പട്ടാപ്പകൽ പോലും കൂരിരുട്ട്; ദിവസങ്ങൾക്കുള്ളിൽ ഭൂമി ഈ അത്ഭുത പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കും

വാഷിംഗ്ടൺ: ദിവസങ്ങൾക്കുള്ളിൽ ഭൂമി അത്ഭുത പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കും. പട്ടാപ്പകൽ പോലും ഭൂമിയിൽ കൂരിരുട്ടായിരിക്കുമെന്നതാണ് ഈ ദിവസത്തിന്റെ സവിശേഷത. 2024 ഏപ്രിൽ എട്ടിനായിരിക്കും ഇത് നടക്കുക. സമ്പൂർണ സൂര്യഗ്രഹണം നടക്കുന്നതിനാലാണ് ഭൂമിയിൽ കുറ്റാക്കൂരിരുട്ട് ഉണ്ടാകാൻ പോകുന്നത്. സൂര്യനും ഭൂമിക്കുമിടയിൽ നേർരേഖയിൽ വരുന്ന ചന്ദ്രൻ സൂര്യനെ മറയ്ക്കുന്നതോടെ പകൽ രാത്രിയാണെന്ന് തോന്നും.

വടക്കേ അമേരിക്കയിലും മദ്ധ്യ അമേരിക്കയിലുമാണ് ഇത്തവണ സമ്പൂർണ സൂര്യഗ്രഹണം അനുഭവപ്പെടുക. മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലാണ് ഇത്തവണ സമ്പൂർണ സൂര്യഗ്രഹണം കാണാൻ കഴിയുക. ഏകദേശം 32 മില്യൺ ആളുകൾക്ക് സൂര്യന്റെ കൊറോണ വലയം കാണാൻ കഴിയും. സൂര്യനെ നേരിട്ട് നോക്കരുതെന്നും പ്രത്യേക സോളാർ വ്യൂവിംഗ് ഗ്ലാസുകൾ ഉപയോഗിക്കണമെന്നുമാണ് നിർദേശം.

50 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണമായിരിക്കും ഇതെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. 18 മാസത്തിലൊരിക്കൽ ഭൂമിയിൽ ഏതെങ്കിലും സ്ഥലങ്ങളിൽ സൂര്യഗ്രഹണം സംഭവിക്കുന്നുണ്ട്. എന്നാൽ, ശരാശരി 100 വർഷത്തിലൊരിക്കൽ മാത്രമേ ഒരു പ്രദേശത്ത് സമ്പൂർണ സൂര്യഗ്രഹണം ഉണ്ടാകുന്നുള്ളു. ചന്ദ്രൻ സൂര്യനെ പൂർണമായും മറയ്ക്കുകയും കൊറോണ എന്നറിയപ്പെടുന്ന സൂര്യന്റെ ബാഹ്യ വലയം മാത്രം ദൃശ്യമാകുകയും ചെയ്യുമ്പോഴാണ് സമ്പൂർണ സൂര്യഗ്രഹണം നടക്കുന്നത്.

അതായത് പകൽ സന്ധ്യയാണെന്ന പ്രതീതിയുണ്ടാകും. മാത്രമല്ല, ആ പകലിൽ നക്ഷത്രങ്ങളും കാണാൻ സാധിക്കും. 7.5 മിനിട്ട് വരെ സമയമാണ് ഏപ്രിൽ എട്ടിന് നടക്കാൻ പോകുന്ന സൂര്യഗ്രഹണം എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ 50 വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ കാലയളവായിരിക്കും ഇതെന്നാണ് കണക്കാക്കപ്പെടുന്നത്. ഇനി പസഫിക് സമുദ്രത്തിന് മുകളിൽ 2150ലേ ഇത്രയും ദൈർഘ്യമേറിയ സൂര്യഗ്രഹണം ദൃശ്യമാകൂ.