International (Page 18)

ലണ്ടൻ: പുതിയ പകർച്ച വ്യാധിയെ കുറിച്ച് മുന്നറിയിപ്പ് നൽകി ബ്രിട്ടനിലെ ആരോഗ്യവകുപ്പ്. ജനങ്ങൾ പക്ഷികളിൽ നിന്ന് രണ്ടുമീറ്റർ അകലം പാലിക്കണമെന്നും വീട്ടിൽ വളർത്തുന്ന പക്ഷികളുമായിപ്പോലും അടുക്കരുതെന്നുമാണ് ആരോഗ്യ വകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം.

പ്രാവുകൾ, അരയന്നങ്ങൾ, കടൽകാക്കകൾ മുതലായവയുമായി അകലം പാലിക്കാൻ നിർദ്ദേശിച്ചിട്ടുള്ളത്. പകർച്ചവ്യാധി പടർന്നുപിടിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ആരോഗ്യ വകുപ്പിന്റെ നടപടി. ഇത്തരത്തിലൊന്ന് അടുത്തുതന്നെ പൊട്ടിപ്പുറപ്പെടാൻ ഇടയുണ്ടെന്നാണ് അവർ സംശയിക്കുന്നത്. പക്ഷികളോട് അടുക്കരുതെന്നതിനൊപ്പം അവശയായോ ചത്തോ കിടക്കുന്ന പക്ഷികളെ തൊടരുതെന്നും നിർദ്ദേശവും അധികൃതർ നൽകിയിട്ടുണ്ട്.

കാട്ടിൽ കഴിയുന്ന പക്ഷികൾ ഉൾപ്പടെയുളളവയെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. പക്ഷികൾ ചത്തതിന്റെ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പക്ഷിപ്പനിയാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ അതാണെന്ന് ഇപ്പോഴും വ്യക്തമായി പറയാൻ കഴിയില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ബെയ്ജിംഗ്: ചൈനയും തായ്‌വാനും തമ്മിലുള്ള സംഘർഷം വീണ്ടും വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്. ഡസൻ കണക്കിന് ചൈനീസ് യുദ്ധവിമാനങ്ങൾ തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ചുവെന്നാണ് തായ്‌വാന്റെ ആരോപണം. തായ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 24 മണിക്കൂറിനുള്ളിൽ 32 ചൈനീസ് സൈനിക വിമാനങ്ങളെങ്കിലും തങ്ങളുടെ പ്രദേശത്ത് കണ്ടെത്തിയെന്നാണ് തായ്‌വാൻ ആരോപിക്കുന്നത്.

ഈ വർഷം ജനുവരി അവസാനം തായ്‌വാൻ ദ്വീപിന് ചുറ്റും 33 ചൈനീസ് യുദ്ധവിമാനങ്ങൾ കണ്ടിരുന്നു. സൈനിക വിമാനത്തിന് പുറമെ അഞ്ച് നാവിക കപ്പലുകളും പ്രവർത്തിക്കുന്നതായി തായ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പതിമൂന്ന് വിമാനങ്ങൾ തായ്‌വാൻ കടലിടുക്കിന്റെ മധ്യരേഖ കടന്നുവെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ചൈനയുടെ ഈ നടപടിക്കെതിരെ തായ്വാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. തായ്‌വാൻ സൈന്യം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

ന്യൂഡൽഹി: യുക്രെയ്ൻ, റഷ്യൻ പ്രസിഡന്റുമാരുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യ-യുക്രൈൻ സംഘർഷം തുടരുന്നതിനിടെയാണ് അദ്ദേഹം ഇരു രാജ്യങ്ങളുടെയും പ്രസിഡന്റുമാരുമായി സംസാരിച്ചത്. ആദ്യം റഷ്യൻ പ്രസിഡന്റിനോടാണ് മോദി സംസാരിച്ചത്. റഷ്യൻ പ്രസിഡന്റായി അഞ്ചാം തവണയും വ്‌ളാഡിമിർ പുട്ടിൻ തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് മോദി അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടത്. പുടിനെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

