International (Page 177)

യുട്യൂബിലെ കണ്ടന്റ് ക്രിയേറ്റേഴ്‌സിനെതിരെ വലിയൊരു ഫിഷിംഗ് ക്യാമ്പയിന്‍ നടക്കുന്നതായി ഗൂഗിളിന്റെ മുന്നറിയിപ്പ്. ഹാക്കര്‍മാര്‍ ഇത്തരത്തില്‍ ആയിരക്കണക്കിന് ചാനലുകള്‍ ഹൈജാക്ക് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഇതിലൂടെ ഹാക്കര്‍മാര്‍ ചാനലുകള്‍ വിറ്റഴിക്കുകയോ ചാനലിന്റെ കാഴ്ചക്കാര്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുകയോ ചെയ്തുവെന്നും ഗൂഗിളിന്റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു

അതേസമയം, ഹൈജാക്ക് ചെയ്യപ്പെട്ട നിരവധി യൂട്യൂബ് ചാനലുകള്‍ പുനഃസ്ഥാപിച്ചുവെന്നും ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ തട്ടിപ്പ് നിരവധി യുട്യൂബ് അക്കൗണ്ടുകള്‍ എപ്പോള്‍ വേണമെങ്കിലും ഇല്ലാതാക്കാവുന്ന വിധത്തില്‍ ബാധിച്ചിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നുമുണ്ട് ഗൂഗിള്‍.

ഇതിന് പിന്നില്‍ ആരാണെന്ന് ഇതുവരെ യൂട്യൂബ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ക്യാമ്പയിന്‍ നടക്കുന്നത് റഷ്യന്‍ ഭാഷയിലുള്ള മെസേജ് ബോര്‍ഡിലാണ്. അതിനായി കുക്കികള്‍ മോഷ്ടിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ തട്ടിപ്പ് നടക്കുന്നത് കുറച്ചുകൂടി ഉയര്‍ന്ന വ്യക്തിഗത ഡാറ്റ, ലോഗിന്‍ ചെയ്യുമ്പോള്‍ ബ്രൗസര്‍ സംരക്ഷിക്കുന്ന കുക്കികള്‍ എന്നിവയിലൂടെയാണ് അക്കൗണ്ട് ഹാക്കിങ് നടത്തുന്നതെന്നും യൂട്യൂബ് വ്യക്തമാക്കുന്നു.

ബെയ്ജിങ്: അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ചൈന. ഇതിനായി പുതിയ നിയമം ചൈന ആവിഷ്‌ക്കരിച്ചു. ഇന്ത്യയുമായി അതിർത്തിയിൽ തുടരുന്ന സംഘർഷം, താലിബാൻ അഫ്ഗാൻ ഭരണം ഏറ്റെടുത്തതോടെയുണ്ടായ അഭയാർഥികളുടെ വരവ്, തെക്ക് കിഴക്കൻ ഏഷ്യയിൽ നിന്നുള്ള കോവിഡ് വ്യാപനം തുടങ്ങിയ സാഹചര്യം കണക്കിലെടുത്താണ് ചൈനയുടെ നീക്കം.

ജനുവരി ഒന്നു മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. നിലവിൽ അതിർത്തി സുരക്ഷ കൈകാര്യം ചെയ്യുന്നതിനെ നിയമം ബാധിക്കില്ലെന്നാണ് വിവരം. കമ്യൂണിസ്റ്റ് ഭരണം നിലവിൽവന്നതിനു ശേഷം ആദ്യമായാണ് ചൈന അതിർത്തി എങ്ങനെയാണ് ഭരിക്കുന്നതെന്നും സംരക്ഷിക്കുന്നതെന്നും വ്യക്തമാക്കുന്ന ഒരു നിയമം ഉണ്ടാക്കുന്നത്. ഉത്തര കൊറിയയും റഷ്യയും ഉൾപ്പെടെ 14 രാജ്യങ്ങളുമായി ഏതാണ്ട് 22,000 കിലോമീറ്റർ (14,000 മൈൽ) അതിർത്തിയാണ് ചൈന പങ്കിടുന്നത്. പ്രാദേശിക പരമാധികാരവും അതിർത്തി സുരക്ഷയും പരിപാലിക്കുന്നതിനായി രാജ്യം ഫലപ്രദമായ നടപടികൾ സ്വീകരിക്കമെന്ന് നിയമത്തിൽ വിശദമാക്കുന്നു.

