International (Page 19)

ബെയ്ജിങ്: ചൈനയിൽ ഉഗ്രസ്‌ഫോടനം. ചൈനയിലെ ഹെബേയ് പ്രവിശ്യയിലെ ജനവാസ മേഖലയിൽ ബുധനാഴ്ച രാവിലെയാണ് ഉഗ്രസ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബെയ്ജിങ്ങിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ പ്രദേശം. ഗ്യാസ് ലീക്കായതാണ് സ്ഫോടനത്തിന് കാരണമെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

രാവിലെ എട്ട് മണിയോടെയായിരുന്നു സ്ഫോടനം നടന്നത്. ഒരു റെസ്റ്റോറന്റിലെ താഴത്തെ നിലയിലാണ് സ്ഫോടനം നടന്നത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി ചൈന സെൻട്രൽ ടെലിവിഷൻ(സിസിടിവി) അറിയിച്ചു. ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൂടുതൽ പേർക്ക് ജീവഹാനിയുണ്ടായതായി സംശയിക്കുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

സ്ഫോടനമുണ്ടായ സ്ഥലത്തു നിന്നുള്ള വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്ഫോടനത്തെ തുടർന്നുണ്ടായ അഗ്‌നിബാധ നിയന്ത്രണവിധേയമാക്കാൻ സാധിച്ചതായി അഗ്‌നിരക്ഷാവകുപ്പ് അറിയിച്ചു.

ലോകത്ത് ഏറ്റവും അധികം ഡൗൺലോഡ് ചെയ്യുന്ന ആപ്പ് എന്ന നേട്ടം സ്വന്തമാക്കി ഇൻസ്റ്റഗ്രാം. യുവാക്കൾക്കിടയിൽ ഇൻസ്റ്റഗ്രാമിന് വലിയ സ്വീകാര്യതയാണുള്ളത്. റീൽസ് കൂടി ആരംഭിച്ചതോടെ ഇൻസ്റ്റഗ്രാമിന്റെ സ്വീകാര്യത ഇരട്ടിയായി. ഇൻസ്റ്റഗ്രാം ആഗോള തലത്തിൽ അവതരിപ്പിക്കപ്പെട്ടത് 2010 ലാണ്.

2023 ൽ 76.7 കോടി തവണയാണ് ഇൻസ്റ്റാഗ്രാം ആഗോള തലത്തിൽ ഡൗൺലോഡ് ചെയ്യപ്പട്ടതെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. മുൻവർഷത്തേക്കാൾ 20 ശതമാനത്തിന്റെ വളർച്ചയാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

റീൽസ്, ഫോട്ടോഷെയറിങ്, സ്റ്റോറീസ് ഉൾപ്പടെയുള്ള ഫീച്ചറുകളാണ് ഇൻസ്റ്റഗ്രാമിനെ ജനപ്രിയമാക്കിയത്.150 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളാണ് ഇൻസ്റ്റാഗ്രാമിനുള്ളതെന്നാണ് വിപണി വിശകലന സ്ഥാപനമായ സെൻസർ ടവർ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.

വാഷിംഗ്ടൺ: ഓസ്‌കാർ അവാർഡ് തിളക്കത്തിൽ ക്രിസ്റ്റഫർ നോളൻ ചിത്രം ഓപൻഹെയ്മർ. ഏഴ് പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. മികച്ച ചിത്രം, മികച്ച നടൻ, മികച്ച സംവിധായകൻ, മികച്ച എഡിറ്റർ, മികച്ച ഒറിജിനൽ സ്‌കോർ, മികച്ച സഹനടൻ, മികച്ച ഛായഗ്രഹണം തുടങ്ങിയ പുരസ്‌കാരങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്.

മികച്ച നടനുള്ള പുരസ്‌കാരം നേടിയത് കിലിയൻ മർഫിയാണ്. മികച്ച സംവിധായകനുളള പുരസ്‌കാരം ക്രിസ്റ്റഫർ നോളനും കരസ്ഥമാക്കി. മികച്ച നടിക്കുള്ള പുരസ്‌കാരം എമ്മ സ്റ്റോൺ നേടി. പുവർതിങ്ങ്സിലെ മികവിനാണ് നടിയ്ക്ക് ഓസ്‌കാർ പുരസ്‌കാരം ലഭിച്ചത്.

