതൽ തായ്വാൻ പ്രവർത്തിച്ചുവരുന്നത് ഒരു സ്വതന്ത്ര രാജ്യമായിട്ടാണ്. അതാണ് ചൈനയ്ക്കും തായ്‌വാനും ഇടയിൽ സംഘർഷം രൂക്ഷമാകാൻ കാരണം.

തായ്വാൻ കടലിടുക്കിൽ ചൈനീസ് പോർ വിമാനങ്ങളും യുദ്ധക്കപ്പലുകളും ഇടയ്ക്കിടെ അഭ്യാസങ്ങൾ നടത്താറുണ്ട്. യുഎസ് യുദ്ധക്കപ്പലുകളും ഇവിടെ ചുറ്റിക്കറങ്ങാറുണ്ട്. ചൈനയുടെ ദേശീയദിനമായ ഒക്ടോബർ ഒന്നു മുതൽ നാലു ദിവസങ്ങളിലായി വിവിധ തരത്തിലുളള ചൈനീസ് പോർ വിമാനങ്ങൾ (ആണവ ബോംബുകൾ വഹിക്കാൻ കഴിയുന്നവ ഉൾപ്പെടെ) ഏതാണ്ട് 150 തവണ തായ്വാന്റെ അതിർത്തിക്ക് അടുത്ത് കൂടി കടന്നു പോയിരുന്നു. തായ്വാൻ അതിന്റെ വ്യോമപ്രതിരോധ മേഖലയെന്നു വിളിക്കുന്ന ഭാഗത്തേക്കു ചൈനീസ് വിമാനങ്ങൾ അതിക്രമിച്ചു കടക്കുകയായിരുന്നു. ഇതോടെയാണ് തായ്‌വാന്റെ ആക്രമണത്തെ നേരിടാൻ തങ്ങൾ സജ്ജമാണെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയത്.

ചൈനയുടെ ആക്രമണത്തെ ചെറുക്കാൻ കഴിയുന്ന വിധത്തിലുള്ള സൈനിക ശക്തിയോ ആയുധ ബലമോ ഒന്നും തന്നെ തായ്വാന് ഇല്ല. അമേരിക്ക തങ്ങളുടെ സഹായത്തിനെത്തുമെന്ന പ്രതീക്ഷ മാത്രമാണ് തായ്‌വാനുള്ളത്. അതേസമയം, തയ്വാൻ ആഗ്രഹിക്കുന്ന വിധത്തിൽ അമേരിക്കയ്ക്കു സഹായിക്കാനാകുമോ എന്ന സംശയം നിലനിൽക്കുന്നുണ്ട്. അഫ്ഗാനിസ്താനിൽ നിന്നുളള ഏകപക്ഷീയമായ യുഎസ് സൈനിക പിന്മാറ്റത്തിന്റെ പശ്ചാത്തലത്തിലും അതിനെ ന്യായീകരിച്ചുകൊണ്ടുള്ള യുഎസ് നേതാക്കളുടെ പ്രസ്താവനകൾ കണക്കിലെടുത്തും ഈ സംശയം ബലപ്പെട്ടിരിക്കുകയാണ്.

കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ഒന്നു തുനിഞ്ഞിറങ്ങിയാല്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (പിസിബി) കഥ തീരുമെന്ന് പിസിബി ചെയര്‍മാനും മുന്‍ പാക്കിസ്ഥാന്‍ താരവുമായ റമീസ് രാജ. പാക്കിസ്ഥാനിലെ സെനറ്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു മുന്നിലായിരുന്നു രാജയുടെ തുറന്നു പറച്ചില്‍.

‘രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) സാമ്പത്തിക സഹായം കൊണ്ടാണ് പിസിബി രക്ഷപ്പെട്ടു പോകുന്നത്. എന്നാല്‍ ഐസിസിക്ക് 90 ശതമാനം വരുമാനവും ലഭിക്കുന്നത് ഇന്ത്യയില്‍ നിന്നാണ്. ഇത് ഭയപ്പെടുത്തുന്ന വസ്തുതയാണെന്ന് രാജ ചൂണ്ടിക്കാട്ടി.