ആക്രമണം, നുഴഞ്ഞുകയറ്റം, പ്രകോപനം തുടങ്ങിയവയിൽ നിന്നും ചൈനീസ് സൈന്യവും (പീപ്പിൾസ് ലിബറേഷൻ ആർമി) പൊലീസും (പീപ്പിൾസ് ആംഡ് പൊലീസ് ഫോഴ്‌സ്) രാജ്യത്തെ സംരക്ഷിക്കുമെന്നും നിയമം വ്യക്തമാക്കുന്നു. അതിർത്തി സുരക്ഷയെ ബാധിക്കുന്ന തരത്തിൽ യുദ്ധമോ സൈനിക സംഘർഷമോ ഉണ്ടായാൽ അതിർത്തി അടച്ചിടാമെന്ന കാര്യവും നിയമത്തിൽ സൂചിപ്പിക്കുന്നുണ്ട്.

sudaan

ഖാര്‍ത്തൂം: വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ സൈന്യം ഭരണം പിടിച്ചെടുത്തു. ഇടക്കാല സര്‍ക്കാരില്‍ നിന്നും സൈനിക അട്ടിമറിയിലൂടെ ജനറല്‍ അബ്ദെല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഭരണം പിടിച്ചെടുത്തത്. രാജ്യത്ത് സൈന്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതേസമയം, സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 140 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്നാണ് ലഭിക്കുന്ന വിവരം.

ഏകാധിപതിയായ ഒമര്‍ അല്‍ ബഷീറിന്റെ 30 വര്‍ഷത്തെ ഭരണമാണ് സുഡാനില്‍ അവസാനിച്ചത്. എന്നാല്‍ സൈന്യം ഭരണം പിടിച്ചെടുത്തതോടെ ജനാധിപത്യം സ്വപ്നം കണ്ട സുഡാന്‍ ജനതയ്ക്ക് തിരിച്ചടിയായിരിക്കുകയാണിത്.

ഖാര്‍ത്തൂം വിമാനത്താവളം അടക്കുകയും അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു. തങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറാണെന്നും 2023 ജൂലൈയില്‍ തെരഞ്ഞെടുപ്പ് നടത്തി അധികാരം കൈമാറുമെന്നും സൈനികമേധാവി അറിയിച്ചു.

രാജ്യത്തെ മിലിറ്ററി സിവിലിയന്‍ സോവേറിയന്‍ കൗണ്‍സില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതോടെ പിരിച്ചു വിട്ടു. മിലിറ്ററി സിവിലിയന്‍ സോവേറിയന്‍ കൗണ്‍സില്‍ രൂപീകരിച്ചത് ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായിട്ടാണ്. രണ്ട് വര്‍ഷം മുമ്പാണ് ഇത് രൂപീകരിച്ചത്. കൗണ്‍സിലിന് രൂപം നല്‍കിയത് മുന്‍ ഭരണാധികാരി ഒമര്‍ അല്‍ ബഷീര്‍ ആണ്. അതേസമയം രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ നിലവിലെ പ്രധാനമന്ത്രി അബ്ദല്ല ഹംദോകിന് മാത്രമേ അധികാരമുള്ളൂവെന്ന് സുഡാന്‍ വാര്‍ത്താവിതരണ മന്ത്രാലയം ഫേസ്ബുക്കിലൂടെ അറിയിച്ചു.