റോബർട്ട് ബ്രൌണി ജൂനിയർ മികച്ച സഹനടൻ. ഓപ്പൺ ഹൈമർ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. സഹനടി ഡാവിൻ ജോയ് റാൻഡോൾഫ്, (ദ ഹോൾഡോവർസ്). ആനിമേറ്റഡ് ഷോർട്ട് ഫിലിം – ‘വാർ ഈസ് ഓവർ’, ആനിമേറ്റഡ് ഫിലിം- ‘ദ ബോയ് ആന്റ് ഹെറോൺ’

ഒറിജിനൽ സ്‌ക്രീൻപ്ലേ- ‘അനാട്ടമി ഓഫ് എ ഫാൾ,’ ജസ്റ്റിൻ ട്രയറ്റ് (ആർതർ ഹരാരി), അഡാപ്റ്റഡ് സ്‌ക്രീൻപ്ലേ- അമേരിക്കൻ ഫിക്ഷൻ(കോർഡ് ജെഫേഴ്‌സൺ) എന്നിവയും പുരസ്‌കാരത്തിന് അർഹമായി.

ഓസ്‌കാർ വേദിയിലെ മറ്റ് പുരസ്‌കാരങ്ങൾ

മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം- ദ ലസ്റ്റ് റിപെയർ ഷോപ്പ്

മികച്ച എഡിറ്റർ- ജെന്നിഫർ ലേം (ഓപ്പൺ ഹൈമർ)

മികച്ച ഒറിജിനൽ സ്‌കോർ- ഓപ്പൺ ഹൈമർ

മികച്ച ഒറിജിനൽ സോങ്- ബാർബി

മികച്ച പ്രൊഡക്ഷൻ ഡിസൈൻ- പുവർ തിങ്ങ്സ് (ജയിംസ് പ്രൈസ്, ഷോണ ഹീത്ത്)

മികച്ച ഹെയർസ്റ്റെലിങ്- പുവർ തിങ്ങ്സ് (നദിയ സ്റ്റേസി, മാർക് കോളിയർ)

മികച്ച വിദേശ ഭാഷ ചിത്രം- ദ് സോൺ ഓഫ് ഇന്ററസ്റ്റ് (യുകെ)

മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം- 20 ഡേയ്സ് ഇൻ മരിയോപോൾ (യുക്രൈയ്ൻ)

മികച്ച വിഷ്വൽ എഫക്ട്- ഗോഡ്സില്ല മൈനസ് വൺ (തകാശി യമാസാക്കി)

മികച്ച അനിമേറ്റഡ് ഷോർട്ട് ഫിലിമിനുള്ള പുരസ്‌കാരം വാർ ഈസ് ഓവർ

മികച്ച കോസ്റ്റ്യൂം ഡിസൈൻ പുവർ തിങ്‌സ് (ഹോളി വാഡിങ്ടൺ)

വാഷിംഗ്ടൺ: 2022ൽ ആണവയുദ്ധം ഒഴിവാക്കാനായതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നിർണായക പങ്കെന്ന് വ്യക്തമാക്കി യുഎസ് റിപ്പോർട്ട്. റഷ്യ-യുക്രൈൻ യുദ്ധത്തെ തുടർന്ന് 2022 അവസാനത്തോടെയാണ് ആണവയുദ്ധ പ്രതിസന്ധിയുടെ വക്കിലെത്തിയത്. ഇത് ഒഴിവാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ലോകനേതാക്കളുടെ ഇടപെടലുകൾ സഹായിച്ചുവെന്നാണ് യുഎസ് റിപ്പോർട്ടിൽ പറയുന്നത്. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്.