”ഐസിസി ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി പോലെയാണ്. ഇന്ത്യയിലെ ബിസിനസുകാരാണ് ലോക ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത്. അതു വഴി പാക്ക് ക്രിക്കറ്റിനെയും. ഭാവിയില്‍ പാക്കിസ്ഥാനു സഹായം നല്‍കരുത് എന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞാല്‍ നമ്മളെന്തു ചെയ്യും?”- രാജ ചോദിച്ചു.

ഐസിസിയെ അമിതമായി ആശ്രയിക്കാതെ സ്വന്തം വരുമാനം കണ്ടെത്താന്‍ പിസിബി പുതിയ വഴികള്‍ തേടണമെന്നും ചെയര്‍മാന്‍ പറഞ്ഞു. അപ്രതീക്ഷിതമായി റദ്ദാക്കിയ പാക്കിസ്ഥാന്‍-ന്യൂസീലന്‍ഡ് പരമ്പര വീണ്ടും നടത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും രാജ അറിയിച്ചു.

‘പാക്കിസ്ഥാനില്‍ വന്നശേഷം പരമ്പര റദ്ദാക്കി പോയ ന്യൂസീലന്‍ഡിന്റെ നടപടി അംഗീകരിക്കാവുന്നതല്ല. എന്തുകൊണ്ടാണ് പരമ്പര റദ്ദാക്കുന്നതെന്ന് ഇന്നുവരെ അവര്‍ നമ്മളെ അറിയിച്ചിട്ടില്ല. ഇപ്പോള്‍ പരമ്പര മറ്റൊരു മാസത്തേക്ക് മാറ്റാന്‍ അവര്‍ ശ്രമിക്കുന്നുണ്ടെന്നും റമീസ് രാജ വ്യക്തമാക്കി.

വാഷിങ്ടണ്‍: വിമര്‍ശനങ്ങള്‍ക്കിടയില്‍ ഫേസ്ബുക്കിനെതിരെ മുഖചിത്രവുമായി ടൈം മാഗസില്‍. ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യണോ, വേണ്ടയോ എന്ന് ചോദിക്കുന്ന മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മുഖ ചിത്രത്തോടെയാണ് പുതിയ ടൈം മാഗസിന്‍ ഇറങ്ങിയിരിക്കുന്നത്. സക്കര്‍ബര്‍ഗിന്റെ മുഖത്ത് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യണോ വേണ്ടയോ എന്ന ചോദ്യമാണ് കവര്‍ചിത്രം നല്‍കിയിരിക്കുന്നത്.

ഫേസ്ബുക്ക് മുന്‍ ജീവനക്കാരിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ വന്‍ വിവാദമായതിന് പിന്നാലെയാണ് ഫേസ്ബുക്കിനെതിരെ ടൈം മാഗസിന്‍ പ്രധാന കവര്‍‌സ്റ്റോറി പ്രസിദ്ധീകരിക്കുന്നത്. ഫേസ്ബുക്ക് മുന്‍ ജീവനക്കാരി ഫ്രന്‍സെസ് ഹൌഗന്റെ വെളിപ്പെടുത്തല്‍ വലിയ പ്രതിരോധത്തിലാണ് ഫേസ്ബുക്കിനെ പെടുത്തിയിരിക്കുന്നത്.

ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയില്‍ ലാഭം മാത്രം ലക്ഷ്യമാക്കിയാണ് ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്ക് പ്രവര്‍ത്തിക്കുന്നത് എന്നാണ് ഇവര്‍ വെളിപ്പെടുത്തിയത്.

അതേസമയം, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങളില്‍ ഇന്നലെ വീണ്ടും തടസം നേരിട്ടെന്ന് കമ്പനി സ്ഥിരീകരിച്ചു. കോണ്‍ഫിഗറേഷനിലുണ്ടായ മാറ്റമാണ് പ്രശ്നത്തിന് കാരണമെന്നും ഇത് പരിഹരിച്ചെന്നും ഉപയോക്താക്കളോട് ക്ഷമ ചോദിക്കുന്നെന്നും ഫെയ്സ്ബുക്ക് അറിയിച്ചിരുന്നു.