റഷ്യൻ ജനതയുടെ സമാധാനത്തിനും പുരോഗതിക്കും അദ്ദേഹം ആശംസ അറിയിച്ചു. ഇതിന് ശേഷമാണ് പ്രധാനമന്ത്രി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുമായി സംസാരിച്ചത്. യുക്രെയ്‌ന് ഇന്ത്യ നൽകുന്ന മാനുഷിക സഹായങ്ങൾക്കു സെലെൻസ്‌കി മോദിയോട് നന്ദി അറിയിച്ചു. അതേസമയം, യുക്രെയ്ൻ ഉപവിദേശകാര്യ മന്ത്രി ഐറിന ബൊറോവെറ്റ്‌സ് കഴിഞ്ഞ മാസം ഇന്ത്യ സന്ദർശിച്ചിരുന്നു. സംഘർഷങ്ങൾ പരിഹരിക്കുന്നതിനു ഇന്ത്യക്ക് സുപ്രധാന പങ്കു വഹിക്കാനാകുമെന്നായിരുന്നു ഐറിന വ്യക്തമാക്കിയത്. അടത്ത ആഴ്ച യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ഇന്ത്യയിൽ സന്ദർശനം നടത്താൻ എത്തുന്നുണ്ട്.

ഇന്ത്യയെ സമാധാന ദൂതരായിട്ടാണ് ഇരുരാജ്യങ്ങളും കാണുന്നതെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം തങ്ങളുടെ രാജ്യങ്ങൾ സന്ദർശിക്കാൻ ഇരുവരും മോദിയെ ക്ഷണിച്ചെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മോദി അവസാനമായി റഷ്യ സന്ദർശിച്ചത് 2018ലായിരുന്നു.

ന്യൂഡൽഹി : അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമായിരുന്നുവെന്നും ഇനിയും അങ്ങനെ തുടരുമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയസ്വാൾ. അരുണാചൽ പ്രദേശിനെ സംബന്ധിച്ച ചൈന ഉയർത്തുന്ന അവകാശവാദം അസംബന്ധം എന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിനെ കുറിച്ച് ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് അസംബന്ധ അവകാശവാദങ്ങൾ ഉയർത്തിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അരുണാചൽ പ്രദേശ് എന്നും ഇന്ത്യയുടെ അഭിഭാജ്യ ഭാഗമായിരുന്നു. അങ്ങനെ തന്നെ തുടരുകയും ചെയ്യും. ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉന്നയിക്കുന്നത് കൊണ്ട് ചൈനയുടെ അവകാശവാദങ്ങൾക്ക് യാതൊരു സാധുതയും കൈ വരാൻ പോകുന്നില്ല. വികസന പരിപാടികളുടെയും അടിസ്ഥാന വികസന പദ്ധതികളുടെയും പ്രയോജനം പ്രദേശിന് തുടർന്നും ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. വാർത്ത കുറിപ്പിലൂടെ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഈ മാസം ഇത് രണ്ടാം തവണയാണ് അരുണാചൽപ്രദേശിനെ കുറച്ച് ചൈന അവകാശവാദം ഉയർത്തുന്നത്. ഇതിന് പിന്നാലെയാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം മറുപടിയുമായി രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി അരുണാചൽപ്രദേശ് സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ചൈന അരുണാചൽപ്രദേശിന് മേൽ അവകാശവാദം ഉന്നയിച്ചത്.

മോസ്‌കോ: കഴിഞ്ഞ രണ്ട് വർഷമായുള്ള പ്രതിസന്ധി ഘട്ടത്തിലും റഷ്യക്കാർ തന്നോടൊപ്പമുണ്ടെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ ഫലമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ റെഡ് സ്‌ക്വയറിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 87 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ് പുടിൻ വീണ്ടും അധികാരത്തിലെത്തിയത്.

