ജനങ്ങൾ പക്ഷികളിൽ നിന്ന് രണ്ടുമീറ്റർ അകലം പാലിക്കണം; മുന്നറിയിപ്പ്

ലണ്ടൻ: പുതിയ പകർച്ച വ്യാധിയെ കുറിച്ച് മുന്നറിയിപ്പ് നൽകി ബ്രിട്ടനിലെ ആരോഗ്യവകുപ്പ്. ജനങ്ങൾ പക്ഷികളിൽ നിന്ന് രണ്ടുമീറ്റർ അകലം പാലിക്കണമെന്നും വീട്ടിൽ വളർത്തുന്ന പക്ഷികളുമായിപ്പോലും അടുക്കരുതെന്നുമാണ് ആരോഗ്യ വകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം.

പ്രാവുകൾ, അരയന്നങ്ങൾ, കടൽകാക്കകൾ മുതലായവയുമായി അകലം പാലിക്കാൻ നിർദ്ദേശിച്ചിട്ടുള്ളത്. പകർച്ചവ്യാധി പടർന്നുപിടിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ആരോഗ്യ വകുപ്പിന്റെ നടപടി. ഇത്തരത്തിലൊന്ന് അടുത്തുതന്നെ പൊട്ടിപ്പുറപ്പെടാൻ ഇടയുണ്ടെന്നാണ് അവർ സംശയിക്കുന്നത്. പക്ഷികളോട് അടുക്കരുതെന്നതിനൊപ്പം അവശയായോ ചത്തോ കിടക്കുന്ന പക്ഷികളെ തൊടരുതെന്നും നിർദ്ദേശവും അധികൃതർ നൽകിയിട്ടുണ്ട്.

കാട്ടിൽ കഴിയുന്ന പക്ഷികൾ ഉൾപ്പടെയുളളവയെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. പക്ഷികൾ ചത്തതിന്റെ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പക്ഷിപ്പനിയാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ അതാണെന്ന് ഇപ്പോഴും വ്യക്തമായി പറയാൻ കഴിയില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.