അബുദാബി: ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇടംനേടി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയും ആർപി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും എംഡിയുമായ രവി പിള്ളയും. ഫോബ്‌സിന്റെ അതിസമ്പന്നരുടെ പട്ടികയിലാണ് ഇരുവരും സ്ഥാനംപിടിച്ചത്. സമ്പന്നരുടെ പട്ടികയിൽ ഇന്ത്യയിൽ 38-ാം സ്ഥാനത്താണ് യൂസഫലി. അഞ്ചു ബില്യൺ ഡോളർ (37,500 കോടി രൂപ) ആണ് അദ്ദേഹത്തിന്റെ ആസ്തി. വ്യക്തിഗത അടിസ്ഥാനത്തിൽ ഏറ്റവും സമ്പന്നനായ മലയാള എന്ന നേട്ടവും യൂസഫലിയാണ് സ്വന്തമാക്കിയിരിക്കുന്നത്. 2.5 ബില്യൺ ഡോളറിന്റെ (18744 കോടിയിൽ അധികം രൂപ) ആസ്തിയാണ് രവി പിള്ളയ്ക്കുള്ളത്.

ഫോബ്‌സ് പട്ടികയിൽ ആറു മലയാളികളാണ് ഇടംനേടിയിരിക്കുന്നത്. ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രനാഥ്, പത്‌നി ദിവ്യ (30,300 കോടി രൂപ), ഇൻഫോസിസ് സഹസ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണൻ (30,335 കോടി രൂപ), എസ്. ഡി, ഷിബുലാൽ (16,125 കോടി രൂപ) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികൾ. മുകേഷ് അംബാനി, ഗൗതം അദാനി, ശിവ നാടാർ, രാധാകൃഷ്ണാ ദമാനി, സൈറസ് പൂനാവാല എന്നിവരാണ് ഇന്ത്യയിൽ ആദ്യ അഞ്ച് സ്ഥാനത്തുള്ള അതിസമ്പന്നർ.

ആസ്തികൾ എല്ലാം കൂട്ടിയതിന്റെ അടിസ്ഥാനത്തിൽ മുത്തൂറ്റ് കുടുംബമാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 6.40 ബില്യൺ ഡോളറാണ് (48,000 കോടി രൂപ) കുടുംബത്തിന്റെ മൊത്തം ആസ്തി.

കാബൂൾ: അഫ്ഗാനിസ്താനിൽ സ്‌ഫോടനം. അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ പള്ളിയിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ നൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്. ഖുണ്ടൂസ് പ്രവിശ്യയിലെ ഷിയാ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയാണ് സ്ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇതുവരെ ആരും രംഗത്തെത്തിയിട്ടില്ല. സ്‌ഫോടനത്തിന് പിന്നിൽ ഐസിസ് ആണെന്നാണ് റിപ്പോർട്ട്. .

കഴിഞ്ഞ ഞായറാഴ്ചയും കാബൂൾ സ്‌ഫോടനം നടന്നിരുന്നു. കാബൂളിലെ മുസ്ലീം പള്ളിയിലാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. ഈദ് ഗാഹ് പള്ളിയുടെ കവാടത്തിലായിരുന്നു ആക്രമണം. സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും 32 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

സ്വീഡന്‍: ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള ‘ധീരമായ പോരാട്ടത്തിന്’ ഫിലിപ്പൈന്‍സിലെയും റഷ്യയിലെയും മാധ്യമപ്രവര്‍ത്തകരായ മരിയ റെസ്സയും ദിമിത്രി മുരാറ്റോവും സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടി. ‘ജനാധിപത്യവും പത്രസ്വാതന്ത്ര്യവും ഒരുപാട് പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന ഒരു ലോകത്ത് ഈ ആദര്‍ശത്തിനായി നിലകൊള്ളുന്ന എല്ലാ മാധ്യമ പ്രവര്‍ത്തകരുടെയും പ്രതിനിധികള്‍’ ആണ് ഇരുവരും എന്ന് കമ്മറ്റി അഭിപ്രായപ്പെട്ടു.