2022 അവസാനത്തോടെ, റഷ്യ യുക്രൈനിൽ ആണവ ആക്രമണം നടത്താനുള്ള സാധ്യതകൾ മുന്നിൽ കണ്ട് യുഎസ് തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നുവെന്നുള്ള വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. റഷ്യയുടെ ആണവായുധ ആക്രമണ സാധ്യതയെക്കുറിച്ച് ബൈഡൻ ഭരണകൂടം ഗുരുതരമായ ആശങ്കകൾ പങ്കുവെച്ചിരുന്നുവെന്ന് അമേരിക്കൻ വാർത്താ അവതാരകനും മുൻ ഗവൺമെന്റ് ഉദ്യോഗസ്ഥനുമായ ജിം സ്‌ക്യൂട്ടോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ ആണവായുധ പ്രയോഗം തടയുന്നതിനായി നിരവധി പദ്ധതികൾ രൂപപ്പെടുത്തുകയും നിരവധി യോഗങ്ങൾ ചേരുകയും ചെയ്തിരുന്നു. 2022 അവസാനം കെർസൺ ഉൾപ്പെടെ റഷ്യൻ അധിനിവേശ പ്രദേശങ്ങൾക്കെതിരെ യുക്രെയൻ സൈന്യം കാര്യമായ മുന്നേറ്റം നടത്തിയപ്പോൾ ആണവായുധ പ്രയോഗ സാധ്യത കൂടുതൽ ഉയർന്നു. റഷ്യൻ സേനയ്ക്ക് നേരിട്ട തിരിച്ചടി സംഘർഷം ആണവയുദ്ധത്തിലേയ്ക്ക് നീങ്ങുമോയെന്ന ആശങ്ക ഉയർന്നിരുന്നു. ആണവ ആക്രമണം നടത്തുന്നതിന്റെ സാധ്യതകളെക്കുറിച്ചുള്ള റഷ്യൻ ഉദ്യോഗസ്ഥരുടെ ചില സംഭാഷണങ്ങളും പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ടായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ 2022 അവസാനം യുഎസ് അടിയന്തിര നയതന്ത്ര ഇടപെടലുകൾ നടത്തിയിരുന്നു. ആശങ്കകൾ റഷ്യയെ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. കൂടാതെ ആണവയുദ്ധത്തിൽ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാൻ ചൈനയും ഇന്ത്യയും പോലുള്ള രാജ്യങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമങ്ങളും അമേരിക്ക നടത്തിയതായി ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്.

ചൈനീസ് നേതാവ് ഷി ജിൻപിങ്ങിന്റെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇടപെടലുകളും പരസ്യ പ്രസ്താവനകളും ഈ പ്രതിസന്ധി ഒഴിവാക്കാൻ സഹായിച്ചുവെന്നാണ് വിവരം.

ഗാസ: ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. അഭയാർഥി ക്യാംപിന് നേരെ ഇസ്രായേൽ ഷെല്ലാക്രമണം നടത്തി. 15 പേരാണ് ഷെല്ലാക്രമണത്തിൽ മരിച്ചത്. നസേറത്ത് അഭയാർഥി ക്യാമ്പിലാണ് ആക്രമണം നടന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് മരണപ്പെട്ടതെന്നാണ് പുറത്തു വരുന്ന വിവരം. ഇസ്രയേൽ യുദ്ധരംഗത്ത് അതിരുകടക്കരുതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി. നെതന്യാഹുവിന്റെ നടപടികൾ ഇസ്രയേലിനെ സഹായിക്കുകയല്ല മറിച്ച് ദ്രോഹമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിരപരാധികളായ ജനങ്ങളുടെ സുരക്ഷയിൽ നെതന്യാഹുവിന് ശ്രദ്ധയുണ്ടാകണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. ഇതിനിടെ, ഭക്ഷ്യസാധനങ്ങൾ അടക്കമുള്ള സഹായങ്ങൾ എത്തിക്കാനായി യുഎസ് കപ്പൽ ഗാസയിലേക്ക് തിരിച്ചു.

അതേസമയം, ഗാസയിലെ പലസ്തീൻകാർക്ക് സഹായമെത്തിക്കാനായി താത്കാലിക തുറമുഖം നിർമിക്കാൻ 1000 സൈനികരെ വിന്യസിക്കുമെന്ന് യുഎസ് അറിയിച്ചിരുന്നു. പ്രതിരോധമന്ത്രാലയം പെന്റഗൺ പ്രസ്സ് ആണ് ഇക്കാര്യം അറിയിച്ചത്. ഗാസയിലെ മെഡിറ്ററേനിയൻ തീരത്താണ് തുറമുഖം സ്ഥാപിക്കുക. കൊടും പട്ടിണിയാലും പകർച്ചവ്യാധികളാലും നരകയാതന അനുഭവിക്കുന്ന പലസ്തീനികൾക്ക് സഹായം എത്തിക്കുന്നതിന് വേണ്ടിയാണ് താത്ക്കാലിക തുറമുഖം നിർമ്മിക്കുന്നത്.