ഏറ്റവും കൂടുതൽ കാലം റഷ്യയിൽ ഭരണത്തിലിരുന്ന നേതാവ് എന്ന റെക്കോർഡിലേക്കുള്ള പാതയിലാണ് പുടിൻ. കൈ കോർത്ത് തന്നെ നമ്മൾ മുന്നോട്ട് പോകും. നമ്മൾ കൂടുതൽ ശക്തരാകും. റഷ്യ വാഴട്ടെ” എന്നും പുടിൻ ജനക്കൂട്ടത്തോട്ട് പറഞ്ഞു. പോപ്പ് സംഗീത പരിപാടിക്കിടെയാണ് പുടിൻ ജനങ്ങളെ അഭിസംബോധന ചെയ്തത്. റഷ്യൻ സൈന്യം യുക്രെയ്നിൽ നിന്ന് പിടിച്ചെടുത്ത സ്ഥലങ്ങളെ കുറിച്ചും പുടിൻ ജനങ്ങളോട് സംസാരിച്ചു. സ്വന്തം കുടുംബത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹമാണ് അവർ പ്രകടിപ്പിച്ചിരുന്നതെന്നും, അത് സാധ്യമായതിന്റെ സന്തോഷമാണ് പ്രദേശത്തെ ഓരോരുത്തർക്കുമുള്ളതെന്നും പുടിൻ വ്യക്തമാക്കി.

കാബൂൾ: അഫ്ഗാനിസ്ഥാൻ അതിർത്തി കടന്ന് പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ എട്ടുപേർ മരിച്ചു. താലിബാനാണ് ഇക്കാര്യം അറിയിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് മരണപ്പെട്ടത്. പാകിസ്ഥാൻ വിമാനം പാക്ക് അതിർത്തിക്കു സമീപമുള്ള ഖോസ്ത്, പക്തിക പ്രവിശ്യകളിൽ ബോംബാക്രമണം നടത്തുകയായിരുന്നുവെന്നു താലിബാൻ വക്താവ് സബിഹുല്ലാ മുജാഹിദ് ആരോപിച്ചു.

പാക്കിസ്ഥാന്റെ നടപടി അഫിഗാനിസ്ഥാന്റെ പരമാധികാരത്തിനു നേരെയുള്ള ആക്രമണമാണെന്ന് താലിബാൻ കുറ്റപ്പെടുത്തി. ആക്രമണത്തെ താലിബാൻ അപലപിക്കുകയും ചെയ്തു.

ശനിയാഴ്ച പാക്കിസ്ഥാനിൽ വീണ്ടും ആക്രമണത്തിൽ ഏഴു സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് പ്രസിഡന്റ് ആസിഫ് അലി സർദാരി അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമാക്രമണം ഉണ്ടായത്. പാക്ക് അതിർത്തിയിലോ വീടുകളിലോ രാജ്യത്തോ കടന്ന് ഭീകരവാദം നടത്തിയാൽ അത് ആരാണെന്നോ, ഏതു രാജ്യമാണെന്നോ നോക്കാതെ ശക്തമായി പോരാടുമെന്ന് സർദാരി പറഞ്ഞിരുന്നു.

മോസ്‌കോ: ലോക രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി വ്‌ളാഡിമിർ പുട്ടിൻ. മൂന്നാം ലോകമഹായുദ്ധത്തെ കുറിച്ചാണ് പുടിൻ ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. തിരഞ്ഞെടുപ്പിൽ വൻവിജയം നേടി അഞ്ചാം തവണയും റഷ്യൻ പ്രസിഡന്റാകുമെന്ന് ഉറപ്പായതിനു പിന്നാലെയാണ് പുടിന്റെ പരാമർശം. റഷ്യയും യുഎസ് നേതൃത്വം നൽകുന്ന നാറ്റോ സഖ്യവും തമ്മിലുള്ള സംഘർഷം മൂന്നാംലോക മഹായുദ്ധത്തിന് ഒരു പടി മാത്രം അകലെയാണെന്നാണ് അർഥമാക്കുന്നതെന്നും എന്നാൽ യുദ്ധം ആരും ആഗ്രഹിക്കുന്നില്ലെന്നും പുടിൻ പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പിൽ പുടിൻ 87.8 ശതമാനം വോട്ട് നേടിയെന്നാണു റിപ്പോർട്ടുകൾ. അതേസമയം അമേരിക്ക, യുകെ, ജർമനി തുടങ്ങി വിവിധ രാജ്യങ്ങൾ റഷ്യൻ തിരഞ്ഞെടുപ്പിനെ വിമർശിച്ച് രംഗത്തെത്തി. പ്രതിപക്ഷ നേതാക്കളെ തടവിലാക്കി, നീതിപൂർവമല്ലാത്ത തിരഞ്ഞെടുപ്പാണ് റഷ്യയിൽ നടന്നതെന്നായിരുന്നു വിവിധ രാജ്യങ്ങളുടെ ആരോപണം.