ബെയ്ജിങ്: ബഹിരാകാശത്തെ മാലിന്യ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ചൈന.ഇതിനായി സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമായി പുതിയ ഉപഗ്രഹം വിക്ഷേപിച്ചിരിക്കുകയാണ് ചൈന. സിചാവുന്‍ പ്രവിശ്യയിലുള്ള ഷിചാങ് ലോഞ്ച് സെന്ററില്‍ വെച്ചായിരുന്നു വിക്ഷേപണം.

ഷിജിയാന്‍-21 എന്നാണ് ഉപഗ്രഹത്തിന്റെ പേര്. ഉപഗ്രഹത്തിന്റെ വിക്ഷേപണം വിജയകരമായിരുന്നു. വിക്ഷേപണത്തിനുപയോഗിച്ചത് ലോങ് മാര്‍ച്ച് 3ബി റോക്കറ്റാണ്. പുതിയതായി ഉയര്‍ന്നുവന്ന ഒന്നാണ് ബഹിരാകാശ മാലിന്യങ്ങളും അവശിഷ്ടങ്ങളും. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായിസാങ്കേതിക വിദ്യയുടെ പരീക്ഷണത്തിനാണ് ഉപഗ്രഹം ഉപയോഗിക്കുക.

നിരന്തരമായി വിക്ഷേപണങ്ങള്‍ നടത്തി ചൈന ബഹിരാകാശത്ത് മാലിന്യം വര്‍ധിപ്പിക്കുകയാണെന്ന് ലോകരാഷ്ട്രങ്ങള്‍ പരാതി ഉയര്‍ത്തിയിരുന്നു.ഇതിനിടയിലാണ് ചൈനയുടെ പുതിയ പദ്ധതി. ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിച്ച ശേഷം മടങ്ങിവരവില്‍ കത്തിത്തകരുന്ന റോക്കറ്റ് അവശിഷ്ടങ്ങളും പ്രവര്‍ത്തനം നിലച്ച് ഉപേക്ഷിക്കേണ്ടിവരുന്ന ഉപഗ്രഹങ്ങളുമാണ് ബഹിരാകാശ മാലിന്യമാകുന്നത്. ഇത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഉയര്‍ത്തിയിരുന്നു.

covid

ബെയ്ജിംഗ്: നീണ്ട ഇടവേളക്ക് ശേഷം ചൈനയിൽ വീണ്ടും കൊവിഡ് വൈറസ് പടർന്നു പിടിക്കുന്നു. ഡെൽറ്റ വകഭേദമാണ് ചൈനയിയെ പലഭാഗത്തും റിപ്പോർട്ട് ചെയ്യുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് രോഗം ബാധിക്കാനിടയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. വിദേശത്തു നിന്നെത്തിയ കൊവിഡ് ഡെൽറ്റ വകഭേദമാണ് ചൈനയിൽ ഭീഷണിയെന്ന് ദേശീയ ഹെൽത്ത് കമ്മീഷൻ ഉദ്യോഗസ്ഥൻ ലിയാങ്യു അറിയിച്ചു.

ചൈനയിലെ 11 പ്രവിശ്യകളിൽ ഒക്ടോബർ 17 മുതലാണ് കോവിഡ് വകഭേദം പടരാൻ ആരംഭിച്ചതെന്നാണ് ദേശീയ ആരോഗ്യ കമ്മീഷൻ വക്താവ് മി ഫെങ് അറിയിക്കുന്നത്. രാജ്യം വിട്ട് യാത്ര ചെയ്തവരിലാണ് രോഗബാധ കൂടുതലായും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്ത് സ്ഥലങ്ങളിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഗൻസു പ്രവിശ്യയിലെ ലാൻഴൗ അടക്കമുള്ള നഗരങ്ങളിൽ പൊതുഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

മംഗോളിയയുടെ പടിഞ്ഞാറൻ മേഖലയായ എജിനയിൽ ആളുകളോട് പുറത്തിറങ്ങരുതെന്നും യാത്ര ചെയ്യരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ബെയ്ജിംഗിലെ മൂന്ന് ജില്ലകളിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തുടർന്ന് ഒക്ടോബർ 30 ന് നിശ്ചയിച്ച മാരത്തൺ നിരോധിച്ചു.

