കാലാവസ്ഥാ വ്യതിയാനം; ഇന്ത്യയും പാകിസ്താനും ഉൾപ്പെടെ പതിനൊന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി അമേരിക്ക

ന്യൂഡൽഹി: എറ്റവും കൂടുതൽ കാലാവസ്ഥ പ്രതിസന്ധി നേരിടുന്ന രാഷ്ട്രങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും പാകിസ്താനും ഉൾപ്പെടെ പതിനൊന്ന് രാജ്യങ്ങൾ. അമേരിക്കൻ രഹസ്യ അന്വേഷണ എജൻസിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം ദേശീയ സുരക്ഷയ്ക്ക് എന്ത് പ്രത്യാഘാതമാണ് സൃഷ്ടിക്കുകയെന്ന കാര്യത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഇന്റലിജൻസ് ഏജൻസികളുടെ സമഗ്ര റിപ്പോർട്ട് പുറത്തുവരുന്നത്.

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ആഗോള തലത്തിൽ വലിയ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നാണ് അമേരിക്ക നൽകുന്ന മുന്നറിയിപ്പ്. ആഗോളതലത്തിൽ അന്തരീക്ഷ താപനില വർദ്ധിക്കാൻ പോലും ഈ രാഷ്ട്രങ്ങൾ കാരണമാകാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കാലാവസ്ഥാ മാറ്റങ്ങൾ നിയന്ത്രിക്കാൻ പുനരുല്പാദിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ളതും,അന്തരീക്ഷ സന്തുലിതാവസ്ഥയെ ബാധിക്കാത്ത തരത്തിലുള്ളതുമായ ഊർജ്ജ ഉറവിടങ്ങളുടെ ഉപയോഗം ഈ രാജ്യങ്ങൾ വർദ്ധിപ്പിക്കണമെന്നാണ് റിപ്പോർട്ടിൽ മുന്നോട്ട് വെയ്ക്കുന്ന നിർദ്ദേശം.

കാലാവസ്ഥ വ്യതിയാനം തുടന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള പതിനൊന്ന് രാഷ്ട്രങ്ങളുടെ ആഭ്യന്തര സുരക്ഷ, ഭക്ഷണം, ജലം, ഊർജ്ജം, ആരോഗ്യം, തുടങ്ങിയ മുഴുവൻ മേഖലകളും പ്രതിസന്ധിലാകും. ജലദൗർലഭ്യം വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായികൊണ്ടിരിക്കുന്ന അതിർത്തി തർക്കങ്ങൾ ഇനിയും വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ട് വ്യക്തമാക്കുന്നു. ജലസേചനത്തിനായി പാകിസ്താൻ ഉപയോഗിക്കുന്നത് ഇന്ത്യയിൽ നിന്ന് ആരംഭിക്കുന്ന നദികളെയാണ്. എന്നാൽ ഈ നദി തീരങ്ങളിൽ പ്രളയ സാദ്ധ്യത എറെയാണ്. അതുകൊണ്ട് തന്നെ നദിതീര നിവാസികൾക്ക് വേണ്ട മുന്നറിയിപ്പുകൾ നൽകണമെന്നും റിപ്പോർട്ടിൽ വിശദമാക്കിയിട്ടുണ്ട്.