അധികാര ദുര്‍വിനിയോഗം, അക്രമത്തിന്റെ ഉപയോഗം, സ്വന്തം നാടായ ഫിലിപ്പൈന്‍സില്‍ വളരുന്ന സ്വേച്ഛാധിപത്യം എന്നിവ റെസ തുറന്നുകാട്ടി. അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനം നടത്തുന്ന റാപ്ലര്‍ എന്ന ഡിജിറ്റല്‍ മീഡിയ കമ്പനിയുടെ സഹ സ്ഥാപകയാണ് റെസ. 2012 ലാണ് ഇത് തുടങ്ങിയത്. ദിമിത്രി ആന്‍ഡ്രീവിച്ച് മുരടോവ് റഷ്യയിലെ നോവജ ഗസറ്റ എന്ന പത്രത്തിന്റെ സഹ സ്ഥാപകനാണ്. സമിതിയുടെ അഭിപ്രായത്തില്‍, ഇത് ഇന്ന് രാജ്യത്തെ ഏറ്റവും സ്വതന്ത്ര പത്രമാണ്.

329 പേരില്‍ നിന്നാണ് ഇവരെ തിരഞ്ഞെടുത്തത്. കാലാവസ്ഥാ ആക്റ്റിവിസ്റ്റ് ഗ്രേറ്റ തന്‍ബെര്‍ഗ്, മാധ്യമ അവകാശ സംഘടനയായ റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (ആര്‍എസ്എഫ്), ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) എന്നിവരും ഈ വര്‍ഷത്തെ മത്സരാര്‍ത്ഥികളായിരുന്നു.

‘രാഷ്ട്രങ്ങള്‍ തമ്മിലുള്ള സാഹോദര്യത്തിനായി ഏറ്റവും മികച്ചപ്രവര്‍ത്തനങ്ങള്‍’ നടത്തിയ ഒരു വ്യക്തിയെയോ സംഘടനയെയോ ബഹുമാനിക്കുന്ന പുരസ്‌കാരം കഴിഞ്ഞ തവണ യു.എന്നിന്റെ ലോക ഭക്ഷ്യ സംഘടനക്കായിരുന്നു.

covishield

ന്യൂഡൽഹി: രണ്ടു ഡോസ് വാക്‌സിൻ എടുത്താലും ഇന്ത്യയിൽ നിന്നും രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ക്വാറന്റെയ്ൻ വേണമെന്ന നിബന്ധന ഒഴിവാക്കി യുകെ. കോവിഷീൽഡ് അല്ലെങ്കിൽ യുകെ അംഗീകരിച്ച മറ്റേതെങ്കിലും കോവിഡ് വാക്‌സിന്റെ മുഴുവൻ ഡോസും സ്വീകരിച്ച ഇന്ത്യക്കാർക്ക് ഒക്ടോബർ 11 മുതൽ ബ്രിട്ടനിൽ ക്വാറന്റെയ്ൻ വേണ്ട. വാക്‌സിനെടുത്ത ശേഷം ബ്രിട്ടനിലെത്തുന്ന ഇന്ത്യക്കാരെ ക്വാറന്റീൻ ചെയ്യില്ലെന്ന് ഇന്ത്യയിലെ ഹൈക്കമ്മിഷണർ അലക്‌സ് എല്ലിസ് വ്യക്തമാക്കി.