ഗാസയിൽ തുറമുഖം സ്ഥാപിക്കുന്നതിനായുള്ള അടിയന്തര ദൗത്യം ഏറ്റെടുക്കുന്നതിനായി സൈന്യത്തിന് നിർദേശം നൽകിയെന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചത്. സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

തുറമുഖ നിർമ്മാണത്തോട് അനുബന്ധിച്ചുള്ള ഫ്ളോട്ടിംങ് ബാർജ് പൂർത്തിയാകാൻ 60 ദിവസമെടുക്കുമെന്ന് പ്രതിരോധമന്ത്രാലയം പ്രസ് സെക്രട്ടറി മേജർ ജനറൽ പാട്രിക് റൈഡർ വ്യക്തമാക്കി. രണ്ട് ഭാഗങ്ങളായി തീരക്കടലിലാണ് തുറമുഖം ഒരുക്കുക. സഹായങ്ങൾ സ്വീകരിക്കാൻ കഴിയുന്ന ഫ്ളോട്ടിങ് ബാർജും കോസ്വേയുമാണ് നിർമിക്കുക.

96-ാമത് ഓസ്‌കർ അവാർഡുകൾ തിങ്കളാഴ്ച്ച പ്രഖ്യാപിക്കും. ഇന്ത്യൻ സമയം രാവിലെ ഏഴ് മണിയോടെ ചടങ്ങുകൾ ആരംഭിക്കും. ഓപൻഹെയ്മറും ബാർബിയും ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിനെത്തുന്നത്.

23 വിഭാഗങ്ങളിലായിട്ടാണ് അവാർഡുകൾ. ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിലെ റ്റു കിൽ എ ടൈഗർ ആണ് ഒരേ ഒരു ഇന്ത്യൻ സാന്നിധ്യം. ജാർഖണ്ഡിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബം നീതിക്കായി നടത്തുന്ന പോരാട്ടമാണ് നിഷ പഹൂജ ഒരുക്കിയ കനേഡിയൻ ഡോക്യുമെന്ററിയിൽ പറയുന്നത്.

അട്ടിമറികൾ സംഭവിച്ചില്ലെങ്കിൽ മികച്ച ചിത്രം, നടൻ, സംവിധായകൻ തുടങ്ങി പ്രധാന വിഭാഗങ്ങളിലെല്ലാം നോളൻ ചിത്രം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും എന്നാണ് പ്രവചിക്കപ്പെടുന്നത്. നടിമാരുടെ വിഭാഗത്തിൽ പുവർ തിംഗ്‌സ് നായിക എമ്മ സ്റ്റോണും കില്ലേഴ്‌സ് ഓഫ് ദ ഫ്‌ളവർ മൂൺ താരം ലിലി ഗ്ലാഡ്സ്റ്റണും തമ്മിലായിരിക്കും പോരാട്ടം.

വാഷിംഗ്ടൺ: ഗാസയിലെ പലസ്തീൻകാർക്ക് സഹായമെത്തിക്കാനായി താത്കാലിക തുറമുഖം നിർമിക്കാൻ 1000 സൈനികരെ വിന്യസിക്കുമെന്ന് യുഎസ്. പ്രതിരോധമന്ത്രാലയം പെന്റഗൺ പ്രസ്സ് ആണ് ഇക്കാര്യം അറിയിച്ചത്. ഗാസയിലെ മെഡിറ്ററേനിയൻ തീരത്താണ് തുറമുഖം സ്ഥാപിക്കുക. കൊടും പട്ടിണിയാലും പകർച്ചവ്യാധികളാലും നരകയാതന അനുഭവിക്കുന്ന പലസ്തീനികൾക്ക് സഹായം എത്തിക്കുന്നതിന് വേണ്ടിയാണ് താത്ക്കാലിക തുറമുഖം നിർമ്മിക്കുന്നത്.

