മോസ്കോ: ലോക രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി വ്ളാഡിമിർ പുട്ടിൻ. മൂന്നാം ലോകമഹായുദ്ധത്തെ കുറിച്ചാണ് പുടിൻ ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. തിരഞ്ഞെടുപ്പിൽ വൻവിജയം നേടി അഞ്ചാം തവണയും റഷ്യൻ പ്രസിഡന്റാകുമെന്ന് ഉറപ്പായതിനു പിന്നാലെയാണ് പുടിന്റെ പരാമർശം. റഷ്യയും യുഎസ് നേതൃത്വം നൽകുന്ന നാറ്റോ സഖ്യവും തമ്മിലുള്ള സംഘർഷം മൂന്നാംലോക മഹായുദ്ധത്തിന് ഒരു പടി മാത്രം അകലെയാണെന്നാണ് അർഥമാക്കുന്നതെന്നും എന്നാൽ യുദ്ധം ആരും ആഗ്രഹിക്കുന്നില്ലെന്നും പുടിൻ പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പിൽ പുടിൻ 87.8 ശതമാനം വോട്ട് നേടിയെന്നാണു റിപ്പോർട്ടുകൾ. അതേസമയം അമേരിക്ക, യുകെ, ജർമനി തുടങ്ങി വിവിധ രാജ്യങ്ങൾ റഷ്യൻ തിരഞ്ഞെടുപ്പിനെ വിമർശിച്ച് രംഗത്തെത്തി. പ്രതിപക്ഷ നേതാക്കളെ തടവിലാക്കി, നീതിപൂർവമല്ലാത്ത തിരഞ്ഞെടുപ്പാണ് റഷ്യയിൽ നടന്നതെന്നായിരുന്നു വിവിധ രാജ്യങ്ങളുടെ ആരോപണം.
യുക്രെയ്നിൽ തങ്ങളുടെ കരസേനയെ വിന്യസിക്കുന്ന കാര്യം തള്ളിക്കളയാനാകില്ലെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കിയത്. ഇതിനു മറുപടിയെന്നോണമാണ് മൂന്നാംലോക മഹായുദ്ധത്തെ കുറിച്ചുള്ള മുന്നറിയിപ്പുമായി പുട്ടിൻ എത്തിയത്. ആധുനിക ലോകത്ത് എന്തും സാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് മൂന്നാംലോക മഹായുദ്ധത്തിൽ നിന്ന് ഒരു പടിമാത്രം അകലെയാണെന്ന് എല്ലാവർക്കും വ്യക്തമായി അറിയാം. പക്ഷേ ആർക്കും അതിൽ താല്പര്യമുള്ളതായി എനിക്ക് തോന്നുന്നില്ലെന്നായിരുന്നു പുടിന്റെ പരാമർശം.

