യുട്യൂബ് കണ്ടന്റ് ക്രിയേറ്റേഴ്‌സിന്റെ പിന്നാലെ ഹാക്കര്‍മാര്‍; മുന്നറിയിപ്പുമായി ഗൂഗിള്‍

യുട്യൂബിലെ കണ്ടന്റ് ക്രിയേറ്റേഴ്‌സിനെതിരെ വലിയൊരു ഫിഷിംഗ് ക്യാമ്പയിന്‍ നടക്കുന്നതായി ഗൂഗിളിന്റെ മുന്നറിയിപ്പ്. ഹാക്കര്‍മാര്‍ ഇത്തരത്തില്‍ ആയിരക്കണക്കിന് ചാനലുകള്‍ ഹൈജാക്ക് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഇതിലൂടെ ഹാക്കര്‍മാര്‍ ചാനലുകള്‍ വിറ്റഴിക്കുകയോ ചാനലിന്റെ കാഴ്ചക്കാര്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുകയോ ചെയ്തുവെന്നും ഗൂഗിളിന്റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു

അതേസമയം, ഹൈജാക്ക് ചെയ്യപ്പെട്ട നിരവധി യൂട്യൂബ് ചാനലുകള്‍ പുനഃസ്ഥാപിച്ചുവെന്നും ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ തട്ടിപ്പ് നിരവധി യുട്യൂബ് അക്കൗണ്ടുകള്‍ എപ്പോള്‍ വേണമെങ്കിലും ഇല്ലാതാക്കാവുന്ന വിധത്തില്‍ ബാധിച്ചിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നുമുണ്ട് ഗൂഗിള്‍.

ഇതിന് പിന്നില്‍ ആരാണെന്ന് ഇതുവരെ യൂട്യൂബ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ക്യാമ്പയിന്‍ നടക്കുന്നത് റഷ്യന്‍ ഭാഷയിലുള്ള മെസേജ് ബോര്‍ഡിലാണ്. അതിനായി കുക്കികള്‍ മോഷ്ടിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ തട്ടിപ്പ് നടക്കുന്നത് കുറച്ചുകൂടി ഉയര്‍ന്ന വ്യക്തിഗത ഡാറ്റ, ലോഗിന്‍ ചെയ്യുമ്പോള്‍ ബ്രൗസര്‍ സംരക്ഷിക്കുന്ന കുക്കികള്‍ എന്നിവയിലൂടെയാണ് അക്കൗണ്ട് ഹാക്കിങ് നടത്തുന്നതെന്നും യൂട്യൂബ് വ്യക്തമാക്കുന്നു.