20-20

ദുബായ്: ട്വന്റി 20 ലോകകപ്പിലെ ആദ്യമത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി . 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 17.5 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ആദ്യ ജയം സ്വന്തമാക്കി. അർദ്ധ സെഞ്വറികൾ നേടിയ പാകിസ്ഥാന്‍ ഓപ്പണർമാരായ. മുഹമ്മദ് റിസ്വാനും ക്യാപ്റ്റന്‍ ബാബര്‍ അസമും ആണ് പാകിസ്ഥാന് ഗംഭീര വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 151 റൺസാണ് അടിച്ചത്. തുടക്കം മുതലേ ബാറ്റിംഗ് തകർച്ച നേരിട്ട ഇന്ത്യയെ ക്യാപ്റ്റൻ വിരാട് കോലിയുടെ അർധസെഞ്ചൊറിയും റിഷഭ് പന്തിന്റെ 39 റൺസുമാണ് മാന്യമായ സ്കോറിൽ എത്തിച്ചത്.

ലോകകപ്പ് മത്സരങ്ങളിൽ ഇത് വരെ പാകിസ്താനോട് തോറ്റിട്ടില്ല എന്ന റെക്കോർഡുമായിട്ടാണ് വിരാട് കോലിയും കൂട്ടരും പാകിസ്ഥാനെക്കെതിരെ ഇറങ്ങിയത്. എന്നാൽ 12 വിജയങ്ങൾക്ക് ശേഷം ഇന്ത്യ പാകിസ്താനോട് അടിയറവ് പറയുന്ന കാഴ്ചയ്ക്ക് ദുബായ് വേദിയായി. ഇതിന് മുൻപ് ഏകദിന ലോകകപ്പിൽ 7 തവണയും ട്വന്റി 20 ലോകകപ്പിൽ 5 തവണയുമാണ് ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചിട്ടുള്ളത്.

ന്യൂഡൽഹി: എറ്റവും കൂടുതൽ കാലാവസ്ഥ പ്രതിസന്ധി നേരിടുന്ന രാഷ്ട്രങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും പാകിസ്താനും ഉൾപ്പെടെ പതിനൊന്ന് രാജ്യങ്ങൾ. അമേരിക്കൻ രഹസ്യ അന്വേഷണ എജൻസിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം ദേശീയ സുരക്ഷയ്ക്ക് എന്ത് പ്രത്യാഘാതമാണ് സൃഷ്ടിക്കുകയെന്ന കാര്യത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഇന്റലിജൻസ് ഏജൻസികളുടെ സമഗ്ര റിപ്പോർട്ട് പുറത്തുവരുന്നത്.

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ആഗോള തലത്തിൽ വലിയ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നാണ് അമേരിക്ക നൽകുന്ന മുന്നറിയിപ്പ്. ആഗോളതലത്തിൽ അന്തരീക്ഷ താപനില വർദ്ധിക്കാൻ പോലും ഈ രാഷ്ട്രങ്ങൾ കാരണമാകാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കാലാവസ്ഥാ മാറ്റങ്ങൾ നിയന്ത്രിക്കാൻ പുനരുല്പാദിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ളതും,അന്തരീക്ഷ സന്തുലിതാവസ്ഥയെ ബാധിക്കാത്ത തരത്തിലുള്ളതുമായ ഊർജ്ജ ഉറവിടങ്ങളുടെ ഉപയോഗം ഈ രാജ്യങ്ങൾ വർദ്ധിപ്പിക്കണമെന്നാണ് റിപ്പോർട്ടിൽ മുന്നോട്ട് വെയ്ക്കുന്ന നിർദ്ദേശം.