യുക്രെയ്‌നിൽ തങ്ങളുടെ കരസേനയെ വിന്യസിക്കുന്ന കാര്യം തള്ളിക്കളയാനാകില്ലെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കിയത്. ഇതിനു മറുപടിയെന്നോണമാണ് മൂന്നാംലോക മഹായുദ്ധത്തെ കുറിച്ചുള്ള മുന്നറിയിപ്പുമായി പുട്ടിൻ എത്തിയത്. ആധുനിക ലോകത്ത് എന്തും സാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് മൂന്നാംലോക മഹായുദ്ധത്തിൽ നിന്ന് ഒരു പടിമാത്രം അകലെയാണെന്ന് എല്ലാവർക്കും വ്യക്തമായി അറിയാം. പക്ഷേ ആർക്കും അതിൽ താല്പര്യമുള്ളതായി എനിക്ക് തോന്നുന്നില്ലെന്നായിരുന്നു പുടിന്റെ പരാമർശം.

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയിൽ അമേരിക്കയുടെ പ്രതികരണത്തിനെതിരെ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ. പൗരത്വ നിയമഭേദഗതിയിൽ അമേരിക്കയുടെ നിലപാട് ഇന്ത്യ തള്ളിക്കളയുകയും ചെയ്തു.

വിഷയത്തിൽ അമേരിക്കയുടെ പ്രതികരണം അനാവശ്യമായിരുന്നു. അമേരിക്കയുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നായിരുന്നു വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചത്. പൗരത്വ നിയമ ഭേദഗതിയിൽ അമേരിക്കയുടെ പ്രസ്താവന അനാവശ്യവും അസ്ഥാനത്തുള്ളതും തെറ്റായതുമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.

സിഎഎ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതിൽ മറ്റ് രാജ്യങ്ങൾ അഭിപ്രായം പറയേണ്ടതില്ലെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

വാഷിംഗ്ടൺ: ദിവസങ്ങൾക്കുള്ളിൽ ഭൂമി അത്ഭുത പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കും. പട്ടാപ്പകൽ പോലും ഭൂമിയിൽ കൂരിരുട്ടായിരിക്കുമെന്നതാണ് ഈ ദിവസത്തിന്റെ സവിശേഷത. 2024 ഏപ്രിൽ എട്ടിനായിരിക്കും ഇത് നടക്കുക. സമ്പൂർണ സൂര്യഗ്രഹണം നടക്കുന്നതിനാലാണ് ഭൂമിയിൽ കുറ്റാക്കൂരിരുട്ട് ഉണ്ടാകാൻ പോകുന്നത്. സൂര്യനും ഭൂമിക്കുമിടയിൽ നേർരേഖയിൽ വരുന്ന ചന്ദ്രൻ സൂര്യനെ മറയ്ക്കുന്നതോടെ പകൽ രാത്രിയാണെന്ന് തോന്നും.

വടക്കേ അമേരിക്കയിലും മദ്ധ്യ അമേരിക്കയിലുമാണ് ഇത്തവണ സമ്പൂർണ സൂര്യഗ്രഹണം അനുഭവപ്പെടുക. മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലാണ് ഇത്തവണ സമ്പൂർണ സൂര്യഗ്രഹണം കാണാൻ കഴിയുക. ഏകദേശം 32 മില്യൺ ആളുകൾക്ക് സൂര്യന്റെ കൊറോണ വലയം കാണാൻ കഴിയും. സൂര്യനെ നേരിട്ട് നോക്കരുതെന്നും പ്രത്യേക സോളാർ വ്യൂവിംഗ് ഗ്ലാസുകൾ ഉപയോഗിക്കണമെന്നുമാണ് നിർദേശം.

50 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണമായിരിക്കും ഇതെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. 18 മാസത്തിലൊരിക്കൽ ഭൂമിയിൽ ഏതെങ്കിലും സ്ഥലങ്ങളിൽ സൂര്യഗ്രഹണം സംഭവിക്കുന്നുണ്ട്. എന്നാൽ, ശരാശരി 100 വർഷത്തിലൊരിക്കൽ മാത്രമേ ഒരു പ്രദേശത്ത് സമ്പൂർണ സൂര്യഗ്രഹണം ഉണ്ടാകുന്നുള്ളു. ചന്ദ്രൻ സൂര്യനെ പൂർണമായും മറയ്ക്കുകയും കൊറോണ എന്നറിയപ്പെടുന്ന സൂര്യന്റെ ബാഹ്യ വലയം മാത്രം ദൃശ്യമാകുകയും ചെയ്യുമ്പോഴാണ് സമ്പൂർണ സൂര്യഗ്രഹണം നടക്കുന്നത്.

