അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കാൻ പുതിയ നിയമവുമായി ചൈന; ജനുവരി ഒന്നു മുതൽ നിയമം പ്രാബല്യത്തിൽ

ബെയ്ജിങ്: അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ചൈന. ഇതിനായി പുതിയ നിയമം ചൈന ആവിഷ്‌ക്കരിച്ചു. ഇന്ത്യയുമായി അതിർത്തിയിൽ തുടരുന്ന സംഘർഷം, താലിബാൻ അഫ്ഗാൻ ഭരണം ഏറ്റെടുത്തതോടെയുണ്ടായ അഭയാർഥികളുടെ വരവ്, തെക്ക് കിഴക്കൻ ഏഷ്യയിൽ നിന്നുള്ള കോവിഡ് വ്യാപനം തുടങ്ങിയ സാഹചര്യം കണക്കിലെടുത്താണ് ചൈനയുടെ നീക്കം.

ജനുവരി ഒന്നു മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. നിലവിൽ അതിർത്തി സുരക്ഷ കൈകാര്യം ചെയ്യുന്നതിനെ നിയമം ബാധിക്കില്ലെന്നാണ് വിവരം. കമ്യൂണിസ്റ്റ് ഭരണം നിലവിൽവന്നതിനു ശേഷം ആദ്യമായാണ് ചൈന അതിർത്തി എങ്ങനെയാണ് ഭരിക്കുന്നതെന്നും സംരക്ഷിക്കുന്നതെന്നും വ്യക്തമാക്കുന്ന ഒരു നിയമം ഉണ്ടാക്കുന്നത്. ഉത്തര കൊറിയയും റഷ്യയും ഉൾപ്പെടെ 14 രാജ്യങ്ങളുമായി ഏതാണ്ട് 22,000 കിലോമീറ്റർ (14,000 മൈൽ) അതിർത്തിയാണ് ചൈന പങ്കിടുന്നത്. പ്രാദേശിക പരമാധികാരവും അതിർത്തി സുരക്ഷയും പരിപാലിക്കുന്നതിനായി രാജ്യം ഫലപ്രദമായ നടപടികൾ സ്വീകരിക്കമെന്ന് നിയമത്തിൽ വിശദമാക്കുന്നു.

ആക്രമണം, നുഴഞ്ഞുകയറ്റം, പ്രകോപനം തുടങ്ങിയവയിൽ നിന്നും ചൈനീസ് സൈന്യവും (പീപ്പിൾസ് ലിബറേഷൻ ആർമി) പൊലീസും (പീപ്പിൾസ് ആംഡ് പൊലീസ് ഫോഴ്‌സ്) രാജ്യത്തെ സംരക്ഷിക്കുമെന്നും നിയമം വ്യക്തമാക്കുന്നു. അതിർത്തി സുരക്ഷയെ ബാധിക്കുന്ന തരത്തിൽ യുദ്ധമോ സൈനിക സംഘർഷമോ ഉണ്ടായാൽ അതിർത്തി അടച്ചിടാമെന്ന കാര്യവും നിയമത്തിൽ സൂചിപ്പിക്കുന്നുണ്ട്.