കാലാവസ്ഥ വ്യതിയാനം തുടന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള പതിനൊന്ന് രാഷ്ട്രങ്ങളുടെ ആഭ്യന്തര സുരക്ഷ, ഭക്ഷണം, ജലം, ഊർജ്ജം, ആരോഗ്യം, തുടങ്ങിയ മുഴുവൻ മേഖലകളും പ്രതിസന്ധിലാകും. ജലദൗർലഭ്യം വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായികൊണ്ടിരിക്കുന്ന അതിർത്തി തർക്കങ്ങൾ ഇനിയും വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ട് വ്യക്തമാക്കുന്നു. ജലസേചനത്തിനായി പാകിസ്താൻ ഉപയോഗിക്കുന്നത് ഇന്ത്യയിൽ നിന്ന് ആരംഭിക്കുന്ന നദികളെയാണ്. എന്നാൽ ഈ നദി തീരങ്ങളിൽ പ്രളയ സാദ്ധ്യത എറെയാണ്. അതുകൊണ്ട് തന്നെ നദിതീര നിവാസികൾക്ക് വേണ്ട മുന്നറിയിപ്പുകൾ നൽകണമെന്നും റിപ്പോർട്ടിൽ വിശദമാക്കിയിട്ടുണ്ട്.

സോള്‍: വീണ്ടും ഉത്തര കൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാവുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ജനങ്ങള്‍ക്കുള്ള ഭക്ഷണ ലഭ്യതയേക്കുറിച്ച് ആശങ്കയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്വേഷകന്‍ പറയുന്നു. കുട്ടികളും പ്രായമായവരും വടക്കന്‍ കൊറിയയില്‍ ഭക്ഷ്യക്ഷാമം നേരിടുന്നതായും ടോമസ് ഒജിയ ക്വിന്റാന ജനറല്‍ അസംബ്ലിയുടെ മനുഷ്യാവകാശ കമ്മിറ്റിയോട് പറഞ്ഞു.

കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചിട്ടിരുന്നു. ഇത് മൂലമാണ് രാജ്യത്ത് ഭക്ഷ്യക്ഷാമം രൂക്ഷമായത്. ഇതിന് പുറമെ കോവിഡിനെ പിടിച്ച് കെട്ടാനായി സര്‍ക്കാര്‍ സ്വീകരിച്ച മറ്റ് കഠിനമായ നടപടികളും ഭക്ഷ്യക്ഷാമം രൂക്ഷമാക്കുന്നതിന് കാരണമായി.കോവിഡ് വ്യാപനത്തിനടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവരെയും ഇവിടെ നിന്ന് പുറത്തുപോകാന്‍ ശ്രമിക്കുന്ന വ്യക്തികളെയും ഇതിന്റെ ഭാഗമായി വെടിവയ്ക്കുകയും ചെയ്തിരുന്നതായി ക്വിന്റാന ചൂണ്ടിക്കാണിക്കുന്നു.

ഉത്തരകൊറിയയിലെ നേതാവ് കിം ജോങ് ഉന്‍ രാജ്യത്തെ രാജ്യത്തെ പട്ടിണി തടയാനുള്ള ശ്രമങ്ങളില്‍ നടത്തിയിരുന്നു. എന്നാല്‍ കിം ജോങ് അതിര്‍ത്തി അടച്ചുപൂട്ടല്‍ ഐക്യരാഷ്ട്ര സഭയുടെയും മറ്റ് അന്താരാഷ്ട്ര നേതാക്കളുടെയും സേവനങ്ങള്‍ തടഞ്ഞെന്നും യുഎന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഐക്യരാഷ്ട്രസഭയുടെ ജീവനക്കാര്‍ രാജ്യത്ത് നിലവില്‍ ഇല്ലെന്നും യുഎന്‍ അന്വേഷകന്‍ പറഞ്ഞു.

വാഷിങ്ടൺ: കോവിഡ് വൈറസ് വ്യാപനത്തിന് പിന്നാലെ പുതിയ രോഗഭീതിയിൽ അമേരിക്ക. സാൽമൊണല്ല രോഗമാണ് അമേരിക്കയിൽ ഭീതി പടർത്തുന്നത്. യുഎസിലെ 37 സംസ്ഥാനങ്ങളിലായി നൂറുകണക്കിനു പേരാണ് സാൽമൊണല്ല രോഗബാധിതരായതെന്നാണ് വിവരം. ഉള്ളിയിൽ നിന്നു പകരുന്ന അണുബാധയാണിത്.