യുകെ അംഗീകരിച്ച കോവിഷീൽഡ് വാക്‌സിനേഷൻ സ്വീകരിച്ച ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ആളുകൾ എത്തിയാൽ നിർബന്ധിത ക്വാറന്റെയ്ൻ വേണമെന്നായിരുന്നു യുകെ നിർദ്ദേശിച്ചിരുന്നു. യുകെയുടെ തീരുമാനത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നെങ്കിലും നിലപാട് പിൻവലിക്കാൻ അധികൃതർ തയ്യാറായിരുന്നില്ല. പിന്നാലെ ഇന്ത്യ ബ്രിട്ടനുള്ള മറുപടിയെന്നോണം ഇന്ത്യയിലെത്തുന്ന ബ്രിട്ടിഷ് പൗരന്മാർക്ക്, വാക്‌സിൻ ലഭിച്ചിട്ടുണ്ടോയെന്നു പരിഗണിക്കാതെ, 10 ദിവസത്തെ ക്വാറന്റെയ്ൻ നിർബന്ധമാക്കി. തുടർന്നാണ് യുകെ തങ്ങളുടെ നിലപാടിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്.

ഇന്ത്യ, തുർക്കി, ഘാന എന്നിവയുൾപ്പെടെ 37 രാജ്യങ്ങൾക്കുള്ള നിയന്ത്രണമാണ് യു കെ നീക്കിയത്.

ഫെയ്സ്ബുക്കിന്റെ നിശ്ചലാവസ്ഥയില്‍ കമ്പനിക്കു വന്ന നഷ്ടമല്ല, മറിച്ച് തങ്ങളുടെ സേവനങ്ങളെ ആശ്രയിച്ച് പ്രിയമുള്ളവരോട് ഇടപെടുന്നവര്‍ക്ക്, ബിസിനസുകള്‍ നടത്തുന്നവര്‍ക്ക്, തങ്ങളുടെ സമൂഹങ്ങളെ യോജിപ്പിച്ചു നിര്‍ത്തുന്നവര്‍ക്കും എന്തു ക്ഷീണമാണ് ഉണ്ടാക്കിയത് എന്നാണ് അന്വേഷിക്കേണ്ടതെന്നായിരുന്നു മാര്‍ക് സക്കര്‍ബര്‍ഗിന്റെ നിര്‍ദേശം.

കൂടാതെ, കമ്പനിയുടെ സേവനങ്ങളെ എത്രയധികം പേര്‍ ആശ്രയിക്കുന്നുണ്ട് എന്നതിന്റെ ഒരു ഓര്‍മപ്പെടുത്തലാണ് ഇതെന്നും ഫെയ്സ്ബുക്, വാട്സാപ്, ഇന്‍സ്റ്റഗ്രാം തുടങ്ങി കമ്പനികളുടെ മേധാവിയായ മാര്‍ക്ക് സക്കര്‍ബര്‍ഗ് കമ്പനിയിലെ ജീവനക്കാര്‍ക്കായി പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. ഈ കുറിപ്പ് പിന്നെ ഫെയ്‌സ്ബുക് വഴി പുറത്തുവിടുകയായിരുന്നു.

സമീപകാലത്തായി രണ്ട് വന്‍ ആരോപണങ്ങളാണ് ഫെയ്സ്ബുക്കിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ദി വാള്‍ സ്ട്രീറ്റ് ജേണല്‍ കമ്പനിക്കുള്ളില്‍ നിന്നു സംഘടിപ്പിച്ചു പുറത്തുവിട്ട രേഖകളും, വിസില്‍ ബ്ലോവറായ ഫ്രാന്‍സെസ് ഹോഗന്‍ അമേരിക്കന്‍ സെനറ്റ് പാനലിനു മുന്നില്‍ നടത്തിയ ആരോപണങ്ങളുമാണിത്. ഫെയ്സ്ബുക് ലാഭത്തിനായി ഉപയോക്താക്കളുടെ സുരക്ഷയെ പോലും ബലികഴിക്കുന്നു എന്നതാണ് ഫ്രാന്‍സെസിന്റെ പ്രധാന വാദം. ഇത് സത്യമല്ലെന്നാണ് സക്കര്‍ബര്‍ഗ് വാദിക്കുന്നത്. ജനങ്ങളെ രോഷാകുലരാക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ച് അതുവഴി കൂടുതല്‍ ലാഭമുണ്ടാക്കുന്നു എന്നത് യുക്തിപരമായ വാദമല്ലെന്ന് അദ്ദേഹത്തിന്റെ ഫെയ്സ്ബുക് പോസ്റ്റില്‍ പറയുന്നുണ്ട്.