ഗസയിൽ തുറമുഖം സ്ഥാപിക്കുന്നതിനായുള്ള അടിയന്തര ദൗത്യം ഏറ്റെടുക്കുന്നതിനായി സൈന്യത്തിന് നിർദേശം നൽകിയെന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചത്. സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

തുറമുഖ നിർമ്മാണത്തോട് അനുബന്ധിച്ചുള്ള ഫ്‌ളോട്ടിംങ് ബാർജ് പൂർത്തിയാകാൻ 60 ദിവസമെടുക്കുമെന്ന് പ്രതിരോധമന്ത്രാലയം പ്രസ് സെക്രട്ടറി മേജർ ജനറൽ പാട്രിക് റൈഡർ വ്യക്തമാക്കി. രണ്ട് ഭാഗങ്ങളായി തീരക്കടലിലാണ് തുറമുഖം ഒരുക്കുക. സഹായങ്ങൾ സ്വീകരിക്കാൻ കഴിയുന്ന ഫ്‌ളോട്ടിങ് ബാർജും കോസ്വേയുമാണ് നിർമിക്കുക.

അതേസമയം, അമേരിക്കൻ സൈന്യം ഗാസയിൽ ഇറങ്ങില്ലെന്നും റൈഡർ വിശദീകരിച്ചു. ഈജിപ്ത്തിൽ നിന്ന് റഫാ അതിർത്തി വഴി ലോഡുകളായി ഗാസയിലെക്ക് ഭക്ഷണമെത്തിക്കുന്നത് ഇസ്രയേൽ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ നടപടി.

‘വിൻഡോസ് സബ് സിസ്റ്റം ഫോർ ആൻഡ്രോയിഡ്’ സപ്പോർട്ട് നിർത്തലാക്കുകയാണെന്ന് വ്യക്തമാക്കി മൈക്രോസോഫ്റ്റ്. ‘വിൻഡോസ് സബ് സിസ്റ്റം ഫോർ ആൻഡ്രോയിഡ്’ എന്നത് വിൻഡോസ് 11 കമ്പ്യൂട്ടറുകളിൽ ആൻഡ്രോയിഡ് ആപ്പുകൾ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്ന സപ്പോർട്ട് സിസ്റ്റമാണ്. മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പ്രകാരം 2025 മാർച്ച് അഞ്ചോടെ ഈ ഫീച്ചറുപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാ ഗെയിമുകളും ആപ്ലിക്കേഷനുകളും പ്രവർത്തന രഹിതമാകും. 2022 ലാണ് ഈ ഫീച്ചർ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്.

ഫോണിന്റെ സഹായമില്ലാതെ ആൻഡ്രോയിഡ് ആപ്പുകൾ വിൻഡോസ് കമ്പ്യൂട്ടറിൽ പ്രവർത്തിക്കാൻ കഴിയുമെന്നതായിരുന്നു ഈ ഫീച്ചറിന്റെ പ്രത്യേകത. ആമസോൺ ആപ്പ് സ്റ്റോറിൽ നിന്നായിരുന്നു ഇതിലേക്ക് ആൻഡ്രോയിഡ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിരുന്നത്. 2022 മുതൽ വിൻഡോസ് സബ്‌സിസ്റ്റം അപ്‌ഡേറ്റുകൾ കൃതൃമായി കമ്പനി പുറത്തിറക്കിയിരുന്നു.

2023 ഡിസംബറിൽ ആണ് ആൻഡ്രോയിഡ് 13 അപ്‌ഡേറ്റ് മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്. 2025 വരെ നിലവിലുള്ള ആപ്പുകളും ഗെയിമുകളും പണിമുടക്കില്ലെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. അതേസമയം വിൻഡോസ് 11 ഉപഭോക്താക്കൾക്ക് ആമസോൺ ആപ്പ് സ്റ്റോറിലും, മൈക്രോസോഫ്റ്റ് സ്റ്റോറിലും ആൻഡ്രോയിഡ് ആപ്പുകൾ ഇനി സേർച്ച് ചെയ്യാൻ കഴിയില്ല. ആൻഡ്രോയിഡ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുമെങ്കിലും ഗൂഗിൾ പ്ലേ സ്റ്റോറിലുള്ള അത്രയും ആപ്ലിക്കേഷനുകൾ ആമസോൺ ആപ്പ് സ്റ്റോറിൽ ലഭിക്കില്ല.