അതായത് പകൽ സന്ധ്യയാണെന്ന പ്രതീതിയുണ്ടാകും. മാത്രമല്ല, ആ പകലിൽ നക്ഷത്രങ്ങളും കാണാൻ സാധിക്കും. 7.5 മിനിട്ട് വരെ സമയമാണ് ഏപ്രിൽ എട്ടിന് നടക്കാൻ പോകുന്ന സൂര്യഗ്രഹണം എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ 50 വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ കാലയളവായിരിക്കും ഇതെന്നാണ് കണക്കാക്കപ്പെടുന്നത്. ഇനി പസഫിക് സമുദ്രത്തിന് മുകളിൽ 2150ലേ ഇത്രയും ദൈർഘ്യമേറിയ സൂര്യഗ്രഹണം ദൃശ്യമാകൂ.

വാഷിംഗ്ടൺ: 2029 ആവുമ്പോഴേക്കും മനുഷ്യരുടേയെല്ലാം ബുദ്ധിയെ മറികടക്കും വിധം എഐ മുന്നേറുമെന്ന് ശതകോടീശ്വര വ്യവസായി ഇലോൺ മസ്‌ക്. പോഡ്കാസ്റ്ററായ ജോ റോഗനും ഫ്യൂച്ചറിസ്റ്റായ റേ കുർസ്വെയിലും തമ്മിലുള്ള ചർച്ചയെ മുൻനിർത്തിയാണ് മസ്‌കിന്റെ പ്രതികരണം. സാങ്കേതികവിദ്യയുടെ അഭൂതപൂർവമായ വളർച്ച കുർസ് വെയ്ൽ വിലയിരുത്തുന്നു. കംപ്യൂട്ടേഷണൽ ശക്തി, അൽഗൊരിതം, ഡാറ്റാ പ്രൊസസിങ് തുടങ്ങിയ മേഖലകളിൽ മനുഷ്യർ അതിവേഗം മുന്നേറുകയാണ്. ഈ മുന്നേറ്റങ്ങൾ ക്രമേണ മനുഷ്യബുദ്ധിയെ മറികടക്കാൻ എഐ സംവിധാനങ്ങളെ പ്രാപ്തമാക്കുമെന്ന് കുർസ് വെയ്ൽസിന്റെ പ്രതികരണം.

1999 ൽ തന്നെ താൻ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് കുർസ് വെയ്ൽ പറഞ്ഞു. 2029 ഓടെ അത് സംഭവിക്കുമെന്ന് ഞാൻ അന്ന് പറഞ്ഞു. അതായത് 30 വർഷങ്ങൾകൊണ്ട്. ആരും അത് വിശ്വസിച്ചില്ല. അന്ന് സ്റ്റാൻഫോർഡിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം പേർ പങ്കെടുത്ത ഒരു കോൺഫറൻസ് നടന്നു. തന്റെ പ്രവചനം ചർച്ച ചെയ്തു. അത് സംഭവിക്കുമെന്ന് തന്നെയാണ് അവരും വിശ്വസിച്ചിരുന്നത്. എന്നാൽ 2029 ൽ അതുണ്ടാവില്ലെന്നും 100 വർഷങ്ങളെങ്കിലുമെടുക്കുമെന്നും അവർ കരുതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേ അഭിപ്രായം ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ ഇലോൺ മസ്‌കും.

എഐ അടുത്ത വർഷം തന്നെ ഏതെങ്കിലും ഒരു മനുഷ്യന്റെ ബുദ്ധിയേക്കാൾ മികച്ചതാവും. 2029 ഓടുകൂടി മുഴുവൻ മനുഷ്യരുടേയും ബുദ്ധിയേക്കാൾ മികച്ചതാവും എഐ എന്നും മസ്‌ക് കൂട്ടിച്ചേർത്തു.