ഫെയ്സ്ബുക്കിനായി ജോലിയെടുക്കുന്നവര്‍ക്ക് പുതിയ ആരോപണങ്ങള്‍ വിശ്വസിക്കുക എന്നത് എളുപ്പമുള്ള കാര്യമായിരിക്കില്ലെന്ന് ആദ്ദേഹം പറയുന്നു. നമ്മള്‍ ഉപയോക്താക്കളുടെ സുരക്ഷ, ക്ഷേമം, മാനസികാരോഗ്യം തുടങ്ങിയ കാര്യങ്ങളെ ഗൗരവത്തിലെടുക്കുന്നു. നമ്മുടെ ലക്ഷ്യങ്ങളെ തെറ്റായ രീതിയില്‍ ചിത്രീകരിക്കാനുളള ശ്രമമാണ് നടക്കുന്നത്. കമ്പനിയെ കുറിച്ചുള്ള തെറ്റായ ചിത്രം കമ്പനിക്കുള്ളിലുള്ളവര്‍ക്ക് തിരിച്ചറിയാന്‍ പോലും സാധ്യമല്ലെന്നും അദ്ദേഹം പറയുന്നു.

നമ്മള്‍ പരസ്യത്തില്‍ നിന്നാണ് വരുമാനം ഉണ്ടാക്കുന്നത്. നമുക്കു പരസ്യംതരുന്നവര്‍ തറപ്പിച്ചു പറയുന്ന കാര്യം അവരുടെ പരസ്യങ്ങള്‍ വിദ്വേഷം പ്രചരിപ്പിക്കുന്ന കണ്ടെന്റിനൊപ്പം പ്രദര്‍ശിപ്പിക്കരുതെന്നാണ്. ഒരു ടെക്നോളജി കമ്പനി അതിനു മുതിരില്ലെന്നും അതിന്റെ എതിര്‍ ദിശയിലായിരിക്കും നീങ്ങുക എന്നും അദ്ദേഹം പറയുന്നു. മാധ്യമങ്ങളാണ് അമേരിക്കന്‍ സമൂഹത്തെ വിഘടിപ്പിക്കുന്നതെങ്കില്‍ എന്തു കൊണ്ടാണ് അത് മറ്റു രാജ്യങ്ങളില്‍ സംഭവിക്കാത്തതെന്നും അദ്ദേഹം ചോദിക്കുന്നു. വൈറല്‍ വിഡിയോകളുടെ പ്രചാരം കുറച്ച്, കൂട്ടുകാരും കുടുംബാംഗങ്ങളും തമ്മിലുള്ള ഇടപെടലുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കാന്‍ പാകത്തിന് അടുത്തിടെ ക്രമീകരിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല, തങ്ങളുടെ മെസഞ്ചര്‍ കിഡ്സ് മറ്റ് എല്ലാ ആപ്പുകളെക്കാളും മികച്ചതാണെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. കുട്ടികള്‍ കാണുന്നത് എന്താണെന്നറിയാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോലും പാരന്റല്‍ കണ്ട്രോള്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു.

അതേസമയം, ഈ ഫെയ്സ്ബുക് കുറിപ്പുകൊണ്ട് സക്കര്‍ബര്‍ഗിന് തലയൂരാന്‍ കഴിഞ്ഞേക്കില്ലെന്നാണ് യുഎസ്എ ടുഡേ പറയുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ വിളിച്ചുവരുത്തിയേക്കും. സക്കര്‍ബര്‍ഗിനെതിരെയുള്ള കോണ്‍ഗ്രസ് പാനലിന്റെ മേധാവി ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമാണ്. സക്കര്‍ബര്‍ഗിനെ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ മൊഴിയെടുക്കാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്.

