ന്യൂഡൽഹി: യുക്രെയ്ൻ, റഷ്യൻ പ്രസിഡന്റുമാരുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യ-യുക്രൈൻ സംഘർഷം തുടരുന്നതിനിടെയാണ് അദ്ദേഹം ഇരു രാജ്യങ്ങളുടെയും പ്രസിഡന്റുമാരുമായി സംസാരിച്ചത്. ആദ്യം റഷ്യൻ പ്രസിഡന്റിനോടാണ് മോദി സംസാരിച്ചത്. റഷ്യൻ പ്രസിഡന്റായി അഞ്ചാം തവണയും വ്‌ളാഡിമിർ പുട്ടിൻ തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് മോദി അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടത്. പുടിനെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
റഷ്യൻ ജനതയുടെ സമാധാനത്തിനും പുരോഗതിക്കും അദ്ദേഹം ആശംസ അറിയിച്ചു. ഇതിന് ശേഷമാണ് പ്രധാനമന്ത്രി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുമായി സംസാരിച്ചത്. യുക്രെയ്‌ന് ഇന്ത്യ നൽകുന്ന മാനുഷിക സഹായങ്ങൾക്കു സെലെൻസ്‌കി മോദിയോട് നന്ദി അറിയിച്ചു. അതേസമയം, യുക്രെയ്ൻ ഉപവിദേശകാര്യ മന്ത്രി ഐറിന ബൊറോവെറ്റ്‌സ് കഴിഞ്ഞ മാസം ഇന്ത്യ സന്ദർശിച്ചിരുന്നു. സംഘർഷങ്ങൾ പരിഹരിക്കുന്നതിനു ഇന്ത്യക്ക് സുപ്രധാന പങ്കു വഹിക്കാനാകുമെന്നായിരുന്നു ഐറിന വ്യക്തമാക്കിയത്. അടത്ത ആഴ്ച യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ഇന്ത്യയിൽ സന്ദർശനം നടത്താൻ എത്തുന്നുണ്ട്.
ഇന്ത്യയെ സമാധാന ദൂതരായിട്ടാണ് ഇരുരാജ്യങ്ങളും കാണുന്നതെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം തങ്ങളുടെ രാജ്യങ്ങൾ സന്ദർശിക്കാൻ ഇരുവരും മോദിയെ ക്ഷണിച്ചെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മോദി അവസാനമായി റഷ്യ സന്ദർശിച്ചത് 2018ലായിരുന്നു.