മെക്‌സിക്കോയിലെ ചിഹുവാഹുവായിൽ നിന്ന് ഇറക്കുമതി ചെയ്ത ഉള്ളിയിലാണു രോഗ ഉറവിടം കണ്ടെത്തിയതെന്നാണ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അറിയിച്ചിരിക്കുന്നത്. ഇതുവരെ 652 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 129 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും രോഗികളുടെ എണ്ണം വർധിക്കാനാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. രോഗം ബാധിച്ച 75 ശതമാനം പേരും നേരിട്ടോ മറ്റുരൂപത്തിലോ ഉള്ളി ഉപയോഗിച്ചിട്ടുണ്ടെന്നും ഡിസിസി കണ്ടെത്തി. രോഗബാധിതരായ പലരും ഒരേ റസ്റ്ററന്റുകളിൽ നിന്നാണു ഭക്ഷണം കഴിച്ചിട്ടുള്ളതെന്നും അധികൃതർ പറഞ്ഞു.

രോഗവ്യാപന സാഹചര്യം നിലനിൽക്കുന്നതിനാൽ ലബലില്ലാത്ത ചുവപ്പ്, വെള്ള, മഞ്ഞ ഉള്ളി ജനം ഉപേക്ഷിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ചിഹുവാഹുവായിൽ നിന്നുള്ള ഉള്ളി ഒരുകാരണവശാലും വാങ്ങരുതെന്നും ശരിയായ സ്റ്റിക്കറോ പാക്കിങ്ങോ ഇല്ലാതെയുള്ളവ നേരത്തേ വാങ്ങിയിട്ടുണ്ടെങ്കിൽ വലിച്ചെറിയണമെന്നും സിഡിസി അറിയിച്ചു. ഉള്ളി വച്ചിരുന്ന ഇടങ്ങളെല്ലാം ചൂടു സോപ്പുവെള്ളം ഉപയോഗിച്ചു കഴുകണമെന്നും നിർദ്ദേശമുണ്ട്. സാൽമൊണല്ല അണുബാധയുള്ള ഉള്ളി കഴിച്ചാൽ വയറിളക്കം, പനി, വയറ്റിൽ അസ്വസ്ഥത തുടങ്ങിയവ വരും. ശരീരത്തിലെത്തി ആറു മണിക്കൂർ മുതൽ ആറു ദിവസം വരെയുള്ള കാലയളവിലാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്.

വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരംഭിക്കുന്ന സമൂഹമാധ്യമം തുടക്കത്തിലെ ഹാക്കന്മാര്‍ കൈക്കലാക്കി. ‘ട്രൂത്ത് സോഷ്യല്‍’ എന്നാണ് ട്രംപ് തന്റെ സംരഭത്തിന് നല്‍കിയത്. ജനങ്ങള്‍ക്കിടയില്‍ ഏറെ പ്രചാരത്തിനുള്ള ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് വെല്ലുവിളിയുയര്‍ത്തിയാണ് താന്‍ ട്രൂത്ത് സോഷ്യല്‍ ആരംഭിക്കുന്നതെന്ന് ട്രംപ് നേരത്തെ അറിയിച്ചിരുന്നു.

മാധ്യമം ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുന്‍പുള്ള ബീറ്റാ പതിപ്പാണ് ഹാക്കര്‍മാര്‍ പിടിച്ചെടുത്തത്.

കഴിഞ്ഞ ബുധനാഴ്ചയാണ് ട്രംപ് സമൂഹമാധ്യമം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. നിയന്ത്രിതമായ ഉപയോക്താക്കള്‍ക്ക് ആപ്പ് നല്‍കി നവംബറോടെ ടെസ്റ്റിംഗ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനം ആരംഭിക്കുവാനാണ് ട്രംപ് ഉദ്ദേശിച്ചിരുന്നത്.