സക്കര്‍ബര്‍ഗ് ഇന്ന് കണ്ണാടിയില്‍ നോക്കണം. നടന്ന കാര്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു മേധാവിയെ പോലെ പെരുമാറുന്നതിനു പകരം അദ്ദേഹമിന്ന് സെയിലിങ്ങിനു പോയിരിക്കുകയാണെന്നും റിച്ചഡ് ബ്ലുമെന്താള്‍ പറയുന്നു. ഒരു ക്ഷമാപണം നടത്തുകയോ, തെറ്റ് സംഭവിച്ചെന്ന് സമ്മതിക്കുകയോ, നടപടി സ്വീകരിക്കുകയോ ചെയ്യുക എന്നത് അദ്ദേഹത്തിന്റെ രീതിയല്ലെന്നും ബ്ലുമെന്താള്‍ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് കൃത്യമായ വിശദീകരണം നല്‍കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

ദുബായ്: ജാമിഅ മർകസ് ചാൻസലർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് യുഎഇയുടെ ഗോൾഡൻ വിസ അംഗീകാരം. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വെച്ച് അദ്ദേഹം യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങി. 10 വർഷമാണ് യുഎഇ വിസയുടെ കാലാവധി.

യുഎഇയും ജാമിഅഃ മർകസും തമ്മിൽ നിലനിൽക്കുന്ന ബന്ധം, വിദ്യാഭ്യാസ വിനിമയം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് അദ്ദേഹത്തിന് യുഎഇ ഗോൾഡൻ വിസ നൽകിയത്. ഇന്ത്യയിൽ നിന്നും ആദ്യമായി ഹ്യൂമാനിറ്റേറിയൻ ഗോൾഡൻ വിസ ലഭിക്കുന്നയാളാണ് കാന്തപുരം. വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്നവർക്കുള്ള ആദരവായാണ് യുഎഇ ഗോൾഡൻ വിസ അനുവദിക്കുന്നത്.

ഗോൽഡൻ വിസ നൽകിയതിന് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും കാന്തപുരം നന്ദി പറഞ്ഞു.

സ്റ്റോക്ക്ഹോം: രസതന്ത്ര മേഖലയെ കൂടുതല്‍ ഹരിതാഭമാക്കാന്‍ സഹായിക്കുന്ന പുതിയയിനം രാസത്വരകങ്ങള്‍ കണ്ടെത്തിയ രണ്ടു ഗവേഷകര്‍ 2021 ലെ രസതന്ത്ര നൊബേലിന് അര്‍ഹരായി.

ജര്‍മന്‍ ഗവേഷകനായ ബഞ്ചമിന്‍ ലിസ്റ്റ്, ബ്രിട്ടീഷ് വംശനായ അമേരിക്കന്‍ ഗവേഷകന്‍ ഡേവിഡ് മാക്മില്ലന്‍ എന്നിവര്‍ സമ്മാനത്തുകയായ 11.4 ലക്ഷം ഡോളര്‍ (8.2 കോടി രൂപ) പങ്കിടും.

ഔഷധഗവേഷണരംഗത്ത് വലിയ സ്വാധീനം ചെലുത്തുക മാത്രമല്ല, രസതന്ത്രത്തെ കൂടുതല്‍ ഹരിതാഭമാക്കാനും ലിസ്റ്റിന്റെയും മാക്മില്ലന്റെയും കണ്ടെത്തല്‍ സഹായിക്കുന്നതായി സ്വീഡിഷ് അക്കാദമിവിലയിരുത്തി.

1968 ല്‍ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ ജനിച്ച ലിസ്റ്റ്, ഗോഥെ യൂണിവേഴ്സിറ്റി ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നാണ് പി.എച്ച്.ഡി.എടുത്തത്. നിലവില്‍ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിട്ട്യൂട്ട് ഫുര്‍ കോഹ്ലന്‍ഫോര്‍ഷങിന്റെ ഡയറക്ടറാണ് അദ്ദേഹം.

1968 ല്‍ യു.കെ.യിലെ ബെല്‍ഷില്ലില്‍ ജനിച്ച മാക്മില്ലന്‍, യു.എസില്‍ ഇര്‍വിനിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി.എടുത്തു. നിലവില്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ പ്രൊഫസറാണ്.