റഷ്യക്കാർ തന്നോടൊപ്പമുണ്ടെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ ഫലം; വ്ളാഡിമിർ പുടിൻ

മോസ്‌കോ: കഴിഞ്ഞ രണ്ട് വർഷമായുള്ള പ്രതിസന്ധി ഘട്ടത്തിലും റഷ്യക്കാർ തന്നോടൊപ്പമുണ്ടെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ ഫലമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ റെഡ് സ്‌ക്വയറിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 87 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ് പുടിൻ വീണ്ടും അധികാരത്തിലെത്തിയത്.

ഏറ്റവും കൂടുതൽ കാലം റഷ്യയിൽ ഭരണത്തിലിരുന്ന നേതാവ് എന്ന റെക്കോർഡിലേക്കുള്ള പാതയിലാണ് പുടിൻ. കൈ കോർത്ത് തന്നെ നമ്മൾ മുന്നോട്ട് പോകും. നമ്മൾ കൂടുതൽ ശക്തരാകും. റഷ്യ വാഴട്ടെ” എന്നും പുടിൻ ജനക്കൂട്ടത്തോട്ട് പറഞ്ഞു. പോപ്പ് സംഗീത പരിപാടിക്കിടെയാണ് പുടിൻ ജനങ്ങളെ അഭിസംബോധന ചെയ്തത്. റഷ്യൻ സൈന്യം യുക്രെയ്നിൽ നിന്ന് പിടിച്ചെടുത്ത സ്ഥലങ്ങളെ കുറിച്ചും പുടിൻ ജനങ്ങളോട് സംസാരിച്ചു. സ്വന്തം കുടുംബത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹമാണ് അവർ പ്രകടിപ്പിച്ചിരുന്നതെന്നും, അത് സാധ്യമായതിന്റെ സന്തോഷമാണ് പ്രദേശത്തെ ഓരോരുത്തർക്കുമുള്ളതെന്നും പുടിൻ വ്യക്തമാക്കി.