അബുജ: തോക്കുമായെത്തിയ സംഘം സ്‌കൂളിൽ നിന്ന് നൂറുകണക്കിന് കുട്ടികളെ തട്ടിക്കൊണ്ടുപോയി. നൈജീരിയയിലാണ് സംഭവം. വടക്കൻ നൈജീരിയയിലെ കുരിഗ പട്ടണത്തിലെ സർക്കാർ സ്‌കൂളിലാണ് സംഭവം നടന്നത്. സ്‌കൂളിലെ അസംബ്ലി കഴിഞ്ഞതിന് പിന്നാലെ കുട്ടികൾക്ക് നേരെ വെടിയുതിർത്ത ശേഷമാണ് ഇവർ കുട്ടികളെ തട്ടിക്കൊണ്ട് പോയത്. ഒരാഴ്ചയ്ക്കുള്ളിൽ പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളിൽ നടക്കുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ തട്ടിക്കൊണ്ടുപോകലാണ് ഇതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

287 ഓളം കുട്ടികളെയാണ് തട്ടിക്കൊണ്ട് പോയതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 2014ൽ നൈജീരിയയിൽ ഐഎസ് ഭീകരർ 200ൽ അധികം പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയിരുന്നു. നൈജീരിയയുടെ വടക്ക് പശ്ചിമ മേഖലയിൽ മാത്രമായി പന്ത്രണ്ടിലധികം സായുധ സംഘങ്ങളാണ് പിടിമുറുക്കിയിട്ടുള്ളത്. വലിയ മോചനദ്രവ്യം ആവശ്യപ്പെട്ട് ഗ്രാമീണരെ വരെ ഈ മേഖലയിൽ തട്ടിക്കൊണ്ട് പോകൽ പതിവാണ്.

സുരക്ഷാ സേനയുടെ സഹായത്തോടെ കുട്ടികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നാണ് അധികൃതർ വ്യക്തമാക്കി. തട്ടിക്കൊണ്ടു പോകലിന് ഏറെയും ഇരയാകുന്നത് സ്ത്രീകളും കുട്ടികളുമാണ്.

കഴിഞ്ഞ ദിവസം രണ്ടു മണിക്കൂറോളം നേരം ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ത്രെഡ് എന്നിവ പ്രവർത്തനരഹിതയാതോടെ മാർക്ക് സക്കർബർഗിന്റെ ഉടമസ്ഥതയിലുള്ള മെറ്റയുടെ ഓഹരി വിപണിയിലെ മാത്രം നഷ്ടം 2,48,69,35,50,000 കോടി രൂപ. മൂന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും തടസം നേരിട്ടതോടെ 1.60 ശതമാനം ഇടിവാണ് മെറ്റ ഓഹരി വിപണിയിൽ ഉണ്ടായത്. 3 ബില്ല്യൺ ഡോളർ അഥവാ 24000 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ത്രെഡ് എന്നിവയ്ക്ക് പുറമേ മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പിലും ചില തടസ്സങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. യുഎസ് ഓഹരി വിപണികൾ പ്രവർത്തിക്കുന്ന സമയത്താണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രവർത്തന രഹിതമായത്. മുൻപും മെറ്റ പ്ലാറ്റ്‌ഫോമുകൾ പ്രവർത്തന രഹിതമായിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് വിവിധ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകൾ തകരാർ നേരിട്ടത്. ഉപയോക്താക്കളുടെ സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകൾ തനിയെ ലോഗൗട്ട് ആകുകയായിരുന്നു. പിന്നീട് അക്കൗണ്ടിലേക്കു പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. ആദ്യം ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളും പിന്നീട് മറ്റ് പ്ലാറ്റ്‌ഫോമുകളും വീണ്ടെടുത്തു. എന്നാൽ, സെർവർ തകരാറായതിന് പിന്നിലെ കാരണമെന്തെന്ന് മെറ്റ വ്യക്തമാക്കിയിട്ടില്ല.