തുർക്കി പ്രസിഡന്റ് എർദോഗനുമായുള്ള കൂടിക്കാഴച്ചയ്ക്ക് വിസമ്മതിച്ച് ജോ ബൈഡൻ; കാര്യങ്ങൾ കൂടുതൽ വഷളായെന്ന് എർദോഗൻ

ന്യൂഡൽഹി: തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനുമായുള്ള കൂടിക്കാഴച്ചയ്ക്ക് വിസമ്മതിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ന്യൂയോർക്കിൽ നടന്ന 76 -ാമത് ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുത്തപ്പോഴാണ് എർദോഗനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ബെഡൻ വിസമ്മതം അറിയിച്ചതെന്നാണ് റിപ്പോർട്ട്. ബൈഡന്റെ നീക്കം എർദോഗനെ നിരാശനാക്കിയെന്നും അദ്ദേഹം ദേഷ്യപ്പെട്ടെന്നുമാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ അമേരിക്കൻ പ്രസിഡന്റുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ തനിക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും എന്നാൽ ബൈഡന്റെ വരവിനു ശേഷം കാര്യങ്ങൾ കൂടുതൽ വഷളായെന്നുമാണ് എർദോഗൻ ടർക്കിഷ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

അമേരിക്കൻ പ്രസിഡന്റുമായുള്ള സംഭാഷണം തൃപ്തികരമെന്ന് വിളിക്കാനാകില്ല. ഭീകര സംഘടനകളോട് പോരാടുന്നതിനു പകരം യു.എസ് അവരെ പിന്തുണയ്ക്കുന്നുവെന്നാണ് എർദോഗന്റെ ആരോപണം. വടക്കൻ സിറിയയിൽ അമേരിക്കയുടെ പങ്കാളിത്തം നിരോധിത സംഘടനയായ കുർദിസ്ഥാൻ വർക്കേഴ്‌സ് പാർട്ടിയുമായി ബന്ധമുള്ള പീപ്പിൾ പ്രൊട്ടക്ഷൻ യൂണിറ്റുകളുമായാണ്. അതേസമയം അമേരിക്കയോടുള്ള തുർക്കിയുടെ അസംതൃപ്തി റഷ്യയ്ക്ക് ഗുണകരമാകാൻ സാധ്യതയുണ്ടെന്നാണ് വിവരം.

റഷ്യയിൽ നിന്ന് എസ്-400 മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ രണ്ടാം ബാച്ച് വാങ്ങാൻ തുർക്കിക്ക് താത്പര്യമുണ്ടെന്നാണ് എർദോഗൻ വ്യക്തമാക്കുന്നത്. ഈ ആയുധങ്ങൾക്കായി യു.എസുമായി ശത്രുതയ്ക്ക് തയ്യാറാണെന്ന് തുർക്കി ഉദ്യോഗസ്ഥരും പറയുന്നുണ്ട്. ഇത്തരം നീക്കങ്ങൾ തുർക്കിക്കുമേൽ യു.എസ് ഉപരോധ നടപടിയിലേക്ക് നീങ്ങുന്നതിന് കാരണമായേക്കാമെന്നാണ് സൂചന. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി എർദോഗൻ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

നേരത്തെ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ബൈഡനെതിരായ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. യു.എസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ശേഷം ബൈഡൻ ഖാനെ ഫോണിൽ വിളിക്കുക പോലും ചെയ്തിരുന്നില്ല. എന്നാൽ പാക്കിസ്താനും തുർക്കിയും തമ്മിൽ നല്ല സൗഹൃദ ബന്ധം നിലനിൽക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ കാശ്മീർ പ്രശ്‌നം എർദോഗൻ ഉന്നയിച്ചിരുന്നു. ഇതിന് പാകിസ്താന്റെ മുൻ അംബാസഡർ തുർക്കിയെ പ്രശംസിക്കുകയും ചെയ്തിരുന്നു.